ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചേർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനു പുതിയ ദിശ കണ്ടെത്തുന്നത് രാജ്യാന്തര തലത്തിൽത്തന്നെ ശ്രദ്ധ നേടുന്നു. കോവിഡിന്റെയും റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെയുമെ‍ാക്കെ പശ്ചാത്തലത്തിൽ രൂപപ്പെട്ട പുതിയ ലോകക്രമത്തിൽ നിർണായകമാവുകയാണ് കൂടുതൽ ദൃഢമാകുന്ന ഇന്ത്യ – യുഎസ് ബന്ധം. പ്രധാനമന്ത്രിക്കു യുഎസിൽ ലഭിച്ച ഗംഭീര സ്വീകരണത്തിന്റെയും സഹകരണവാഗ്ദാനങ്ങളുടെയും ഗുണഫലങ്ങൾ ഇന്ത്യ – യുഎസ് ബന്ധങ്ങളിൽ ക്രിയാത്മകമായി പ്രതിഫലിക്കുമെന്നാണു നമ്മുടെ പ്രതീക്ഷ. 

സമാദരം മോദിയെ വരവേറ്റ യുഎസ്, കൈനിറയെ കരാറുകളും ധാരണാപത്രങ്ങളും നൽകിയാണ് യാത്രയയച്ചത്. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ഇന്ത്യയിൽത്തന്നെ യുദ്ധവിമാന എൻജിൻ നിർമിക്കാൻ യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്കും കേന്ദ്രസർ‍ക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും തമ്മിൽ ധാരണയായത് അഭിമാനകരംതന്നെ. സൈനികസഖ്യത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കുമാത്രം നൽകുന്ന സാങ്കേതിക വൈദഗ്ധ്യം ഇന്ത്യയ്ക്കു ലഭിക്കുന്നുവെന്നതാണ് നമുക്കുള്ള ഏറ്റവും വലിയ നേട്ടമെന്നു വിലയിരുത്തപ്പെടുന്നു. യുഎസിലേക്കുള്ള എച്ച്1ബി തൊഴിൽ വീസ നടപടിക്രമങ്ങൾ ലളിതമാക്കിയുള്ള ചട്ടപരിഷ്കാരം ക്രമേണ ഭൂരിഭാഗം ഇന്ത്യൻ പ്രഫഷനലുകൾക്കും ഗുണകരമാകും. ബെംഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോൺസുലേറ്റുകൾ തുറക്കുന്നതും കയ്യടി അർഹിക്കുന്നു. 

ഇപ്പോൾ ഇരുരാജ്യങ്ങളുടെയും കയ്യെ‍‍ാപ്പുകൾ പതിഞ്ഞ ബഹിരാകാശ സഖ്യമാകട്ടെ പ്രതീക്ഷകളിലേക്കു പറന്നുമുന്നേറാൻ നമുക്കുവേണ്ട ആത്മവിശ്വാസം നൽകുന്നതാണ്. 2025ന് അകം ബഹിരാകാശസഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനായി യുഎസ് നയിക്കുന്ന ‘ആർട്ടെമിസ് അക്കോഡ്സ്’ സഖ്യത്തിൽ ഇന്ത്യയെയും പങ്കാളിയാക്കും. സംയുക്ത സംരംഭങ്ങൾക്ക് യുഎസ് ബഹിരാകാശ ഏജൻസി നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ് ആർഒയും തമ്മിൽ ധാരണയായിട്ടുണ്ട്. 

കാൽനൂറ്റാണ്ടു മുൻപുവരെ നിഷേധിച്ചിരുന്ന കാര്യങ്ങളെല്ലാം ആവോളം നൽകിയാണ് യുഎസ്, ഇന്ത്യൻ പ്രധാനമന്ത്രിയെ യാത്രയാക്കിയതെന്നതാണു ശ്രദ്ധേയം. പോർവിമാന എൻജിൻ സാങ്കേതികവിദ്യ, ബഹിരാകാശഗവേഷണ സഹകരണം, അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ആണവ ലാബിലേക്കു പ്രവേശനം എന്നിവയെല്ലാം ഒരുകാലത്ത് ഇന്ത്യ ആവശ്യപ്പെട്ടിട്ടും നിഷേധിച്ചിരുന്നതാണ്. ഭീകരവാദത്തിനെതിരെ കൈകോർത്തു നീങ്ങാനുള്ള പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്. ചൈനയിൽനിന്ന് ഈ രണ്ടു രാജ്യങ്ങളും ഭീഷണി നേരിടുന്നത് കൈകോർക്കലിനു കൂടുതൽ കരുത്തുനൽകുന്നു. 

