ADVERTISEMENT

ഇന്നലെ ലോക്സഭ പാസാക്കിയ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ (ഡിപിഡിപി) ബില്ലിനെ ഒരു വിഭാഗം സ്വാഗതം ചെയ്യുമ്പോൾ ഇതെച്ചെ‍ാല്ലിയുള്ള ആശങ്കകൾ ഇപ്പോഴും മറുപടിയില്ലാതെ ബാക്കിയുണ്ടെന്നു മറുപക്ഷം വിമർശിക്കുന്നു. 6 വർഷത്തോളം നീണ്ട കൂടിയാലോചനകൾക്കു ശേഷം അവതരിപ്പിച്ച ഈ നിർണായക ബില്ലുമായി ബന്ധപ്പെട്ട് ഇത്രയും ആശങ്കകൾ ശേഷിക്കുന്നുണ്ടെന്നതു നിർഭാഗ്യകരമാണ്. വ്യക്തിവിവര സുരക്ഷാ ബിൽ മാധ്യമസ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുമെന്നു കാര്യകാരണങ്ങൾ നിരത്തി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അടക്കം ചൂണ്ടിക്കാട്ടുന്നു.

വ്യക്തിയുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻവേണ്ടിയുള്ള ശ്രദ്ധേയ ചുവടുവയ്പായി വിശേഷിപ്പിക്കപ്പെടുന്ന ഡിപിഡിപി ബിൽ ഇനി രാജ്യസഭകൂടി കടക്കേണ്ടതുണ്ട്. സർക്കാരുകൾക്ക് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് ഇതെച്ചെ‍ാല്ലിയുള്ള മുഖ്യ ആരോപണം. വ്യക്തിവിവരങ്ങൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനങ്ങളിൽനിന്നു വിവരം ചോർന്നാലാകട്ടെ ബില്ലിലെ വ്യവസ്ഥ ബാധകമാകില്ലതാനും. അതായത്, കോവിൻ വിവരച്ചോർച്ച പോലൊന്നു ഭാവിയിലുണ്ടായാൽ നേരിടാൻ ഈ ബിൽ പര്യാപ്തമല്ല. വിവിധ സേവനങ്ങൾ, സബ്സിഡി, ലൈസൻസ് തുടങ്ങിയവയ്ക്കായി പൗരർ നൽകുന്ന വ്യക്തിവിവരങ്ങൾ മറ്റു പദ്ധതികൾക്കോ സേവനങ്ങൾക്കോ ഉപയോഗിക്കാനും സർക്കാരുകൾക്ക് അധികാരം ലഭിക്കുന്നു. 

വ്യക്തിവിവരങ്ങൾക്കു മതിയായ സുരക്ഷ ഒരുക്കാത്തതു മൂലമുണ്ടാകുന്ന ചോർച്ചയ്ക്ക്, വിവരം ശേഖരിക്കുന്ന സ്ഥാപനത്തിനുമേൽ 250 കോടി രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെങ്കിലും നഷ്ടം സംഭവിച്ച വ്യക്തിക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കില്ല. പകരം, ബില്ലിൽ നിഷ്കർഷിച്ചിരിക്കുന്ന കടമകൾ പൗരർ പാലിച്ചില്ലെങ്കിൽ 10,000 രൂപ വരെ പിഴയും ലഭിക്കാം. വിവരാവകാശ അപേക്ഷയ്ക്ക്, പൊതുതാൽപര്യമുണ്ടെങ്കിൽപോലും ഇനി ആരുടെയും വ്യക്തിവിവരങ്ങൾ മറുപടിയായി ലഭിക്കില്ല. വ്യക്തികളുടെ വിവരങ്ങൾ ഉൾപ്പെടുന്നു എന്ന കാരണത്താൽ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാം. ഇതു വിവരാവകാശനിയമത്തെ ദുർബലപ്പെടുത്തുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അല്ലെങ്കിൽത്തന്നെ, വഴിയാധാരമായിക്കൊണ്ടിരിക്കുകയാണു നമ്മുടെ സ്വകാര്യത എന്നത് ആശങ്കപ്പെടുത്തുന്ന യാഥാർഥ്യമാണ്. ചോർന്നുവെന്ന് അറിയാമെങ്കിലും ഡേറ്റയുടെ കാര്യത്തിൽ വ്യക്തിക്കു നിയമപരമായി അവകാശമില്ലാത്ത രാജ്യമാണ് ഇന്ത്യയെന്ന വസ്തുത കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ 2016ൽ കൊണ്ടുവന്ന ജനറൽ ഡേറ്റാ പ്രൊട്ടക്‌ഷൻ റഗുലേഷന് (ജിഡിപിആർ) സമാനമായ നിയമം ഇന്ത്യയിലും വേണമെന്നു പല ദുരനുഭവങ്ങളും നമ്മെ ഓർമിപ്പിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു നിയമത്തിന്റെ വരവ് പ്രാഥമികമായി സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ആശങ്കകളും അതിനൊപ്പമുയരുന്നു.  

