ADVERTISEMENT

ജയിലിലെ തടവുകാരിൽനിന്നു കഞ്ചാവ് പിടിക്കുന്നതു ലോക്കൽ സ്റ്റേഷനിൽ കൈകാര്യം ചെയ്യുന്നതുപോലെയാണു ക്രൈംബ്രാഞ്ചിനു കൈമാറുന്ന വ്യാജ സർട്ടിഫിക്കറ്റ് കേസുകളുടെ സ്ഥിതി. രേഖയിലാക്കാൻ എഫ്ഐആർ ഇട്ടുവയ്ക്കും. അതിൽ കവിഞ്ഞ അന്വേഷണമില്ല. മിക്ക കേസുകളിലും രണ്ടും മൂന്നും വർഷം കഴിഞ്ഞാകും സർവകലാശാലകളിൽ അന്വേഷണത്തിനെത്തുക. അപ്പോഴേക്കും ആ സെക്‌ഷനിലെ  പലരും വിരമിച്ചിട്ടുണ്ടാകും. പേരിന് ആരുടെയെങ്കിലും മൊഴിയെടുത്തു മടങ്ങും. പ്രതിയെ കണ്ടുകിട്ടിയില്ല എന്നെഴുതി കേസ് തീർക്കും. സർവകലാശാലകൾക്കും ഇത്തരം വ്യാജന്മാരെ പിടിക്കാൻ ഉത്സാഹമില്ല. വ്യാജനാണെന്നു കണ്ടെത്തി വിസിക്കു കുറിപ്പു നൽകുന്നതോടെ സെക്‌ഷനിലെ പണി തീർന്നു. സർവകലാശാലയിൽനിന്നു പരാതിക്കൊപ്പം നൽകുന്നത് ഒരു പേരും സർട്ടിഫിക്കറ്റും മാത്രമാണെന്നും മേൽവിലാസം പോലും തരാറില്ലെന്നും പൊലീസും പറയുന്നു. 

മോൻസൻ മുതൽ സ്വപ്ന വരെ

വ്യാജ പുരാവസ്തുവിന്റെ പേരിൽ സാമ്പത്തികത്തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിന്റെ കൈവശം ഒരുപിടി വ്യാജ സർട്ടിഫിക്കറ്റുകളുമുണ്ടായിരുന്നു. തുനീസിയയിലെ ഇന്റർനാഷനൽ അക്കാദമി ഓഫ് പീസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഓണററി ഡോക്ടറേറ്റ് മുതൽ ബുക്സ് ഫോർ പീസ്, ഇന്റർനാഷനൽ അംബാസഡർ ഓഫ് പീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, അമേരിക്കൻ ഇന്റർനാഷനൽ എജ്യുക്കേഷൻ ഫെഡറേഷൻ, ഇന്റർനാഷനൽ പീസ് ആർട്ട് ആൻഡ് പോയട്രി ഫോറം, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിങ്ങനെ ഒരു ഡസനിലേറെ സർട്ടിഫിക്കറ്റുകൾ. എല്ലാം വ്യാജനെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. ഇതെല്ലാം മോൻസൻ വീട്ടിൽ പ്രദർശിപ്പിച്ചിരുന്നതു വിശ്വാസ്യത നേടാനായിരുന്നു. 

മോൻസന്റെ തട്ടിപ്പുകേസിനും പുരാവസ്തുവിനും പിന്നാലെപോയ പൊലീസ് ഈ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിൽ വലിയൊരു വ്യാജസർട്ടിഫിക്കറ്റ് റാക്കറ്റ് പുറത്തുവരുമായിരുന്നു. 

