ADVERTISEMENT

അറുനൂറു കിലോമീറ്ററോളം തീരദേശവും കടലിനെ ആശ്രയിച്ചുകഴിയുന്ന വൻ ജനസമൂഹവുമുള്ള കേരളത്തിന്, കടൽക്ഷോഭത്തിന്റെ കെടുതികളിലും ആശങ്കകളിലും ഓരോ വർഷവും വലയുകയെന്ന ദുർവിധി കൂടിയുണ്ട്. തീരശോഷണം എത്രയോപേരുടെ ജീവിതമപ്പാടെ തകർത്തുകെ‍ാണ്ടിരിക്കുന്നു. കടലിൽനിന്നു വരുമാനമാർഗം കണ്ടെത്തി ജീവിച്ചവർ പല കരകളിലേക്കു പറിച്ചെറിയപ്പെടുന്ന സാഹചര്യം. കടൽ കയറി തീരം തകരുകയും തീരസംരക്ഷണ പ്രവർത്തനങ്ങളൊന്നും ലക്ഷ്യം കാണാതിരിക്കുകയും ചെയ്യുമ്പോൾ ദുരിതം കഠിനമാകുന്നു. 

വീണ്ടുമൊരു കാലവർഷം കനക്കുമ്പോൾ കടലേറ്റം അടക്കമുള്ള തീരദേശദുരിതങ്ങളെ നേരിടാൻ നാമെത്ര സജ്ജമാണെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. കടലാക്രമണം ചെറുക്കുന്നതിന് അധികൃതർ സ്വീകരിച്ച നടപടികൾ മിക്കതും പൂർണവിജയമായിട്ടില്ലെന്നതാണു യാഥാർഥ്യം. തീരശോഷണത്തിന്റെ ഭാഗമായി വീടു നഷ്ടപ്പെട്ട എത്രയോ കുടുംബങ്ങളാണ് ഗോഡൗണുകളിലും വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. വിദഗ്ധ ഏജൻസികളുടെ പഠനവും റിപ്പോർട്ട് സമർപ്പണവും മുറയ്ക്കു നടക്കുമ്പോഴും സംസ്ഥാനത്തെ തീരമേഖലയിൽ കടലാക്രമണവും കഷ്ടനഷ്ടങ്ങളും മാറ്റമില്ലാതെ തുടരുന്നത് എന്തുകെ‍ാണ്ടാണ് ?

ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (എൻസിസിആർ) പഠനമനുസരിച്ച് ഇന്ത്യയിൽ കൂടുതൽ തീരശോഷണമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. മിക്ക സംസ്ഥാനങ്ങളിലും തീരശോഷണത്തിന് ആനുപാതികമായി തീരപോഷണം (തീരത്തിന്റെ പുനഃസ്ഥാപനം) നടക്കുന്നുണ്ടെങ്കിലും കേരളത്തിൽ നഷ്ടപ്പെടുന്ന തീരത്തിന്റെ പകുതിപോലും പുനഃസ്ഥാപിക്കപ്പെടുന്നില്ല. 

പദ്ധതികൾ പലതുണ്ടെങ്കിലും തിര കരകവരുന്നതിന് അറുതിയില്ലെന്നതാണു കേരളത്തിലെ തീരദേശത്തിന്റെ ദുരന്തം. തിരയെ വരുതിയിലാക്കാനെന്നപേരിൽ കല്ലിടുന്നതിലും മണൽച്ചാക്ക് അടുക്കുന്നതിലും തീരുന്നു അധികൃതരുടെ പ്രതിരോധം. ഇതിന്റെ പേരിൽ കോടികളാണ് കണക്കില്ലാതെ ഒഴുകുന്നത്. 5 വർഷംകൊണ്ട് നടപ്പാക്കാൻ 2021–22ലെ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട് 5300 കോടിയുടെ പദ്ധതികൾ. ആദ്യഘട്ടമായി കിഫ്ബി ധനസഹായത്തോടെ 1500 കോടിയുടെ പദ്ധതികളാണു നടപ്പാക്കുന്നത്. 

