ADVERTISEMENT

വിവാദങ്ങളൊന്നും ജനം ഗൗരവത്തിലെടുത്തിട്ടില്ലെന്നും ‘വികസനരീതി’ അഭംഗുരം തുടരാമെന്നും മിനിയാന്നും ഇന്നലെയുമായി ചേർന്ന സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയതിൽ അദ്ഭുതമൊന്നുമില്ല. ജനത്തിന്റെ ബുദ്ധിക്ക് ഇതിലും നല്ലൊരു സർട്ടിഫിക്കറ്റ് കിട്ടാനുമില്ല. നനഞ്ഞയിടം ഒന്നുകൂടി ആഴത്തിൽ കുഴിച്ചുനോക്കുന്നതിൽ ന്യായമുണ്ടു താനും. ‘വികസനനേട്ട’ങ്ങൾ വിശദീകരിക്കാൻ എന്നിട്ടും ജനങ്ങളിലേക്കിറങ്ങാനാണ് തീരുമാനം.‘കിണ്ണം കട്ടെന്നു തോന്നുമോ’ എന്നു സംശയമുണ്ടെങ്കി‍ൽ ഒന്നു കൂടി വിശദീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ജനം വിശ്വസിക്കാത്ത കാര്യങ്ങൾ വിളിച്ചുപറഞ്ഞ മാധ്യമങ്ങൾക്കു നേരെ എം.വി.ഗോവിന്ദനും പൊലീസും വാളെടുക്കുന്നതാണ് കഷ്ടം. വയറ്റുപ്പിഴപ്പിനായി പാവങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്തോട്ടെ എന്നു വിചാരിക്കാവുന്നതേയുള്ളൂ.

പതിറ്റാണ്ടുകൾ മുൻപു സിപിഎം സംസ്ഥാന പ്രമുഖൻ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ടു കോടിയിലേറെ രൂപ രാത്രി രഹസ്യമായി കൊണ്ടുപോയ വിവരം നോട്ട് എണ്ണിത്തിട്ടപ്പെടുത്താൻ അന്ന് ഒപ്പമുണ്ടായിരുന്ന മുൻ സഖാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതാണ് വികസനരേഖയിൽ അവസാനം പുറത്തുവന്നത്. ഓലക്കുടിലിൽ അന്തിയുറങ്ങുന്ന അടിസ്ഥാനവർഗക്കാരന്റെ പാർട്ടി ആ അടിയന്തര സാഹചര്യത്തിൽപ്പോലും ‘ഓല’ മറന്നില്ല എന്നതു കാണാതെ പോകരുത്. ‘കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം’ എന്ന പാട്ട് അന്നു ജനിച്ചിട്ടില്ല. ആ പാട്ടു മൂളി അന്നു രാത്രി ഓല തേടിപ്പോകാൻ സഖാക്കൾക്കു ഭാഗ്യമില്ലാതെ പോയി.

പാർട്ടിയുടെ സംസ്ഥാന നേതാവിനുപോലും രണ്ടു കോടി രൂപയെന്ന നിസ്സാരതുകയേ അന്നു പൊതിഞ്ഞെടുക്കാൻ സാധിച്ചുള്ളൂ എന്നോർക്കണം. അന്ന് യഥാർഥ വികസനം ക്ലച്ചു പിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ കഥ മാറി. കോഴിക്കോട് മങ്കയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്റെ പരിധിയിലെ ക്വാറി ഉടമയോടു രണ്ടുകോടി രൂപ ആവശ്യപ്പെടുന്ന ഫോൺവിളിയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സംസ്ഥാന നേതാവിനു രണ്ടു കോടി എന്നതിൽനിന്ന് ബ്രാഞ്ച് സെക്രട്ടറിക്കു രണ്ടു കോടി എന്നതിലേക്ക് എത്തിയ പുരോഗതിയെ ‘വികസന വിസ്ഫോടനം’ എന്നു വിശേഷിപ്പിച്ചില്ലെങ്കിൽ കുറച്ചിലാണ്.

‘വ്യവസ്ഥ’ അംഗീകരിച്ചാൽ ക്വാറി നടത്തിപ്പിന് ഒരു പ്രയാസവും ഉണ്ടാവില്ല എന്നും പാർട്ടി നേതാവ് പറഞ്ഞു. ഇതൊന്നും സംഘടനാരീതിയല്ല എന്നാണ് സിപിഎം ഏരിയാ സെക്രട്ടറി പറഞ്ഞത്. പണം ആവശ്യപ്പെട്ടതല്ല, അതു പുറത്തറിയിച്ചതിലാണ് പാർട്ടി അച്ചടക്കം ലംഘിക്കപ്പെട്ട് നടപടിയുണ്ടായത് എന്നു കരുതണം. ആറായിരത്തോളം ക്വാറികളേ കേരളത്തിലുള്ളൂ. പാർട്ടി ബ്രാഞ്ച് കമ്മിറ്റികൾ 35,000 എങ്കിലും വരും. ഒരു ബ്രാഞ്ച് കമ്മിറ്റിക്കു ചുരുങ്ങിയത് ഒരു ക്വാറി എന്ന നിലയിലേക്ക് എത്തിയാലേ ഉദ്ദേശിച്ച വികസനം വരൂ. ഒത്തുപിടിച്ചാൽ പാർട്ടിക്കു തന്നെ ‘ കെ– റെയിൽ ’ ഏറ്റെടുത്തു നടത്താവുന്ന വഹ ഈ ഇനത്തിൽ മാത്രം കിട്ടേണ്ടതാണ്. ‘ക്വാറിയിൽ നിന്ന് കെ–റെയിലിലേക്ക് ’എന്നതാവട്ടെ വികസന മുദ്രാവാക്യം.

