ADVERTISEMENT

വയോജനങ്ങൾക്കു ശാന്തിയും സുരക്ഷയും നൽകുന്നതോളം വലിയ കടംവീട്ടലില്ല. ഉറ്റവരാരും കൂടെയില്ലാത്ത അശരണർ കൂടിയാവുമ്പോൾ അവരെ ചേർത്തുപിടിക്കേണ്ടതു സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തംതന്നെയായി മാറുന്നു. എന്നാൽ, ഈ വലിയ ചുമതല എത്രത്തോളം നിറവേറ്റപ്പെടുന്നുണ്ട്? 

കേരളത്തിലെ ജനസംഖ്യയിൽ 2050 ആകുമ്പോഴേക്കും വയോജനങ്ങളുടെ സംഖ്യ ഒരു കോടിയോളമാകുമെന്നാണു നിഗമനം. മുതിർന്ന പൗരരിൽ കൂടുതലും സ്‌ത്രീകളാണെന്നതു കേരളത്തിന്റെ പ്രത്യേകതയാണ്; അവരിൽ വലിയപങ്ക് ഭർത്താവു മരിച്ചുപോയവരുമാണ്. പല കാരണങ്ങളാലും വീട്ടിൽ ഒറ്റയ്‌ക്കു താമസിക്കേണ്ടിവരുന്ന വയോജനങ്ങളുടെ കാര്യമാണ് ഏറ്റവും കഷ്‌ടം. ഉറക്കമില്ലാത്ത രാത്രികളിലൂടെയും അരക്ഷിതാവസ്‌ഥയെക്കുറിച്ചുള്ള നൂറുനൂറ് ആധികളിലൂടെയുമാണ് അവരുടെ ജീവിതം.

ജീവിതസായാഹ്നത്തിൽ ഒറ്റയ്‌ക്കു താമസിക്കേണ്ടി വരുന്നവർ അനുഭവിക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അവർക്കുവേണ്ട അടിയന്തര ചികിത്സാസൗകര്യങ്ങളും. രാത്രിയിൽ ഹൃദയാഘാതമുണ്ടായി, സഹായത്തിനാരുമില്ലാതെ മരണത്തിനു കീഴടങ്ങിയവർ കുറച്ചൊന്നുമാവില്ല. ഒറ്റയ്‌ക്കു താമസിക്കുന്നവരുടെ മരണംതന്നെ ചിലപ്പോൾ പുറത്തറിയുന്നത് ദിവസങ്ങളോ ആഴ്‌ചകളോ കഴിഞ്ഞാവും. ആരോരും സഹായത്തിനില്ലാതെ വീടുകളിൽ കഴിയുന്ന പ്രായമായവർക്കു സുരക്ഷയും ചികിത്സാസൗകര്യങ്ങളും ലഭ്യമാവാതെ പോകരുത്.

ദൂരദിക്കുകളിലും വിദേശങ്ങളിലും ജോലിചെയ്യുന്നവർക്കു മാതാപിതാക്കളെ തനിച്ചാക്കാതെ നിവൃത്തിയില്ലെന്നു വരുന്നു. എന്നാൽ, നാട്ടിലുള്ളവർപോലും മാതാപിതാക്കളെ അവഗണിക്കുന്ന സാഹചര്യം അതീവ നിർഭാഗ്യകരമാണ്. സുരക്ഷിതത്വത്തിനു വലിയ ഭീഷണികൾ നിലനിൽക്കുന്ന ഇക്കാലത്തു വയോജന കേന്ദ്രങ്ങൾ പോലെയുള്ള സംവിധാനങ്ങൾ ഒരുപരിധിവരെ അനിവാര്യവും ആശ്വാസവുമാണ്. എന്നാൽ, വാർധക്യം പല കുടുംബങ്ങളിലും ബാധ്യതയാകുന്നു എന്നതാണു സമൂഹത്തിന്റെ പുതിയ രോഗം. 

വയോധികരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി ശക്തമായ പല നിയമങ്ങളും സാമൂഹികനീതി വകുപ്പിന്റെ പക്കൽ ഒട്ടേറെ പദ്ധതികളുമുണ്ടായിട്ടും ജീവിതസന്ധ്യയിൽ അനാഥത്വത്തിലേക്കും ഏകാന്തതയിലേക്കും നടന്നുപോകുന്ന ഒട്ടേറെപ്പേരുടെ ദുർവിധി കേരളത്തിന്റെ ഉറക്കംകെടുത്താൻമാത്രം പോന്നതാണ്. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടുമാത്രം സംസ്ഥാനത്തു പതിനയ്യായിരത്തിലേറെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നതു ഹൃദയവിഷാദത്തോടെയല്ലാതെ കേൾക്കാൻവയ്യ. മക്കളോ ബന്ധുക്കളോ നോക്കാനില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളും സ്വത്തുവകകൾ എഴുതിക്കൊടുത്തശേഷം അനന്തരാവകാശികളിൽനിന്ന്് സംരക്ഷണം ലഭിക്കാതെ പുറന്തള്ളപ്പെടുന്നവരും കുറവല്ല. ഇങ്ങനെയുള്ള മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി മാത്രമെ‍ാരു നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. 

കേരളം ഒരു വയോജനസൗഹൃദ സംസ്ഥാനമല്ലെന്ന് മലയാള മനോരമയിൽ ഇന്നലെ പ്രസിദ്ധീകരിച്ച ‘നല്ലപ്രായം’ പക്തിയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ആർ.പി.ഭാസ്‌കർ പറയുന്നുണ്ട്. പ്രായമായവർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ മനോഭാവത്തിലെ പ്രശ്‌നങ്ങളുമാണ് കേരളത്തിൽ വയോജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നും അദ്ദേഹം പറയുന്നു. 

വയോജനങ്ങൾക്കു മുഖ്യപരിഗണന നൽകുന്ന നയം കേരളത്തിനു വേണമെന്നതു ഗൗരവമുള്ള ആവശ്യംതന്നെയാണ്. വലുതും ചെറുതുമായ സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും എളുപ്പത്തിൽ കയറിച്ചെല്ലാനും കാര്യങ്ങൾ പെട്ടെന്നു നടത്താനുമാകണം. സർക്കാർസേവനം തേടുന്നതടക്കം പല കാര്യങ്ങളും തനിച്ചുചെയ്യാനാവാത്ത എത്രയോപേർ വയോജനസമൂഹത്തിലുണ്ട്. മസ്റ്ററിങ് കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കേരളം ഇപ്പോൾ കണ്ടുകെ‍‍ാണ്ടിരിക്കുന്നു.

പ്രശസ്‌തമായ ഒരു ഹോളിവുഡ് സിനിമയുടെ പേരാണ് ‘നോ കൺട്രി ഫോർ ഓൾഡ് മെൻ’. വയോജനങ്ങൾക്കു രാജ്യമില്ല എന്ന സങ്കടകരമായ സങ്കൽപ പ്രയോഗത്തോടൊപ്പം നമുക്കെ‍ാപ്പമുള്ള എത്രയോ വയോജനങ്ങൾക്കു സുരക്ഷയും സനാഥത്വവുമില്ല എന്ന സമകാലീന യാഥാർഥ്യവും ചേർത്തുവയ്‌ക്കാം. മുതിർന്ന പൗരന്മാർക്കു വേണ്ട പരിരക്ഷയും പരിഗണനയും നൽകുന്നതിൽ ഒരു ഉപേക്ഷയും ഉണ്ടായിക്കൂടാ.

English Summary : Editorial about caring elderly peoples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com