ADVERTISEMENT

‘‘ബുദ്ധിയെന്നത് മനുഷ്യനു സവിശേഷമായുള്ള മാന്ത്രികസിദ്ധിയെന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ തോന്നുന്നു, അതൊരു അടിസ്ഥാന കാര്യം മാത്രമാണെന്ന്’’– ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് അലയൊലികൾ തീർത്ത ചാറ്റ്ജിപിടി സോഫ്റ്റ്‍വെയറിന്റെ സ്രഷ്ടാവ് സാം ഓൾട്ട്മാൻ ഏതാനും ആഴ്ചകൾക്കു മുൻപു ഡൽഹിയിലെത്തിയപ്പോൾ പറഞ്ഞ വാക്കുകളാണിവ. ചില ജോലികൾ ഇല്ലാതാകുമെന്നും സങ്കൽപിക്കാൻ പോലും കഴിയാത്ത പുതിയ പല ജോലികൾ ഉണ്ടായിവരുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ, കംപ്യൂട്ടർ വിപ്ലവങ്ങളുടെ തുടർച്ചയും അവയെക്കാൾ വിപുല മാനങ്ങളുള്ളതുമായ എഐ വിപ്ലവത്തിനായി നാം ഒരുങ്ങേണ്ടതെങ്ങനെ? ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും കേരളത്തിന്റെ ഭാവിയും’ എന്ന വിഷയത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി മലയാള മനോരമ സംഘടിപ്പിച്ച വെബിനാറിൽ ഇതിന്റെ വിവിധ വശങ്ങളാണു ചർച്ച ചെയ്തത്. 10 വർഷം കഴിഞ്ഞാൽ അധ്യാപകരില്ലാതാകുമോ എന്നതുമുതൽ എഐ വിപ്ലവത്തിനു കേരളം എങ്ങനെ ഒരുങ്ങണം എന്നതുവരെയുള്ള ചോദ്യങ്ങൾ ചർച്ചയിൽ ഉയർന്നു. 

തിരുവനന്തപുരം ടെക്നോപാർക്ക് മുൻ സിഇഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി.വിജയരാഘവൻ മോഡറേറ്ററായ ചർച്ചയിൽ പങ്കെടുത്തത് ഇവർ:
1. ദിലീപ് ജോർജ് (ഹെഡ് ഓഫ് റിസർച്, ഗൂഗിൾ ഡീപ്മൈൻഡ്)
2. ജിബു ഏലിയാസ് (കേന്ദ്രസർക്കാരിന്റെ ഇന്ത്യ എഐ പ്രോഗ്രാം ഹെഡ് ഓഫ് കണ്ടന്റ് ആൻഡ് റിസർച്)
3. പ്രഫ. അച്യുത്ശങ്കർ എസ്.നായർ (പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് കംപ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ്, കേരള സർവകലാശാല)
4. മൈക്കിൾ യേശുദാസ് (ചീഫ് ടെക്നിക്കൽ ഓഫിസർ, സൺടെക് ബിസിനസ് സൊല്യൂഷൻസ്)
5. ജിക്കു ജോസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, സ്റ്റോറിബ്രെയിൻ)

അധ്യാപകർ ഇല്ലാതാകുമോ?