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ മൂന്നു ലക്ഷത്തിലധികം രൂപ ശമ്പളത്തിനു ജോലി വാങ്ങിയെന്ന കേസിലും വ്യാജ സർട്ടിഫിക്കറ്റ് സംഘത്തെത്തേടി അന്വേഷണം നീങ്ങിയില്ല. മുംബൈയിലെ ബാബാ സാഹിബ് സർവകലാശാലയിൽനിന്നുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റായിരുന്നു സ്വപ്ന ഹാജരാക്കിയത്. ഈ സർവകലാശാലയിൽ ബികോം കോഴ്സ് ഉണ്ടായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. 

കാര്യമായ പരിശോധനയില്ല

മറ്റു സർവകലാശാലകളോ വിദേശത്തോ ഇന്ത്യയിലോ ഉള്ള സ്ഥാപനങ്ങളോ പരിശോധനയ്ക്ക് അയയ്ക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമാണു നിലവിൽ ഒറിജിനലാണോയെന്നു കണ്ണൂർ സർവകലാശാല പരിശോധിക്കുന്നത്. സർവകലാശാലയുടെ പഠനവകുപ്പുകളിലോ കേന്ദ്രങ്ങളിലോ കോളജുകളിലോ ഉള്ള യുജി, പിജി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ പ്രകടമായ വ്യത്യാസം തോന്നിയാൽ മാത്രമാണു പരിശോധിക്കുന്നത്. ഒറിജിനലിനോടു കിടപിടിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പിടിക്കപ്പെടില്ലെന്നർഥം. 

certificate

സുരക്ഷയ്ക്കായി കണ്ണൂർ സർവകലാശാല ഹോളോഗ്രാം പതിപ്പിക്കുന്നുണ്ടെങ്കിലും അതു പരിശോധിക്കാനുള്ള സംവിധാനം സർവകലാശാലാ ആസ്ഥാനത്തു മാത്രമേയുള്ളൂ. പ്രവേശനം നേടുന്ന കേന്ദ്രത്തിലെ പരിശോധന കടന്നുകിട്ടാൻ ഹോളോഗ്രാമും വ്യാജമായി ഉണ്ടാക്കാവുന്നതേയുള്ളൂ. 

പൊരുത്തം മാത്രം നോക്കും

കായംകുളത്തെ നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പിജി പ്രവേശനം നേടിയതു മാധ്യമങ്ങളിലൂടെ വിവാദമായപ്പോൾ കേരള സർവകലാശാല കലിംഗ സർവകലാശാലയ്ക്ക്  ഇമെയിൽ അയച്ചു. നിഖിൽ നൽകിയ സർട്ടിഫിക്കറ്റുകളാണ് അയച്ചുകൊടുത്തത്. സർട്ടിഫിക്കറ്റ് വ്യാജമെന്നു പിറ്റേന്നു കലിംഗ റജിസ്ട്രാറുടെ മറുപടി വന്നു. വേണമെങ്കിൽ, ഒരു ഇമെയിലും ഒറ്റ ദിവസവും മതി വ്യാജനെ പൊക്കാനെന്നു ചുരുക്കം. 

രാജ്യത്തെ പല സർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റിനായി വിദ്യാർഥികൾ അപേക്ഷ നൽകാറുണ്ട്. സിലബസ് തമ്മിൽ 75 ശതമാനം പൊരുത്തമുണ്ടോ എന്നു നോക്കുന്നതല്ലാതെ ഒരന്വേഷണവും സർവകലാശാല നടത്തുന്നില്ല. റജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയ സ്കീം, സിലബസ് എന്നിവ തുല്യതാ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. നിഖിൽ സമർപ്പിച്ച സ്കീമിലും സിലബസിലും ഒപ്പിട്ടതു കലിംഗയിലെ റജിസ്ട്രാർ പോലുമായിരുന്നില്ല. 

