ADVERTISEMENT

ഇംഫാലിൽനിന്നു ബിഷ്ണുപുരിലേക്കുള്ള റോഡിന്റെ ഒരു വശത്തെ ഗതാഗതം മെയ്‌ രാ പെയ്ബികൾ (വിളക്കേന്തിയ വനിതകൾ) എന്നറിയപ്പെടുന്ന മെയ്തെയ് വനിതകൾ തടഞ്ഞിരിക്കുന്നു. ആംബുലൻസിനും ‘മെയ്തെയ് പോരാളികൾക്കും’ സുഗമമായി കടന്നുപോകാനാണത്. കവചിത വാഹനങ്ങളിൽ യന്ത്രത്തോക്കുകൾ പുറത്തേക്കു നീട്ടി യുദ്ധപ്പുറപ്പാട് നടത്തുന്ന യുവാക്കളെ ആശീർവദിക്കാൻ വേപ്പിലകൾ വെള്ളത്തിൽ മുക്കി തളിക്കുന്ന അമ്മമാർ; പൊലീസിനൊപ്പം തോളോടുതോൾ ചേർന്ന് കുക്കി കുന്നുകളിലേക്കു വെടിയുതിർക്കുന്ന മെയ്തെയ് കൗമാരക്കാർ. മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുരിനും കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിനും മധ്യേയുള്ള ക്വാക്ത ഗ്രാമത്തിലെയും പരിസരത്തെയും കാഴ്ച ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവിശ്വസനീയം.

മണിപ്പുരിലെ വംശീയകലാപം 100 ദിവസത്തിലേക്ക് അടുക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നോക്കുകുത്തികളാണ്. രാജ്യത്തു മുൻപ് വംശീയ, വർഗീയ കലാപങ്ങൾ ഏതാനും ദിവസങ്ങൾക്കകം അവസാനിച്ചെങ്കിൽ, മണിപ്പുരിൽ മൂന്നു മാസം പിന്നിടുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുകയാണ്. ധാരാളം യുദ്ധോപകരണങ്ങൾ സ്വന്തമാക്കി മെയ്തെയ്കളും കുക്കികളും ശത്രുരാജ്യങ്ങളിലെന്നപോലെ പോരാടുന്നു. ആയിരക്കണക്കിനു യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഇരുവിഭാഗത്തിന്റെയും കൈവശമുണ്ട്. കലാപത്തിൽ കൊല്ലപ്പെട്ട കുക്കികളെ സംസ്കരിക്കാൻ നിശ്ചയിച്ച സ്ഥലത്തിനു മെയ്തെയ്കൾ അവകാശം ഉന്നയിച്ചതോടെയാണ് മണിപ്പുർ വീണ്ടും പൊട്ടിത്തെറിയിലേക്ക് എത്തിയത്.

ആവോളം ആയുധങ്ങൾ

സംസ്ഥാനത്തു തോക്കുകളുമായി നിർബാധം വിഹരിക്കുകയാണ് യുവാക്കൾ. ക്രമസമാധാനനില സമ്പൂർണമായി തകർന്നു. മെയ്തെയ്കളുമായി താരതമ്യം ചെയ്യുമ്പോൾ കുക്കികൾക്ക് ആയുധശേഖരം കുറവാണ്. മെയ്തെയ്കൾ 4324 തോക്കുകളാണ് പൊലീസിൽ നിന്നു കവർന്നതെങ്കിൽ കുന്നുകളിലെ ജില്ലകളിൽനിന്നു കുക്കികൾ കവർന്നത് 623 തോക്കുകൾ.  അതിർത്തി കടന്നെത്തിയ ആയുധങ്ങൾ ഇരുവിഭാഗത്തിന്റെയും കൈവശമുണ്ട്. കുക്കി ബങ്കറുകൾ കുന്നിൻമുകളിലായതിനാൽ മെയ്തെയ്കളെക്കാൾ പോരാട്ടത്തിൽ മുൻതൂക്കം അവർക്കാണ്. കലാപത്തിന്റെ ആദ്യദിനങ്ങൾ കഴിഞ്ഞപ്പോൾ ഇരുവശത്തുനിന്നുമുള്ള വെടിവയ്പിൽ ഏറ്റവും കൂടുതൽ ആൾനാശം മെയ്തെയ്കൾക്കുണ്ടാകാൻ കാരണവും ഭൂമിശാസ്ത്രപരമായ ഈ സവിശേഷതയാണ്.