യുഎസുമായുള്ള ഊഷ്മള ബന്ധത്തിനും സഹകരണത്തിനും നമ്മുടെ പല പ്രധാനമന്ത്രിമാരും മുൻകാലങ്ങളിൽ ശ്രമിച്ചതിന്റെ ഫലശ്രുതിയാണ് മോദിയിലൂടെ സാധ്യമാകുന്നത്. 1974 മേയിൽ നടന്ന ഒന്നാം പൊഖ്റാൻ ആണവ പരീക്ഷണത്തോടെ കാര്യമായി ഉലഞ്ഞ യുഎസ് ബന്ധം വീണ്ടും സജീവമാക്കിയത് 1980കളുടെ ആദ്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴും ഈ ബന്ധത്തിനു വലിയ ഊന്നൽ കെ‍ാടുത്തു. 1998 മേയിൽ നടന്ന രണ്ടാം പൊഖ്‌റാൻ പരീക്ഷണത്തെത്തുടർന്ന് യുഎസ് ബന്ധം പാടേ ഉലഞ്ഞെങ്കിലും പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയുടെ മികവുറ്റ ഇടപെടൽ ഗുണംചെയ്യുകയായിരുന്നു. പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ്, വാജ്‌പേയിയെ ‘സമാധാനത്തിന്റെ പുരുഷൻ’ എന്നു പിന്നീടു വിശേഷിപ്പിച്ചത് ഓർമിക്കാം.

ന്യൂയോർക്കിൽ 2004ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ ഒരു പ്രസ്‌താവനയ്‌ക്കു പ്രവചനസ്വഭാവം ഉണ്ടായിരുന്നുവെന്നു തോന്നുന്നു. ഇന്ത്യ – യുഎസ് ബന്ധത്തിലെ നല്ല സമയങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നായിരുന്നു പ്രസിഡന്റ് ബുഷുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മൻമോഹൻ സിങ് നടത്തിയ പ്രഖ്യാപനം. അമേരിക്കയുമായുള്ള ആണവക്കരാറിന് അടിത്തറപാകിയത് വാജ്‌പേയി സർക്കാരായിരുന്നുവെങ്കിലും അവിടെനിന്നു കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയി ഒരു കരാറിൽ എത്തിച്ചത് മൻമോഹൻ സിങ്ങാണ്. പല കാരണങ്ങളാൽ പിന്നീടു ദുർബലമാകാൻ തുടങ്ങിയ ഇന്ത്യ– യുഎസ് സൗഹൃദം വീണ്ടും ശക്‌തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ. 

ഇപ്പോൾ യുഎസ് കാണിക്കുന്ന ഉദാരമായ സഹകരണത്തിന് ഇന്ത്യയ്ക്കു രാജ്യാന്തരതലത്തിൽ വർധിച്ചുവരുന്ന സ്വാധീനവും വിവിധ മേഖലകളിൽ നാം കൈവരിച്ച മുന്നേറ്റവുമെ‍ാക്കെയാണു കാരണമെന്നതിൽ സംശയമില്ല. അതുകെ‍ാണ്ടുതന്നെ ഈ കൈകോർക്കൽ ഇന്ത്യയുടെ അർഹതയുടെയും അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയുംകൂടി അടയാളമായാണു നാം കാണേണ്ടത്. ഇതു സുസ്ഥിര പങ്കാളിത്തമാണെന്ന് ഉറപ്പാക്കുകയും വേണം.

English Summary : Editorial about Prime minister Narendra Modi US Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com