അച്യുത്ശങ്കർ: എഐ വരുന്നതോടെ പവർപോയിന്റ് പ്രസന്റേഷൻ, ചോദ്യപ്പേപ്പർ തയാറാക്കൽ എന്നിവയെല്ലാം എളുപ്പമാക്കും. ഒരു കുട്ടിക്കു പരീക്ഷ എഴുതാനായില്ലെങ്കിൽ അതേ നിലവാരത്തിലുള്ള മറ്റൊരു ചോദ്യക്കടലാസ് തയാറാക്കാൻ ചാറ്റ്ജിപിടിക്കു കഴിയും. ഉത്തരക്കടലാസ് നോക്കി മാർക്കിടാൻ ഓട്ടമേറ്റഡ് സംവിധാനം ഉടനുണ്ടാകും. മനുഷ്യ ഇൻവിജിലേറ്റർക്കു കണ്ടെത്താവുന്നതിനെക്കാൾ മികച്ച രീതിയിൽ പരീക്ഷാ ക്രമക്കേടു കണ്ടെത്താൻ എഐക്കു കഴിയും. ചൈനയിൽ ഹെഡ്ബാൻഡ് ധരിച്ചാണു വിദ്യാർഥികൾ ക്ലാസിൽ ഇരിക്കുന്നത്. വിദ്യാർഥികൾ പഠിക്കുന്നുണ്ടോയെന്നു ബ്രെയിൻ സിഗ്നൽ റീഡിങ് സിസ്റ്റം ഉപയോഗിച്ചു പരിശോധിക്കുന്നു.ഈ മാറ്റങ്ങളൊക്കെയുണ്ടെങ്കിലും ഒരു കാര്യം ഓർക്കണം. അധ്യാപകർ ചില മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്; അതിനു പകരമാകാൻ എഐക്കു കഴിയില്ല. ബോംബ് ഉണ്ടാക്കുന്നതെങ്ങനെയെന്നു ഗൂഗിളിനോടു ചോദിച്ചാൽ പറഞ്ഞുതരും. അതേസമയം, അധ്യാപകർ കുട്ടിയെ ഉപദേശിച്ചു ദോഷവശങ്ങൾ മനസ്സിലാക്കിക്കൊടുക്കും.

മൈക്കിൾ: പുസ്തകം വെറുതേ നോക്കിവായിക്കുന്ന അധ്യാപകരെ ചാറ്റ്ജിപിടി പോലെയുള്ള ലാർജ് ലാംഗ്വിജ് മോഡലുകൾ പകരം വയ്ക്കും. അതേസമയം, പഠിപ്പിക്കുക എന്നാൽ എന്തും പഠിപ്പിക്കുക എന്നതല്ല, എന്തു പഠിപ്പിക്കരുത് എന്നതുകൂടിയാണ്. മനുഷ്യരെ മനുഷ്യർതന്നെ പഠിപ്പിക്കണം. അച്ചടക്കവും പെരുമാറ്റവും ജീവിതമൂല്യങ്ങളുമെല്ലാം പഠിപ്പിക്കുന്നുണ്ട്. എഐ അസിസ്റ്റഡ് ക്ലാസ് റൂമുകളും ഹൈബ്രിഡ് അധ്യാപനരീതിയും വരും.

ദിലീപ്: അധ്യാപകർ എല്ലാക്കാലത്തുമുണ്ടാകുമെന്ന് നമുക്ക് ഉറപ്പുപറയാനാകില്ല. അഞ്ചോ പത്തോ വർഷത്തിനകം മാറ്റം സംഭവിക്കില്ലായിരിക്കും. അതുകഴിഞ്ഞുള്ള കാര്യം പ്രവചിക്കാനാകില്ല. സാമൂഹികമൂല്യങ്ങളും അനുഭവപരിചയവുമൊക്കെ എഐ സംവിധാനങ്ങളിൽ ഉൾക്കൊള്ളിക്കാനാകും. ബോംബ് ഉണ്ടാക്കുന്നതെങ്ങനെയെന്നു ചോദിച്ചാൽ ചാറ്റ്ജിപിടി മറുപടി നൽകില്ല. അത് ഈ വാല്യു സിസ്റ്റം ഉൾച്ചേർത്തിരിക്കുന്നതിനാലാണ്. എന്നാൽ, പകരം വയ്ക്കാനാകാത്തത് സുഹൃത്തുക്കളാണ്. അധ്യാപകരെക്കാൾ ഹോസ്റ്റലിലെ സഹപാഠികളിൽനിന്നാണല്ലോ നമ്മൾ പലതും പഠിക്കുന്നത്. സ്റ്റാൻഫഡിൽ പഠിക്കുമ്പോൾ ഞാൻ ക്ലാസിലേ പോയിട്ടില്ല!

