ADVERTISEMENT

‘മധ്യഭാരത് ബോർഡ് ഓഫ് തട്ടിപ്പ് ’

ഈ സർട്ടിഫിക്കറ്റുമായി വരുന്നവരെ സൂക്ഷിക്കണം: ഹരിയാന ചീഫ് സെക്രട്ടറി

മധ്യപ്രദേശ് ഗ്വാളിയറിലെ മധ്യഭാരത് ബോർഡ് ഓഫ് സെക്കൻഡറി എക്സാമിനേഷൻ എന്ന വ്യാജ സ്ഥാപനത്തിന്റെ പേരിൽ സിബിഐ രണ്ടു ക്രിമിനൽ കേസാണെടുത്തിരിക്കുന്നത്. പണം വാങ്ങി ഇവർ ഒട്ടേറെ വ്യാജ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റുമായി വരുന്നവരെ സൂക്ഷിക്കണം’. മൂന്നു വർഷം മുൻപു ഹരിയാന ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും സർവകലാശാലാ റജിസ്ട്രാർമാർക്കും അയച്ച കത്താണിത്. 

    ഹരിയാനയിലെയോ മധ്യപ്രദേശിലെയോ വ്യാജൻ എന്നു പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. വ്യാജനെന്നു സിബിഐയും പല സംസ്ഥാനങ്ങളും കോടതികളും മുദ്രകുത്തിയ ഈ സ്ഥാപനത്തിന്റെ പേരിൽ കേരളത്തിലും ആയിരക്കണക്കിനു വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി നേടിയ പലരും പല ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നുമുണ്ട്. 

കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയിലെ ജീവനക്കാരിക്കെതിരെ നെടുമ്പാശേരി പൊലീസിന്റെ മുൻപിലെത്തിയിരിക്കുന്നത് അങ്ങനെ ഒരു പരാതിയാണ്. ഈ ജീവനക്കാരി വിമാനത്താവളത്തിലെതന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് അപേക്ഷിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയത്. എസ്എസ്എൽസിയുടെയും പ്ലസ്ടുവിന്റെയും സർട്ടിഫിക്കറ്റുകൾ മധ്യഭാരത് ബോർഡ് ഓഫ് സെക്കൻഡറി എക്സാമിനേഷന്റെ പേരിലുള്ളതാണ്. ബിരുദം അണ്ണാമലൈ സർവകലാശാലയിലേതും. ഗ്വാളിയർ സർട്ടിഫിക്കറ്റിലാണു സംശയമുണ്ടായത്. തുടർന്ന് കമ്പനി അവരെ ജോലിക്കെടുത്തില്ല. 

policeenquiry

എറണാകുളത്തെ പാരലൽ കോളജിൽ പരീക്ഷയെഴുതിയെന്നാണു ബയോഡേറ്റയിലുള്ളത്. എന്നാൽ, പഠിച്ചതു ‘റഗുലർ’ കോഴ്സാണെന്നും ബയോഡേറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നു. തുടർന്നു നടത്തിയ അന്വേഷണമെത്തിയതു പെരുമ്പാവൂരിലെ സ്ഥാപനത്തിലാണ്. മധ്യഭാരത് ബോ‍ർഡിന്റെ സർട്ടിഫിക്കറ്റ് അവർ മുൻപു കൊടുത്തിരുന്നെങ്കിലും ഏതാനും വർഷമായി നൽകുന്നില്ലെന്നാണ് ആ സ്ഥാപനത്തിൽനിന്ന് അറിഞ്ഞത്. അവിടെ ഇപ്പോൾ ഐഇഎൽടിഎസ് കോഴ്സാണു പഠിപ്പിക്കുന്നത്. യുവതി ജോലിക്ക് അപേക്ഷ നൽകിയ സ്ഥാപനം ഡിജിപിക്കു കൊടുത്ത പരാതി അന്വേഷിക്കാൻ നെടുമ്പാശേരി പൊലീസിനു നിർദേശം ലഭിച്ചെങ്കിലും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിനു പരാതിയില്ലെന്നു പറഞ്ഞ് അന്വേഷണം എങ്ങുമെത്തിയില്ല. എല്ലാം പരിശോധിച്ച് ഉറപ്പിച്ചെന്നായിരുന്നു ആ കമ്പനിയുടെ വാദം. 

