ADVERTISEMENT

∙മഹേഷ് നാരായണൻ: നമ്മുടെ സിനിമാ നിരൂപകർക്കു സ്പൂൺ ഫീഡിങ് വേണമെന്നു തോന്നുന്നു. എല്ലാവരും അവരുടെ പഴ്സനൽ തോട്സ് ആണ് റിവ്യൂ എന്ന പേരിൽ പങ്കുവയ്ക്കുന്നത്. അവർക്ക് അവരെ ഉത്തേജിപ്പിക്കുന്ന സിനിമകൾ വേണം. ഒരു ഫിലിം ക്രിട്ടിക് എന്നു വിളിക്കാവുന്ന എത്ര നിരൂപകർ നമുക്കുണ്ട്? വളരെ കുറച്ചുമാത്രം. 

 

∙ഡോ.കെ.പി.പൗലോസ്: വയോധികർക്കു ചെറുപ്പക്കാരെക്കാളും വിവേകവും തിരിച്ചറിവും വിരുതും പരിചയവും കൂടുതലുണ്ട്. ധിഷണാശക്തിയും പക്വതയുള്ള സർഗാത്മകമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അവർക്കു കൂടുതലാണെന്നു ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരിൽ മസ്തിഷ്കത്തിലെ ഒരു അധീശാർധഗോളം മാത്രം പ്രവർത്തിക്കുമ്പോൾ വയോധികരിൽ ഒത്തൊരുമിച്ചു രണ്ടു ഗോളങ്ങളും പ്രവർത്തിക്കുന്നതുകൊണ്ടാണിത്. വയോധികർ വീട്ടിലിരിക്കേണ്ടവരാണെന്ന ചിന്ത നമ്മുടെ സമൂഹത്തിൽനിന്നു മാറണം. 

 

∙കെ.ഇ.എൻ.കുഞ്ഞഹമ്മദ്: മതങ്ങൾ തമ്മിൽ ഇന്ത്യയിൽ ഒരു പ്രശ്നവുമില്ല. ഗോത്രവിഭാഗങ്ങൾ തമ്മിലും പ്രശ്നമില്ല. ഇവിടെ പ്രശ്നമുണ്ടാക്കുന്നത് കൃത്യമായ രാഷ്ട്രീയ അജൻഡയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ നവഫാഷിസ്റ്റുകളാണ്. 

 

∙ കെ.ജയകുമാർ: സർക്കാരുകൾ ജനക്ഷേമ പരിപാടികളിൽ നേരിട്ട് ഇടപെടുന്നത് എന്തോ വലിയ അപരാധമാണെന്ന മട്ടിലുള്ള പ്രചാരണത്തിന് ഇന്നു കുറവില്ല. സാധുക്കൾക്കു സൗജന്യമായി ഭക്ഷ്യധാന്യമോ മറ്റോ നൽകുന്നതു മോശപ്പെട്ട സാമ്പത്തിക ശാസ്ത്രമാണെന്നു പ്രചരിപ്പിക്കുന്നവർക്കാണ് ഇക്കാലത്തു മാധ്യമങ്ങളിൽ സ്ഥാനം. അവർക്കാണു ബുദ്ധിജീവി പരിവേഷവും.

 

∙ സത്യൻ അന്തിക്കാട്: ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എഴുതുമ്പോൾ ശ്രീനിവാസൻ പറഞ്ഞു: ഈ ഗൂർഖയ്ക്ക് ഇവിടെ നിൽക്കണമെങ്കിൽ കള്ളനെ പിടിക്കേണ്ടിവരും. അങ്ങനെയാണ് കള്ളനായിട്ടുള്ള വേഷമിട്ടു ശ്രീനിവാസൻ പിടിക്കപ്പെടുന്ന രംഗമുണ്ടാകുന്നത്. ആ സിറ്റ്വേഷൻ ജനിച്ചതിന്റെ അന്നു ഞാനും ശ്രീനിവാസനും ചിരിച്ചതിന്റെ പകുതിയേ തിയറ്ററിൽ ആളുകൾ ചിരിച്ചിട്ടുള്ളൂ. എൻജോയ്മെന്റ് നമുക്കാദ്യം കിട്ടണം. അങ്ങനെ കിട്ടുന്ന ഏതു തമാശയിലും ജനം ചിരിച്ചോളും.

 

∙ ശ്രീനിവാസൻ: ഞാനും സത്യൻ അന്തിക്കാടും ചേർന്നൊരുക്കിയ സിനിമകളിലെ തമാശകളിലൂടെ പരിഹാസ്യരായെന്നു തോന്നിയപ്പോൾ പലരും ഞങ്ങൾക്കെതിരെ തിരിഞ്ഞു. ഊമക്കത്തുകളിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു. ഭീഷണിയുടെ സ്വരമായിരുന്നു പലതിനും. അതൊക്കെ വായിച്ച് ഞാനും സത്യനും ഒരുപാടു ചിരിച്ചു. ‘സന്ദേശം’ ഇറങ്ങിയപ്പോഴാണ് കൂടുതൽ കത്തുകൾ ലഭിച്ചത്. ‘നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങൾ വാങ്ങിത്തന്നതാടാ’ എന്നുവരെ എഴുതിയവരുണ്ട്.