കുക്കികൾക്കെതിരെയുള്ള യുദ്ധസന്നാഹം ഇംഫാൽ വാലിയിലെങ്ങും കാണാം. വാഹനങ്ങളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിക്കുന്നു, എസ്‌യുവികൾ കവചിത വാഹനങ്ങളാക്കുന്നു. ജനങ്ങൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും യുദ്ധോപകരണങ്ങളും വാങ്ങുന്നു. അതിപ്രഹരശേഷിയുള്ള തോക്കുകൾ സ്വകാര്യവാഹനങ്ങളുടെ മുകളിൽ ഘടിപ്പിച്ചിരിക്കുന്നു.

വേർപെട്ട് 2 മേഖലകൾ

മണിപ്പുർ രണ്ടായി വിഭജിക്കപ്പെട്ടു. ഇംഫാൽ താഴ്‌വരയിൽനിന്ന് ഒരാൾപോലും കുക്കി കുന്നുകളിലേക്കു പോകുന്നില്ല; തിരിച്ചും.  ചുരാചന്ദ്പുരിൽനിന്നു രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ഇംഫാൽ വിമാനത്താവളത്തിലെത്താം. പക്ഷേ, ഡൽഹിയിൽ അമിത് ഷായുമായി ചർച്ച നടത്താൻ കുക്കി നേതാക്കൾ കഴിഞ്ഞ ദിവസം പോയത് ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് മിസോറമിൽ എത്തിയ ശേഷമാണ്. 

   ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്‌നൗപാൽ എന്നീ കുക്കി ഭൂരിപക്ഷ ജില്ലകൾ മണിപ്പുരിൽനിന്നു വേർപെട്ടുകഴിഞ്ഞു. നാഗകൾ താമസിക്കുന്ന ഉക്രൂൽ, സേനാപതി തുടങ്ങിയ ജില്ലകൾ ആരോടും മമതയില്ലാതെ കഴിയുന്നു. ഇന്ത്യ- മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെ ഉൾപ്പെടുന്ന തെഗ്‌നൗപാൽ ജില്ലയിലേക്കു ഭക്ഷ്യവസ്തുക്കൾ ഇംഫാൽ താഴ്‌വരയിൽനിന്നു കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കു ജില്ല നീങ്ങുകയാണ്.

കേന്ദ്രസേനകളാണ് മണിപ്പുരിനെ ഇപ്പോഴും നിലനിർത്തുന്നത്. കുക്കി- മെയ്തെയ് ജില്ലകളെ വേർതിരിക്കുന്ന അതിർത്തികളിൽ അസം റൈഫിൾസും സിആർപിഎഫിനു കീഴിലുള്ള റാപ്പിഡ് ആക്‌ഷൻ ഫോഴ്സും നിലയുറപ്പിച്ചിട്ടുണ്ട്. മണിപ്പുർ പൊലീസും മണിപ്പുർ കമാൻഡോകളും പൂർണമായും മെയ്തെയ്കൾക്കൊപ്പമാണ്. മണിപ്പുർ കമാൻഡോകളും തീവ്രമെയ്തെയ് സംഘടനകളിലെ ചെറുപ്പക്കാരും ഒന്നിച്ചാണ് ബഫർസോൺ കടന്ന് കുക്കികൾക്കെതിരെ വെടിവയ്പും മോർട്ടാർ ആക്രമണവും കഴിഞ്ഞ ദിവസം നടത്തിയത്. 

അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് മെയ്തെയ്കൾ ആവശ്യപ്പെടുന്നു. അതിനായി മെയ്തെയ് വനിതകൾ ഇന്നലെ ഇംഫാൽ താഴ്‌വരയിൽ വ്യാപകപ്രതിഷേധം നടത്തി. കുക്കി പ്രദേശങ്ങളിലേക്കുള്ള മെയ്തെയ് ആക്രമണം തടയുന്നതിൽ അസം റൈഫിൾസിന്റെ പങ്ക് വലുതാണ്. ഇന്ത്യ-മ്യാൻമർ അതിർത്തി കാക്കുന്ന അസം റൈഫിൾസിന് അതിർത്തികളിൽ താമസിക്കുന്ന കുക്കിഗോത്രങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. അസം റൈഫിൾസ് മെയ്തെയ്കൾക്കെതിരെ രാസായുധങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് മെയ് രാ പെയ്ബിമാരുടെ ആരോപണം.

