ADVERTISEMENT

∙ കെ.എൻ.രാമചന്ദ്രൻ: നിവർത്തന പ്രക്ഷോഭം നടക്കുന്ന കാലത്ത് നേതാക്കൾ എല്ലാവരും അവരുടെ ജാതിപ്പേര് ഇല്ലാതാക്കാൻ തീരുമാനിച്ചെങ്കിലും ഇഎംഎസ് അദ്ദേഹത്തിന്റെ നമ്പൂതിരിപ്പാട് എന്നുള്ള ജാതിവാൽ മാറ്റിയില്ല. വിപ്ലവം നടന്നുകഴിഞ്ഞാൽ എല്ലാ ജാതി വ്യത്യാസങ്ങളും പരിഹരിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ യാന്ത്രിക നിലപാട്.

 

∙ ഡോ.ബിജു: ചില ആളുകൾ സ്ഥിരം ജൂറി അംഗങ്ങളായി എത്തുന്ന കാഴ്ച കാണാം. ഈ വർഷം ചലച്ചിത്ര അവാർഡ് ജൂറി, ആറു മാസം കഴിഞ്ഞു ടെലിവിഷൻ അവാർഡ് ജൂറി, അതു കഴിഞ്ഞാൽ ചലച്ചിത്രമേളയുടെ വിവിധ വിഭാഗങ്ങളിലെ സെലക്‌ഷൻ ജൂറി, പിന്നെ ഡോക്യുമെന്ററി ഫെസ്റ്റിവൽ ജൂറി, വീണ്ടും ചലച്ചിത്ര അവാർഡ് ജൂറി. ഇമ്മട്ടിലുള്ള സ്ഥിരം ജൂറി കത്തിവേഷക്കാരെ നിയന്ത്രിക്കേണ്ടതുണ്ട്.

 

∙ സി.ആർ.പരമേശ്വരൻ: പ്രത്യയശാസ്ത്രങ്ങൾക്ക് അവ പാവങ്ങൾക്കായി വാഗ്ദാനം ചെയ്തതൊന്നും കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നിരിക്കെ, പാവങ്ങൾക്കു ദൈവങ്ങളെക്കൂടി നിഷേധിക്കുന്നത് എന്തിനാണ്? ഈ പാവങ്ങൾ സംഘടിത മതങ്ങളിൽപെടുന്നവർ ആണെങ്കിലും അവയുടെ സഹായമില്ലാതെ തന്നെ ദൈവങ്ങളുമായി സംവദിക്കുന്നവരാണ്. ഇക്കൂട്ടരിൽ ബഹുഭൂരിപക്ഷവും പരമതനിന്ദ സൂക്ഷിക്കുന്നവരല്ല എന്നു നമ്മുടെ ചുറ്റുപാടും നിരീക്ഷിച്ചാൽ അറിയാനാകും. 

 

∙ പി.കെ.ഗോപി: ജനം ഉദാരമനസ്സോടെ സ്നേഹപൂർവം തിരഞ്ഞെടുത്ത് അധികാരത്തിലേറ്റുന്ന ഒരാൾ, ജനമധ്യത്തിലേക്കു മടങ്ങിവരുമ്പോൾ എന്തെല്ലാം നിയമശാസനകളാണ്! വഴിമാറണം, അകലെ ഒതുങ്ങിനിൽക്കണം, മറുമൊഴി പാടില്ല, കാണാൻ പലരുടെയും അനുമതി ചോദിക്കണം, കണ്ടാൽതന്നെ പറയുന്നതു കേൾക്കില്ല, കേട്ടാൽ തന്നെ ഉത്തരമില്ല. ഉത്തരവുണ്ടെങ്കിൽ തന്നെ ഉത്തരവ് എന്ന ഭരണവചനം പകർന്നു കിട്ടാൻ എന്തൊക്കെ കടമ്പകൾ!

 

∙ സി.പി.ജോൺ: അസഹിഷ്ണുത ഭയത്തിൽനിന്ന് ഉദ്ഭവിക്കുകയും ആ ഭയം ദേഷ്യത്തിനു വഴിമാറിക്കൊടുക്കുകയും ദേഷ്യം മൈക്ക് ഓപ്പറേറ്ററോടുള്ള വിദ്വേഷമായി വളരുകയും ചെയ്ത കാഴ്ചയാണു നാം കണ്ടത്. ഭരണാധികാരിയുടെ വിദ്വേഷം ഒരു രാഷ്ട്രീയപ്രശ്‌നമാണ്. അതു വ്യക്തിപരമായ ഒരു കാര്യമല്ല. എന്തുകൊണ്ട് ഭരണാധികാരികൾ പൊടുന്നനെ ദേഷ്യക്കാരാകുന്നു, എന്തുകൊണ്ട് അവർക്കു ചെറിയ അസൗകര്യങ്ങൾപോലും സഹിക്കാൻ പറ്റുന്നില്ല?. ഉത്തരം ഒന്നേയുള്ളൂ. അവർക്ക് അവരൊഴികെ എല്ലാവരോടുമുള്ള ഭയം.

 

∙ സുരാജ് വെഞ്ഞാറമൂട്: ഭരണഘടനയിൽ പറയുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തു നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ചു ഞാൻ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാറുണ്ട്. അവിടെ ഞാൻ രാഷ്ട്രീയമോ മതപരമോ ആയ കാര്യങ്ങൾ സംസാരിക്കാറില്ല. ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമുള്ള ആളുമല്ല. കല എന്നതു മാത്രമാണ് എന്റെ രാഷ്ട്രീയം.