ഒറ്റയിരിപ്പിൽ കിട്ടും ബിരുദം 

‘വൺ സിറ്റിങ് ബിരുദം’: കേരളത്തിനു പുറത്തെ പല സർവകലാശാലകളിലുമുള്ള ഏ‍ർപ്പാടാണിത്. അപേക്ഷിച്ച് ഒരു വർഷം കഴിഞ്ഞാൽ മൂന്നു വർഷത്തെ പരീക്ഷകൾ ഒരുമിച്ചെഴുതാം. എഴുതിക്കൊടുക്കാനും ആളുണ്ട്. ഇത്തരം ബിരുദം നേടുന്നവരെ വൺ സിറ്റിങ് ബിരുദക്കാർ എന്നു കളിയാക്കി വിളിക്കാറുമുണ്ട്. ഏതാനും വർഷം മുൻപു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറിയ ഗവേഷണ സ്ഥാപനത്തിലെ ഒരു പ്രധാന തസ്തികയിൽ ഇരിക്കുന്നയാൾ ഉദാഹരണം. 

പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായിരിക്കെ എസ്എസ്എൽസി യോഗ്യതയിൽ പ്രോഗ്രാം അസിസ്റ്റന്റായാണു ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ കൺട്രോളർ എന്ന തസ്തികയിലെത്തി. ഇവിടംവരെ എത്തിച്ചതു വൺ സിറ്റിങ് ബിരുദമാണ്. എംഎ ഹിസ്റ്ററി ബിരുദം! എല്ലാ പാർട്ടികളിലുമുള്ള പ്രധാന നേതാക്കളുടെ  മക്കളെയും ബന്ധുക്കളെയുമൊക്കെ ഇവിടെ തിരുകിക്കയറ്റാറുണ്ട്. പരസ്പരം നല്ല ‘സഹകരണ’ത്തിൽ പോകുന്നതിനാൽ ആരും ആരെയും ‘ഉപദ്രവിക്കുന്നില്ല’ എന്നു മാത്രം.  എൻട്രി തസ്തികയിൽ സർവീസിൽ കയറി വകുപ്പുതല സ്ഥാനക്കയറ്റം നേടാനാണു സർക്കാർ ജീവനക്കാർ പലരും ഇത്തരം സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നത്. സർവീസിൽ കയറിയാൽ പിന്നെ സംരക്ഷിക്കാൻ സംഘടനകളുള്ളതിനാൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന ധൈര്യവും! 

30,000 രൂപയ്ക്കു ബിരുദം നേടിയ 3000 പേരെവിടെ ?

കോഴ്സിനു ചേരാതെ ബിരുദ സർട്ടിഫിക്കറ്റ് നൽകും, വില 30,000 രൂപ! ഒരു പതിറ്റാണ്ടു മുൻപു തൃശൂരിൽ പ്രവർത്തിച്ചിരുന്ന ആയുർസ്റ്റാർ അക്കാദമിയുടെ വാഗ്ദാനമായിരുന്നു ഇത്. പരാതി ഉയർന്നതിനെത്തുടർന്നു പൊലീസ് അവരുടെ ഓഫിസ് റെയ്ഡ് ചെയ്തപ്പോൾ കണ്ടത് മൂവായിരത്തോളം പേർക്കു വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖകൾ. ഒപ്പും സീലും പതിച്ചു തയാറാക്കിവച്ചിരുന്ന അൻപതോളം വ്യാജ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു. 2 സ്ത്രീകളെ അറസ്റ്റ് ചെയ്തു. 