ജിഡിപിആറുമായി താരതമ്യം ചെയ്യുമ്പോൾ, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലും വിവരസുരക്ഷ ഉറപ്പു വരുത്തുന്നതിലും ഈ ബിൽ ഇനിയുമൊരുപാടു ദൂരം താണ്ടാനുണ്ടെന്ന വിമർശനം ഗൗരവമുള്ളതാണ്. ബിൽ എത്രത്തോളം ജനാധിപത്യപരമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആശങ്കപ്പെടുന്നുണ്ട്. ബില്ലിലൂടെ സെൻസർഷിപ് വ്യാപകമാകുമെന്നും മാധ്യമപ്രവർത്തകർ ഉൾപ്പെടെ സർക്കാരിന്റെ നിരീക്ഷണവലയത്തിലാകുമെന്നും ചൂണ്ടിക്കാണിക്കുന്ന ഗിൽഡ്, ബിൽ പാർലമെന്ററി സ്ഥിരം സമിതിക്കു വിടണമെന്ന് ആവശ്യപ്പെടുന്നു.

പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രവർത്തനങ്ങളിലേക്ക് അതിരുവിട്ട കടന്നുകയറ്റത്തിനു സർക്കാരിന് അധികാരം നൽകുന്ന പിആർപി ബില്ലിലും (പ്രസ് ആൻഡ് റജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ) എഡിറ്റേഴ്സ് ഗിൽഡ് വലിയ ആശങ്കയാണു പ്രകടിപ്പിച്ചിരിക്കുന്നത്. 1867ലെ പ്രസ് ആൻഡ് റജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ടിനു പകരം കൊണ്ടുവരുന്നതാണ് ഈ ബിൽ. പ്രസ് റജിസ്ട്രാറുടെ അധികാരങ്ങൾ വർധിപ്പിക്കൽ, ആനുകാലികങ്ങൾ പുറത്തിറക്കുന്നതിലുള്ള നിയന്ത്രണങ്ങൾ, വാർത്താസ്ഥാപനങ്ങളിൽ കയറാനുള്ള അധികാരം ഇവയെല്ലാം മാധ്യമസ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കും. നുഴഞ്ഞുകയറിയുള്ള ഏകപക്ഷീയ പരിശോധനകൾക്കു ക്രൂരമായ അധികാരങ്ങളുള്ള ബില്ലെന്നാണ് ഗിൽഡ് ചൂണ്ടിക്കാട്ടുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തെവരെ ബാധിക്കുമെന്ന് കടുത്ത ആശങ്കയുള്ള ഈ ബില്ലുകളിൽ വിശദചർച്ച നടത്തേണ്ടതും പോരായ്മകൾ പരിഹരിക്കപ്പെടേണ്ടതും ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും അവകാശമാണെന്നത് അധികാരികൾ മറന്നുകൂടാ.

English Summary : Editorial about Digital Personal Data Protection Security Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com