ADVERTISEMENT

പരമാവധി നാലര ലക്ഷം രൂപ മാത്രം മാർക്കറ്റ് വിലയുള്ള ചതുപ്പുനിലം ബാങ്കിൽ ഈടുവച്ച് 40 ലക്ഷം രൂപ വായ്പ നേടുക; തിരിച്ചടവ് മുടങ്ങിയപ്പോൾ തങ്ങളുടെ ജാമ്യവസ്തു ജപ്തി ചെയ്തുകൊള്ളാൻ ബാങ്കിനോട് അങ്ങോട്ട് ആവശ്യപ്പെടുക! ചെറുമീനിനെ എറിഞ്ഞു വമ്പൻ സ്രാവിനെ പിടികൂടുന്ന ഈ വിദ്യ പുൽപള്ളി സഹകരണ ബാങ്കിൽ കർഷകരുടെ പേരിൽ പയറ്റിയ കുതന്ത്രങ്ങളിൽ ഒന്നു മാത്രം. ഇരകളിലൊരാളായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ നായർ (60) എന്ന കർഷകന് ലക്ഷങ്ങളുടെ കടക്കെണിയിൽപ്പെട്ട് കഴിഞ്ഞദിവസം ജീവനൊടുക്കേണ്ടിവന്നു.

70 സെന്റ് സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് രാജേന്ദ്രൻ വായ്പയെടുത്തത്. എന്നാൽ, ബാങ്ക് മുൻ പ്രസി‍ഡന്റ് കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ബെനാമി വഴി വൻതുക രാജേന്ദ്രന്റെ പേരിൽ കൈപ്പറ്റിയെന്നു ബന്ധുക്കൾ ആരോപിക്കുന്നു. രണ്ട് വായ്പകളിലായി 46.58 ലക്ഷം രൂപ രാജേന്ദ്രൻ അടയ്ക്കാനുണ്ടെന്നു ബാങ്ക് അധികൃതർ പറയുന്നു. കൈപ്പറ്റാത്ത വായ്പയ്ക്ക് കടക്കാരനായതിന്റെ അപമാനഭാരവും പേറി ആ കർഷകൻ ജീവനൊടുക്കി. 

കർഷക ഗ്രാമമായ പുൽപള്ളിയിൽ കൃഷിക്കാരെ സഹായിക്കാൻ ഉത്തരവാദിത്തമുള്ള ബാങ്കിന്റെ ഭരണസമിതിയംഗങ്ങൾ പലവഴികളിലൂടെ‍ കീശയിലാക്കിയതു കോടികളാണ്. ആർക്കും വേണ്ടാത്ത ഭൂമി കർഷകരിൽനിന്നു ചുളുവിലയ്ക്കു വാങ്ങിയെടുത്ത് അത് ഈടുവച്ച് വൻതുക ബാങ്കിൽനിന്നു വായ്പ നേടി. പിടിക്കപ്പെട്ടപ്പോൾ ‘ഞാൻ മാത്രമല്ല, അവരും കൂടെയുണ്ടായിരുന്നു’ എന്നു പരസ്പരം കുറ്റപ്പെടുത്തി കൈ കഴുകാനുള്ള ശ്രമമാണിപ്പോൾ. പുൽപള്ളി സർവീസ് സഹകരണബാങ്കിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതി നടത്തിയ തട്ടിപ്പ് വേലി തന്നെ വിളവു തിന്നുതീർത്തതിന് ഏറ്റവും നല്ല ഉദാഹരണമാകുന്നു. 

ജപ്തിയും ലാഭം

ബാങ്കിലെ വായ്പാ വിതരണത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി 2016-2017 വർഷത്തെ ഓഡിറ്റിലാണ് ആദ്യമായി കണ്ടെത്തുന്നത്. കൺകറന്റ് ഓ‍‍ഡിറ്ററുടെ പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഓപ്പറേറ്റീവ് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ തുടർനടപടികൾ ആരംഭിച്ചു. പിന്നീട് സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ അന്വേഷണത്തിൽ വെളിച്ചത്തുവന്നതു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ. വഴിസൗകര്യമോ കുടിവെള്ളമോ ഇല്ലാത്തതും വന്യജീവികൾ വിഹരിക്കുന്നതുമായ ഭൂമി ചുളുവിലയ്ക്ക് കർഷകരിൽനിന്ന് വാങ്ങിയെടുക്കുകയായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം. വിലത്തകർച്ചയിലും വിളനാശത്തിലും കടക്കെണിയിലായ കർ‌ഷകർ, ഒരിക്കലും വിറ്റുപോകില്ലെന്നുറപ്പുള്ള സ്ഥലം കിട്ടുന്ന വിലയ്ക്കു കൊടുക്കാൻ തയാറുമായിരുന്നു. ചിലരിൽനിന്ന് പവർ ഓഫ് അറ്റോണി എഴുതിവാങ്ങിയും ഭരണസമിതി നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം വായ്പ തരപ്പെടുത്തി. കെട്ടിടമില്ലാത്ത ഭൂമിയിൽ കെട്ടിടമുണ്ടെന്നു തെറ്റായി സാക്ഷ്യപ്പെടുത്തിയും തട്ടിപ്പ് നടന്നു. വായ്പ കൊടുക്കാൻ അർഹതയില്ലാത്ത സ്ഥലമുടമകൾക്കു പോലും വ്യാജരേഖകൾ ചമച്ചു ബെനാമി വായ്പ നൽകി. 