‘തല’സ്ഥാനം തിരിയുമ്പോൾ

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന മലയാളിയുടെ അടിയന്തരാവശ്യം സ്വകാര്യബില്ലായി ലോകസ്ഭയിൽ അവതരിപ്പിച്ച എറണാകുളത്തിന്റെ എംപി ഹൈബി ഈ‍‍ഡനോട് മൂന്നരക്കോടി മലയാളികൾ കടപ്പെട്ടിരിക്കുന്നു. പാർട്ടി ആസ്ഥാനമായ എകെജി സെന്റർ തിരുവനന്തപുരത്തുള്ള സ്ഥിതിക്കു ഭരണകേന്ദ്രമായി മറ്റൊരു സെക്രട്ടേറിയറ്റ് ആവശ്യമില്ല എന്നു സിപിഎമ്മുകാർക്കു കുറച്ചുകാലമായി തോന്നുന്നതാണ്. പക്ഷേ, അവർക്കു പോലും പാർട്ടിയുടെ അഖിലേന്ത്യാ ആസ്ഥാനമായ കണ്ണൂർ സംസ്ഥാന തലസ്ഥാനം ആക്കണമെന്ന ബുദ്ധി തോന്നിയിട്ടില്ല. പക്ഷേ, അഭിപ്രായം ചോദിച്ച് കേന്ദ്രത്തിൽനിന്നു വന്ന ഫയൽ ‘അപ്രായോഗികം’ എന്നു നിർദയം പറ‍ഞ്ഞ് സംസ്ഥാന സർക്കാർ മടക്കുകയാണ് ചെയ്തത്. നവീനാശയങ്ങൾക്കു വിലയില്ലാത്ത നാടാണെന്നു വെറുതേ പറയുന്നതല്ല.

ഒരുകാലത്ത് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ബേബി’ ആയിരുന്നു ഹൈബി. പ്രായം കൂടുന്നതനുസരിച്ച് പക്വതയും കൂടണമെന്നു നിർബന്ധമൊന്നുമില്ല. കുറഞ്ഞാൽ ക്രിമിനൽ കുറ്റവുമല്ല. തലസ്ഥാനം സംസ്ഥാനത്തിന്റെ മധ്യഭാഗത്തു വേണമെന്നതു നിഷ്കളങ്കമായ തോന്നലാവാനേ വഴിയുള്ളൂ. ബുദ്ധി തലയ്ക്കകത്തു തന്നെ ആവണമെന്നതു പോലുള്ള ഓരോ നിർബന്ധബുദ്ധികൾ. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെയൊന്നും തലസ്ഥാനം നാടിന്റെ മധ്യത്തല്ല എന്നാണ് സർക്കാരിന്റെ ന്യായം. 

ഉണ്ടിരിക്കുമ്പോഴുള്ള ചില തോന്നലുകൾക്ക് ‘തുഗ്ലക് പരിഷ്കാരം’ എന്നൊരു പേരു ചരിത്രം പതിച്ചു കൊടുത്തിട്ടുണ്ട്. ഡൽഹിയിൽനിന്നു തലസ്ഥാനം ഇന്നത്തെ മഹാരാഷ്ട്രയിലെ ദൗലത്താബാദിലേക്കു മാറ്റണമെന്ന മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ആശയത്തിനു രാജവംശം മൊത്തം കൊടുക്കേണ്ടി വന്ന വിലയാണത്. പലവട്ടം എംപിയും എംഎൽഎയും ഒക്കെ ആവാൻ അവസരം കിട്ടിയിട്ടും പിതാവ് ജോർജ് ഈഡന്റെ ബുദ്ധിയിൽ തോന്നാത്ത ഈ ആശയം ആദ്യവട്ടം എംപി ആയപ്പോൾതന്നെ കണ്ടെത്തി എന്നിടത്താണ് ഹൈബി ഈഡൻ എന്ന ഈ മകന്റെ മിടുക്ക്. ഏതായാലും സ്വകാര്യബിൽ ചരിത്രത്തിൽ ‘ ഹൈബി’യുടെ പേരിൽ മാത്രം അറിയപ്പെടട്ടെ എന്നൊരു പ്രാർഥനയുണ്ട്. ‘ഈഡൻ’ എന്ന ഭാഗം ഒഴിവാക്കാം. മൺമറഞ്ഞുപോയവരുടെ ശിരസ്സിൽ മക്കളുടെ പ്രതിഭയുടെ അമിതഭാരം കൂടി എന്തിന് അടിച്ചേൽപിക്കുന്നു. മക്കളുണ്ടാക്കിയത് മക്കൾതന്നെ കൈവശംവച്ച് അനുഭവിക്കട്ടെ എന്നേ വാത്സല്യമുള്ള ഏതു പിതാവും കരുതൂ.‌‌

