ADVERTISEMENT

ജനങ്ങളുടെ പണംകെ‍ാണ്ടു മുന്നോട്ടുപോകുന്ന, ജനസേവനം മാത്രം ലക്ഷ്യമാക്കേണ്ട കെഎസ്ഇബി ഇപ്പോഴെത്തിനിൽക്കുന്ന സാഹചര്യം ഗുരുതരമാണ്. കേരളത്തിലെ എല്ലാ വൈദ്യുതി ഉപയോക്താക്കളെയും സ്മാർട് മീറ്ററിലേക്കു മാറ്റാൻ ഉദ്ദേശിക്കുന്ന പദ്ധതി വഴിമുട്ടിനിൽക്കുന്നതാണ് ഏറ്റവുമെ‍ാടുവിലത്തെ ഉദാഹരണം. ഈ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കോടികളുടെ സബ്സിഡി തടയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോൾ കേന്ദ്രം പറയുന്ന രീതിയിൽ പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ലെന്നു തൊഴിലാളി യൂണിയനുകൾ പറയുന്നു. ഈ തർക്കങ്ങൾക്കിടയിൽ ആത്യന്തികമായി നഷ്ടം അനുഭവിക്കേണ്ടിവരുന്നതാവട്ടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളും.  

വൈദ്യുതി വിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്താകെ 3 ലക്ഷം കോടി രൂപ ചെലവിട്ടും 1.15 ലക്ഷം കോടി രൂപ സബ്സിഡി നൽകിയും കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നവീകരണ പദ്ധതിയുടെ ഭാഗമാണ് സ്മാർട് മീറ്റർ. ആദ്യഘട്ടമായി സംസ്ഥാനത്ത് 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാനുള്ള വൈദ്യുതി ബോർഡിന്റെ ശ്രമമാണ് എതിർപ്പിനെത്തുടർന്നു കുടുങ്ങിക്കിടക്കുന്നത്. കെഎസ്ഇബിയുടെ സഞ്ചിതനഷ്ടം 19,000 കോടി രൂപയാണെന്നിരിക്കെ, സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന 3,600 കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടപ്പെടുത്തിക്കൂടെന്ന് പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധർ ഉറപ്പിച്ചുപറയുന്നു. സ്മാർട് മീറ്റർ അടക്കം നടപ്പാക്കി ഊർജ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നാൽ‌ കേരളത്തിന് ഇൗ വർഷം 4,263 കോടി രൂപ കടമെടുക്കാൻ കഴിയുമെന്നു കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയതും ഇതോടു ചേർത്തുവയ്ക്കണം.

വിതരണനഷ്ടം കുറയ്ക്കുന്നതിലും വൈദ്യുതി വാങ്ങുന്നതിന്റെ ചെലവു നിയന്ത്രിക്കുന്നതിലും സ്മാർട് മീറ്ററുകൾ ഏറെ പ്രയോജനകരമാവും. ‘കിലോവാട്ട് – അവർ’ രീതിയിലൂടെ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തുന്നവയാണ് ഇപ്പോഴത്തെ ഇലക്ട്രോണിക് മീറ്റർ. എന്നാൽ, സ്മാർട് മീറ്ററിനു വൈദ്യുതി ഉപയോഗത്തിന്റെ 150ൽ അധികം വ്യത്യസ്ത സ്വഭാവവിശേഷങ്ങൾ‌ കെഎസ്ഇബിയുടെ സെർവറിൽ എത്തിക്കാനാവും. ഉപയോക്താക്കളെക്കൂടി ‘സ്മാർട്’ ആക്കുന്നതാണു പദ്ധതി എന്നാണു സർക്കാർവാദം. വൈദ്യുതിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ  ഇതു സഹായകരമാകുന്നു. പ്രീ പെയ്ഡ് സൗകര്യം ഉള്ളതിനാൽ വൈദ്യുതി ഉപയോഗം സ്വയം നിരീക്ഷിക്കാനാകും. സ്മാർട് മീറ്റർ പ്രാബല്യത്തിലാകുമ്പോൾ സമയത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വൈദ്യുതി നിരക്ക് ഈടാക്കുന്നതിനു നിയമപ്രാബല്യം നൽകി കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുകയാണ്. 

പല സംസ്ഥാനങ്ങളിലും പ്രസരണവിതരണനഷ്ടം 30 - 40% വരെയാണ്. ഇത് 10% കുറച്ചാൽപോലും കോടിക്കണക്കിനു രൂപ ലാഭമാകും. എന്നാൽ, കേരളത്തിൽ ഈ നഷ്ടം വെറും 7% ആണെന്നും സ്മാർട് മീറ്റർ വന്നാലും 5–6% ആയി നിൽക്കുമെന്നും അതിനാൽ ഇതു സ്ഥാപിക്കാൻ തിരക്കുകൂട്ടേണ്ടതില്ലെന്നുമാണു പദ്ധതിയെ എതിർക്കുന്നവരുടെ വാദം. മീറ്ററിലെ റീഡിങ് അനുസരിച്ചു ബിൽ നൽകുന്നതും സ്മാർട് മീറ്റർ സ്ഥാപിക്കുന്ന കമ്പനിയുടെ ചുമതലയാണെന്നിരിക്കെ, ഇത്തരം വിവരങ്ങൾ സ്വകാര്യ കമ്പനിക്കു നൽകുന്നതിനെയും ബോർഡിലെ സംഘടനകൾ എതിർക്കുന്നു. സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി– ഡാക്) വികസിപ്പിച്ച സ്മാർട് മീറ്റർ സാങ്കേതികവിദ്യ പ്രത്യേക കമ്പനി രൂപീകരിച്ച് നടപ്പാക്കണമെന്ന അഭിപ്രായവുമുണ്ട്. ഇതിനെല്ലാം എതിർവാദങ്ങൾ ഉയരുകയും ചെയ്യുന്നു. 

അനിവാര്യമായ ഈ പരിഷ്കാരം വായ്പയെടുത്തെങ്കിലും പിന്നീടു നടപ്പാക്കേണ്ടി വരുമെന്നും ഏകദേശം 10,000 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ഇബിക്ക് അതിലൂടെ ഏൽക്കേണ്ടിവരികയെന്നും സ്മാർട് മീറ്റർ പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നുണ്ട്. ഇക്കാര്യത്തിൽ വൈകുന്ന ഓരോ ദിവസത്തിനും വലിയ വില നൽകേണ്ടിവരുമെന്ന തിരിച്ചറിവോടെ, ഒട്ടും വൈകാതെ പ്രശ്നപരിഹാരമുണ്ടായേതീരൂ. തർക്കങ്ങളിൽ ഉപയോക്താവിനെ മറന്നുപോകാനും പാടില്ല.

English Summary: Editorial- Let the power supply be smart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com