ADVERTISEMENT

ജനാധിപത്യത്തിനു നിരക്കാത്ത അഭിപ്രായ പ്രകടനം

പ്രഫ. എം.കെ.സാനു

മാധ്യമപ്രവർത്തകരോടുള്ള സമീപനം സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ അഭിപ്രായപ്രകടനം ജനാധിപത്യത്തിനു നിരക്കുന്നതല്ല. മാധ്യമങ്ങളോടു പരമാവധി സഹിഷ്ണുതയോടെ പെരുമാറണമെന്ന പക്ഷക്കാരനാണു ഞാൻ. അതാണു ജനാധിപത്യത്തിലെ മര്യാദ. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പലതും മാധ്യമങ്ങൾക്കു പറയേണ്ടി വരും. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു ചിലപ്പോൾ അവർക്കു വ്യക്തമായി അറിയാൻ സാധിക്കാത്ത കാര്യങ്ങളാകാം; അല്ലാത്തതുമാകാം. അതു വിശദീകരിക്കാനും വ്യക്തമാക്കാനും മറുപടി പറയാനും വേണ്ടുവോളം അവസരം സർക്കാരിനും ഭരണകക്ഷിക്കുമുണ്ടെന്നിരിക്കെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു ശരിയല്ല. ആരോഗ്യകരമായ സംവാദത്തിനു വഴിയൊരുക്കുന്നതാണു നല്ലത്. 

നന്ദിഗ്രാമിലേക്ക് നടന്നടുക്കുന്ന കേരള സിപിഎം

ബി.ആർ.പി.ഭാസ്കർ

സർക്കാരുണ്ട്, പത്രങ്ങൾ ഇല്ല. പത്രങ്ങളുണ്ട്, സർക്കാരില്ല. ഈ രണ്ട് അവസ്ഥകളിൽ ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ഒരു മടിയും കൂടാതെ രണ്ടാമത്തേതു തിരഞ്ഞെടുക്കും.’’ മാധ്യമങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടാൻ ജവാഹർലാൽ നെഹ്റു പലപ്പോഴും ഉദ്ധരിച്ചിട്ടുള്ള, യുഎസ് മുൻ പ്രസിഡന്റ് ജഫേഴ്സന്റെ വാക്കുകളാണിത്. എന്നാൽ, ഇവിടെ ഭരണകർത്താക്കൾ ലക്ഷ്യംവയ്ക്കുന്നത് മാധ്യമങ്ങൾ ഇല്ലാത്ത, സർക്കാർ മാത്രമുള്ള സംവിധാനത്തെയാണ്. കേരളത്തിൽ മാധ്യമങ്ങൾക്കെതിരെ ഭരണകർത്താക്കൾ എടുക്കുന്ന നടപടികൾ സൂചിപ്പിക്കുന്നത് അതാണ്. വാർത്തകൾ നൽകിയതിന്റെ പേരിൽ കേരളത്തിലെ ഒരു മാധ്യമപ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു; അതും ഗൂഢാലോചനക്കേസിൽ പ്രതിയാക്കി. ഗൂഢാലോചനയും മാധ്യമപ്രവർത്തനവും പരസ്പരവിരുദ്ധമാണ്. മാധ്യമങ്ങൾ ചെയ്യുന്നതു വിവരശേഖരണവും അതു ജനങ്ങളിൽ എത്തിക്കലുമാണ്. ഇതു തമ്മിലുള്ള വ്യത്യാസം അറിയാത്തവരല്ല, മറിച്ച് അവരുടെ താൽപര്യത്തിനായി അറിയാത്ത മട്ടിൽ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ഭരണകർത്താക്കൾ.

ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരായ ചില പ്രതികരണങ്ങൾ ഭരണകർത്താക്കളിൽ നിന്നല്ല; മറിച്ച് പാർട്ടി സെക്രട്ടറിയിൽനിന്നും മുന്നണി കൺവീനറിൽനിന്നും മറ്റുമാണ് വരുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ സംഗതി. സമീപകാല സംഭവങ്ങൾ വിശകലനം ചെയ്യുമ്പോൾ ഇതു ചില സൂചനകൾ നൽകുന്നു. തങ്ങൾക്കെതിരെ ഗൂഢാലോചന ആരോപിച്ച് എസ്എഫ്ഐ ഒരു പരാതിയുമായി ഡിജിപിയെ സമീപിക്കുന്നു. ഡിജിപിയുടെ നടപടിക്കു വേഗം പോരെന്നു തോന്നിയിട്ടാവാം, ഗൂഢാലോചനക്കുറ്റം കൂടി ചേർത്ത് കീഴുദ്യോഗസ്ഥനു മറ്റൊരു പരാതി കൊടുക്കുന്നു. ഉദ്യോഗസ്ഥൻ ഒരു മടിയും കൂടാതെ കേസെടുക്കുന്നു. 

