ADVERTISEMENT

ഇന്ത്യയിൽ റബർ നിയമം നടപ്പാക്കിയതിന്റെയും അതുവഴി ഇന്ത്യൻ റബർ ബോർഡ് രൂപീകൃതമായതിന്റെയും പ്ലാറ്റിനം ജൂബിലി ഇക്കഴിഞ്ഞ ഏപ്രിലിലാണു നാം ആഘോഷിച്ചത്. കേരളത്തിലെ ലക്ഷക്കണക്കിനു റബർ കർഷകർക്കു പുതിയ ആത്മവിശ്വാസവും നവസ്വപ്നങ്ങളും ആ ആഘോഷവേള സമ്മാനിച്ചു. കഴിഞ്ഞവർഷം ജനുവരിയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച റബർ (പ്രമോഷൻ ആൻഡ് ഡവലപ്മെന്റ്) കരടുബിൽ (2022) പരിഷ്കരിക്കാനുള്ള നീക്കവും ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം അവതരിപ്പിച്ച പുതിയ കരടുബിൽ ആ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചുവെന്ന നിരാശയിലാണ് കർഷകർ ഇപ്പോൾ. റബർ ബോർഡിന്റെ പ്രസക്തിതന്നെ കുറയ്ക്കുന്നതാണ് ഈ ബിൽ എന്നും വിലയിരുത്തപ്പെടുന്നു. 

സംസ്ഥാനത്തു റബർക്കൃഷി വർധിക്കുന്നതായുള്ള റബർ ബോർഡിന്റെ പഠനറിപ്പോർട്ട് മുന്നിൽവച്ചുവേണം ഇപ്പോഴത്തെ ആശങ്കകളെ വിലയിരുത്താൻ. 2005ൽ 4,99,127 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന റബർക്കൃഷി 2020ൽ 5,84,492 ഹെക്ടറിലേക്കു വ്യാപിച്ചു. കേരളത്തിന്റെ ഭൂവിസ്തൃതിയിൽ 15.3% റബർ മരങ്ങളാണ്; സംസ്ഥാനത്തെ കൃഷിഭൂമിയുടെ 22.6%. ഈ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ റബ‍‍ർക്കൃഷിയുടെ 66 ശതമാനവും റബർ ഉൽപാദനത്തിന്റെ 71 ശതമാനവും കേരളത്തിലാണെന്നതിൽ നാം അഭിമാനം കെ‍‍ാള്ളുകയും ചെയ്യുന്നു. എന്നിട്ടും, കേരളത്തിലെ റബർക്കൃഷിയുടെയോ കർഷകരുടെയോ ശാക്തീകരണത്തിന് ഉതകുന്ന കാര്യങ്ങൾ പുതിയ ബില്ലിൽ ഇല്ലെന്നതു നിർഭാഗ്യകരവും അപലപനീയവുമാണ്. 

റബർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ റബർ ബോർഡ് സംവിധാനം കരടുബില്ലിൽ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അപാകതകൾ ഏറെയുണ്ടെന്നാണ് ആരോപണം. നിലവിൽ 20 അംഗങ്ങളുള്ള റബർ ബോർഡിൽ പുതിയ ബിൽ പ്രകാരം 30 അംഗങ്ങളാണ് ഉണ്ടാവുക. എന്നാൽ, കേരളത്തിൽനിന്നു നിലവിൽ എട്ട് അംഗങ്ങളുള്ളത് ആറായി കുറയുന്നു. ഇതു റബർ ബോർഡിന്റെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുകയും കേന്ദ്ര സർക്കാർ നിലപാടുകൾ ബോർഡിൽ അടിച്ചേൽപിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് ആരോപണം. 

ഉൽപാദനം, വിപണനം, പുതിയ കൃഷിരീതി, പരിശീലനം, മൂല്യവർധിത ഉൽപന്നങ്ങൾ കണ്ടെത്തുന്നതിനായുള്ള സഹായം, സാമ്പത്തികസഹായ വിതരണം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ കർഷകരുടെ അത്താണിയാണ് ദശാബ്ദങ്ങളായി റബർ ബോർഡ്. റബർ സംബന്ധിച്ച ഗവേഷണം നടത്തുന്നതോടൊപ്പം ഗവേഷണഫലം കൃഷിക്കാരിൽ എത്തിക്കുന്നതിനും സംവിധാനമുണ്ട്. ഇക്കാര്യങ്ങളെല്ലാം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുപകരം ബോർഡിനെ തളർത്തുന്ന ഒന്നും ഉണ്ടായിക്കൂടാ. 

രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ വലിയ പങ്കുണ്ട് റബറിന്. നമുക്കാവശ്യമായ റബറിന്റെ ഗണ്യമായ ഭാഗംതന്നെ ഇവിടെ ഉൽപാദിപ്പിക്കാൻ സഹായകമായ നടപടികളാണു വേണ്ടത്. കോവിഡ് അനന്തര ഇന്ത്യയിൽ റബർക്കൃഷി കൂടുതൽ പ്രധാനമാകുന്നത് റബർ ഉൽപാദന, വിപണന ശൃംഖല സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളിലൂടെയുമാണ്. ഈ സാധ്യതയും നന്നായി ഉപയോഗിക്കേണ്ടതുണ്ട്. 

വിലയിടിവും ഉൽപാദനം കുറയുന്ന സാഹചര്യവുമൊക്കെ കേരളത്തിലെ റബർ കർഷകരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. സഹനത്തിന്റെ പരിധി കണ്ട കർഷകരെ ഇനിയും പരീക്ഷിക്കാൻ സർക്കാർ തുനിയരുത്. വിവിധ പ്രതിസന്ധികൾ നേരിടുന്ന റബർ കർഷകർക്കു കൈത്താങ്ങു നൽകാൻ മറന്നുകൂടാ. കരടുബില്ലിലെ ആശങ്കകൾ പരിഹരിക്കാൻ നടപടിയുണ്ടാവുകയും വേണം. ആദായക്ഷമമാകുന്നതുവരെ പിടിച്ചുനിൽക്കാനുള്ള സഹായഹസ്തം നീട്ടുന്നതിനൊപ്പം ആദായത്തിലേക്കു തിരിച്ചെത്താനുള്ള സാഹചര്യം സൃഷ്ടിക്കുകകൂടി ചെയ്താൽ മാത്രമേ നമ്മുടെ റബർ‌ കർഷകർ ഇനിയുമേറെക്കാലം ഈ മേഖലയിലുണ്ടാവൂ. അതിനുപകരം, അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും ആശങ്കയുമല്ല അവർക്കു നൽകേണ്ടത്.

English Summary : Editorial about rubber farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com