ADVERTISEMENT

∙ സിദ്ദിഖ്: കേരളത്തിൽ അമിതാഭ് ബച്ചൻ വന്നപ്പോഴും മദ്രാസിൽ ജാക്കിച്ചാൻ വന്നപ്പോഴും ഇരുവരും ആളുകളുമായി വളരെ അടുത്തിടപഴകുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. എന്തുകൊണ്ട് മമ്മൂക്ക ഇങ്ങനെ ചെയ്യുന്നില്ല? ഒരിക്കൽ ഒരാൾ എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു: അവർ വിനയം അഭിനയിക്കുന്നു, മമ്മൂക്ക ജാട അഭിനയിക്കുന്നു. അത്രയേ വ്യത്യാസമുള്ളൂ. അടുത്തറിഞ്ഞവർക്കേ അറിയൂ ഹൃദയംകൊണ്ട് ആ മനുഷ്യൻ എത്ര പാവമാണെന്ന്. 

 

∙ കലാമണ്ഡലം ഗോപി: കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കെ ഞാൻ ഒന്നുരണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. സഹപ്രവർത്തകരുടെ സമീപനത്തിൽ മനംനൊന്തായിരുന്നു അത്. എന്നിട്ടും മരിച്ചില്ല. ഗുരുനാഥന്മാരുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും കൊണ്ട് എല്ലാം തരണം ചെയ്ത് ഇവിടെവരെയെത്തി.

 

∙ ടി.പത്മനാഭൻ: കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകൾ നിരസിച്ച വ്യക്തിയാണ് ഞാൻ. എഴുത്തുകാർ ഈ അവാർഡ് ലഭിക്കാനായി ശയനപ്രദക്ഷിണം ചെയ്യുന്ന നാടാണിത്. എന്നിട്ടും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗമായി നിയമിച്ചപ്പോൾ ആ ബഹുമതി ഞാൻ സ്നേഹത്തോടെ ഏറ്റുവാങ്ങി. അങ്ങനെ ചെയ്തത് ഉമ്മൻ ചാണ്ടിയോടും അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി.ജോസഫിനോടും എനിക്കുള്ള സ്നേഹബഹുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. 

 

∙ എം.ടി.വാസുദേവൻ നായർ: എനിക്കു ചിലതൊക്കെ എഴുതാൻ കഴിഞ്ഞു. അതൊക്കെ പുസ്തകമായി വന്നു. എല്ലാറ്റിനും പല പതിപ്പുകളുണ്ടായി. എല്ലാ പുസ്തകങ്ങളും ഇപ്പോഴും കിട്ടാനുണ്ട്. ഭാഗ്യവശാൽ അവ വിറ്റുപോകുന്നുമുണ്ട്. ആളുകൾ വായിക്കുന്നുണ്ട്. അതൊക്കെ മതി. ഞാൻ തൃപ്തനാണ്. ഇതിലധികമൊന്നും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

 

∙ സി.ആർ.പരമേശ്വരൻ: മലയാള സാഹിത്യ രംഗത്ത് എംടിയുടെ ജനപ്രിയത മഹാകവി ചങ്ങമ്പുഴയുടേതിനു സമമാണ്. ചങ്ങമ്പുഴ ഹ്രസ്വായുസ്സ് ആയിരുന്നു. എംടി, ഭാഗ്യവശാൽ, ദീർഘായുസ്സ് ആണ്. അദ്ദേഹം കൈവരിച്ച സമഗ്രസാഫല്യത്തിന്റെ ഉയരം അടുത്തകാലത്തൊന്നും മറ്റൊരു മലയാളി എഴുത്തുകാരനു ഭേദിക്കാൻ കഴിയും എന്നു ഞാൻ കരുതുന്നില്ല.

