ADVERTISEMENT

ഗോവിന്ദൻകുട്ടി മുട്ട ഇട്ടോന്നു നോക്കിക്കേടീ’’. ഉടനെ മകൾ തിരികെ പറഞ്ഞു: ‘‘ഇല്ലമ്മേ, വറീതാണ് മുട്ടയിട്ടത്, ഗോവിന്ദൻകുട്ടി പൊരുന്നയിരിക്കുന്നു’’.  പരിചയത്തിലുള്ള ദാക്ഷായണിച്ചേച്ചി കോഴികൾക്ക് ഇട്ടിരുന്നത് അവരുടെ ശത്രുക്കളുടെ പേരുകളായിരുന്നു. ഗോവിന്ദൻകുട്ടി, ഭാസ്കരൻ, വറീത്, കൊച്ചൗസേപ്പ് എന്നിങ്ങനെ... വിഷയമതല്ല, മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്നാണ്. ഒരിക്കലെങ്കിലും ഇത് ആലോചിക്കാത്തവർ ചുരുക്കമാകും.

അൽപം പരിണാമസിദ്ധാന്തം പറയാം...പരിണാമപഠനത്തിൽ ഏറ്റവും പ്രചാരമുള്ളത് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തിനാണ്. ജീവജാലങ്ങൾ പൊതുപൂർവികരിൽനിന്നു കാലക്രമേണ സ്വാഭാവികമായ തിരഞ്ഞെടുപ്പുവഴി ഉണ്ടായെന്ന് ഡാർവിൻ അവകാശപ്പെട്ടു. ഈ സിദ്ധാന്തത്തിലെ അടിസ്ഥാനതത്വമാണ് നാച്വറൽ സിലക്‌ഷൻ അഥവാ പ്രകൃതിനിർദ്ധാരണം.

ഇതു കൂടാതെ മ്യൂട്ടേഷൻ (ഉൽപരിവർത്തനം), മൈഗ്രേഷൻ (ജീനുകളുടെ ഒഴുക്ക്), ജനറ്റിക് ഡ്രിഫ്റ്റ് (പാരമ്പര്യ വ്യതിയാനം) എന്നിവയും പ്രധാനമാണ്.

നമ്മൾ ഇപ്പോൾ കാണുന്ന ജീവപരിണാമങ്ങൾ ഉണ്ടായത് മുകളിൽ പറഞ്ഞ നാലു പ്രക്രിയകൾ വഴിയാണെന്നു പറയാം. അതായത്, ഒരു തലമുറയിൽനിന്ന് അടുത്ത തലമുറകളിലേക്കു വരുന്ന മാറ്റത്തെ പൊതുവായി പരിണാമം എന്നു പറയാം.

ആധുനിക മനുഷ്യർ (ഹോമോ സാപിയൻസ്) ഉണ്ടായിട്ട് വളരെക്കുറച്ചു കാലമേ ആയിട്ടുള്ളൂ, ഏകദേശം 2 ലക്ഷം വർഷം മാത്രം. ഭൂമിയുടെ പ്രായംവച്ചു നോക്കിയാൽ വെറും 0.004% കാലമേ നമ്മൾ ഇവിടെ ഉണ്ടായിട്ടുള്ളൂ.

അപ്പോൾ ആദ്യത്തെ ജീവതന്മാത്ര എന്താണ് ?

ജീവശരീരത്തിനുവേണ്ട എല്ലാ മൂലകങ്ങളും ഭൂമിയിലുണ്ട്. അല്ലെങ്കിൽ ഭൂമിയിൽ ഉണ്ടായിരുന്ന മൂലകങ്ങളിൽ ചിലതിൽനിന്നാണ് ജീവകോശങ്ങളുണ്ടായത്. അതായത്, ബയോളജിക്കും മുൻപേ കെമിസ്ട്രിയാണ് ജീവൻ തുടങ്ങാൻ കാരണം. ഭൂമിയിലെ പ്രകൃതിദത്തമായ ചില പ്രക്രിയകൾ (ഉദാഹരണത്തിന്, ശക്തമായ ഇടിമിന്നൽ) കൊണ്ടാവാം ഇനോർഗാനിക് മൂലകങ്ങൾ ചേർന്ന് ഓർഗാനിക് ജീവതന്മാത്രകൾ ഉണ്ടായത്. അന്തരീക്ഷത്തിലുള്ള വാതകങ്ങളായ അമോണിയ, മീഥെയ്ൻ, ജലബാഷ്പം, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവ പ്രത്യേക അനുപാതത്തിൽ യാദൃച്ഛികമായി ചേർന്നാവാം ആദ്യ ജീവകണിക ഉണ്ടായതിനു വഴിവച്ചതെന്ന് അനുമാനിക്കുന്ന ശാസ്ത്രജ്ഞരുണ്ട്.