കേന്ദ്ര ഇടപെടൽ കാത്ത്

മണിപ്പുർ സർക്കാർ ഏകപക്ഷീയമായി മെയ്തെയ് വിഭാഗത്തിനൊപ്പം നിലകൊണ്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇരുവിഭാഗവും പരസ്പരവിരുദ്ധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ നടപടി വൈകിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. മെയ്തെയ്കൾക്കൊപ്പം താമസിക്കാൻ പറ്റില്ലെന്നും കുക്കി കുന്നുകളെ ഉൾപ്പെടുത്തി പ്രത്യേക ഭരണപ്രദേശം വേണമെന്നുമാണ് കുക്കികളുടെ ആവശ്യം. 

എന്നാൽ, സംസ്ഥാനത്തിന്റെ ഭൂരിഭാഗം വരുന്ന കുന്നുകൾ വിട്ടുനൽകാൻ മെയ്തെയ്കൾ തയാറല്ല. സംസ്ഥാനത്തിന്റെ  അഖണ്ഡതയ്ക്ക് എതിരായ നടപടിയുണ്ടാകില്ലെന്നാണ് കേന്ദ്ര നിലപാട്. പ്രത്യേകഭരണപ്രദേശം എന്ന കുക്കികളുടെ ആവശ്യം അംഗീകരിച്ചാൽ ഇതേ ആവശ്യം ഉന്നയിക്കുന്ന മറ്റു പ്രദേശങ്ങളുടെ കാര്യവും പരിഗണിക്കേണ്ടിവരും. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ അനുസരിച്ച് സ്വയംഭരണ കൗൺസിൽ കുക്കികൾക്ക് അനുവദിക്കുന്ന കാര്യം കേന്ദ്ര പരിഗണനയിലുണ്ട്. സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ട കുക്കി തീവ്രസംഘടനകൾ സ്വയംഭരണാധികാരത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. 

കുക്കികളെ വേട്ടയാടി; മുറിവ് കലാപമായി

160ൽ ഏറെപ്പേർ കൊല്ലപ്പെട്ട, അരലക്ഷത്തിലധികം പേരെ ബാധിച്ച മണിപ്പുരിലെ വംശീയകലാപം ചുരുക്കത്തിൽ

∙ സർക്കാർ നടപടി: ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ അധികാരമേറ്റശേഷം കുക്കികൾക്കെതിരെ നിലപാട് ശക്തമാക്കി. വനനിയമ ലംഘനങ്ങൾക്കും അനധികൃത കുടിയേറ്റത്തിനും എതിരെ കർശനനടപടി. വനം കയ്യേറിയെന്ന് ആരോപിച്ച് അനേകം കുക്കി ഗോത്രഗ്രാമങ്ങൾ ഇടിച്ചുനിരത്തി. മ്യാൻമറിലെ കലാപത്തിൽനിന്നു ജീവൻ രക്ഷിക്കാൻ അതിർത്തി കടന്നവരെ തടങ്കലിലാക്കി. കുക്കി കുന്നുകളിലുണ്ടായിരുന്ന പോപ്പി കൃഷി  നശിപ്പിച്ചു. ഗോത്രവിഭാഗക്കാരുടെ അവകാശത്തിലുള്ള  കയ്യേറ്റമാണിതെന്നു കുക്കി ഗോത്രങ്ങൾ. പോപ്പി കർഷകരെ മാത്രം വേട്ടയാടിയ സർക്കാർ, കൃഷിക്കു പണം ഇറക്കുകയും രാജ്യാന്തര വിപണിയിൽ ഇതു വിറ്റഴിക്കുകയും ചെയ്യുന്ന മെയ്തെയ്കൾ ഉൾപ്പെടെയുള്ള  വിഭാഗങ്ങളിലെ ധനാഢ്യരെ തൊട്ടില്ലെന്ന് ആരോപണം. 

poster
ഇന്ത്യ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയ്ക്കു സമീപത്തെ ചുമരെഴുത്ത്. പ്രത്യേക ഭരണപ്രദേശം വേണമെന്നാണ് കുക്കികളുടെ ആവശ്യം.

∙ കുടിയേറ്റക്കാരെന്ന് പ്രചാരണം: തലമുറകളായി സംസ്ഥാനത്തു താമസിക്കുന്നവരുൾപ്പെടെ എല്ലാ കുക്കികളും അനധികൃത കുടിയേറ്റക്കാരാണെന്ന വ്യാപകപ്രചാരണം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.  മണിപ്പുരിന്റെ പൈതൃകം വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് തീവ്ര മെയ്തെയ് സംഘടനകളുടെ പ്രചാരണം. മെയ്തെയ് ലിപുൺ, ആരംഭായ് തെംഗോൽ തുടങ്ങിയ സംഘടനകൾ ആയുധപരിശീലനം ആരംഭിച്ചു. 