ദാരിദ്ര്യരേഖയിൽ താഴെയുള്ള അംഗങ്ങൾക്കു വൻതുക വരുമാനമുണ്ടെന്നു രേഖയുണ്ടാക്കി അവരുടെ പേരിൽ വായ്പയെടുത്തു. അംഗങ്ങൾക്ക് യഥാർഥ ഉടമസ്ഥാവകാശമുള്ള ഭൂമിക്കു മാത്രമേ വായ്പ അനുവദിക്കാവൂ എന്ന ചട്ടവും ലംഘിക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഭരണസമിതിയംഗം ഭർത്താവിന്റെയും മകന്റെയും പേരിൽ 50 സെന്റ് വീതം ചതുപ്പുനിലം ചുളുവിൽ വാങ്ങിയെടുത്ത് 20 ഇരട്ടി തുക വരെയാണു വായ്പയെടുത്തത്. ഭൂമിയുടെ വിപണിവിലയുടെ 50 ശതമാനത്തിൽ കവിയാത്ത സംഖ്യ മാത്രമേ വായ്പയായി അനുവദിക്കാവൂ എന്ന നിയമം കാറ്റിൽപറന്നു. ഭൂമിയുടെ വിസ്തീർണം വ്യാജമായി കൂട്ടിക്കാണിച്ചു. അടവ് മുടങ്ങി 40 ലക്ഷം രൂപ കുടിശികയായപ്പോൾ ചതുപ്പുനിലം ജപ്തി ചെയ്തുകൊള്ളാൻ ബാങ്കിനെ അറിയിക്കുകയും ചെയ്തു. ഈടുവച്ച സ്ഥലത്തിന്റെ വിപണിവിലയുടെ ഇരട്ടിയിലധികം വായ്പത്തുകയായി കൈപ്പറ്റിയവർക്ക് അതും ലാഭക്കച്ചവടം! 

അക്കൗണ്ടിലേക്ക് കോടികൾ

ഭരണസമിതി പ്രസി‍ഡന്റായിരുന്ന കെപിസിസി ജനറൽസെക്രട്ടറി കെ.കെ. ഏബ്രഹാം, ബാങ്കിന്റെ അധികാര പരിധിയുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചു ഭാര്യയുടെയും സഹോദരന്റെയും പേരിൽ വായ്പയെടുത്തതായും സഹകരണവകുപ്പ് അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. 2 വായ്പകളിൽനിന്നായി 14 ലക്ഷം രൂപ മുൻ പ്രസിഡന്റിന്റെ ബെനാമിയെന്ന് ആരോപണമുയരുന്ന സജീവൻ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ മാറ്റി. ഈ വായ്പകളെല്ലാം പിന്നീട് അടച്ചുതീർത്തിട്ടുണ്ട്. സബ്സിഡിയും വായ്പാ ഇളവുകളും ലഭിക്കുന്നതിനാണെന്നു തെറ്റിദ്ധരിപ്പിച്ചു സജീവൻ കൊല്ലപ്പള്ളി കർഷകരിൽനിന്ന് രേഖകൾ ഒപ്പിട്ടുവാങ്ങി. ഇതിനെല്ലാം ഭരണസമിതിയിലെ പ്രബലരുടെയും ഒരുവിഭാഗം ജീവനക്കാരുടെയും അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.

