ADVERTISEMENT

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിയുടെ സഞ്ചിതനഷ്ടം 19,000 കോടി രൂപയാണ്. 30,000 ജീവനക്കാരും അതിലേറെ പെൻഷൻകാരുമുള്ള കെഎസ്ഇബിയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത 3,600 കോടി രൂപയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്താനുള്ള ചിലരുടെ നീക്കങ്ങളാണ്. ഇത് അവിശ്വനീയം തന്നെ. കേന്ദ്രം നിർദേശിക്കുന്ന സ്മാർട് മീറ്റർ പദ്ധതിക്കു തുരങ്കം വയ്ക്കുന്നവർ ഒരു കാര്യം ഓർക്കണം. വായ്പയെടുത്തെങ്കിലും ഇൗ പദ്ധതി കെഎസ്ഇബിക്കു പിന്നീടു നടപ്പാക്കേണ്ടി വരും. അതിന്റെ ഭാരം ഉപയോക്താവിനുമേൽ ആയിരിക്കുമെന്നു മാത്രം. 

കാരണം, ഒരിക്കൽ നമ്മൾ എതിർത്തു എന്നതിന്റെ പേരിൽ കംപ്യൂട്ടർ ഇൗ നാട്ടിൽ വരാതിരുന്നിട്ടില്ല. ഇപ്പോൾ എഐ ക്യാമറ വരെ നമുക്കു മുന്നിലുണ്ട്. ഡിജിറ്റൽ സർവകലാശാല വന്നു. അതുപോലെ സ്മാർട് മീറ്ററിനും വരാതിരിക്കാനാവില്ല. ചില ട്രേഡ് യൂണിയനുകളുടെ സമ്മർദങ്ങൾക്കു കീഴടങ്ങുന്നതു കാരണം ഏകദേശം 10,000 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ഇബിക്കു പിന്നീട് ഏൽക്കേണ്ടി വരിക. ഇത്ര ദുഃഖകരമായ ദുരവസ്ഥ ഇന്ത്യയിൽ ഒരു വൈദ്യുതി വിതരണ കമ്പനിക്കും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. 

രാജ്യത്താകെ 3 ലക്ഷം കോടി രൂപ ചെലവിട്ടും 1.15 ലക്ഷം കോടി രൂപ സബ്സിഡി നൽകിയും കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വൈദ്യുതി വിതരണ നവീകരണ പദ്ധതിയുടെ ഭാഗമാണ് സ്മാർട് മീറ്റർ. അതിനോടാണ് ചില ട്രേഡ് യൂണിയനുകൾക്ക് എതിർപ്പ്. അവർ‌ ഒരു കാര്യം ഓർക്കണം; കേന്ദ്ര സബ്സിഡി ആകാശത്തുനിന്നു പൊട്ടിവീഴുന്നതല്ല. കേരളത്തിന്റെ അവകാശമായ കേന്ദ്രനികുതി വിഹിതമാണ്. അത് അനുഭവിക്കാൻ അവകാശമുള്ള മലയാളികളുടെ വിയർപ്പിന്റെ വിലയും ഇവർ നിഷേധിക്കുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് സ്മാർട് മീറ്റർ‌ പദ്ധതി നടപ്പാക്കാൻ മത്സരിക്കുമ്പോഴാണ് കേരളത്തിൽ എതിർപ്പ്. 

സ്വകാര്യ കമ്പനികളെ സഹായിക്കുന്നതെന്തിന് ? 

വിതരണനഷ്ടം കുറയ്ക്കുന്നതിലും വൈദ്യുതി വാങ്ങുന്നതിന്റെ ചെലവു നിയന്ത്രിക്കുന്നതിലും സ്‍മാർട് മീറ്ററുകൾ ഏറെ സഹായകമാകും. കേരളത്തിൽ പ്രതിവർഷം വൻ ചെലവു വരുന്ന വൈദ്യുതി വാങ്ങൽ (8200 കോടി രൂപ) കുറയ്ക്കാൻ പോലും സ്മാർട് മീറ്ററുകളിൽ‌ നിന്നുള്ള ഡേറ്റ ഉപകരിക്കും. സാങ്കേതിക സൗകര്യങ്ങൾകൊണ്ട് കെഎസ്ഇബിക്ക് ഏറെ നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുന്ന സ്മാർട് മീറ്റർ പദ്ധതിയെയും സ്വകാര്യവൽക്കരണമായി വ്യാഖ്യാനിച്ചാണ് യൂണിയനുകൾ എതിർക്കുന്നത്. ആദ്യഘട്ടത്തിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ സജ്ജീകരിക്കാനാണ് കേരളം തീരുമാനിച്ചത്. എന്നാൽ, ഇവിടെ മാത്രം അത് അനുവദിക്കുകയില്ലെന്നും സിഡാക് വികസിപ്പിച്ച സ്മാർട് മീറ്റർ സാങ്കേതികവിദ്യ പ്രത്യേക കമ്പനി രൂപീകരിച്ച് നടപ്പാക്കണമെന്നുമാണ് യൂണിയൻ വാദം. സി‍ഡാക് വഴി സ്വകാര്യ കമ്പനികൾക്കു കരാർ നൽകി 8200 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്ന് യൂണിയന് എന്താണു പ്രത്യേക താൽപര്യം? എന്തുകൊണ്ട് ദേശീയതലത്തിലെ ടെൻഡറിൽ വിജയിക്കുന്നവരിൽനിന്ന് ഉപകരണങ്ങളും സോഫ്റ്റ്‍വെയറും വാങ്ങിക്കൂടാ?