 

∙ എതിരൻ കതിരവൻ: സ്വയം തീരുമാനങ്ങളെടുക്കുന്ന യന്ത്രങ്ങൾ വന്നു കഴിഞ്ഞു. ഇവയെ നിർബാധം അഴിച്ചുവിടുന്ന ഭരണാധികാരികളോ വ്യവസായ മേധാവികളോ വികാരരഹിതരായ യന്ത്രങ്ങളെക്കൊണ്ട് മനുഷ്യരെ ഉന്മൂലനം ചെയ്യിച്ചേക്കുമെന്ന ഒരു ഭീതി വേണമത്രേ. യുദ്ധത്തിനുവേണ്ടി നിർബാധം നരഹത്യ നടത്താൻ പ്രോഗ്രാം ചെയ്ത റോബട്ടുകൾ അനുസരണയില്ലാതെ അതു തുടർന്നാൽ വംശനാശമുണ്ടാകുമെന്നു സൂചനകൾ നൽകുന്നവർ കുറവല്ല.

 

∙ സി.രാധാകൃഷ്ണൻ: എന്തെങ്കിലും ഒരു കഴിവ് സ്വന്തമായി ‘വിഭാവനം’ ചെയ്യാൻ ഒരു കംപ്യൂട്ടറിനും സാധിക്കില്ല. കാരണം പ്രകൃതിയുടെ പരമ രഹസ്യത്തിൽനിന്നാണ് ജീവന്റെ കഴിവുണ്ടാകുന്നത്. ആ രഹസ്യം എന്തെന്നു മനുഷ്യന് ഇപ്പോഴും പിടിയില്ല. ചിരപുരാതനമായ ഒരേ ഒരു രീതിയിൽ അല്ലാതെ ജീവൻ ഉൽപാദിപ്പിക്കാൻ ഇപ്പോഴും മനുഷ്യനു കഴിവും ഇല്ല. എങ്കിലും, മനുഷ്യർ ഇന്നു ചെയ്യുന്ന ഒരുപാട് തൊഴിലുകൾ കൃത്രിമബുദ്ധി യന്ത്രങ്ങൾക്കു കൊടുക്കാം. അവ മനുഷ്യനെ വലിയൊരു അളവോളം അപ്രസക്തനും ആക്കിയേക്കാം. 

 

∙ ആർ.എസ്.ശശികുമാർ: യുഡിഎഫ് ഭരിക്കുന്ന കാലത്ത് നിയമിതരാകുന്ന വിസിമാർ പോലും സിപിഎമ്മിന്റെ തടവറയിലായിരുന്നു. അതിനു കാരണം കോൺഗ്രസ് നിയമിച്ചിട്ടുള്ള വി‍സിമാരിൽ ബഹുഭൂരിപക്ഷവും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ക്വാളിഫൈഡ് ആയിരുന്നില്ല എന്നതാണ്. ക്വാളിഫൈഡ് അല്ലാത്ത വിസിമാരെ അതു പറഞ്ഞു വിരട്ടും. അതുകാരണം യുഡിഎഫിന്റെ കാലത്തും സർവകലാശാലകളുടെ ഭരണം ഇടതുപക്ഷത്തിന്റെ കയ്യിലായിരുന്നു. അതിൽ നിന്ന് വ്യത്യസ്തനായിരുന്നു വിളനിലം. അദ്ദേഹം അക്കാദമിക് ആയ ഒരു വിസി ആയിരുന്നു.

 

∙ ഹമീദ് ചേന്ദമംഗലൂർ: ‘ഇഎംഎസിന്റെ ലോകം’ സെമിനാർ തുടങ്ങുന്നത് തൊണ്ണൂറ്റെട്ടിലാണ്. 2003ൽ പൊന്നാനിയിൽ നടന്ന സെമിനാറിലും ക്ഷണിച്ചിരുന്നു. അതിനുശേഷം വിളിച്ചില്ല. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയത മുന്നോട്ടുവയ്ക്കുന്ന ആശയം ഒന്നുതന്നെയാണ്. എന്റേത് പാർട്ടിവിരുദ്ധ കാഴ്ചപ്പാടാണെന്നു വരുത്തിത്തീർക്കുന്നതിൽ ചിലർ വിജയിച്ചു. ന്യൂനപക്ഷവർഗീയതയെ വിമർശിക്കുന്നതു പാർട്ടിക്കു ദോഷം ചെയ്യുമെന്ന് അവർ സ്ഥാപിച്ചു. അങ്ങനെ മാറ്റിനിർത്തപ്പെട്ടു.