ജിക്കു: സ്കൂൾ കാലത്ത് അധ്യാപകരോടു ചോദിച്ച് ഞങ്ങൾക്ക് ഉത്തരം കിട്ടാതിരുന്ന ചില സംശയങ്ങളുണ്ട്. പെയ്ഡ് വേർഷനായ ചാറ്റ്ജിപിടി–4ൽ ഇതേ ചോദ്യങ്ങൾക്കു കൃത്യം മറുപടി ലഭിച്ചു. ‘ഇരിക്കെടാ’, ‘ഹോംവർക്ക് ചെയ്യടീ’ എന്നൊന്നും പറഞ്ഞ് പിറകെ വരില്ലെങ്കിലും ഇത്തരം ടൂളുകൾ വിദ്യാഭ്യാസരംഗത്തെ അടിമുടി മാറ്റും. നമ്മുടെ വിദ്യാർഥി–അധ്യാപക അനുപാതം വളരെ കൂടുതലാണ്. എഐ കാലത്ത് വ്യക്തിഗത ട്യൂട്ടറിങ്ങും മറ്റും വരുമ്പോൾ ഈ അനുപാതം കുറയുകയും ഗുണനിലവാരം കൂടുകയും ചെയ്യും.

വിജയരാഘവൻ: അധ്യാപകർ വേണോയെന്നതാണു ചോദ്യം. വ്യക്തിയധിഷ്ഠിത പഠനം വരും. പാഠ്യരീതിയിലെ മാറ്റം വലിയ പ്രശ്നമാണ്; അധ്യാപകരും സംഘടനകളും സമ്മതിക്കില്ല. എഐ വരുന്നതോടെ വിദ്യാർഥികൾക്കു ലോകത്തിലെതന്നെ മികച്ച അധ്യാപകരിൽനിന്നു പഠിക്കാം. അത് അവരുടെ അധ്യാപകർ തന്നെയാകണമെന്നില്ല.

ഉള്ള പണി പോകുമോ?

അച്യുത്ശങ്കർ: തൊഴിൽസാധ്യതകളിൽ ഡേറ്റാ അനാലിസിസ് വരും. മെഡിക്കൽ അനാലിസിസ് ഡോക്ടർ നടത്തുന്നതിനു പകരം മെഷീൻ ലേണിങ്ങിന്റെ സഹായത്തോടെയാകുന്ന സ്ഥിതി വരും. കണ്ടന്റ് ജനറേഷൻ, ഫൊറൻസിക്സ് ഉൾപ്പെടെ ഓരോ ജോലിയിലും മെഷീൻ ലേണിങ് അറിയാവുന്നവർക്കു സാധ്യത കൂടും.

artificiali

മൈക്കിൾ: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാകും വലിയ മാറ്റം വരിക. എല്ലാ സർവീസ് മേഖലയെയും ബാധിക്കും. ഇന്നു നൽകുന്നതിനെക്കാൾ ഭേദപ്പെട്ട സർവീസ് എഐ നൽകും.

ദിലീപ്: എഐ വരുന്നത് ഒറ്റയടിക്കാകില്ല. സാങ്കേതികവിദ്യ രൂപപ്പെട്ടാലും അതിനോടുള്ള എതിർപ്പ് സമൂഹത്തിലുണ്ടാകുമെന്നതിനാൽ ഘട്ടംഘട്ടമായേ നടപ്പാകൂ. ഡോക്ടർമാ‍രെ എഐ കൊണ്ട് ഉടനടി പകരം വയ്ക്കാനാകില്ല. പകരം ഡോക്ടറുടെ അസിസ്റ്റന്റ് ആയി എഐ മാറിയേക്കും. അവരവരുടെ തൊഴിൽമേഖലയിലെ എഐ ടൂളുകൾ ഏതൊക്കെയെന്നു പഠിക്കുന്നതാണു പ്രധാനം. ഇത്തരം കാര്യങ്ങളറിയാവുന്നവരാകും ഭാവിയിൽ ശോഭിക്കുക.