സിഡാക്കിന്റെ മീറ്റർ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളൊന്നും ഇപ്പോൾ വാങ്ങുന്നില്ല. സിഡാക്കിനു കരാർ നൽകുന്നത് അവർ ഏതു കമ്പനിയെയാണോ കരാർ ഏൽപിച്ചിരിക്കുന്നത് ആ കമ്പനിക്കു കുത്തക കരാർ നൽകുന്നതിനു തുല്യമാണ്. ഇതു കേന്ദ്ര സർക്കാരോ കേന്ദ്ര വിജിലൻസ് കമ്മിഷനോ അനുവദിക്കുമെന്നു കരുതാനാകില്ല. സിഡാക്കിന്റെ കമ്പനികൾക്ക് 37 ലക്ഷം മീറ്റർ വിതരണം ചെയ്യാനുമാകില്ല. അപ്പോൾ സ്മാർട് മീറ്റർ നടപ്പാക്കാതിരിക്കാനുള്ള സമർഥമായ തന്ത്രമായേ യൂണിയന്റെ വാദത്തെ കാണാൻ കഴിയൂ. 

യൂണിയനുകളുടെ അഭിപ്രായങ്ങൾ പരിഗണിക്കാൻ സർക്കാർ നിയോഗിച്ച ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ അധ്യക്ഷനായ ഉന്നത സമിതി ഇതെല്ലാം വിശദമായി പരിശോധിച്ചിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 37 ലക്ഷം മീറ്ററും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ്‌വെയറും വാങ്ങുന്നതിനുള്ള ചെലവ് കെഎസ്ഇബി വിപണിയിൽനിന്നു സ്വയം കണ്ടെത്തുന്നതിനെ സമിതി എതിർക്കുകയാണു ചെയ്തത്. 

സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കുമ്പോൾ വൈദ്യുതി ചാർജ് പ്രീ പെയ്ഡാകും. അതുവഴി കെഎസ്ഇബി നിലവിൽ സൂക്ഷിക്കുന്ന 3,500 കോടി രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒഴിവാക്കാനാകും. ഈ തുക ഉപയോക്താവിന്റെ വിഹിതമായി കണക്കാക്കാം. ബാക്കി 5200 കോടി രൂപ മാത്രമേ കെഎസ്ഇബി പുതുതായി സ്മാർട് മീറ്ററിനായി കണ്ടെത്തേണ്ടതുള്ളൂ. എന്തുൽപന്നം വാങ്ങണമെന്നും  എങ്ങനെ വാങ്ങണമെന്നും എപ്പോൾ വാങ്ങണമെന്നും സാങ്കേതികവിദ്യയെക്കുറിച്ചോ യൂട്ടിലിറ്റി മാനേജ്മെന്റിനെക്കുറിച്ചോ വലിയ അറിവില്ലാത്ത യൂണിയൻകാർ നിശ്ചയിക്കുന്ന ഏക വാണിജ്യ കമ്പനിയായിരിക്കും കെഎസ്ഇബി. കമ്പനിയുടെ ധനസ്ഥിതിയിലും ഉപഭോക്തൃ താൽപര്യത്തിലും യൂണിയനുകൾക്ക് ഒരു ഉത്തരവാദിത്തവുമില്ല. വൈദ്യുതി ചോർച്ച തടയാൻ‌ കഴിയാതാകുന്നതോടെ 400 കോടി രൂപയും കേന്ദ്ര ഗ്രാന്റ് കിട്ടാതായാൽ 3600 കോടി രൂപയും കേരളത്തിനു നഷ്ടപ്പെടുമെന്ന സ്ഥിതിയാണുണ്ടാകുക.  

വീടുവീടാന്തരം പോയി മീറ്റർ വായിക്കാനും ബിൽ തയാറാക്കാനും ആയിരത്തഞ്ഞൂറോളം ക്ലാർക്കുമാരും മൂവായിരത്തിയഞ്ഞൂറോളം മീറ്റർ റീഡർമാരുമുണ്ട് കെഎസ്ഇബിയിൽ. ഇവരെ ക്രമാനുഗതമായി പുനർവിന്യസിക്കാമായിരുന്നു. 