 

∙ മധു: തൊണ്ണൂറു വയസ്സുവരെയൊക്കെ ഈ ജീവിതം വേണമായിരുന്നോ എന്നു ചില നേരങ്ങളിൽ എനിക്കു തോന്നിയിട്ടുണ്ട്. സ്വന്തം കാര്യങ്ങൾ മറ്റൊരാളുടെ സഹായം കൂടാതെ ചെയ്യാനുള്ള ആരോഗ്യമുണ്ടെങ്കിൽ തൊണ്ണൂറല്ല, നൂറ്റിയിരുപതു വയസ്സുവരെ ജീവിക്കാം.

 

∙ ഉണ്ണി മേനോൻ: ഗായകർക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും എ.ആർ.റഹ്മാൻ വയ്ക്കാറില്ല. ഒരു പ്രശ്നം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും റെക്കോർഡ് ചെയ്യുന്നത് അർധരാത്രിയാണെന്നതാണ്. അർധരാത്രിയാവുമ്പോൾ ഒരു ശല്യവുമുണ്ടാകില്ല എന്നതാണ് അദ്ദേഹത്തിന്റെ ന്യായം.

 

∙ ആർ.കെ.ദാമോദരൻ: ഫ്രണ്ട് സ് സിനിമയിലെ പാട്ടെഴുത്താണ് ജീവിതത്തിൽ ഏറ്റവും വിഷമിപ്പിച്ചത്. 62 തവണ പല്ലവിയെഴുതിയിട്ടും സംവിധായകനു ബോധിച്ചില്ല. വീട് പെയിന്റ് ചെയ്യുമ്പോൾ പണിക്കാർ പാടുന്നതാണു സീൻ. അതിനു യോജിക്കുന്ന വരികളാകണം. ഒന്നും ശരിയാകാതെ സുല്ലിട്ട് വീട്ടിലെത്തി കുളിക്കുമ്പോഴാണ് പൊങ്കൽക്കാലമാണല്ലോ എന്നോർത്തത്. ഈണത്തിന് അനുസരിച്ച് അറിയാതെ രണ്ടു വരി മനസ്സിൽ വന്നു. ‘തങ്കക്കിനാപ്പൊങ്കൽ..’’ സിദ്ദിഖ് ഡബിൾ ഒകെ പറഞ്ഞതോടെ ഒരു ഹിറ്റ് പിറന്നു.

 

∙ താഹ മാടായി: വിനോദവ്യവസായങ്ങളുടെ കാലത്ത് ദുഃഖങ്ങൾക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സ് മാത്രം. കാലവും ലോകവും മനുഷ്യരെ ‘ചിരിക്കുന്ന മൃഗങ്ങൾ’ എന്നു നിർവചിച്ചുകൊണ്ടിരിക്കുന്നു. എത്രയോ ദിവസം ഉറക്കം നഷ്ടപ്പെടുത്തേണ്ട ഓർമകളുണ്ടാകുമ്പോഴും തൊട്ടടുത്ത നിമിഷം, ചിരിക്കുന്ന മൃഗമായി റീലുകൾ നോക്കി നാം ചിരിക്കുന്നു. 

 

∙ ജയരാജ്: സംവിധായകൻ ഭരതൻ സിനിമയുടെ സർവകലാശാല തന്നെയായിരുന്നു. സംഗീതവും വർണക്കൂട്ടുകളും നിറച്ച സിനിമാജീവിതം. അവസാന ചിത്രമായ ‘ചുര’ത്തിന്റെ പേരിനൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘മനുഷ്യന്റെ മടക്കയാത്ര എന്നും പ്രകൃതിയിലേക്കാണ്’. അറംപറ്റിയ വാക്കുകൾ. പ്രകൃതിയുടെ അസാധാരണമായ നിറക്കൂട്ടിലേക്ക് അധികം വൈകാതെതന്നെ അദ്ദേഹം മടങ്ങുകയായിരുന്നു.

 

∙ ടി.പി.ശാസ്തമംഗലം: മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ മലയാള ഗാനരചനയുടെ ജനയിതാവ് പി.ഭാസ്കരനാണ്.  മലയാള ഗാനസാഹിത്യത്തെ ഹിന്ദിയുടെയും തമിഴിന്റെയും പിടിയിൽനിന്നു മോചിപ്പിച്ചെടുത്ത ആദ്യത്തെ ആചാര്യനാണ് അദ്ദേഹം. മലയാളികളുടെ മനസ്സിലും പാട്ടിലും നിലാവിന്റെ ഭംഗിയും കുളിർമയും നിറച്ചുകൊണ്ടാണ് അദ്ദേഹം കടന്നുവന്നത്.

English Summary: vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com