ജിക്കു: എഐയുടെ വരവോടെ ഒരു കമ്പനി തുടങ്ങാൻ ആവശ്യമായ മിനിമം ആളുകളുടെ എണ്ണം വീണ്ടും കുറയും. 2 പേർ വേണമായിരുന്നെങ്കിൽ ഇനി ഒരാൾക്കുപോലും തുടങ്ങാനാകും. കോർ ജോലികൾ മാത്രമാകും ഭാവിയിൽ നമ്മൾ ചെയ്യുക.

ജിബു: എഐ അറിയാവുന്നവർ അതറിയാത്തവരെ പകരം വയ്ക്കുമെന്നാണു വിദഗ്ധർ പറയുന്നത്. ഭൂമിയുടെ അവകാശികളായി മനുഷ്യൻ അറിയപ്പെടുന്നതിന്റെ കാരണം ബുദ്ധിശേഷിയാണ്, കായികശേഷിയല്ല. നമ്മളെക്കാൾ നന്നായി ഓടുകയും ചാടുകയും ചെയ്യുന്ന മൃഗങ്ങളുണ്ടല്ലോ. അപ്പോൾ നമ്മെപ്പോലെതന്നെ ബുദ്ധിശേഷിയുള്ള മെഷീനുകൾ രംഗപ്രവേശം ചെയ്യുമ്പോൾ എന്താകുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്.

എഐ ഡിവൈഡ് വരുമോ?

വിജയരാഘവൻ: എഐ രംഗത്തെ വളർച്ച എല്ലാവരിലേക്കും ഒരുപോലെയെത്തുമോ? ഡിജിറ്റൽ ഡിവൈഡ് പോലെയൊരു എഐ ഡിവൈഡ് വരുമോ?

ദിലീപ്: തുടക്കത്തിൽ ഏതു സാങ്കേതികവിദ്യയും ചെലവേറിയതാണ്. ക്രമേണ കുറയും. ലാൻഡ്ഫോൺ കാലത്ത് വയർലെസ് ഫോണുകൾ ചെലവേറിയതായിരുന്നു. എന്നാൽ, വയർലെസ് വ്യാപകമായതോടെ അതിന്റെ ചെലവു കുറഞ്ഞു.

ജിബു: നോയിഡയിലെയോ ഗുരുഗ്രാമിലെയോ കുട്ടികളോട് ചാറ്റ്ജിപിടിയെക്കുറിച്ച് എത്രവേണമെങ്കിലും നിങ്ങൾക്കു സംസാരിക്കാം. പക്ഷേ, ദക്ഷിണേന്ത്യയിലെ പല ഗ്രാമീണമേഖലകളിലും പത്താം ക്ലാസിലെ കുട്ടികൾക്കുപോലും എഐ എന്താണെന്ന് അറിയില്ല. സാമ്പത്തിക അന്തരം മാത്രമല്ല, ഭാഷയും വലിയ പ്രശ്നമാണ്. ഇംഗ്ലിഷിൽനിന്ന് ഒരു ഇന്ത്യൻ ഭാഷയിലേക്കുള്ള പരിഭാഷയെക്കാൾ വലിയ പ്രശ്നമാണ് രണ്ട് ഇന്ത്യൻ ഭാഷകൾക്കിടയിലുള്ള പരിഭാഷ. ഐടി@സ്കൂൾ പോലെ എഐ@സ്കൂൾ പ്രോഗ്രാം കേരളത്തിന് അനിവാര്യമാണ്.

ജിക്കു: എഐ ഉപയോഗിക്കാനുള്ള വർധിതശേഷിയുള്ള കംപ്യൂട്ടിങ് സംവിധാനം (ജിപിയു) ചെറിയ സ്റ്റാർട്ടപ്പുകൾക്കും മറ്റും താങ്ങാൻ കഴിയുന്നതല്ല. ഇവർക്ക് ഷെയറിങ് വ്യവസ്ഥയിൽ, കുറഞ്ഞ ചെലവിൽ ഈ സംവിധാനം ലഭ്യമാക്കാൻ സർക്കാർ എഐ ഡേറ്റാ സെന്റർ ആരംഭിക്കണം.