സാമ്പത്തികമായി തകർന്നാൽ കെഎസ്ആർടിസി പോലെ സർക്കാർ സബ്സിഡി നൽകി നടത്താനാവുന്നതല്ല കെഎസ്ഇബി. അതിന്റെ നിലവിലെ ബാധ്യതകൾ തന്നെ സംസ്ഥാന സർക്കാരിനു താങ്ങാനാവുന്നതിലധികമാണ്. ഗുജറാത്തിലും രാജസ്ഥാനിലും പൂർത്തിയാകുന്ന ഒരു ലക്ഷം മെഗാവാട്ട് ശേഷിയുള്ള സോളർ പദ്ധതികൾകൂടി ദേശീയ ഗ്രിഡിൽ വന്നു കഴിഞ്ഞാൽ വാണിജ്യ, വ്യവസായ ഉപയോക്താക്കളാകെ കെഎസ്ഇബിയിൽനിന്നു ക്രമേണ മാറും. വിറ്റുവരവിന്റെ 65 ശതമാനവും ഇൗ വിഭാഗത്തിൽ നിന്നാണു കെഎസ്ഇബിക്കു ലഭിക്കുന്നത്. വിറ്റുവരവ് 10% കുറഞ്ഞാൽ പോലും ബിഎസ്എൻഎലിനെക്കാൾ ദയനീയ സാമ്പത്തിക അവസ്ഥയിലാകും കെഎസ്ഇബി. ഇതൊന്നും മനസ്സിലാകാത്ത മട്ടിൽ തല മറന്ന് എണ്ണ തേയ്ക്കുകയാണ് യൂണിയനുകൾ. അവരെ കാര്യങ്ങൾ ധരിപ്പിച്ച് ചരിത്രവിഡ്ഢിത്തം ഒഴിവാക്കി, പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. 

സ്മാർട് മീറ്റർ വന്നാൽ...

smartmeter

കിലോവാട്ട് അവറിൽ മാത്രം വൈദ്യുതി ഉപയോഗം രേഖപ്പെടുത്തുന്നവയാണ് ഇപ്പോഴത്തെ ഇലക്ട്രോണിക് മീറ്റർ. വൈദ്യുതി ഉപയോഗത്തിന്റെ 150ൽ അധികം വ്യത്യസ്ത സ്വഭാവ വിശേഷങ്ങൾ‌ മാനുഷിക ഇടപെടലില്ലാതെ കെഎസ്ഇബിയുടെ സെർവറിൽ എത്തിക്കുന്നതാണ് സ്മാർട് മീറ്റർ. ലോകത്തു പല വൈദ്യുതി വിതരണ കമ്പനികളും ഇൗ പരിഷ്കാരം നടപ്പാക്കിക്കഴിഞ്ഞു.  കെഎസ്ഇബിക്കു വിദൂരത്തിരുന്നു നിയന്ത്രിക്കാമെന്നതാണ് സ്മാർട് മീറ്ററിന്റെ പ്രധാന ഗുണം. ബില്ലിന്റെ ഉപയോഗം പരിശോധിക്കാനും വൈദ്യുതി വിഛേദിക്കാനും ഒന്നും കെഎസ്ഇബിയിൽ‌ നിന്നു മീറ്ററിനു സമീപത്തേക്ക് ആൾ എത്തേണ്ട ആവശ്യമില്ല. മീറ്ററിൽ ആരെങ്കിലും കൃത്രിമം കാട്ടിയാൽ ഉടൻ അതു കെഎസ്ഇബിയുടെ കൺട്രോൾ റൂമിൽ അറിയിപ്പായി എത്തുകയും ചെയ്യും. 

 വൈദ്യുതിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ  ഉപയോക്താക്കളെയും സഹായിക്കുന്നു. പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി ആവശ്യമാണെന്നു സ്മാർട് മീറ്ററിൽ രേഖപ്പെടുത്താം. ഉപയോഗം കൂടുമ്പോൾ മുന്നറിയിപ്പു സന്ദേശങ്ങൾ സ്മാർട് മീറ്ററിലൂടെ ലഭിക്കും. വേണ്ടിവന്നാൽ വൈദ്യുതി ടോപ് അപ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ടാകും. വൈദ്യുതി തടസ്സങ്ങൾ തൽസമയം തന്നെ സ്മാർട് മീറ്റർ വഴി അറിയാനാകുന്നതിനാൽ വൈദ്യുതി പുനഃസ്ഥാപനവും വേഗത്തിൽ സാധ്യമാകും. 

(അഭിപ്രായം വ്യക്തിപരം)

English Summary: An article prepared in the context of their experiences in KSEB 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com