ADVERTISEMENT

∙ എം.ഡി. രാജേന്ദ്രൻ: സിനിമാഗാനങ്ങളോടടുത്തു നിൽക്കുന്ന കവിതകളാണ് ചങ്ങമ്പുഴയുടേത്. പാട്ടെഴുതാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യം നോക്കിയത് ചങ്ങമ്പുഴ ഉപയോഗിക്കാത്ത വാക്കുകൾ ഏതൊക്കെയാണെന്നാണ്. പ്രഥമോദബിന്ദു, ശാദ്വലം തുടങ്ങിയവ അങ്ങനെ കണ്ടെത്തി ഉപയോഗിച്ച വാക്കുകളാണ്. മലയാള സിനിമാപ്പാട്ടുകളുടെ ശാപം ചങ്ങമ്പുഴയാണെന്നു ഞാൻ പറയും. ഓരോ പാട്ടെഴുത്തുകാരനിലും ചങ്ങമ്പുഴയുടെ സ്വാധീനമുണ്ട്.

∙ ഡോ. ബി ഇക്ബാൽ: കേരളത്തിലെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞു വരുന്നതായി കാണുന്നു.  വിവാഹിതർ “നാം രണ്ട്,  നമുക്ക് രണ്ട്”  എന്നതിൽ നിന്നും  “എനിക്ക് നീ, നിനക്ക് ഞാൻ, നമുക്ക് മോൻ/മോൾ”  എന്നതിലേക്കും “നാമെന്ത് ? നമുക്കെന്തിന്?”  എന്നതിലേക്കും എത്തിയെന്നാണ് സൂചന. ഇങ്ങനെ പോയാൽ ജനസംഖ്യ പുനഃസ്ഥാപന നിരക്കിലും താഴേക്ക് പോവുമെന്നും കേരളജനത അന്യംനിന്നു പോകുമെന്നും ജനസംഖ്യാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

∙ ഹരിഹരൻ: ഏതു നാട്ടിൽ ചെന്നാലും, സദസ്സിൽ ചെന്നാലും ആദ്യം ആളുകൾ ചോദിക്കുന്ന ചോദ്യം ഇതാണ്– എംടിയുമായുള്ള അടുത്ത ചിത്രം ഏതാണ്?  നവതി ആഘോഷിക്കുന്ന ഈ വേളയിലും സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും ഉള്ള എംടി സൃഷ്ടിക്കായി ഒരു വലിയ വിഭാഗം ആസ്വാദകർ കാലദേശമില്ലാതെ കാത്തിരിക്കുന്നു. ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റൊരു സാഹിത്യകാരനും ചലച്ചിത്രകാരനും ലോകത്തുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

∙ കെ.എസ്. ചിത്ര: സ്റ്റേജിൽ പാടുമ്പോൾ ഇപ്പോഴും പേടിയുണ്ട്. പ്രായമാകുന്തോറും ആ പേടി കൂടിക്കൂടി വരുന്നു. വേദിയിൽ പാടിത്തുടങ്ങി രണ്ട്, മൂന്ന് ഗാനങ്ങൾ കഴിയുന്നതുവരെ വലിയ ടെൻഷനാണ്. പാടുമ്പോൾ പ്രേക്ഷകരിൽ നിന്ന്  അനുകൂലമായ പ്രതികരണങ്ങൾ കിട്ടിയില്ലെങ്കിലും ടെൻഷനാണ്. പുതു തലമുറയിലെ ഗായകർക്ക് ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നു തോന്നുന്നു. അവർക്ക് വലിയ ആത്മവിശ്വാസമാണ്. റിയാലിറ്റി ഷോയിലും മറ്റും പാടിയ പരിചയസമ്പത്തുണ്ടാകും അവർക്ക്.

∙ കൈതപ്രം: ചിത്രയെപ്പറ്റി ഹൃദ്യമല്ലാത്ത ഒരോർമ ആർക്കുമുണ്ടാവില്ല. അത്ര നല്ല പെരുമാറ്റവും സ്നേഹവുമുള്ള കുട്ടിയാണ്. എപ്പോൾ കാണുമ്പോഴും സന്തോഷവതിയായിരിക്കും. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമാണ്. എത്ര ദുഃഖമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാറില്ല. മാത്രമല്ല, അവളുടെ പാട്ട് കേട്ടാൽ എല്ലാ ദുഃഖവും മാറും. 