തികച്ചും സ്വകാര്യമായിരിക്കും

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല വൈകില്ലെന്നാണ് കേൾക്കുന്നത്. ഇക്കാര്യമൊന്നും മുന്നണിയിലെ മറ്റു കക്ഷികളോടു ചോദിക്കുന്ന ശീലം സിപിഎമ്മിനില്ല. രണ്ടാമത്തെ ‘വലിയ’ പാർട്ടി എന്നു സിപിഐക്കു സ്വയം തോന്നാറുണ്ടെന്നു മാത്രം. സിപിഎം മാത്രം തീരുമാനിച്ചാൽ സ്വകാര്യ സർവകലാശാല വരും. ഒന്നിന്റെ ഉടസ്ഥാവകാശം എസ്എഫ്ഐക്കും ന‌‌‌‌ടത്തിപ്പ് ഊരാളുങ്കൽ സൊസൈറ്റിക്കുമായാലും അദ്ഭുതപ്പെടാനില്ല. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും‘ കെ– സർട്ടിഫിക്കറ്റ് ’സ്വാശ്രയമായി ഉണ്ടാക്കാമെന്നിരിക്കെ വെറുതേ എന്തിന് ‘കലിംഗ’ സർവകലാശാലയെ ആശ്രയിക്കുന്നു? 

കേന്ദ്ര ഏജൻസികളുടെ മികച്ച അക്രഡിറ്റേഷൻ സർവകലാശാലകൾ ഒപ്പിച്ചെടുക്കുന്നതാണെന്നൊരു കുത്തു കുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും കളത്തിലിറങ്ങിയിട്ടുണ്ട്. കുറച്ചുകാലമായി കക്ഷി അടങ്ങിക്കഴിയുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള മനഃപൂർവമായ ശ്രമമാണ് കക്ഷിയുടേത് എന്നാണ് മന്ത്രി ആർ.ബിന്ദുവിനു തോന്നുന്നത്. ആൾമാറാട്ടവും വ്യാജ ബിരുദങ്ങളും അടക്കം എണ്ണമറ്റ നേട്ടങ്ങൾ ദിനംപ്രതി പുറത്തുവരുന്നതിൽ ഏതാണ് മികച്ചതെന്നു കണ്ടെത്താനാവാതെ ഗവർണർ അന്തംവിട്ടു നിൽക്കുകയായിരിക്കണം.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഈ ദുർഘടങ്ങൾക്കിടയിലും വകുപ്പു മന്ത്രി ബിന്ദു കോട്ടയം പൊൻകുന്നത്തെ എലിക്കുളം പഞ്ചായത്തിൽ ‘പാലാപ്പള്ളി തിരുപ്പള്ളി’ പാട്ടിനൊപ്പം കഴിഞ്ഞദിവസം നൃത്തം ചെയ്തത് വീടിന്റെ ഭാരം കുറച്ചു സമയത്തേക്കെങ്കിലും തലയിൽ നിന്നിറക്കി വയ്ക്കാനായിരിക്കണം. ‘വെയറെവർ ഐ ഗോ, ഐ ‌ടേക് മൈ ഹൗസ് ഇൻ മൈ ഹെഡ് ’ എന്നാണ് ബിന്ദുടീച്ചർ കഴിഞ്ഞ ദിവസം പരസ്യമായി പരിതപിച്ചത്. ഇംഗ്ലിഷിന്റെ വാലിൽ പിടിച്ച് ബിന്ദുവിനെയും ചിന്ത ജെറോമിനെയുമൊക്കെ വാരിയലക്കുന്നതിൽ നീതികേടുണ്ട്. വിശേഷിച്ചും  ആറു മലയാളിക്കു നൂറു മലയാളം ഉള്ള നാട്ടിൽ. ‘ഡേവിഡ് കോപ്പർഫീൽഡ്’ തന്നെയാണ് ‘ചെമ്പുകണ്ടത്തിൽ ദാവീദ്’ എന്ന് പറയുന്ന ആൾ തീരുമാനിച്ചാൽ ഒന്നും ചെയ്യാനില്ല.

സ്റ്റോപ് പ്രസ്:
വയലാർ, ഒഎൻവി , സുഗതകുമാരി തുടങ്ങിയവരുടെയൊന്നും പേരില്ലാതെ സാംസ്കാരിക വകുപ്പിന്റെ വെബ്സൈറ്റിലെ പ്രതിഭകളുടെ പട്ടിക.

കൊടി സുനി, ആകാശ് തില്ലങ്കേരി തുടങ്ങിയ പേരുകൾ ഉൾപ്പെട്ടിട്ടില്ല എന്നതാണ് മഹാഭാഗ്യം.

English Summary: Aazhchakurippukal by vimathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com