കോഴ്സിന്റെ പേരു തന്നെ തെറ്റായിരുന്നു. കലിംഗയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ പോലും ഇതു മനസ്സിലാക്കാമായിരുന്നു. 169 പേരുള്ള അക്കാദമിക് കൗൺസിൽ യോഗം ചേരാൻ വൈകുമെന്നു കണ്ട് വിസിയും 12 ഡീൻമാരും മാത്രമുള്ള സ്റ്റാൻഡിങ് കമ്മിറ്റി കലിംഗയിലെ ബികോമിനു തുല്യത നൽകുകയായിരുന്നു. അടിയന്തരഘട്ടത്തിലേ ഇങ്ങനെ ചെയ്യാറുള്ളൂ. ഇവിടെ ഒരു വ്യാജനു സാധുത നൽകാനാണ് അടിയന്തരമായി തീരുമാനമെടുത്തത്! 

സർവകലാശാലകൾ ഇട്ടുകൊടുക്കുന്ന ഇത്തരം പഴുതുകളിലൂടെയാണ് ഒരു പരിധിവരെ വ്യാജ സർട്ടിഫിക്കറ്റുകൾ ജനിക്കുന്നതെന്നു നിഖിലിന്റെ ഉദാഹരണം തെളിയിക്കുന്നു. 

fake

വിസിയുടെ പ്രഖ്യാപനം പാഴ്‌വാക്ക്

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചതിനു പിന്നാലെ കേരള സർവകലാശാലാ വൈസ് ചാൻസലർ ചില പ്രഖ്യാപനങ്ങൾ നടത്തി. പ്രവേശനസമയത്തു വിദ്യാർഥികൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കേണ്ടതു കോളജിന്റെ ബാധ്യതയാക്കുമെന്നും സർട്ടിഫിക്കറ്റ് പരിശോധിച്ചു ബോധ്യപ്പെട്ടതായി പ്രിൻസിപ്പൽമാർ സർവകലാശാലയ്ക്കു സത്യവാങ്മൂലം നൽകണമെന്നുമായിരുന്നു അതിലൊന്ന്. 

ഇപ്പോൾ കോളജുകളിൽ പിജി പ്രവേശനത്തിന്റെ സമയമാണ്. കേരളയ്ക്കു കീഴിലെ കോളജുകളിൽ എവിടെയും പ്രിൻസിപ്പൽമാരുടെ സത്യവാങ്മൂലം നിർബന്ധമാക്കിയിട്ടില്ല. 

പരാതി നൽകാതെ കാലിക്കറ്റ്

2021ൽ മാത്രം കാലിക്കറ്റ് സർവകലാശാലയുടെ 7 വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി സൂക്ഷ്മപരിശോധനയിൽ കണ്ടെത്തിയിരുന്നു. ബിരുദധാരികൾ ജോലിക്കു നൽകിയ സർട്ടിഫിക്കറ്റ് തൊഴിലുടമ സൂക്ഷ്മപരിശോധനയ്ക്കു സമർപ്പിച്ചപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്. എന്നാൽ, സർവകലാശാല പൊലീസിൽ പരാതി നൽകിയില്ല. 

കാലിക്കറ്റ് സർവകലാശാലയിൽ 2000 മുതലാണ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കിയത്. അതുവരെയുള്ള സർട്ടിഫിക്കറ്റുകളും മാർക്കും സംബന്ധിച്ച വിവരങ്ങൾ ടാബുലേഷൻ റജിസ്റ്റർ എന്ന പേരിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2020ൽ മൂന്നു ബിരുദാനന്തരബിരുദ കോഴ്സുകളുടെ ടാബുലേഷൻ റജിസ്റ്റർ കാണാതായ സംഭവം വൻ വിവാദമായി. 1981–82 ബാച്ചിലെ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, 92–94 ബാച്ചിലെ എംഎ സൈക്കോളജി, 95–97 ബാച്ചിലെ എംഎ സൈ ക്കോളജി എന്നിവയുടെ ടാബുലേഷൻ റജിസ്റ്ററുകളാണ് കാണാതായത്. ഈ ബാച്ചുകളിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് അംഗീകൃത ഏജൻസികൾ അപേക്ഷ നൽകിയിരുന്നു. ഇതിനായി പരിശോധിച്ചപ്പോഴാണ് ടാബുലേഷൻ റജിസ്റ്റർ കാണാനില്ലെന്ന് അറിഞ്ഞത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധമുള്ളവരാണ് ടാബുലേഷൻ റജിസ്റ്റർ കാണാതാകലിനു പിന്നിലെന്ന് ആരോപണമുയർന്നെങ്കിലും തുടരന്വേഷണമുണ്ടായില്ല. 