പവർ ഓഫ് അറ്റോണി വ്യവസ്ഥ പ്രകാരം വായ്പക്കാരുടെ പ്രതിനിധിയെന്ന നിലയിൽ സജീവന്റെ അക്കൗണ്ടിലേക്കു ബാങ്കിൽനിന്നു കോടികൾ ഒഴുകി. വായ്പ പാസായ അതേദിവസം വായ്പത്തുക നേരെ സജീവന്റെ അക്കൗണ്ടിലേക്കു പോയതിന്റെ തെളിവും അന്വേഷണസംഘത്തിനു ലഭിച്ചു. ഭരണസമിതിയംഗമല്ലാത്തയാൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽപോലും സജീവൻ കൊല്ലപ്പള്ളിക്കു ബാങ്ക്  വായ്പ നൽകി. നിയമസാധുതയില്ലാത്ത രേഖകൾ ഹാജരാക്കി സംഘടിപ്പിച്ച വായ്പയായതിനാൽ ബാങ്കിന് കുടിശിക തിരിച്ചുപിടിക്കാൻ നിർവാഹവുമില്ല!

വായ്പാത്തട്ടിപ്പിലൂടെ ബാങ്കിനു നഷ്ടമായ 8.33 കോടി രൂപ ഭരണസമിതിയിൽനിന്ന് ഈടാക്കാൻ സഹകരണ ജോയിന്റ് റജിസ്ട്രാർ 2020 ഡിസംബറിൽ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കെ.കെ. ഏബ്രഹാം അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ വാദം കേൾക്കാതെയാണ് ഉത്തരവെന്നായിരുന്നു പരാതി. ഇതു പരിഗണിച്ച കോടതി പരാതിക്കാരുടെ വാദവും കേട്ട് 4 മാസത്തിനകം പുതിയ ഉത്തരവിറക്കാൻ  2021 ഫെബ്രുവരി 21ന് സഹകരണ ജോയിന്റ് റജിസ്ട്രാർക്ക് നിർദേശം നൽകി. എന്നാൽ, ഉത്തരവ് പുതുക്കി ഇറക്കിയില്ല. ഹിയറിങ് ഇനിയും പൂർത്തിയായില്ലെന്ന വാദമാണ് സഹകരണവകുപ്പിന്. പലതവണ നോട്ടിസ് അയച്ചിട്ടും കുറ്റാരോപിതർ ഹാജരായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

Photo: RapidEye/stockphoto
Photo: RapidEye/stockphoto

നടത്താത്ത പരിശോധനയ്ക്കും ലക്ഷങ്ങൾ വേതനം

സ്ഥലപരിശോധന ഫീസ് എന്ന പേരിൽ 4 തവണയായി 4 ലക്ഷം രൂപ കൈപ്പറ്റിയാണ് ഈടുവസ്തുവിന് ഇല്ലാത്ത മൂല്യം ഭരണസമിതിയംഗം സാക്ഷ്യപ്പെടുത്തി നൽകിയത്. സ്ഥലപരിശോധന നടത്തിയതുമില്ല. ഇതു കണ്ടുപിടിക്കപ്പെട്ടപ്പോൾ, പണം അനുവദിച്ച ജീവനക്കാരുടെ മേൽ പഴിചാരാനായിരുന്നു ശ്രമം. മുൻ ഭരണസമിതിയംഗങ്ങളും മുൻ സെക്രട്ടറിയും മുൻ ചീഫ് അക്കൗണ്ടന്റും വിശ്വാസവഞ്ചന, നിയമലംഘനം, അധികാര ദുർവിനിയോഗം, സാമ്പത്തിക ക്രമക്കേട് എന്നിവയിലൂടെ ബാങ്കിന്റെ ഫണ്ട് ദുരുപയോഗം ചെയ്തിന്റെ തെളിവ് ഭരണസമിതിയോഗത്തിന്റെ മിനിറ്റ്സ് ബുക്കിലുമുണ്ട്.

തങ്ങളുടെ വ്യാജ ഒപ്പിട്ടാണു തട്ടിപ്പുസംഘം ഫയലുകൾ തീർപ്പാക്കിയതെന്ന ഗുരുതര ആരോപണം ഭരണസമിതിയംഗങ്ങളിലെ ഒരുവിഭാഗം ഉന്നയിക്കുന്നു. വായ്പാത്തട്ടിപ്പ് നടത്തിയ ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ സഹകരണവകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിൽ തെളിവായതു വഞ്ചന, കൃത്രിമരേഖ ചമയ്ക്കൽ, കള്ള ഒപ്പിടൽ, തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്.  2019ൽ വിജിലൻസ് മേലധികാരികൾക്ക് റിപ്പോർട്ട് കൊടുത്തെങ്കിലും കേസ് കോടതിയിൽ എത്തിയില്ല. ഇതിൽ രാഷ്ട്രീയ ഒത്തുകളി സംശയിക്കുകയാണു പരാതിക്കാർ. 