∙ കലാപം തുടങ്ങിയ മേയ് 3: മെയ്തെയ്കളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടതിനെതിരെ കുക്കികളുടെയും ഗോത്രവർഗക്കാരുടെയും നേതൃത്വത്തിൽ മാർച്ച്. ഇതിന് അനുമതി നൽകരുതെന്നു കലക്ടർമാരോടു സർക്കാർ. ചുരാചന്ദ്പുരിലെ മാർച്ചിനു ശേഷം മെയ്തെയ് വീടുകൾക്കും കടകൾക്കും നേരെ ആക്രമണം.

വൈകുന്നേരത്തോടെ ഇംഫാലിൽ തിരിച്ചടി. കുക്കി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടു. ഒട്ടേറെപ്പേരെ കൊന്നൊടുക്കി. പൊലീസിന്റെ ആയുധപ്പുര തുറന്ന് നാലായിരത്തിൽപരം തോക്കുകളും അഞ്ചു ലക്ഷം വെടിയുണ്ടകളും മെയ്തെയ്കൾക്കു കൈമാറി. കുക്കികളും ആക്രമണം തുടങ്ങി; മെയ്തെയ്കൾ  കൊല്ലപ്പെട്ടു.

∙ ആളിപ്പടർന്ന മേയ് 4: കലാപം കൂടുതൽ ആളിക്കത്തി. ചുരാചന്ദ്പുർ മെഡിക്കൽ കോളജിലെ മെയ്തെയ് നഴ്സുമാരെയും വനിതാ ഡോക്ടർമാരെയും കുക്കികൾ ബലാത്സംഗം ചെയ്തതായി വ്യാജപ്രചരണം. ഇംഫാൽ താഴ്‌വരയിൽ കുക്കി പെൺകുട്ടികളെ ബലാത്സംഗം ചെയ്തു. ചിലരെ ചുട്ടുകൊന്നു. 200ൽ പരം ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കപ്പെട്ടു

∙ കളമൊരുക്കി പൊലീസ്: കലാപത്തിന്റെ ആദ്യ മൂന്നു ദിവസങ്ങളിൽ പൊലീസ് പ്രതികരിച്ചില്ല. നഗരത്തിൽ നിന്നുപോലും കൂട്ടനിലവിളി ഉയർന്നപ്പോൾ ഫോൺ പോലും എടുത്തില്ല. സർക്കാർ സ്പോൺസർ ചെയ്ത അക്രമമെന്നു കുക്കികൾ. ഇംഫാൽ താഴ്‌വരയിൽനിന്നു കുക്കികൾ പലായനം ചെയ്തു. മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർവരെ നാടുവിട്ടു.

∙ ആക്രമണം കടുത്ത മേയ് രണ്ടാം വാരം: കുക്കികൾ ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്‌നൗപാൽ തുടങ്ങിയ ജില്ലകളിലേക്കും സംസ്ഥാനത്തിനു പുറത്തേക്കും മാറി. മെയ്തെയ്കൾ ഇംഫാൽ വാലിയിലേക്കു മടങ്ങി. ഇരുകൂട്ടരും വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചു. അതിർത്തികളിൽ  ഇരുവിഭാഗവും ബങ്കറുകൾ സ്ഥാപിച്ചു ‘യുദ്ധം’ തുടങ്ങി. പരസ്പര ആക്രമണത്തിൽ ഒട്ടേറെ മരണം. മണിപ്പുർ പൊലീസ് മെയ്തെയ്കൾക്കൊപ്പം. കുക്കികൾക്കു നേരെയുള്ള ആക്രമണം ചെറുത്ത് അസം റൈഫിൾസ്. 

∙ ഒടുവിൽ കേന്ദ്ര ഇടപെടൽ: കുക്കി വംശജനായ ഡിജിപിയെ കേന്ദ്രം മാറ്റി, പ്രത്യേക സുരക്ഷാ ഉപദേഷ്ടാവിനെ നിയോഗിച്ചു. കലാപം തുടങ്ങി ആഴ്ചകൾക്കു ശേഷം അമിത് ഷാ കുക്കി- മെയ്തെയ് മേഖലകൾ സന്ദർശിച്ചു. ഏതാനും കേസുകൾ സിബിഐക്കു വിട്ടു. ഗവർണറുടെ നേതൃത്വത്തിൽ സമാധാനസമിതി രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കുക്കികൾ ബഹിഷ്കരിച്ചു. രണ്ടു കുക്കി വനിതകളെ നഗ്നരാക്കി നടത്തിയ വിഡിയോ ലോകത്തെ നടുക്കി. പ്രധാനമന്ത്രി ആദ്യമായി മണിപ്പുർ വിഷയത്തിൽ പ്രതികരിച്ചു.