കേരളത്തിലെ സിപിഎം ഇവിടെ ഈജിയൻ തൊഴുത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ പന്നികളും തുല്യർ, ചില പന്നികൾ കൂടുതൽ തുല്യർ എന്നതാണു സ്ഥിതി. കേരളത്തിലെ സിപിഎമ്മിന് അടുത്തകാലത്ത് ഉണ്ടായ മാറ്റം നന്ദിഗ്രാം ദിനങ്ങളിലേക്ക് എത്തുന്നതിന്റെ സൂചനയാണ്. നേതൃത്വം ഇതു മനസ്സിലാക്കി തിരുത്തിയാൽ നന്ന്.

ആരെ ഭീഷണിപ്പെടുത്താനാണ് ഈ കേസ് ? 

പ്രഫ. എം.കെ.സാനു, ബി.ആർ.പി.ഭാസ്കർ, ജോയ് മാത്യു

എം.എൻ.കാരശ്ശേരി

‘മാധ്യമസിൻഡിക്കറ്റ്’ എന്നാക്ഷേപിച്ച്, പത്രക്കാരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നായിരുന്നു ‘മാധ്യമങ്ങൾക്കെതിരെ ഇനിയും കേസെടുക്കും’ എന്ന പരാമർശമെങ്കിൽ ഞാൻ അദ്ഭുതപ്പെടുമായിരുന്നില്ല. എന്നാൽ, ഭീഷണി ഉയർത്തിയിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. അധ്യാപകനായിരുന്ന അദ്ദേഹം ഒരിക്കലും പറയാൻ പാടില്ലാത്തതാണിത്. 

കെ.വിദ്യ ഉണ്ടാക്കിവച്ച തലവേദനയിൽനിന്നു രക്ഷപ്പെടാനാണ് മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ള 5 പേർക്കെതിരെ പൊലീസ് കേസെടുത്തത്. വാർത്ത കൊടുക്കുക മാത്രമാണ് റിപ്പോർട്ടർ ചെയ്തത്. ഇങ്ങനെ കേസെടുത്ത് ആരെ ഭീഷണിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്? മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. എത്രയോ കമ്യൂണിസ്റ്റ് നേതാക്കളെയും മുഖ്യമന്ത്രിമാരെയും അറിയാം. അവരാരും മാധ്യമങ്ങളെപ്പറ്റി ഇങ്ങനെ പറഞ്ഞിട്ടില്ല. ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമെല്ലാം വിമർശനങ്ങൾ ഒട്ടേറെ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെ പ്രതികരിച്ചതായി ചരിത്രമില്ല.

സ്വയംഭരണ കോളജിൽ സിലബസ് ഉണ്ടാക്കുന്നതും പരീക്ഷ നടത്തുന്നതും ഫലം പുറത്തുവിടുന്നതും കോളജ് തന്നെയാണ്. പാസ്ബോർഡിനും ഗവേണിങ് കൗൺസിലിനുമാണ് മുഴുവൻ ചുമതലയും. പി.എം.ആർഷോ മഹാരാജാസിൽ ആർക്കിയോളജിയാണ് പഠിക്കുന്നത്. ആ ഡിപ്പാർട്മെന്റിനു മേധാവിയില്ല. ചരിത്ര അധ്യാപകനായ വിനോദ് കുമാറിനു ചുമതല കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തെ പ്രതിയാക്കിയാണു കേസ്. സംഭവത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്തമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നിട്ടും പ്രതിയാക്കി. നിരപരാധികൾക്കെതിരെയാണു  കേസെന്ന് ഇടത് അധ്യാപകസംഘടന തന്നെ പറയുന്നു. ഒരുതരത്തിലും ഇതു നിലനിൽക്കില്ല. മാധ്യമപ്രവർത്തകയെ ഉൾപ്പെടുത്തി എഫ്ഐആർ ഇട്ട പൊലീസുകാരനെതിരെ കോടതിയെ സമീപിക്കണം എന്നാണ് എന്റെ അഭിപ്രായം.