കുസാറ്റിലെ വ്യാജന്മാർ

മൂന്നു വർഷത്തിനിടെ 4 വ്യാജ സർട്ടിഫിക്കറ്റുകളാണു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കുസാറ്റിൽ പഠിച്ചശേഷം പരീക്ഷ പാസാകാതെതന്നെ പാസായെന്നു സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയിൽ പ്രവേശിച്ച സംഭവങ്ങളിലായിരുന്നു ഇത്. സർവകലാശാല പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നും നടന്നില്ല. ഇതിൽ 2 പേർ പിന്നീടു സപ്ലിമെന്ററി പരീക്ഷകൾ എഴുതി പാസായിരുന്നു. എങ്കിലും, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനാൽ യഥാർഥ സർട്ടിഫിക്കറ്റ് നൽകുന്നതു സർവകലാശാല തടഞ്ഞു. 

പരീക്ഷ പാസാകാത്ത വിദ്യാർഥികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്ന രീതി വ്യാപകമാണ്. വിദ്യാർഥി പരീക്ഷയെഴുതിയ അതേ റജിസ്റ്റർ നമ്പറിൽ തന്നെയാണു വ്യാജ സർട്ടിഫിക്കറ്റും നിർമിക്കുക. സൂക്ഷ്മ പരിശോധനയ്ക്കായി സർവകലാശാലകളിലേക്ക് അയച്ചാലും ആദ്യഘട്ടത്തിൽ പിടിക്കപ്പെടില്ല. കാരണം, വിദ്യാർഥി അവിടെ പഠിച്ചിട്ടുണ്ടായിരിക്കും. പക്ഷേ, പാസായിട്ടുണ്ടാകില്ല. മറ്റൊരു സർവകലാശാലയുടെ വ്യാജ ബിടെക് സർട്ടിഫിക്കറ്റുമായി ഒരു വിദ്യാർഥി കഴിഞ്ഞ അക്കാദമിക് വർഷത്തിൽ കുസാറ്റിൽ പ്രവേശനം നേടിയിരുന്നു. മേഘാലയയിലെ ഷില്ലോങ്ങിലുള്ള വില്യം കാരി സർവകലാശാലയുടെ ബിടെക് സർട്ടിഫിക്കറ്റാണു ഹാജരാക്കിയത്. സൂക്ഷ്മ പരിശോധനയിൽ ഇതു വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഈ വിദ്യാർഥിയെ കോഴ്സിൽനിന്നു പുറത്താക്കി. ഇതിലും പൊലീസിൽ പരാതിയുണ്ട്.

എംജിയിൽ 16 വ്യാജൻ

രണ്ടു വർഷത്തിനുള്ളിൽ എംജി സർവകലാശാലയിൽ പരിശോധനയ്ക്കു വിവിധ ഏജൻസികളും സ്ഥാപനങ്ങളും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ 16 എണ്ണം വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

റിപ്പോർട്ടുകൾ: കെ.ജയപ്രകാശ് ബാബു, വിനോദ് ഗോപി, ജോജി സൈമൺ, ഫിറോസ് അലി, ജിതിൻ ജോസ്, എസ്.പി.ശരത്
സങ്കലനം: അജീഷ് മുരളീധരൻ

പൈസ കൊടുത്താൽ പിഎച്ച്ഡി കയ്യിലെത്തും. അതെക്കുറിച്ച് നാളെ 

English Summary: Series on Fake Certificate racket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com