അപലപനീയമായ തമസ്കരണം
Mail This Article
അറിവ് എന്നാൽ സമൂഹത്തെയും ലോകത്തെയും സമകാലത്തെയുമൊക്കെ മനസ്സിലാക്കുന്നതു കൂടിയാണെന്നിരിക്കെ, അതിന്റെ ചില ജാലകങ്ങൾ അധികാരത്തിന്റെ കരങ്ങൾകൊണ്ട് അടച്ചുകളയുന്നതു ന്യായീകരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ, ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസമേഖലയിലെ പാഠ്യപദ്ധതി നിർണയിക്കുന്ന കേന്ദ്ര സ്ഥാപനമായ എൻസിഇആർടി (നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ്) പാഠപുസ്തകങ്ങളിൽ വരുത്തുന്ന തിരുത്തലും വെട്ടിക്കളയലും വ്യാപകമായ വിമർശനത്തിനു കാരണമായിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ വിദ്യാർഥികളിൽനിന്ന് ജനാധിപത്യം എന്ന മഹനീയ ആശയത്തെപ്പോലും മാറ്റിനിർത്തുന്നതിൽവരെ എത്തിയിരിക്കുകയാണ് ഈ വെട്ടിനിരത്തൽ.
ചരിത്രവും സാമൂഹികാവസ്ഥയും പൗരാവകാശങ്ങളുമൊക്കെ പാഠപുസ്തകങ്ങളിൽനിന്നാണു പുതിയ തലമുറ കൂടുതലായും മനസ്സിലാക്കുന്നത്. ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്ഥാനമൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയുമൊക്കെ അങ്ങനെ പാഠങ്ങളായി തലമുറകൾ ഏറ്റുവാങ്ങുന്നു. എന്നാൽ, പാഠ്യഭാഗങ്ങൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചു രൂപപ്പെടുത്തുന്ന അപചയമാണ് ഇപ്പോൾ രാജ്യം അഭിമുഖീകരിക്കുന്നത്.
പത്താം ക്ലാസിൽ പഠിപ്പിക്കേണ്ട ഡെമോക്രാറ്റിക് പൊളിറ്റിക്സ് 2 പുസ്തകത്തിലെ ‘ജനാധിപത്യവും വൈവിധ്യവും’ എന്ന അധ്യായം നീക്കം ചെയ്തതടക്കമുള്ള വെട്ടിനിരത്തലുകളാണ് എൻസിഇആർടി നടത്തിയിരിക്കുന്നത്. ജനമുന്നേറ്റങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ജനാധിപത്യത്തിന്റെ വെല്ലുവിളി തുടങ്ങിയ അധ്യായങ്ങളും പുസ്തകത്തിൽ ഇനി പഠിക്കാനില്ല. 10–ാം ക്ലാസ് സയൻസ് പുസ്തകത്തിൽനിന്നു പീരിയോഡിക് ടേബിളുമായി (ആവർത്തനപ്പട്ടിക) ബന്ധപ്പെട്ട അധ്യായം പൂർണമായി ഒഴിവാക്കിയിരിക്കുന്നു. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഭാഗം ഉൾപ്പെടെയുള്ളവ നീക്കാൻ തീരുമാനിച്ച വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഒഴിവാക്കലും തിരുത്തലുമൊക്കെ വരുത്തിയ പുസ്തകങ്ങളാണു പുതിയ അധ്യയനവർഷം പുറത്തെത്തിയിരിക്കുന്നത്.