∙ രാഹുലിന്റെ യാത്ര, രാജിനാടകം: സംസ്ഥാനത്തു സ്നേഹയാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മെയ്തെയ്, കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തി. ഗവർണറെക്കണ്ട് രാജി സമർപ്പിക്കാൻ പുറപ്പെട്ട  മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാഹനം തടഞ്ഞ മെയ്തെയ് സ്ത്രീകൾ രാജിക്കത്ത് കീറിക്കളഞ്ഞു. ഇതു നാടകമെന്ന് പ്രതിപക്ഷം ആരോപിച്ചു. 

‘മെയ്തെയ്കളുടേതാണ് മണിപ്പുർ; കുക്കികൾ വിരുന്നുകാർ’

മെയ്തെയ്കളാണ് മണിപ്പുരിലെ ആദിമജനതയെന്നും കുക്കികൾ പുറത്തുനിന്നു വന്നവരാണെന്നും തീവ്ര മെയ്തെയ് സംഘടനയായ മെയ്തെയ് ലിപുണിന്റെ തലവൻ പ്രമോദ് സിങ്. മ്യാൻമർ അതിർത്തി കടന്നെത്തുന്ന കുക്കികൾ മെയ്തെയ്കളെ അവരുടെ ഭൂമിയിൽനിന്നു പുറത്താക്കുകയാണെന്ന് അദ്ദേഹം മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുടിയേറ്റക്കാരായ കുക്കികൾക്കു പ്രത്യേക ഭരണപ്രദേശം അടക്കം ഒന്നിനും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

pramodh
പ്രമോദ് സിങ്

നൂറു വർഷം മുൻപാണ് കുക്കികൾ മണിപ്പുരിലെത്തിയത്. പിന്നീട് അതിർത്തി കടന്ന് ഒട്ടേറെപ്പേർ വന്നു. മെയ്തെയ്കൾ സ്വന്തം നാട്ടിൽ അഭയാർഥികളായി. ബ്രിട്ടിഷുകാർ കുക്കികളെ ഏഷ്യയിലെ പ്രശ്നങ്ങൾ തടയാൻ ഉപയോഗിച്ചു. അതുപോലെ, ചൈനയുടെ സ്വാധീനം മേഖലയിൽനിന്ന് ഒഴിവാക്കാൻ കുക്കികളെ ഇന്ത്യൻ പട്ടാളവും ഉപയോഗിക്കുകയാണെന്നു പ്രമോദ് ആരോപിച്ചു.

ചർച്ചകളും പട്ടാളവും പരാജയപ്പെട്ടതുകൊണ്ടാണ് മെയ്തെയ്കൾ ആയുധം കയ്യിലെടുത്തത്. മെയ്തെയ് ലിപുണിന്റെ 1000 പേരെങ്കിലും ആയുധപരിശീലനം നേടിയവരാണ്. കലാപത്തിൽ സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടന്നിട്ടുണ്ട് എന്നതു സത്യമാണ്. ആദ്യമായി പോരാട്ടത്തിൽ ഏർപ്പെട്ടവരുടെ പരിചയക്കുറവാണ് അതിനു കാരണം. സ്ത്രീകൾക്കെതിരെയുള്ള അക്രമം മെയ്തെയ് സംസ്കാരത്തിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബിരേൻ സിങ് മണിപ്പുരികളുടെ കണ്ണ് തുറപ്പിച്ചു. വനം കയ്യേറ്റം, പോപ്പി കൃഷി, അനധികൃത കുടിയേറ്റം എന്നിവയ്ക്കെതിരെ അദ്ദേഹം നടപടിയെടുത്തപ്പോൾ പരിഭ്രാന്തരായി കുക്കികൾ ആക്രമണത്തിനു പദ്ധതിയിടുകയായിരുന്നെന്നും പ്രമോദ് പറഞ്ഞു. തീവ്ര മെയ്തെയ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രമോദ് സിങ്ങിനു വൻ അനുയായി സംഘമുണ്ട്. മുഖ്യമന്ത്രി ബിരേൻ സിങ് പോലും അദ്ദേഹത്തിന്റെ ഉപദേശം തേടുന്നു. സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കിയെന്ന് ആരോപിച്ചു കുക്കികൾ പ്രമോദ് സിങ്ങിനെതിരെ കേസ് കൊടുത്തിട്ടുണ്ട്.

English Summary: Writeup about communal riots in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com