ഗുരുതര ക്രമക്കേടുകൾ 

മുൻ ഭരണസമിതിയുടെ കാലത്ത് അനുവദിക്കപ്പെട്ട 36 വായ്പകളിൽ സഹകരണവകുപ്പ് ഓ‍ഡിറ്റ് വിഭാഗം ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ആകെ 8.33 കോടി രൂപ ബാങ്കിനു നഷ്ടമായതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 1.64കോടി രൂപ പോയത് സജീവൻ കൊല്ലപ്പള്ളിയുടെ സ്വന്തം അക്കൗണ്ടിലേക്ക്. കെ.കെ. ഏബ്രഹാമിനും ഭരണസമിതിയംഗങ്ങൾക്കുമെതിരെ കെപിസിസിക്കും പ്രതിപക്ഷനേതാവിനും ഒട്ടേറെ പരാതികൾ പോയിട്ടും പ്രശ്നം ഒതുക്കിത്തീർക്കാനായിരുന്നു പാർട്ടിയുടെ ശ്രമം. 

2018ൽ ഏർപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനുശേഷം 2022ലെ തിരഞ്ഞെടുപ്പിൽ വീണ്ടും ബാങ്ക് ഭരണം കോൺഗ്രസ് പിടിച്ചതും നേതൃത്വം പിടിവള്ളിയാക്കി. ഒരു ബാങ്കും വായ്പയ്ക്ക് ഈടായി സ്വീകരിക്കില്ലെന്നുറപ്പുള്ള സ്ഥലത്തിന്റെ പേരിൽ കിട്ടിയ തുച്ഛമായ തുക കൊണ്ടു തൃപ്തിപ്പെട്ട കർഷകരുണ്ട്. കുടിശിക തീർക്കാനായി ബാങ്കിലെത്തിയപ്പോൾ മാത്രം വായ്പയെടുത്ത തുക പല മടങ്ങായി വർധിച്ച വിവരമറിഞ്ഞ ഇരകളുമുണ്ട്. ചിലരിൽനിന്നു വാക്കാലുള്ള സമ്മതം വാങ്ങിയാണു വൻതുക തട്ടിപ്പുസംഘം വായ്പയെടുത്തത്. സമൂഹത്തിലുള്ള സ്വാധീനവും വിശ്വാസ്യതയും മുതലെടുത്ത് തിരിച്ചടവ് കൃത്യമായി നടത്തിക്കൊള്ളാമെന്ന് ഉറപ്പും നൽകി. 

എന്നാൽ, തിരിച്ചടവ് മുടങ്ങിയതോടെ കർഷകർ ജപ്തിഭീഷണിയിലായി. നേരത്തേയുള്ള വായ്പകളിൽ തിരിച്ചടവ് കൃത്യമല്ലെന്ന കാരണം നിരത്തി മറ്റു ബാങ്കുകളും വായ്പ നിഷേധിച്ചു തുടങ്ങി. ബാങ്കിൽ ലക്ഷങ്ങൾ കടമുള്ള കർഷകന് കൈവായ്പ കൊടുക്കാൻ പോലും ആളുകൾ മടിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാകാതെയാണ് അതിലൊരാൾ ജീവനൊടുക്കിയത്; 

Representative image. Photo Credit : JOAT/Shutterstock
Representative image. Photo Credit : JOAT/Shutterstock

സജീവൻ കൊല്ലപ്പള്ളിയുടെ വളർച്ച 

പുൽപള്ളിയിൽ സാധാരണക്കാരിലൊരാളായി ജീവിതം തുടങ്ങിയ സജീവൻ കൊല്ലപ്പള്ളി ഇപ്പോൾ പ്രദേശത്തെ ധനാഢ്യരിലൊരാളായാണ് അറിയപ്പെടുന്നത്. കെ.കെ. ഏബ്രഹാമിന്റെ ഡ്രൈവറായെത്തിയ ആൾക്ക് കോൺഗ്രസിന്റെ നേതൃതലത്തിലും ബന്ധങ്ങളുണ്ടായി. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തുമുണ്ടായിരുന്നു.  പുൽപള്ളിയിൽ പലയിടത്തും ഭൂമിയും വ്യാപാരസ്ഥാപനങ്ങളും സ്വന്തമാക്കി. 