ശാസ്ത്രപുസ്തകത്തിൽ 9–ാം അധ്യായത്തിന്റെ തലക്കെട്ട് ‘പാരമ്പര്യവും പരിണാമവും’ എന്നായിരുന്നതു മാറ്റി ‘പാരമ്പര്യം’ എന്നു മാത്രമാക്കിയവർ അതിലൂടെ നേടുന്നതെന്താണ്? ചാൾസ് ഡാർവിൻ, ഭൂമിയിൽ ജീവന്റെ ഉദ്ഭവം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള മാറ്റങ്ങളിലൂടെ, ലോകത്തെ മാറ്റിമറിച്ച ശാസ്ത്രസത്യങ്ങളെ പുതുതലമുറയിൽനിന്ന് അകറ്റാമെന്നാണ് അവർ കരുന്നതെങ്കിൽ അതെന്തൊരു മൗഢ്യം? പരിണാമവുമായി ബന്ധപ്പെട്ട ഭാഗവും ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളും 12–ാം ക്ലാസ് ബയോളജിയിൽ പഠിക്കുന്നുണ്ടെന്ന കാരണത്താലാണ് 10–ാം ക്ലാസിൽനിന്നു നീക്കിയതെന്നു പറയുന്നു. എന്നാൽ, 10–ാം ക്ലാസ് വരെ അടിസ്ഥാന ശാസ്ത്രം പഠിക്കുന്ന വിദ്യാർഥികൾ ഇവ അറിഞ്ഞിരിക്കണം എന്നാണ് എതിർവാദം.
പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തിൽനിന്നു മുഗൾഭരണവും ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെക്കുറിച്ചുള്ള ചില പരാമർശങ്ങളും പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നു ഹിന്ദു–മുസ്‍ലിം ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ശ്രമങ്ങൾ ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചുവെന്ന ഭാഗവും ഗുജറാത്ത് കലാപവുമൊക്കെ ഒഴിവാക്കപ്പെട്ടിരുന്നു. ഇവ സ്വാഭാവികമായും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങളുടെ പ്രതിഫലനമായി വീക്ഷിക്കപ്പെടുകയും പല കോണിൽനിന്നും വിമർശനമുയരുകയും ചെയ്തു.
രാജ്യത്തെ സിബിഎസ്ഇ സ്കൂളുകളിലെല്ലാം എൻസിഇആർടി പാഠപുസ്തകങ്ങളാണു പഠിപ്പിക്കുന്നത്. എൻസിഇആർടി പുസ്തകങ്ങൾ സ്വീകരിച്ചിട്ടുള്ള സംസ്ഥാന ബോർഡുകളുമുണ്ട്. പഠനഭാരം കുറയ്ക്കുക, ആവർത്തനം ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ നീക്കുക എന്നീ ന്യായങ്ങളാണ് പാഠഭാഗങ്ങൾ പിൻവലിക്കുന്നതിനു കാരണമായി എൻസിഇആർടി പറയുന്നത്. ജനാധിപത്യം, പീരിയോഡിക് ടേബിൾ, പരിണാമം തുടങ്ങിയവയൊക്കെ ഹയർ സെക്കൻഡറി തലത്തിൽ അതതു വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർ പഠിച്ചാൽ മതിയെന്നാണ് എൻസിഇആർടി നിലപാട്. എന്നാൽ, അടിസ്ഥാന തത്വങ്ങൾ എല്ലാ കുട്ടികളും പഠിക്കേണ്ടതല്ലേ എന്നാണ് അക്കാദമിക് വിദഗ്ധരുടെ ചോദ്യം.
ഈ വെട്ടിനിരത്തലുകൾക്കു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നുവരുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ജനാധിപത്യമൂല്യത്തിൽനിന്നും രാജ്യത്തിന്റെ പെരുമകളിൽനിന്നും ചരിത്രത്തിൽനിന്നും ശാസ്ത്രലോകത്തിന്റെ നാഴികക്കല്ലുകളിൽനിന്നുമൊക്കെ പുതിയ തലമുറയെ മാറ്റിനിർത്തിക്കൂടാ. അങ്ങനെ ചെയ്താൽ അതിനു മറുപടി പറയേണ്ടതു കാലത്തോടാവുമെന്നു തീർച്ച.
English Summary : Editorial about removal of democracy from NCERT textbooks