ADVERTISEMENT

ഉൽക്കമഴ കാണാൻ ഉറക്കം കളഞ്ഞു കാത്തിരുന്നവരെപ്പറ്റിയുള്ള ട്രോളുകളായിരുന്നു കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിലെ താരം. എല്ലാ വർഷവും സംഭവിക്കുന്ന പഴ്സീഡ് എന്ന പ്രതിഭാസം കാത്തിരുന്നവരെ മേഘാവൃതമായ കാലാവസ്ഥ നിരാശപ്പെടുത്തി. എന്നാൽ, അവയിൽ ഏതെങ്കിലും ഒരു ഉൽക്ക കത്തിത്തീരാതെ ഭൂമിയിൽ പതിച്ചാൽ എന്തു സംഭവിക്കുമായിരുന്നെന്നു ചിന്തിച്ചിട്ടുണ്ടോ? 2013ൽ റഷ്യയിലെ ചെല്യബിൻസ്കിൽ ഇത്തരത്തിൽ ഒരു ഉൽക്ക വീണു. 10–15 മീറ്റർ മാത്രം വലുപ്പം. ആളപായമുണ്ടായില്ല. എന്നാൽ, ആ ചെറിയ പാറക്കഷണത്തിന്റെ വീഴ്ചയുടെ ആഘാതത്തിൽ ആ പ്രദേശത്തെ കെട്ടിടങ്ങളുടെ ഗ്ലാസ് ജനാലകൾ തകർന്ന് ആയിരത്തോളം പേർക്കു പരുക്കേറ്റു. ഗ്ലാസ് കെട്ടിടങ്ങൾ തകർന്നു. ഉൽക്കയുടെയും ഛിന്നഗ്രഹത്തിന്റെയും സഞ്ചാരം ഭൂമിക്ക് ഉണ്ടാക്കാവുന്ന ഭീഷണികൾ സംബന്ധിച്ച പഠനം ഊർജിതമാക്കാൻ ലോകരാഷ്ട്രങ്ങൾ തീരുമാനിച്ചത് ഈ സംഭവത്തിനു ശേഷമാണ്. 

ഉൽക്ക, ഛിന്നഗ്രഹം എന്നിങ്ങനെ രണ്ടുതരം ഭീഷണികളാണു ഭൂമിക്കു ബഹിരാകാശത്തു നിന്നുള്ളത്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഉൽ‌ക്കയുടെ സഞ്ചാരവും വേഗവും അപകടങ്ങൾക്കു കാരണമാകുന്നു. ഇവ സ്പേസ്ഷിപ്, സാറ്റലൈറ്റ്് എന്നിവയെ ഇടിച്ചുതകർക്കാൻ സാധിക്കുന്നവയാണ്. ബഹിരാകാശ സഞ്ചാരികൾക്കും ഇവമൂലം അപകടം സംഭവിക്കാം. 

ഭൂമിയിൽ വലിയ അപകടങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവയാണ് ഛിന്നഗ്രഹങ്ങളെന്നു പഠനം തെളിയിക്കുന്നു. 6.6 കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹത്തിന്റെ പതനത്തിലൂടെയാണ് ദിനോസറുകൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായതെന്നു ശാസ്ത്രീയമായി തെളിയിച്ചതാണ്. ഏകദേശം 10 കിലോമീറ്റർ വലുപ്പമുള്ള ഛിന്നഗ്രഹമാണ് അന്നു ഭൂമിയിൽ പതിച്ചത്. 10 കിലോമീറ്റർ വലുപ്പം എന്നത് ഛിന്നഗ്രഹങ്ങളുടെ കാര്യത്തിൽ അത്ര വലുതല്ല. 1908ൽ റഷ്യയിലെ ടുംഗുസ്ക നദിയോടു ചേർന്നുള്ള വനപ്രദേശത്തു ഛിന്നഗ്രഹം പതിച്ചപ്പോൾ 2150 ചതുരശ്ര കിലോമീറ്ററിനുള്ളിലെ എട്ടു കോടി മരങ്ങൾ കത്തിനശിച്ചു. ടുംഗുസ്ക ഇവന്റ് എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. സെക്കൻഡിൽ 27 കിലോമീറ്റർ വേഗത്തിലാണ് ഛിന്നഗ്രഹം അന്നു ഭൂമിയിൽ പതിച്ചത്. ