ADVERTISEMENT

∙ഇന്ദ്രൻസ്: പണ്ടൊക്കെ ഷൂട്ടിങ്ങിനു പോകുമ്പോൾ അടുത്തുള്ള വീട്ടിൽപോയി മാനേജർമാർ സംസാരിക്കും. ഇവിടെ ആർട്ടിസ്റ്റുകൾ വന്നിരുന്നോട്ടെ എന്ന്. അവർ സന്തോഷത്തോടെ സഹകരിക്കും. ഇന്ന് അതിൽ നിന്നൊക്കെ മാറി കാരവനായി. ഒരു കൂട്ടിലടച്ച്, ഇടയ്ക്കിടെ വന്ന് ഭക്ഷണം തള്ളിത്തരുക എന്നു പറയുമ്പോൾ പട്ടിക്കൂട്ടിൽ നമ്മെ അടച്ചിടുന്നപോലെയാണ് എനിക്കു തോന്നുക.

 

∙വൈശാഖൻ: ‘നിന്നെ ഞാൻ താങ്ങാം, നീ എന്നെ താങ്ങ്’ എന്ന രീതിയിലുള്ള പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. എഴുത്തുകാരൻ ഉയരേണ്ടതായ സാംസ്കാരികമായ ഉയരമുണ്ട്. ആ ഉയരത്തിലേക്ക് പലരും എത്തുന്നില്ല. പലരും സെൽഫ് പ്രമോഷന്റെ ആളുകളായി മാറിയിരിക്കുന്നു. ലജ്ജാകരമാകും വിധമുള്ള സെൽഫ് പ്രമോഷൻ ആണ് നടക്കുന്നത്.

 

∙പി.ജയചന്ദ്രൻ: കുറച്ചുകാലമായി ഈ വിശേഷണം (ഭാവഗായകൻ) എന്റെ പേരിനൊപ്പം സഞ്ചരിക്കുന്നു. പി. ഭാസ്കരൻ മാസ്റ്ററാണ് അങ്ങനെ വിശേഷിപ്പിച്ചത്. എന്നെ ഭാവഗായകനെന്നു വിളിക്കുന്നവരോടു ഞാൻ പറയും- ഞാനൊരു പാവഗായകനാണ്. പാവം ഗായകൻ എന്ന അർഥത്തിൽ.

 

∙ആദിത്യവർമ: രാജഭരണം ഇല്ലാതായെങ്കിലും രാജകുടുംബം നിലനിൽക്കുന്നുണ്ട്. ഞങ്ങൾ ഇതുവരെ ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമായിട്ടില്ല. എല്ലാ പാർട്ടിക്കാരോടും തുല്യബഹുമാനമാണ് കാത്തുസൂക്ഷിക്കുന്നത്. കൂടുതൽ താൽപര്യമെടുക്കുന്നത് ക്ഷേത്രകാര്യങ്ങളിൽ മാത്രമാണ്. എന്തിനാണ് ഞങ്ങളെ സൈബറിടത്തിൽ ആക്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

 

∙കെ.വിജയകുമാർ (വീരപ്പൻ ദൗത്യസംഘം തലവൻ):

 ഒറ്റ വാചകത്തിൽ പറഞ്ഞാൽ മനുഷ്യന്റെ മസ്തിഷ്കവും വന്യമൃഗത്തിന്റെ സ്വഭാവവുമുള്ള ഒരു ജീവിയായിരുന്നു വീരപ്പൻ. കാട്ടിലാണ് ജനിച്ചതും ജീവിച്ചതും. ജന്മനാ വേട്ടക്കാരൻ. വീരപ്പൻ വലുതായപ്പോൾ കഴിവുകളും വളർന്നു. ഒരു കാര്യം ഞാൻ ഉറപ്പിച്ചുപറയും- തന്ത്രങ്ങളുടെ രാജാവായിരുന്നു വീരപ്പൻ.

 

∙സേതു: എന്നെക്കാൾ കഴിവ് എന്റെ പേരക്കുട്ടിക്ക് ഉണ്ടെന്നാണ് എന്റെ അഭിപ്രായം. അവർ ജനിച്ചുവളർന്ന സാഹചര്യം അത്രമേൽ വികസിച്ച ഒന്നാണ്. ഞാൻ ഡിഗ്രി കഴിയുന്ന വർഷമാണ് എന്റെ ഗ്രാമത്തിൽ വൈദ്യുതി എത്തിയത്. ഇന്നത്തെ തലമുറ 5 മിനിറ്റുപോലും ഇന്റർനെറ്റില്ലാതെ നിൽക്കുമോ? അതിനാൽ താരതമ്യം അനാവശ്യമാണ്.

 

കെ.വേണു: സിപിഎമ്മിൽ നിന്നിരുന്നെങ്കിൽ നിങ്ങൾ ഇന്ന് എവിടെ എത്തേണ്ട ആളായിരുന്നു എന്നൊക്കെ എന്റെ കൂടെയുള്ളവരൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ ഞാൻ കരുതുന്നില്ല. എനിക്കതിനു കഴിയില്ല; അതുപോലത്തെ ഒരു പാർട്ടിയുടെ തലപ്പത്ത് പ്രധാന ആളായിട്ട് അധികം നാൾ തുടരാൻ.

 

∙ഗ്രേസി: മലയാളത്തിലെ ഏറ്റവും മികച്ച നോവലായ ‘സുന്ദരികളും സുന്ദരൻമാരും’ നമുക്ക് സമ്മാനിച്ചത് ഉറൂബാണ്. ഉമ്മാച്ചുവിനെപ്പോലൊരു പടപ്പിനെ മലയാള സാഹിത്യത്തിൽ മറ്റെവിടെയും കണ്ടെത്താനാവില്ല. എന്നിട്ടും മലയാളത്തിലെ വായനക്കാർ ഉറൂബിനെ മറവിയുടെ ഇരുട്ടിൽ നിർത്തിയിരിക്കുന്നത് എന്തുകൊണ്ടാവാം?

 

∙മങ്കൊമ്പ് ഗോപാലകൃഷ്ണൻ: ഒരു ചായക്കട തുടങ്ങുന്നതിന് ചായ അടിച്ച് പരിചയമുള്ള ആളെ തേടും. കോടിക്കണക്കിന് മുതൽമുടക്കുള്ള സിനിമ സംവിധാനം ചെയ്യാൻ പരിചയമില്ലാത്തവരെ ഏൽപിക്കും. അങ്ങനെ ഏൽപിക്കുന്ന വരെയാണ് തല്ലേണ്ടത്. ഇന്ന് സംവിധായകരാണ് നിർമാതാക്കളെ കണ്ടെത്തുന്നത്.

 

∙ജോയ് മാത്യു: മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കി തൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരൻമാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുകു കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ  നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.

English Summary: vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com