 

∙ അരുന്ധതി റോയ്: ‘അധികാരത്തിലിരിക്കുന്നവരോട് സത്യം പറയുക’ എന്ന മണ്ടൻ പഴഞ്ചൊല്ല് നമ്മൾ പിൻവലിക്കാൻ സമയമായി. അധികാരത്തിലിരിക്കുന്നവർക്ക് നമ്മളെക്കാൾ നന്നായി ‘സത്യം അറിയാം’.

 

∙ ടി.പത്മനാഭൻ: ഞാനൊരിക്കലും കൃഷി ചെയ്തിട്ടില്ല. പക്ഷേ, മനസ്സിൽ കൃഷിയുണ്ടായിരുന്നു. സംസ്ഥാനത്തിനു പുറത്തും വിദേശത്തുമൊക്കെയുള്ള മികച്ച കൃഷിയിടങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. വിദേശങ്ങളിലൊക്കെയുള്ള ഒരു സവിശേഷത, സാങ്കേതികവിദ്യകൾ അവിടെ നന്നായി പ്രയോജനപ്പെടുത്തുന്നു എന്നതാണ്. നമ്മുടെ നാട്ടിലിപ്പോഴും അങ്ങനെയൊരു മാറ്റം വന്നിട്ടില്ല. കൃഷിയിലുള്ള പരമ്പരാഗത കാഴ്ചപ്പാട് മാറ്റേണ്ട സമയമായി. 

 

∙ ഗോപി സുന്ദർ: ഇന്നത്തെ കാലത്തെ പിള്ളേരെല്ലാം വളരെ കൺഫ്യൂസ്ഡ് ആണ്. അവർക്കു മുന്നിൽ നിറയെ ഓപ്ഷൻസുണ്ട്. പത്താം ക്ലാസ് ജയിച്ചു കഴിഞ്ഞാൻ അവൻപെട്ടു എന്നു തന്നെ പറയാം. പടം വരയ്ക്കാൻ നല്ല കഴിവുള്ള ഒരു പയ്യനെ പത്താം ക്ലാസ് കഴിയുന്നതോടെ ഡോക്ടറും എൻജിനീയറും ആവാൻ ട്രെയ്ൻ ചെയ്തെടുക്കുന്ന അവസ്ഥ എത്ര ഭീകരമാണ്. എനിക്ക് അതിൽനിന്നു വിഭിന്നനാകാൻ സാധിച്ചത് പത്താം ക്ലാസ് തോറ്റതുകൊണ്ടാണ്. 

 

∙ ബാലചന്ദ്രമേനോൻ: സിനിമയിൽ മാറ്റങ്ങൾ പലതുണ്ടെങ്കിലും ചില കാര്യങ്ങൾ സ്ഥായിയായി തുടരുന്നു. കാശിനോടുള്ള ആർത്തി കൂടുന്നു,  അസൂയയും അഹങ്കാരവും പരദൂഷണവും തുടരുന്നു. ക്യാമറയ്ക്കു മുന്നിൽ ഇതൊക്കെ വിനയമായി മാറുന്നു. കടന്നുവന്ന വഴികൾ പാടേ മറക്കുന്നു; വെറും മറവിരോഗം മാത്രം!

 

∙ എ.നാരായണൻ: സാമൂഹികമണ്ഡലത്തിൽനിന്നു വലിയ അവഹേളനം നേരിട്ട കവിയാണ് അച്ഛൻ (അക്കിത്തം). എന്നാൽ, വേദികളിൽ അവഹേളിക്കുന്നവർ രഹസ്യമായി അച്ഛനെ ആദരിച്ചിരുന്നു. അതിന്റെ പരിണതഫലമാണ് സായംകാലത്തു വന്നുചേർന്ന ജ്ഞാനപീഠം.

 

∙ കെ.എസ്.രവികുമാർ: കടമ്മനിട്ട എഴുതിയ ചില കവിതകൾ എടുത്തുനോക്കി എം.ഗോവിന്ദൻ ഇതൊന്നും കൊള്ളില്ലെന്നു തീർത്തുപറഞ്ഞു. പക്ഷേ, നിങ്ങൾക്കു നല്ല കവിത എഴുതാൻ കഴിയും എന്നുകൂടി പറഞ്ഞു. സാധാരണഗതിയിൽ കൊള്ളില്ല എന്നു പറഞ്ഞാൽ ഒരാൾക്കു വിഷമം തോന്നേണ്ടതാണ്. പക്ഷേ, തനിക്ക് ഒരു വിഷമവും ഉണ്ടായില്ലെന്നും മറിച്ച് നല്ല കവിതയെഴുതാൻ കഴിയുമെന്ന വാക്ക് തനിക്കു വലിയ പ്രചോദനമാണു നൽകിയതെന്നും കടമ്മനിട്ട പറഞ്ഞിട്ടുണ്ട്.

 

∙ പാരിസ് മോഹൻകുമാർ: ഇന്നുവരെ കേരളത്തിൽ സർക്കാർതലത്തിൽ എന്റെ ഒരു ചിത്രംപോലും വാങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. സർക്കാരിന്റെ ഒരു ഔദ്യോഗിക സ്ഥാനത്തിനുവേണ്ടിയും ഞാൻ യാചിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം കലാകാരൻ എന്ന നിലയിൽ തഴയപ്പെട്ടത്. ഇന്ന് എന്തിനും ഒപ്പംനിന്നു കയ്യടിക്കുന്നവരുടെ കാലഘട്ടമാണ്. ഇവർ മാത്രമായിരിക്കും അംഗീകരിക്കപ്പെടുക.

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com