രണ്ടു മാസം മുൻപാണ് ആർഷോയുടെ പരീക്ഷാഫലം വെബ്സൈറ്റിൽ വന്നത്. ഇത്ര നാളായിട്ടും ആർഷോ ഇതെക്കുറിച്ച് അറിഞ്ഞില്ലേ ? അറിഞ്ഞിരുന്നെങ്കിൽ അന്നുതന്നെ ഗൂഢാലോചനയ്ക്കു പരാതി കൊടുക്കാത്തത് എന്താണ്? പരീക്ഷ തോൽപിക്കാൻവേണ്ടി ഗൂഢാലോചന നടത്തിയെന്നു കേട്ടിട്ടുണ്ട്. ജയിപ്പിക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയെന്ന് ആദ്യമായാണു കേൾക്കുന്നത്.

ഏറ്റവും എളുപ്പം തെളിയിക്കാവുന്ന കുറ്റമാണ് കെ.വിദ്യ ചെയ്തത്. എന്നിട്ടും വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കിട്ടാൻ കാത്തിരിക്കുകയാണെന്നു പൊലീസ് പറയുന്നു. അത് അവർ അപ്പോഴേ നശിപ്പിച്ചു കാണുമെന്ന് ഏതു കുട്ടിക്കും അറിയാം. കോളജ് അധികൃതരുടെ പരാതിയിൽ മാത്രം മുന്നോട്ടു പോകാമായിരുന്നിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

ജനാധിപത്യത്തിന് എതിരായ ഭീഷണി

ജോയ് മാത്യു

ഒരു പൊതുപ്രവർത്തകൻ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ കൂടുതൽ തുറന്ന മനസ്സോടെയും ജനാധിപത്യപരമായും മര്യാദയോടെയുമാണ് പ്രതിപക്ഷ കക്ഷികളോട്, ജനങ്ങളോട്, വിശിഷ്യ മാധ്യമപ്രവർത്തകരോടു പെരുമാറുക. അതാണ് പരിഷ്കൃത സമൂഹത്തിൽ കണ്ടുവരുന്നത്.

എന്നാൽ, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മാധ്യമപ്രവർത്തകരോടുള്ള ധാർഷ്ട്യം പഞ്ചപുച്ഛമടക്കിയ പാർട്ടി അണികളെ ഒരുപക്ഷേ രോമാഞ്ചകഞ്ചുകം അണിയിച്ചേക്കാം. എന്നാൽ, സംസ്കാരചിത്തർക്കിടയിൽ അതു കോമാളിത്തമായി പരിഹസിക്കപ്പെടുന്നതായാണ് കാണുന്നത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ മുൻഗാമി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ നയസമീപനം ഓർമയിൽ വരുന്നതുകൊണ്ടുകൂടി ആകാമിത്. ആരോഗ്യപരവും കുടുംബപരവുമായ പ്രശ്നങ്ങൾക്കും മാനസികമായ പിരിമുറുക്കങ്ങൾക്കും ഇടയിൽ അദ്ദേഹം പുലർത്തിയ നയതന്ത്രജ്ഞത കണ്ടുപഠിക്കേണ്ടതാണ്. മാധ്യമപ്രവർത്തനം എന്നാൽ ഗൂഢാലോചനയാണെന്ന് ആരോപിക്കാൻ ഒരു സങ്കോചവും ഇപ്പോഴത്തെ സെക്രട്ടറിക്കില്ല. മാത്രമല്ല, തങ്ങൾക്കെതിരെ വാർത്ത കൊടുത്താൽ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്താനും മടികാണിക്കാത്ത ആ മാനസികാവസ്ഥ തീർത്തും കാലഹരണപ്പെട്ടതും അപരിഷ്കൃതവും പരിഹാസ്യവുമാണ്. 

ഭരിക്കുന്ന പാർട്ടിയുടെ ഒരു എംഎൽഎ മറ്റെല്ലാം മാറ്റിവച്ച് കഴിഞ്ഞ കുറെ ദിവസമായി നടത്തുന്ന വെല്ലുവിളികൾക്കു സമമാണ് പാർട്ടി സെക്രട്ടറിയുടെ ആക്രോശങ്ങളും എന്നു പറയാതെ വയ്യ. തങ്ങളുടെ വഴിക്കല്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യം എന്നൊന്ന് ഇല്ല എന്ന ഭീഷണിയാണ് ആ വാക്കുകളിലുള്ളത്. അതു ജനാധിപത്യത്തിനെതിരായി ഉയരുന്ന ഭീഷണി തന്നെയാണ്.

