ADVERTISEMENT

വരാനിരിക്കുന്നത് കടുത്ത വരൾച്ചയുടെ ദിനങ്ങളാവുമെന്ന മുന്നറിയിപ്പു കിട്ടിക്കഴിഞ്ഞു. ഈ സങ്കീർണ സാഹചര്യം നമ്മുടെ കർഷക സമൂഹത്തെയാകും മുഖ്യമായും വലയ്ക്കുക. സംഭരിച്ച കാർഷിക വിളകൾക്കുള്ള വിലയും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവുമെ‍ാക്കെ കുടിശികയാക്കി സർക്കാർ കടംപറയുന്നതു നിസ്സഹായതയോടെ കേട്ടുനിൽക്കുന്ന കർഷകരെ കാര്യമായി ഉലയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്. 

കേരളത്തിൽ ഈ മൺസൂണിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ 52 ശതമാനം മാത്രമാണ് ജൂൺ ഒന്നു മുതൽ ഇതുവരെ ലഭിച്ചത്. കേരളത്തിലെ ഭൂഗർഭജലനിരപ്പിനെ ഈ മഴനഷ്ടം വലിയതോതിൽ ബാധിക്കും. കിണറുകളിലെയും പുഴകളിലെയും ജലനിരപ്പ് താഴും. വെള്ളത്തിനു നാം നെട്ടോട്ടമോടേണ്ടിയുംവരും.  2016ലേതിനു സമാനമായ സാഹചര്യം 2023ലും വന്നേക്കുമെന്നാണു മുന്നറിയിപ്പ്. 

പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന ‘എൽനിനോ’ പ്രതിഭാസത്തിന്റെ സ്വാധീനവും തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രതീക്ഷിച്ചതിലും കുറവായതുമാണ് ഈ ഗുരുതര സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചതെന്ന് കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തുലാവർഷത്തിലും വലിയ പ്രതീക്ഷ വേണ്ട എന്നതാണു സാഹചര്യം.  ലഭിച്ച മഴയിൽ 48 ശതമാനത്തിന്റെ കുറവുണ്ടായതിനോളം തന്നെ ആശങ്കപ്പെടുത്തുന്നതാണ് വരുംനാളുകളിൽ നാം കാത്തിരിക്കുന്ന മഴ പ്രതീക്ഷിച്ചതിനെക്കാൾ കുറവായിരിക്കുമെന്ന വിലയിരുത്തലും. 

മഴ കുറഞ്ഞ വർഷങ്ങളിലെല്ലാം സംസ്ഥാനം നേരിട്ട വരൾച്ച കടുത്തതായിരുന്നു. എന്നാൽ, മൺസൂണിൽ മഴ കുറഞ്ഞാലും നവംബറിൽ പെയ്യാറുള്ള അതിതീവ്ര മഴയുടെ സഹായത്താൽ 90 ശതമാനം കിണറുകളിലും ജലനിരപ്പുയർന്ന അനുഭവവും നമുക്കുണ്ട്. എന്നാൽ, ഈ വർഷം നവംബറിലെ മഴയുടെ കാര്യത്തിലും കാര്യമായ പ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ സൂചനകൾ നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരൾച്ചയുടെ പിടിയിലമരുമെന്നാണ് സിഡബ്ല്യുആർഡിഎം നൽകുന്ന സൂചന. ആറു ജില്ലകളിൽ മഴയുടെ കുറവ് 50 ശതമാനത്തിലുമേറെയാണ്. നദികളിലെയും ഡാമുകളിലെയും ജലനിരപ്പിന്റെ നിലയും പ്രതീക്ഷ തരുന്നതല്ല. കേരളത്തിലെ മിക്ക നദികളിലെയും ജലനിരപ്പ് കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായിരുന്നതിലും രണ്ടു മീറ്ററിലേറെ വരെ താഴ്ന്നുകഴിഞ്ഞു. ഡാമുകളിൽ പലതിലും 50 ശതമാനത്തിൽ ‍താഴെയാണ് ജലസംഭരണം. 

ഈ സാഹചര്യത്തിൽ, ജലസാക്ഷരത ജീവിതദൗത്യവും മുദ്രാവാക്യവുമായി ഏറ്റെടുക്കാൻ നാടാകെ കൈകോർക്കേണ്ടതുണ്ട്. ലഭ്യമായ മഴവെള്ളം ലാഭിച്ചെടുത്തുവയ്ക്കണമെന്ന സന്ദേശം ഗൗരവത്തോടെയെടുക്കണം. 2018ലും പിറ്റേ വർഷവും അതിതീവ്രമായ പ്രളയം നേരിട്ട കേരളം അതിനു മുൻപു നാം നേരിടേണ്ടിവന്ന വരൾച്ചകളെ മറന്നുപോകുകയും വരൾച്ചയ്ക്കെതിരായി കൈക്കൊണ്ടിരുന്ന ജലസംരക്ഷണപ്രവർത്തനങ്ങളെ കൈവിട്ടുകളയുകയും ചെയ്തുവെന്നതാണു യാഥാർഥ്യം. മുഴുവൻ കെട്ടിടങ്ങളിൽനിന്നും പുരപ്പുറ ജലസംഭരണം നടക്കേണ്ടതുണ്ടെന്നും  അതേക്കുറിച്ച് ബോധവൽക്കരണം  ഉടനടി ഉണ്ടാകണമെന്നും സിഡബ്ല്യുആർഡിഎം ചൂണ്ടിക്കാണിക്കുന്നു.  ഉപേക്ഷിക്കപ്പെട്ട ക്വാറികൾ ജലസംഭരണികളാക്കിയും  ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിച്ചും സാഹചര്യം അനുകൂലമാക്കിയെടുക്കേണ്ടതുമുണ്ട്. 

കൊടുംവരൾച്ചയുടെ മുന്നറിയിപ്പുകൾ കണ്ടതോടെയാണ്, ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് എന്ന സന്ദേശം മുന്നിൽവച്ച് 2004ൽ മലയാള മനോരമ ‘പലതുള്ളി’ എന്ന പദ്ധതി കേരളത്തിനു സമർപ്പിച്ചത്.  ജലത്തിന്റെ മിതമായ ഉപയോഗം, ജലസ്രോതസ്സുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, പരിസ്ഥിതിസംരക്ഷണം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രവൃത്തിപഥത്തിലെത്തിക്കാനുമുള്ള ആ ജനകീയദൗത്യം ഇന്നു പുതിയ തുടർച്ചകൾ തേടുന്നുണ്ട്. കൂട്ടായ്‌മകളുടെ പല ജലവിജയകഥകളും ഇന്നു സംസ്‌ഥാനത്തിനു പറയാനുണ്ടുതാനും. ജലസംരക്ഷണത്തിനുവേണ്ടി സമഗ്രമായ കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സർക്കാരും തദ്ദേശസ്ഥാപനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.

വരൾച്ചയുടെ സൂചന മുന്നിൽക്കണ്ട് മിക്ക ജില്ലകളിലും കലക്ടർമാർ യോഗം വിളിച്ചുചേർത്ത് നടപടികൾ ആലോചിച്ചുതുടങ്ങിയിട്ടുണ്ട് എന്നതു നല്ലകാര്യം. സർക്കാർനടപടികൾ വേഗത്തിലും ആസൂത്രണത്തോടെയും യാഥാർഥ്യമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

English Summary : Editorial about water conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com