മൈക്കിൾ: കാശുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള എഐ ഡിവൈഡ് തടയാൻ കുട്ടികൾക്കു ലാപ്ടോപ് സൗജന്യമായി നൽകാം. പക്ഷേ, സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ പല പരിമിതികളുമുണ്ടാകും. എഐ മേഖലയിൽ സംരംഭകത്വം കൂട്ടുന്നത് അന്തരം കുറയ്ക്കും.

അച്യുത്ശങ്കർ: ഭാഷാപരമായ പ്രശ്നങ്ങൾ ഏറെ ചർച്ച ചെയ്യേണ്ടതാണ്. ഇംഗ്ലിഷ് പോലെയല്ല മലയാളം. ഒരു വാക്കിനുതന്നെ ഒട്ടേറെ വകഭേദങ്ങളുണ്ട്. ചാറ്റ്ജിപിടിയുടെ മലയാളം മോശമാണ്. മലയാളം മാത്രം അറിയാവുന്നവരെ കൂടി എഐയിൽ ഉൾപ്പെടുത്താൻ പ്രത്യേക ശ്രദ്ധ വേണം.

കേരളം ശ്രദ്ധിക്കേണ്ടതെന്ത്?

വിജയരാഘവൻ: ‌പണ്ടു തൊഴിലിനായി ഗൾഫിൽ പോയവർ പിന്നീടു മടങ്ങിയെത്തി. ഇന്നു വിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്നവർ തിരികെയെത്താൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തെയും കൊണ്ടുപോകുകയാണ്.

അച്യുത്ശങ്കർ: നിലവിലെ സ്ഥിതിയിൽ കുടിയേറ്റത്തിൽ എഐ വലിയ മാറ്റം കൊണ്ടുവരുമെന്നു തോന്നുന്നില്ല. കുട്ടികൾക്ക് ആഗ്രഹത്തിനൊത്തു ജീവിക്കാൻ കഴിയാത്തതാണു കുടിയേറ്റത്തിനു കാരണം. സംരംഭകത്വത്തെ എഐ സഹായിക്കും. രണ്ടു പേരുള്ള കമ്പനി വരെ വരും. അങ്ങനെ വരുമ്പോൾ ചിലരെങ്കിലും കേരളം തിരഞ്ഞെടുക്കും.

മൈക്കിൾ: സാമ്പത്തികസ്ഥിതി അനുസരിച്ചാണ് കുടിയേറ്റം മാറുന്നത്. എഐ വരുന്നതോടെ കാര്യമായ വ്യതിയാനം ഉണ്ടാകില്ല. എഐ സംവിധാനം തയാറാക്കാനുള്ള ചെലവ് കൂടുതലാണ്. തടസ്സങ്ങളില്ലാതെ ആർക്കും എഐ ലഭ്യമാകണം. ചായക്കട തുടങ്ങുന്നതുപോലെ സംരംഭം തുടങ്ങാനാകണം. അങ്ങനെ വന്നാൽ യുവാക്കൾ കേരളം തിരഞ്ഞെടുത്തേക്കാം.

ജിക്കു: വിദേശ കുടിയേറ്റം വൻതോതിൽ കൂടുമെന്നാണു തോന്നുന്നത്. ആളുകൾ മെച്ചപ്പെട്ട ടൂളുകൾ ലഭിക്കുന്നതനുസരിച്ചു മെച്ചപ്പെട്ട മേച്ചിൽപുറങ്ങൾ തേടുമെന്നതു സാമാന്യ യുക്തിയാണ്.