   ഇവരിലൊരാളെ കഴിഞ്ഞ ദിവസം പ്രതികരണത്തിനായി സമീപിച്ചപ്പോൾ അവർ പറഞ്ഞു; ‘ഞാൻ വെറും സഹായി മാത്രമായിരുന്നു. വീട്ടിലെ നിവൃത്തികേടു കാരണം അവരുടെകൂടെ നിൽക്കേണ്ടി വന്നതാണ്. അല്ലാതെ ഞാനായിട്ടൊന്നും ചെയ്തിട്ടില്ല.’ ഈ വാക്കുകൾ യാഥാർഥ്യമാണെങ്കിലും അല്ലെങ്കിലും ആ കേസ് മൂന്നു പ്രതികളിൽ മാത്രമായി ഒതുങ്ങിപ്പോയെന്നതാണു വാസ്തവം. ഇവരിൽനിന്നു വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയ മൂവായിരത്തോളം പേരിലേക്ക് അന്വേഷണമെത്തിയില്ല. സർട്ടിഫിക്കറ്റുകൾ വാങ്ങിയവർ ഇല്ലാത്ത യോഗ്യതയുടെ ബലത്തിൽ ഏതൊക്കെ നിലയിലെത്തിയിരിക്കാമെന്നത് അജ്ഞാതം. 

annamalai

   കേസിലെ പ്രതികളിലൊരാൾ അക്കാദമിയുടെ പ്രിൻസിപ്പലാണ്. മറ്റൊരാൾ സെക്രട്ടറിയും. സെക്രട്ടറിയുടെ വീടിനോടു ചേർന്ന കെട്ടിടത്തിലായിരുന്നു അക്കാദമിയുടെ പ്രവർത്തനം. വ്യാജരേഖകൾ ചമച്ചതും ഇവിടെത്തന്നെ. ബിടെക്, ബിഎ, പഞ്ചകർമ, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളുടെ പേരിലായിരുന്നു വ്യാജ സർട്ടിഫിക്കറ്റുകൾ. 

   ഇവയിലെല്ലാം സർവകലാശാലകളുടെ ഹോളോഗ്രാം, വ്യാജ സീൽ, വൈസ് ചാൻസലറുടെയും പരീക്ഷാ കൺട്രോളറുടെയും ഒപ്പ് എന്നിവ പതിച്ചിരുന്നു. പരീക്ഷ നടന്നുവെന്നു കാണിക്കുന്ന മാർക്ക് ലിസ്റ്റും നൽകിയിരുന്നു. 

കള്ളനോട്ട് പോലെ വ്യവസായം

ഡോ.രാജൻ ഗുരുക്കൾ, വൈസ് ചെയർമാൻ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

വ്യാജസർട്ടിഫിക്കറ്റ് നിർമാണം രാജ്യത്ത് കള്ളനോട്ടുപോലെ ഒരു വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യാജസർട്ടിഫിക്കറ്റുകൾ തടയാൻ സർവകലാശാലകൾ സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാമും ക്യുആർ കോഡും ഉറപ്പാക്കണം. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ (എൻഎഡി)  സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള സംവിധാനമുണ്ട്. 

ഡിജിലോക്കർ നിർബന്ധമാക്കണം

ഡോ.മോഹനൻ കുന്നുമ്മൽ, വിസി, കേരള സർവകലാശാല, കേരള ആരോഗ്യ സർവകലാശാല

universityvc
ഡോ.രാജൻ ഗുരുക്കൾ, ഡോ.കുഞ്ചെറിയ പി.ഐസക്, ഡോ.മോഹനൻ കുന്നുമ്മൽ

കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്യുന്നതു രാജ്യത്തിന്റെ സമ്പദ്മേഖലയെ എങ്ങനെ ബാധിക്കുമോ അതുപോലെയാണു വ്യാജ സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസമേഖലയെയും ബാധിക്കുന്നത്. എല്ലാ സർട്ടിഫിക്കറ്റുകളും സർവകലാശാലകൾ ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യുകയെന്നതാണ് ഇതിനെതിരെയുള്ള ഏറ്റവും ശക്തമായ നടപടി. കേരള സർവകലാശാലയും ആരോഗ്യ സർവകലാശാലയും തുടങ്ങിവച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ ഭാവിയിൽ നിഖിൽ തോമസ് വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയ വിഷയത്തിൽ കായംകുളം എംഎസ്എം കോളജിനെതിരായ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പരിശോധനയിലാണ്. തുടർനടപടിയുണ്ടാകും.