കടലാക്രമണം തടയാൻ കല്ലിടുന്നതിന്റെ ഫലപ്രാപ്തിയെപ്പറ്റി ചോദ്യങ്ങളുയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർക്ക് ഇതിൽത്തന്നെയാണു താൽപര്യം. കാരണം, കടലിൽ കല്ലിടുന്നതിനു കൃത്യമായ കണക്കില്ലെന്നതുതന്നെ. തീരദേശത്തുള്ളവരുടെ നെഞ്ചിലെ ആശങ്കക്കടലിനു തെല്ലെങ്കിലും ശമനമാകാൻ, കടൽത്തീര സംരക്ഷണം ഇപ്പോഴും സർക്കാരിന്റെ ഗൗരവവിഷയമാകാത്തതെന്തുകെ‍ാണ്ടാണ്? അപകടം പതിവായിത്തീർന്ന, തിരുവനന്തപുരം മുതലപ്പൊഴി കേന്ദ്രീകരിച്ചു പ്രഖ്യാപിച്ച 185 കോടിയുടെ പദ്ധതികൾ വെള്ളത്തിൽ വരച്ച വര പോലെയായത് നിർഭാഗ്യകരമായെ‍ാരു ഉദാഹരണമാണ്. ഓഖി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും തീരമേഖലയുടെ പുനർനിർമാണത്തിനുമായുള്ള വാഗ്ദാനങ്ങളിൽ കടലെടുക്കാതെ ശേഷിച്ചത് എത്രത്തോളമാണെന്ന് അധികൃതർ ആത്മപരിശോധന നടത്തുകകൂടി വേണം.

കേരളത്തിലെ തീരദേശത്തിന്റെ 63 ശതമാനവും കടലാക്രമണ ഭീഷണിയിലാണെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തേ നൽകിയ മുന്നറിയിപ്പ് നാം ഓർമിക്കുന്നതു കാലവർഷക്കാലത്തു മാത്രമാണെന്നതു നിർഭാഗ്യകരംതന്നെ. കടലാക്രമണം തടയാനുള്ള  മാർഗങ്ങൾ നിർദേശിക്കാൻ രണ്ടു വർഷം മുൻപു സംസ്ഥാനം രൂപീകരിച്ച ഒൻപതംഗ വിദഗ്ധ സമിതി പ്രവർത്തനരഹിതമാണെന്നത് ഇപ്പോഴത്തെ അവസ്ഥയെ കൃത്യമായി അറിയിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം തീരസംരക്ഷണ പദ്ധതികളുടെ മേൽനോട്ടം ഈ സമിതിക്കായിരിക്കണം എന്നായിരുന്നു തീരുമാനം.

ഫിഷറീസ് സർവകലാശാലയടക്കം സംസ്ഥാനത്തെ പല സ്ഥാപനങ്ങളും സമുദ്രപഠനത്തിന് ഊന്നൽ നൽകുന്നുണ്ട്. എന്നാൽ, ഇവിടങ്ങളിൽനിന്നുള്ള എത്ര ഗവേഷണഫലങ്ങൾ ഇതുവരെ തീരംതെ‍ാട്ടിട്ടുണ്ട്? കടൽഭിത്തി നിർമിക്കുമ്പോൾ ഓരോ മേഖലയുടെയും ഭൂപ്രകൃതി കണക്കിലെടുക്കണമെന്ന വിദഗ്ധാഭിപ്രായംപോലും അധികൃതർ കേട്ട മട്ടില്ല. പുലിമുട്ട് നിർമാണവും കുറ്റമറ്റതാവണം. ഓരോ പ്രദേശത്തിനും അനുയോജ്യരീതിയിൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ കടൽത്തീരം സംരക്ഷിക്കാൻ സമഗ്രപദ്ധതി തയാറാക്കണമെന്ന് ഓഖി ദുരന്തത്തിനുശേഷം മലയാള മനോരമ സംഘടിപ്പിച്ച, വിദഗ്ധരുടെ ആശയക്കൂട്ടം നിർദേശിച്ചിരുന്നു. 

തീരസംരക്ഷണത്തിനു കൂടുതൽ പ്രായോഗികവും സുസ്ഥിരവുമായ വഴികളിലേക്കു സർക്കാർ പോകേണ്ടതുണ്ട്. തീരദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുംവിധം സമഗ്രവും ശാസ്ത്രീയവുമായ കടൽക്ഷോഭ പ്രതിരോധ സംവിധാനം ഒരുക്കാൻ ഇനിയും വൈകിക്കൂടാ.

English Summary: Editorial about Coastal protection 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com