ജിബു: ചാറ്റ്ജിപിടി എന്താണെന്നും അതെങ്ങനെ ഉപയോഗിക്കണമെന്നും അറിയാവുന്ന എത്ര അധ്യാപകർ നമുക്കുണ്ട്? എഐ വിപ്ലവത്തെ നമ്മൾ അവസരമായി കാണണം. ട്രാക്ടറിനെയും കംപ്യൂട്ടറിനെയും പണ്ട് എതിർത്ത അതേ രീതി തുടർന്നാൽ നമ്മൾ പിന്നിലായിപ്പോകും. നല്ല കാലാവസ്ഥയും നല്ല വെള്ളവും നല്ല ഭക്ഷണവുമൊക്കെയുണ്ടായിട്ടും ആളുകൾ വിദേശത്തേക്കു കുടിയേറുന്നുണ്ടെങ്കിൽ അതിനൊരു സാമൂഹിക മാനമുണ്ട്. പ്രശ്നങ്ങൾ യഥാസമയം പരിഹരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളാകും നമ്മെ കാത്തിരിക്കുന്നത്.

ദിലീപ്: പ്രാദേശികപ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതാകണം സംരംഭകരുടെ പ്രധാന ചിന്തകളിലൊന്ന്. പ്രമുഖ സ്റ്റാർട്ടപ് ആക്സിലറേറ്ററായ വൈകോംബിനേറ്ററിൽ ഇക്കൊല്ലം ഭാഗമായിരുന്ന 50% സ്റ്റാർട്ടപ്പുകളും പൂട്ടിപ്പോയി. അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലെയുള്ള കമ്പനികൾ വിപണിയിലെത്തിച്ചതാണു കാരണം. മാസങ്ങൾക്കകം കാലഹരണപ്പെടുന്ന ആശയമായിരിക്കരുത് സംരംഭകരുടേത്.

vijayaraghavan
ജി.വിജയരാഘവൻ

‘‘വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകളിൽ സർക്കാർ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കുന്നുണ്ട്. എന്നാൽ, ഇവ അടിത്തട്ടിൽ എത്തുന്നുണ്ടോയെന്നറിയില്ല. സംസ്ഥാനത്തു സർക്കാർതലത്തിലുള്ള കംപ്യൂട്ടേഷൻ ശേഷി ജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ പാകത്തിലാക്കിയാൽ എഐയിൽ വിപ്ലവം വന്നേക്കാം. ഒന്നോ രണ്ടോ പേർ ചേർന്ന്, എഐ സാധ്യത ഉപയോഗപ്പെടുത്തി സ്ഥാപനം തുടങ്ങുന്ന സ്ഥിതി വരും.’’
– ജി.വിജയരാഘവൻ

dileep
ദിലീപ് ജോർജ്

‘‘‌ഏതെങ്കിലുമൊക്കെ കാലത്ത് ആരെങ്കിലുമൊക്കെ എഴുതിവച്ച കാര്യങ്ങളാണ് ചാറ്റ്ജിപിടി പോലെയുള്ള സംവിധാനങ്ങളിൽ കാണുന്നത്. എഴുതപ്പെടാത്ത പുതിയൊരു കണ്ടുപിടിത്തം നടത്താൻ നിലവിലെ എഐ പര്യാപ്തമല്ല. ഗുരുത്വാകർഷണബലം നമ്മൾ കണ്ടുപിടിച്ചിട്ടില്ലെന്നു കരുതുക; എഐ സിസ്റ്റത്തിന് അതെക്കുറിച്ചു പറയാനാകില്ല. 10 വർഷം കഴിയുമ്പോൾ ചിലപ്പോൾ ഇതു മാറിയേക്കാം.’’
–ദിലീപ് ജോർജ്

jibu
ജിബു ഏലിയാസ്

‘‘എന്റെ ലാപ്ടോപ്പിൽ ചാറ്റ്ജിപിടി ടാബ് എപ്പോഴും ഓപ്പണായിരിക്കും. പിഎ ഇല്ലാത്ത എനിക്ക് ഇമെയിൽ അയയ്ക്കാനും ബ്ലോഗ്പോസ്റ്റ് തയാറാക്കാനുമൊക്കെ വളരെ സ്മാർട്ടായ പിഎ ഉള്ളതിനു തുല്യമാണത്. എല്ലാം എഐ ചെയ്താൽ നമ്മുടെയൊക്കെ ജോലി പോകുമോയെന്ന് പലരും ചോദിക്കാറുണ്ട്. എനിക്കറിയില്ലെന്നു ഞാൻ പറയും. ഭാവി പ്രവചിക്കാൻ അറിയുമായിരുന്നെങ്കിൽ ഞാൻ മറ്റെന്തെങ്കിലുമൊക്കെ ആയേനെ.’’
–ജിബു ഏലിയാസ്