പ്രതിഛായനഷ്ടം നികത്തണം

ഡോ.കുഞ്ചെറിയ പി.ഐസക്, മുൻ വിസി, സാങ്കേതിക സർവകലാശാല

ചുരുക്കം ചിലരാണു വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നതെങ്കിലും കേരളത്തിലെ സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസരംഗത്തിനുമാകെ ഇവർ ചീത്തപ്പേരുണ്ടാക്കുന്നുണ്ട്. സമീപകാല വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ സർവകലാശാലകൾ ചിലതെങ്കിലും കേരളത്തിലെ വിദ്യാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടിയശേഷമേ പ്രവേശന നടപടി തുടങ്ങൂ എന്ന നിലപാടെടുത്തിട്ടുണ്ട്. ഈ പ്രതിഛായനഷ്ടം നികത്തേണ്ടതുണ്ട്. ഇ ഗവേണൻസ് ഫലപ്രദമായി നടപ്പാക്കുകയാണ് അതിനുള്ള പ്രധാനമാർഗം. സർട്ടിഫിക്കറ്റുകൾ മുഴുവൻ മുൻകാല പ്രാബല്യത്തോടെ സർവകലാശാലകൾ ഡിജി ലോക്കറുകളിൽ സൂക്ഷിക്കണം. ഓരോ വർഷവും ആയിരക്കണക്കിനുപേരെ ജോലിക്കെടുക്കുന്ന ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) പോലെയുള്ള കമ്പനികൾ എഐ ഉപയോഗിച്ചാണു സർട്ടിഫിക്കറ്റ് പരിശോധിക്കുന്നത്. സർവകലാശാലാ ഭരണത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുകയും സ്വയംഭരണ കോളജുകളിൽ ഇപ്പോഴും തുടരുന്ന നിയന്ത്രണം മാറ്റുകയും വേണം. 

സർട്ടിഫിക്കറ്റ് ഓൺലൈനാക്കണം

പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, വിസി, കണ്ണൂർ സർവകലാശാല

കടലാസിൽ അച്ചടിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒഴിവാക്കുകയാണു വ്യാജന്മാരെ നേരിടാനുള്ള പ്രധാന മാർഗം. ഡിഗ്രികൾ ഓൺലൈൻ ആയി നൽകുകയും അതു നാഷനൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ സൂക്ഷിക്കുകയും ചെയ്യണം. സർവകലാശാല നേരിട്ടു ഡെപ്പോസിറ്ററിയിലേക്കു സർട്ടിഫിക്കറ്റ് നൽകുന്നതിനാൽ വ്യാജന്മാരുടെ പ്രശ്നമുദിക്കുന്നില്ല. 

വിശ്വാസ്യതയെ ബാധിക്കും

kannurvc
പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, ഡോ.എം.കെ.ജയരാജ്

ഡോ.എം.കെ.ജയരാജ്, വിസി, കാലിക്കറ്റ് സർവകലാശാല

സർട്ടിഫിക്കറ്റ് മാഫിയ സർവകലാശാലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നില്ല. പുറത്തുനിന്നു വരുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് അതതു സമയത്ത് പൊലീസിൽ അറിയിക്കുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ പഠനത്തിനോ തൊഴിലിനോ ഉപയോഗിക്കുന്നതു സർവകലാശാലകളുടെ വിശ്വാസ്യതയെയാണ് ബാധിക്കുക. 

റിപ്പോർട്ടുകൾ: ജോജി സൈമൺ, ജിതിൻ ജോസ്, എസ്.പി. ശരത്. 

സങ്കലനം: അജീഷ് മുരളീധരൻ.

(പരമ്പര അവസാനിച്ചു)

English Summary: Series on Fake Certificate racket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com