ADVERTISEMENT

സിംബാബ്‌വെയുടെ ഏറ്റവും വലിയ ക്രിക്കറ്റ് താരങ്ങളിലൊരാളാണു ഹീത്ത് സ്ട്രീക്ക്. തൊണ്ണൂറുകളിലെ ക്രിക്കറ്റ് ആരാധകർ മറക്കാത്ത താരം. ഏതാനും ദിവസം മുൻപ് പെട്ടെന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വിവരം പരന്നതു നമ്മളിൽ പലരും ശ്രദ്ധിച്ചിരിക്കുമല്ലോ. സിംബാബ്‌വെയുടെ മറ്റൊരു ഇതിഹാസതാരം ഹെൻറി ഒലോങ്കയാണ് വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതേറ്റുപിടിച്ച്, ലോകമെങ്ങുമുള്ള താരങ്ങളും ആരാധകരും ആദരാഞ്ജലികൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. നമ്മുടെ വീരേന്ദർ സേവാഗും ആർ.അശ്വിനും വി.വി.എസ് ലക്ഷ്മണുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചില മാധ്യമങ്ങളും മരണം വാർത്തയാക്കി. തൊട്ടുപിന്നാലെ, ഒലോങ്ക തന്നെ തെറ്റുതിരുത്തിയതോടെ മരണവാർത്ത വിശ്വസിച്ചവരെല്ലാം വെട്ടിലായി. സാക്ഷാൽ ഹീത്ത് സ്ട്രീക്ക് തന്നെ ഒലോങ്കയോട് വാട്‌സാപ്പിൽ പറഞ്ഞു, 'സഹോ, ഞാൻ മരിച്ചിട്ടില്ല.' ഒലോങ്ക കയ്യോടെ പോസ്റ്റ് പിൻവലിച്ച് പുതിയ പോസ്റ്റിട്ടു - ‘സ്ട്രീക്കുമായി ഞാൻ ഇപ്പോൾ സംസാരിച്ചു. തേഡ് അംപയർ അദ്ദേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നു.’ അപ്പോൾ പിന്നെ, സ്ട്രീക്കിന്റെ മരണമെന്ന വ്യാജവിവരം എങ്ങനെ സൃഷ്ടിക്കപ്പെട്ടു? കാൻസർ ബാധിതനായ സ്ട്രീക്ക് ഈ മേയ് മാസം മുതൽ ചികിത്സയിലാണ്. ആശുപത്രിയിൽനിന്നു വീട്ടിലെത്തിയതേയുള്ളൂ. ഈ സാഹചര്യമെല്ലാംവച്ച് ആരോ തൊടുത്തുവിട്ടതാണ് മരണവിവരം. അതു വേണ്ടരീതിയിൽ പരിശോധിക്കാതെ ഒലോങ്ക പോസ്റ്റ് ചെയ്തു. മറ്റുള്ളവരും വേറെ അന്വേഷണത്തിനൊന്നും പോയില്ല. അങ്ങനെ വാർത്ത പ്രചരിച്ചു.

പ്രമുഖരുടെ വ്യാജ മരണവാർത്ത ഇത്തരത്തിൽ പുറത്തുവരുന്നത് പുതുമയല്ല. ഏറ്റവും കൂടുതൽ തവണ വ്യാജ മരണവാർത്തയുണ്ടായത് എലിസബത്ത് രാജ്ഞിയുടെ പേരിലാണെന്നു പറയാറുണ്ട്. കഴിഞ്ഞവർഷം 96-ാം വയസ്സിൽ അവർ യഥാർഥത്തിൽ മരിക്കും മുൻപു പലവട്ടം വ്യാജവാർത്ത വന്നു. അതിലൊന്നിന്റെ കാരണം രസകരവുമാണ്. രാജ്ഞി മരിച്ചാൽ നൽകേണ്ട വാർത്തകളും മറ്റും മാധ്യമങ്ങൾ മുൻകൂർ തയാറാക്കി വച്ചിരുന്നു. മരണം സ്ഥിരീകരിച്ചാൽ വാർത്തകൾ എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടതെന്നു റിഹേഴ്‌സൽ പോലും ചില മാധ്യമങ്ങൾ നടത്തി. ഇങ്ങനെ ചെയ്തപ്പോൾ ബിബിസിയുടെ ഒരു ലേഖകന് ഒരബദ്ധം പിണഞ്ഞു. മരിക്കുമ്പോൾ പോസ്റ്റ് ചെയ്യേണ്ട കുറിപ്പ് അദ്ദേഹം ‘റിഹേഴ്‌സൽ’ നടത്തുമ്പോൾ അറിയാതെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഒരു കാരണവശാലും പുറത്തുപോകരുതെന്നു കർശനനിർദേശമുണ്ടായിരുന്നെങ്കിലും ലേഖകന് അബദ്ധം പിണയുകയായിരുന്നു. ഇതു വലിയ വിവാദമാവുകയും ചെയ്തു.

ബീറ്റിൽസ് എന്ന ഇതിഹാസ മ്യൂസിക് ബാൻഡിലെ ഏറ്റവും പ്രശസ്ത ഗായകരിലൊരാളായിരുന്നു പോൾ മക്കാർട്ടിനി. അദ്ദേഹം ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വ്യാജവാർത്ത 1960കളുടെ മധ്യത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. മരിച്ചു പോയ പോളിനു പകരം അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള ഒരാളെ വച്ചാണ് ബീറ്റിൽസ് ഇപ്പോൾ പാടുന്നതെന്നൊക്കെ കഥകൾ കാട്ടുതീ പോലെ പ്രചരിച്ചു. ഏതോ കോളജ് ക്യാംപസിൽനിന്നു പൊട്ടിപ്പുറപ്പെട്ട കഥയായിരുന്നു ഈ മരണവാർത്തയെന്നാണു പറയുന്നത്. പ്രശസ്തമായ ടൈം മാഗസിൻ 2019ൽ ലോകത്തെ ഏറ്റവും വലിയ 10 ഗൂഢാലോചന സിദ്ധാന്തങ്ങൾ (Conspiracy theories) തിരഞ്ഞെടുത്തപ്പോൾ അതിലൊന്ന് 'Paul is Dead' ആയിരുന്നു. 

English Summary: vireal about fake news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com