achuthshankar
അച്യുത്ശങ്കർ എസ്.നായർ

‘‘ഒരിക്കൽ എന്റെ വിദ്യാർഥി സ്വന്തമായി എഴുതിയ അസൈൻമെന്റും ചാറ്റ്‌ജിപിടി തയാറാക്കിയ മറ്റൊരു അസൈൻമെന്റും സമർപ്പിച്ചു. ചാറ്റ്‌ജിപിടിയുടേതായിരുന്നു മികച്ചത്. മനുഷ്യൻ ചെയ്യുന്നതിലും ഭംഗിയായി ചാറ്റ്ജിപിടി ചെയ്യും. എന്നാൽ, ഗവേഷണം നടത്താൻ എഐക്കു കഴിയില്ല. 5 വയസ്സുള്ള കുട്ടിയെന്നേ ചാറ്റ്ജിപിടിയെ വിളിക്കാവൂ; വളരാൻ സമയമെടുക്കും.’’
–അച്യുത്ശങ്കർ എസ്.നായർ

micle
മൈക്കിൾ യേശുദാസ്

‘‘എഐ എന്നത് ഇന്റലിജൻസ് ആണ്, ഇന്റലക്ട് അല്ല. എക്സ്പീരിയൻസ് ഇല്ല. ഒരു ചോദ്യം എന്തുകൊണ്ടു ചോദിച്ചെന്നു മനസ്സിലാക്കി നമുക്കു ഗുണകരമായ ഉത്തരം നൽകാൻ കഴിവുള്ളയാൾ ഇന്റലക്ച്വൽ. വെറും ഉത്തരം നൽകുന്നത് ഇന്റലിജൻസ്. പുതിയതായി ഒരു സംരംഭം തുടങ്ങാൻ എന്താണു ചെയ്യേണ്ടതെന്ന് എഐയോടു ചോദിക്കാം. കൃത്യമായ വിവരം തരും. പക്ഷേ, ഈ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാണെന്ന് ഓർക്കണം.’’
–മൈക്കിൾ യേശുദാസ്

Jikku Jose
ജിക്കു ജോസ്

‘‘കുട്ടിയായിരുന്നപ്പോൾ എന്നെക്കാൾ പൊക്കമുള്ള ലെഡ്ജർ ബുക്കിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ കണക്കെഴുതിയിരുന്നത്. ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ കംപ്യൂട്ടർ വഴി ഇത് ഓട്ടമേറ്റ് ചെയ്യപ്പെട്ടു. വൈകിട്ട് 4 മുതൽ 6.30 വരെ അച്ഛൻ ചെയ്തിരുന്ന ജോലി തീർക്കാൻ സെക്കൻഡുകൾ മതിയായിരുന്നു. ഇനി ഞാനെന്തു ചെയ്യുമെന്ന് അച്ഛൻ ചോദിക്കുമായിരുന്നു. അന്നു കൃത്യമായ രൂപത്തിലുള്ള നിർദേശങ്ങൾ നൽകണമായിരുന്നു. എന്നാൽ, എഐയുടെ കാലത്ത് അവ്യക്ത നിർദേശങ്ങൾപോലും മനസ്സിലാക്കി കംപ്യൂട്ടർ പ്രതികരിക്കും. ഇതിന്റെ സ്വാധീനം നമ്മുടെ ചിന്തകൾക്കും അപ്പുറത്താണ്.’’
– ജിക്കു ജോസ്

English Summary: In the Manorama webinar, experts said that Artificial intelligence should not be pushed aside, but should be joined together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com