∙ കാളീശ്വരം രാജ്: ഏക വ്യക്തിനിയമം എന്ന് കേൾക്കുമ്പോൾ തന്നെ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുന്നതിന് പകരം, അതിന്റെ രാഷ്ട്രീയത്തെ ഭരണഘടനാ രാഷ്ട്രീയം കൊണ്ട് നേരിടുകയാണ് ചെയ്യേണ്ടത്.അതിനുമാത്രം നാം വളർന്നിട്ടുണ്ടോ എന്നതാണ് മൗലികമായ ചോദ്യം.

∙ സുനിൽ പി ഇളയിടം:  ബഹുസ്വരതയെയും വ്യക്തികളുടെ മൗലികാവകാശങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള സമീപനത്തിനുപകരം മതപരമായ വിഭജനത്തിനും വർഗീയമായ ചേരിതിരിവിനും വഴി തുറക്കുന്ന നിലയിൽ ഏക വ്യക്തിനിയമത്തെ രാഷ്ട്രീയ ഉപകരണം ആക്കാനുള്ള ശ്രമമാണ് ഇപ്പോൾ അരങ്ങേറുന്നത്. അത് ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും ഭൂരിപക്ഷത്തെ വർഗീയമായി കൂട്ടിയിണക്കാനുമാണ് ശ്രമിക്കുന്നത്.

∙ വെള്ളാപ്പള്ളി നടേശൻ: ഏക വ്യക്തിനിയമം നടപ്പാക്കണം എന്നും നടപ്പാക്കരുത് എന്നും പറയുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങൾ പലതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ളവരുടെ കെണികളിൽ അകപ്പെടാതെ പ്രായോഗിക സമീപനം സ്വീകരിക്കാൻ എല്ലാ മതവിഭാഗങ്ങളും തയാറാകണം.

∙ എസ്. ജയചന്ദ്രൻ നായർ: ചിത്രകലയെ ജീവസ്പർശിയാക്കുന്ന ചിത്രങ്ങളുമായി രമിച്ചിരുന്ന നമ്പൂതിരിയുടെ രേഖാചിത്രങ്ങളെപ്പറ്റി സംസാരിക്കവേ അയ്യപ്പപ്പണിക്കർ പറയുകയുണ്ടായി, 'നമ്പൂതിരിയുടെ ചിത്രങ്ങൾക്ക് വേണ്ടി കഥാകൃത്ത് കഥയെഴുതുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്'. ഒരു പരമാർഥമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

∙ എം. എൻ. കാരശ്ശേരി: മതേതരത്വം എന്ന ആശയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു അല്ലാതാവുന്ന ഒരു കാലത്താണ് നമ്മൾ ജിവിക്കുന്നത്. നേരത്തെ ബിജെപി പോലും പറഞ്ഞിരുന്നത് അവർ സെക്കുലർ ആണെന്നും മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾ സ്യൂഡൊ സെക്കുലർ ആണെന്നുമാണ്. പക്ഷേ, ഇന്നിപ്പോൾ സെക്കുലറിസം നമ്മുടെ രാഷ്ട്രീയപ്പാർട്ടികളുടെ വ്യവഹാരങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. ആരാണ് കൂടുതൽ ഹിന്ദു എന്ന് തെളിയിക്കുന്നതിനുള്ള മത്സരമാണ് നടക്കുന്നത്.

∙ ജോണി ആന്റണി : പണ്ട് വാക്കുകൾ, സാഹചര്യം, ശരീരഭാഷ ഉപയോഗിച്ചും അങ്ങനെ പലതരത്തിൽ തമാശ ഉണ്ടാക്കിയിരുന്നു.  ഇന്ന് കൂടുതലും പറച്ചിലായി.  പഴയപോലെ എഴുത്തിൽ അത്രയും ക്രാഫ്റ്റുള്ളവർ ഇന്നില്ല. ഇന്ന് സിനിമയിൽ അതിനാൽത്തന്നെ തമാശയ്ക്ക് ദാരിദ്ര്യമുണ്ട്. 

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com