 

∙ എം.എൻ.കാരശ്ശേരി: ജീവിതത്തിൽ ഒരിക്കലും ഒരു പ്രണയലേഖനം കിട്ടി വായിച്ചാനന്ദിക്കാൻ ഭാഗ്യം ഇല്ലാതെപോയ ഒരാളാണു ഞാൻ. എനിക്കു പ്രണയത്തിന്റെ അനുഭൂതികളൊക്കെ തന്നത് ഭാസ്കരൻ മാഷുടെ പാട്ടുകളാണ്.

 

∙ ശ്രീകുമാരൻ തമ്പി: മാപ്പിളപ്പാട്ടുകളിലും ഭാസ്കരൻമാഷെ തോൽപിക്കാൻ ആരുമില്ല. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി’യെ തോൽപിക്കുന്ന ഒരു മാപ്പിളപ്പാട്ട് മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.

 

∙ വിജയകൃഷ്ണൻ : ഹിന്ദി സിനിമാഗാനങ്ങളുടെ തടവിൽക്കിടന്ന മലയാള സിനിമാഗാന പ്രസ്ഥാനത്തെ സ്വതന്ത്രമാക്കുകയെന്ന ചരിത്രദൗത്യം നിർവഹിച്ചത് പി. ഭാസ്കരനാണ്.

 

∙ ഡോ.എം.ലീലാവതി: ഇനി എത്രയും വേഗം അരങ്ങൊഴിയണം. നന്മ നേരുന്ന സുഹൃത്തുക്കളോടെല്ലാം അഭ്യർഥിക്കാനുള്ളത്, ദീർഘായുസ്സ് ആശംസിക്കരുത്; അനായാസേന യാത്രയാവാനുള്ള ഈശ്വരാനുഗ്രഹത്തിനായി പ്രാർഥിച്ചാലും എന്നാണ്. അപരരുടെ സഹായത്തോടെ സ്വന്തം ഉടൽ നിലനിർത്തിക്കൊണ്ടു പോകേണ്ടിവരുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗതികേട്.

 

∙ ബി.സന്ധ്യ: ധൈര്യമായി കാര്യങ്ങൾ ചെയ്യുന്നതാണ് പൊലീസിന്റെ ഒരു രീതി. ധൈര്യമില്ലാതെ നാം ജീവിച്ചിട്ടു കാര്യമില്ല. ഏതായാലും ഒരിക്കലേ മരിക്കാൻ പാടൂള്ളൂ എന്ന ദൃഢനിശ്ചയം ആദ്യം മുതലേ ഉണ്ട്. അതനുസരിച്ചാണ് ഇറങ്ങിപ്പോരും വരെ പ്രവർത്തിച്ചത്.

 

∙ ബി.ആർ.പി.ഭാസ്കർ: സേവനപ്രവർത്തനങ്ങളിൽ വലിയ പാരമ്പര്യമുള്ള നാടല്ല കേരളം. ചില ക്രൈസ്തവ സഭകൾക്കു കീഴിലുള്ള സ്ഥാപനങ്ങൾ മാത്രമാണ് യഥാർഥ സേവനം ചെയ്യുന്നത്. തമിഴ്നാട്ടിലെ സ്ഥിതി മറിച്ചാണ്. സേവനം തമിഴ് പാരമ്പര്യത്തിൽ അലിഞ്ഞുചേർന്നതാണ്. ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗം കൂടിയാണത്.

English Summary: vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com