ഭയങ്കരമായി വളരുന്ന കേരളം

എം.എൻ.കാരശ്ശേരി, കൽപറ്റ നാരായണൻ, റഫീഖ് അഹമ്മദ്

കൽപറ്റ നാരായണൻ

വിദ്യ എന്ന പദത്തിനു പറ്റിക്കൽ (കബളിപ്പിക്കൽ) എന്നൊരു ദുരർഥമേ നിലവിലുള്ളൂ എന്നാണ് വിദ്യയും മഹാരാജാസ് കോളജും പരീക്ഷാ കേന്ദ്രീകൃത വിദ്യാഭ്യാസവും നമ്മോടു പറയുന്നത്. പിടിക്കപ്പെട്ടിരുന്നില്ലെങ്കിൽ വിദ്യ അഭംഗുരം ‘വിദ്യ’ തുടരുമായിരുന്നു. പഠനവും പരീക്ഷയും തമ്മിലുണ്ടായിരുന്ന നേരിയ ബന്ധംപോലും എടുത്തുകളഞ്ഞിരിക്കുന്നു എന്നും മഹാരാജാസ് തുറന്നുപറയുന്നുണ്ട്. കേരളത്തിൽ പൊതുമേഖലയിൽ ഓട്ടോണമസ് കോളജ് അസാധ്യമാണെന്നു ശക്തമായ തെളിവുകളോടെ മഹാരാജാസ് കോളജ് സ്ഥാപിച്ചിരിക്കുന്നു. 

   പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ അതിന് അടിവരയിടുന്നു. പൂർണ നിയന്ത്രണം വിദ്യാർഥിസംഘടന കയ്യിൽ വച്ചിരിക്കുന്ന സ്ഥിതിക്ക് ആരുടെ ഓട്ടോണമസ് എന്ന ചോദ്യംപോലും ഉദിക്കുന്നില്ല. ഇതിലെല്ലാം ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർക്കെതിരെ തക്ക നടപടികളുണ്ടാവുമെന്ന സെക്രട്ടറിയുടെ അന്ത്യശാസനം കേട്ട് സത്യത്തിൽ ഞാൻ കോരിത്തരിച്ചുപോയി. 

    ഈ അവസരത്തിൽ എല്ലാ മാധ്യമങ്ങളും മാധ്യമധർമത്തെക്കുറിച്ചൊന്നും ചിന്തിച്ചു ക്ലേശിക്കാതെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല മാത്രം വഹിച്ച് ഭരണകൂടത്തിനു ശക്തി പകരുകയാണെങ്കിൽ അതെത്ര ഉജ്വലമായ ഒരു ഭാവിയിലേക്കാണു കേരളത്തെ നയിക്കുക എന്ന ഓർമപ്പെടുത്തലും ഈ അന്ത്യശാസനത്തിലുണ്ട്. അതെന്നെ സന്തോഷംകൊണ്ട് വീർപ്പുമുട്ടിക്കുന്നു. കേരളം (ഭയങ്കരമായി) വളരുന്നു!

വാക്കും പ്രവൃത്തിയും ചേർന്നുപോകണം

റഫീഖ് അഹമ്മദ്

ഗൂഢാലോചന ക്രിമിനൽ കുറ്റം തന്നെയാണ്. അതിനെ ആ നിലയ്ക്കുതന്നെ നേരിടേണ്ടതുണ്ട്. എന്നാൽ, അമിതാധികാര പ്രയോഗത്തിന്റെയും അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തിന്റെയും അസഹിഷ്ണുതയുടെയും ഏറ്റവും ഭീകരമായൊരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു ഇടതുപക്ഷ സർക്കാർ മാധ്യമപ്രവർത്തകർക്കെതിരെ എടുക്കുന്ന നടപടികൾ ഉത്തമ ബോധ്യത്തോടെ ആകണം. അല്ലാത്തപക്ഷം വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ല എന്നു പറയേണ്ടിവരും.

English Summary : Writeup on CPM leader MV Govindan threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com