ഇങ്ങനെ അമിനോ ആസിഡുകളും ഡിഎൻഎയും ആർഎൻഎയും ഒക്കെ പല സംവത്സരങ്ങൾകൊണ്ട് ഉണ്ടായി. പല രാസപ്രവർത്തനങ്ങളാൽ സ്വന്തം പകർപ്പുകൾ നിർമിക്കാൻ പ്രാപ്തമായ ജീവതന്മാത്രകളെ സൃഷ്ടിച്ചതാണ് ജീവോൽപത്തിക്കു കാരണം. ഏകകോശ ജീവികളുണ്ടായി, പിന്നെ ബഹുകോശ ജീവികൾ. അങ്ങനെ കാലക്രമേണ പരിണാമം സംഭവിച്ചു ജൈവവൈവിധ്യം ഉണ്ടായി. അതുകൂടാതെ ഓരോ ജീവിയും പാരമ്പര്യമായ ജനിതക വിവരങ്ങൾ ഡിഎൻഎ തന്മാത്രകൾവഴി കൈമാറ്റം ചെയ്യുന്നു.

നാലുതരം ബേസുകൾ അടങ്ങിയ ഒരു ബയോപോളിമറാണ് ഡിഎൻഎ തന്മാത്ര. ഇവ എ (അഡനിൻ), സി (സൈറ്റോസിൻ), ജി (ഗ്വാനിൻ), ടി(തൈമിൻ) എന്നു പറയും. വാക്കുകൾ ബന്ധിപ്പിച്ചു കഥയും കവിതയും ഉണ്ടാക്കുന്നതുപോലെ ഈ നാലുതരം ബേസുകളുടെ പ്രത്യേക വിന്യാസംകൊണ്ട് അതിൽ ജനിതക വിവരങ്ങൾ ശേഖരിക്കപ്പെടും. ഈ വിന്യാസത്താലാണ് അടുത്ത തലമുറയിലേക്കു പാരമ്പര്യ സ്വഭാവങ്ങൾ കൈമാറുന്നത്. ഇതിനെ ജീൻ എന്നു പറയുന്നു. ഓരോ സ്വഭാവത്തിനും ഓരോതരം ബേസ് വിന്യാസങ്ങൾ (ജീൻ) കാണും.

വിഭജിക്കപ്പെടുന്ന കോശങ്ങളിലെ ഡിഎൻഎ അതിന്റെ തനിപ്പകർപ്പ് ഉണ്ടാക്കി അടുത്ത തലമുറകളിലേക്കു കൈമാറുന്നു. ഇങ്ങനെയുള്ള ഡിഎൻഎ അടങ്ങുന്ന ജനറ്റിക് മെറ്റീരിയലുകൾ ഉൾപ്പെട്ട തന്മാത്രകളെയാണ് ക്രോമസോമുകൾ എന്നു വിളിക്കുന്നത്. നമ്മുടെ (മനുഷ്യന്റെ) ഓരോ കോശത്തിലും 46 ക്രോമസോമുകളുണ്ട് (അഥവാ 23 ജോഡി ). വിഭിന്നമായ ക്രോമസോം എണ്ണമാണ് പലതരത്തിലുള്ള ജീവികളുണ്ടാകാൻ കാരണം. ഉദാഹരണത്തിന്, കുരങ്ങനിൽ 42, കുതിരയിൽ 64, പശുവിൽ 60, കോഴികളിൽ 78 എണ്ണം ക്രോമസോമുകളുണ്ട്. നമ്മൾ ക്രോമസോമുകളുടെ എണ്ണത്തിലാണ് മറ്റു ജീവികളിൽനിന്നു വ്യത്യസ്തമായിരിക്കുന്നതെന്നു മനസ്സിലാക്കാം. ചുരുക്കിപ്പറഞ്ഞാൽ ഭൂമുഖത്തുള്ള എല്ലാ ജീവികളും ബന്ധപ്പെട്ടവർ തന്നെ. തന്നെയുമല്ല, നമ്മളൊക്കെ ഏതോ ഒരേ പൊതുവായ പൂർവികന്റെ അല്ലെങ്കിൽ പൊതുവായ പൂർവിക ജീൻപൂളിന്റെ പിൻതലമുറയാണ്. അപ്പോൾ കുരങ്ങനും കോഴിയും കുതിരയുമൊക്കെ ഒരുവാദത്തിനായി നമ്മുടെ വളരെ  വളരെ വളരെ അകന്ന കസിൻസാണെന്നു പറയാം.

ഉത്തരമിതാണ്

മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിലേക്കു തിരികെവരാം. ഇപ്പോൾ നമ്മൾ കാണുന്ന കോഴിക്കു സമാനമായ ഏതോ ഒരു ജീവി ഇട്ട മുട്ടകളിൽ അമ്മയുടെ അണ്ഡം (ഓവം), അച്ഛന്റെ ബീജം (സ്പേം), അല്ലെങ്കിൽ സിക്താണ്ഡം (സൈഗോട്ട്) ഇവയിൽ ഏതിലെങ്കിലും മ്യൂട്ടേഷൻ സംഭവിച്ചു വിരിഞ്ഞ കുട്ടികളാണ് ഇപ്പോഴത്തെ കോഴികൾ.

അമേരിക്കൻ ശാസ്ത്രജ്ഞൻ നീൽ ടൈസൺ വളരെ രസകരമായി ഈ ചോദ്യത്തിനുത്തരം പറഞ്ഞത് നോക്കൂ...  ‘ആദ്യം വന്നത് കോഴിയോ മുട്ടയോ എന്നു ചോദിച്ചാൽ ഉത്തരം മുട്ടയെന്നു തന്നെ, പക്ഷേ ഇട്ടത് കോഴി അല്ലെന്നു മാത്രം’.

English Summary: Science block

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com