ADVERTISEMENT

ഡോ.വന്ദന ദാസിന്റെ കെ‍ാലപാതകത്തിനുശേഷം മലയാള മനോരമ എഴുതിയ മുഖപ്രസംഗം ഇങ്ങനെയാണ് അവസാനിക്കുന്നത്: ‘ആരോഗ്യപ്രവർത്തകരും ആശുപത്രികളും ആക്രമിക്കപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയേതീരൂ. നിസ്സഹായതയോടെ, നിലവിളിയോടെ അകാലത്തിൽ പെ‍ാലിഞ്ഞുപോയ ഡോ. വന്ദനയോടുള്ള പ്രായശ്ചിത്തം അതാണ്; അതുമാത്രമാണ്.’ പക്ഷേ, അങ്ങനെയെ‍ാരു ഉറപ്പ് ഇപ്പോഴും ആശുപത്രികൾക്കുള്ളിലേക്കു കയറാത്തത് എന്തുകെ‍ാണ്ടാണ്? വൃഥാപ്രഖ്യാപനങ്ങൾക്കപ്പുറത്ത്, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കുവേണ്ടി സർക്കാർ സത്വരനടപടികളെടുത്തിരുന്നെങ്കിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്കു മർദനമേൽക്കേണ്ടിവരുമായിരുന്നോ?

മറക്കരുതാത്ത ജീവപാഠം തന്നെയാണത്: ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആതുരസേവനം കൊണ്ടുകൂടിയാണ് നമ്മൾ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നത്. ആതുരസേവനത്തെ നന്ദിപൂർവം സ്മരിക്കേണ്ട ഡോക്ടർമാരുടെ ദിനത്തിലാണ് ഇങ്ങനെയെ‍ാരു അതിക്രമം ഉണ്ടായതെന്നുകൂടി തലതാഴ്ത്തി ഓർമിക്കാം. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതു ചോദ്യംചെയ്തതിനെ തുടർന്നാണു രണ്ടുപേർ ഹൗസ് സർജനെ മർദിച്ചത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണു പ്രതികൾക്കെതിരെ കേസ്. രാത്രി ഡോക്ടറെ രണ്ടുപേർ മർദിക്കുന്നതു കണ്ടിട്ടും ആളുകൾ കാഴ്ചക്കാരായി നോക്കിനിന്നുവെന്നതു ഭയപ്പെടുത്തുന്ന കാര്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞത് ഈ അക്രമത്തോടു ചേർത്തുവയ്ക്കുകയും ചെയ്യാം.

ഈ സംഭവത്തിനുശേഷവും സർക്കാർഭാഗത്തുനിന്നു പതിവു പ്രതികരണം ഉണ്ടായിക്കഴിഞ്ഞു. ഡോക്ടർക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണെന്നും ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി വീണാ ജോർജ് പറഞ്ഞത്. എല്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളജിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള സുരക്ഷാ ഓഡിറ്റ് നടന്നുവെന്നും ബാക്കി നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറയുകയുണ്ടായി. ഇതിനുവേണ്ട നടപടികൾ ഇനിയും വൈകരുതെന്ന് ഓർമിപ്പിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി സംഭവം.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന നിയമം നിലവിൽവന്നത് കഴിഞ്ഞ മേയ് 24ന് ആണ്. ഇതുപ്രകാരം, ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമങ്ങളിൽ വിചാരണ വേഗത്തിലാക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക കോടതി സ്ഥാപിക്കുന്നുണ്ട്. എഫ്‌ഐആർ റജിസ്റ്റർ ചെയ്തു 2 മാസത്തിനുള്ളിൽ കേസന്വേഷണവും ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കുമെന്നാണു വ്യവസ്ഥ. ആശുപത്രി സംരക്ഷണ ഓർഡിനൻസിന്റെ വിജ്ഞാപനം പുറത്തിറങ്ങിയ ദിവസംതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കു നേരെ കയ്യേറ്റമുണ്ടായതിൽതന്നെയില്ലേ ഇപ്പോഴത്തെ ഭീഷണസാഹചര്യത്തിന്റെ കൃത്യമായ സൂചന? തുടർന്നും പല സമാന സംഭവങ്ങളും ആവർത്തിക്കപ്പെട്ടു. 

കേരളത്തിലെ ആരോഗ്യപ്രവർത്തകർ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം തന്റെ മരണത്തിലൂടെ വിളിച്ചുപറയുകയായിരുന്നു ഡോ.വന്ദന ദാസ്. സർക്കാർ മേഖലയിൽ ഉൾപ്പെടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ, ശാന്തവും സമാധാനപരവുമായ അന്തരീക്ഷമില്ലെങ്കിൽ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും പ്രവർത്തിക്കാനാകില്ലെന്നു കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി ഓർമിപ്പിച്ചത് ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാകുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളുടെ പേരിൽ 2021 ജൂൺ മുതൽ ഒന്നരവർഷത്തിനിടെ 138 കേസുണ്ടായെന്ന ഞെട്ടിക്കുന്ന കണക്കും അന്നു കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഓരോ സംഭവമുണ്ടാകുമ്പോഴും ആതുരശുശ്രൂഷയുടെ മൂല്യം തിരിച്ചറിയാനുള്ള സമൂഹത്തിന്റെ ശേഷികൂടിയാണ് ആവർത്തിച്ചു ചോദ്യംചെയ്യപ്പെടുന്നത്. ജനതയുടെ സൗഖ്യത്തിനുവേണ്ടി പ്രതികൂല സാഹചര്യങ്ങളിലും അവിരാമം പ്രയത്നിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്. ആ കടമ ഏതു സാഹചര്യത്തിലും മറന്നുകൂടാ.

English Summary: Editorial about Doctors need protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com