സമ്പത്തും അധികാര സാമീപ്യവും ഉണ്ടായപ്പോൾ വിശ്വസ്തരുടെ വലയവും കൂടി. ഇതു മുതലെടുത്താണ് വായ്പത്തട്ടിപ്പിനു കളമൊരുങ്ങിയതെന്നാണ് ആരോപണം. ധനസ്ഥിതി സംബന്ധിച്ച വിശ്വാസത്തിൽ  പണം കുടിശികയാക്കില്ലെന്ന വിശ്വാസമായിരുന്നു കർഷകർക്ക്. എന്നാൽ, കർണാടകയിൽ ഇഞ്ചിക്കൃഷിക്കായി ഇറക്കിയ കോടികൾ വെള്ളത്തിലായതോടെ വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നിലയിലായിരുന്നു സജീവന്റെ വിശദീകരണമെന്ന് ഇടപാടുകാർ പറയുന്നു. പ്രതികരണമാരാഞ്ഞ് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇയാൾ ഇപ്പോൾ സ്ഥലത്തില്ലെന്നാണു വിവരം. 

കെ.കെ.ഏബ്രഹാമിന്  പറയാനുള്ളത് 

പാവപ്പെട്ട കുടിയേറ്റ കർഷകനായ രാജേന്ദ്രൻ നായരുടെ മരണം വേദനാജനകമാണ്. അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ കാരണത്തെക്കുറിച്ചു നീതിപൂർവം അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. അർജന്റീന തോറ്റാൽ ബ്രസീൽ കപ്പുനേടുമെന്ന് എന്നെ വേട്ടയാടുന്നവർ വിചാരിക്കേണ്ട. കുടിയേറ്റ മേഖയിലെ സാധാരണ കർഷകനായ എനിക്ക് കർഷകരുടെ വിഷമം മനസ്സിലാകും. പ്രസിഡന്റായിരുന്ന കാലത്ത് പാവപ്പെട്ട 4000 കർഷകർക്ക് 70 കോടി രൂപ വായ്പ കൊടുത്തിട്ടുണ്ട്. എല്ലാ വായ്പകളും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടാണ്. വായ്പ നേടിയവർ ആ പണം എന്തു ചെയ്തുവെന്ന് അന്വേഷിക്കാനാകില്ല. എന്നെക്കുറിച്ചുള്ള ആക്ഷേപങ്ങൾ പൊതുസമൂഹത്തിനു വിടുകയാണ്. രാഷ്ട്രീയമായ വേട്ടയാടൽ വയനാട്ടിലെ കുടിയേറ്റ ജനത മനസ്സിലാക്കും. വയനാട്ടിലെ രാഷ്ട്രീയനേതാക്കളുടെ സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് ഉന്നതല അന്വേഷണം നടത്തണം. സഹകരണ ബാങ്കുകൾ നൽകിയ വായ്പകളെക്കുറിച്ച് ഹൈക്കോടതി അന്വേഷണവും നടത്തണം. 

വസ്തുപണയ വായ്പകൾക്കുള്ള അപേക്ഷകൾ രേഖകളെല്ലാം പരിശോധിച്ചു ബോധ്യപ്പെട്ടശേഷമാണ് ഭരണസമിതിക്കു മുൻപിൽ ജീവനക്കാർ വയ്ക്കേണ്ടത്. പണയവസ്തുവിലെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാതിരുന്നാൽ സെക്രട്ടറിക്കും വായ്പാ വിഭാഗത്തിനും ഭരണസമിതിയംഗത്തിനും നിയമോപദേശകനുമാണ് ഉത്തരവാദിത്തം. ഇതു കൃത്യമായി നിർവഹിക്കാതെ ഭരണസമിതിയോഗത്തിൽ വായ്പ അപേക്ഷകൾ വയ്ക്കുന്നത് സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. വായ്പ അനുവദിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന ഭരണസമിതിക്കാരെല്ലാം ഉത്തരവാദികളാണ്. എന്നാൽ, ഒരു വിഭാഗത്തിനെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്നതു രാഷ്ട്രീയപ്രേരിതമാണ്.

ഭരണസമിതി അംഗീകരിച്ച വായ്പകളിൽ മേലൊപ്പ് വയ്ക്കുകയെന്നതു മാത്രമാണ് പ്രസിഡന്റിന്റെ ചുമതല. പണയവസ്തുവിന്റെ വില നിർണയിക്കാൻ സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ല. ടൂറിസം വികസനം നടക്കുന്നതിനാൽ വനമേഖലയോടു ചേർന്ന സ്ഥലത്തിനു പോലും നല്ല വില കിട്ടും. റേഷൻ കാർഡിലെ വരുമാനം അടിസ്ഥാനമാക്കി വായ്പ നൽകണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വാദത്തിനും അടിസ്ഥാനമില്ല

English Summary : Write up about farmer suicide at Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com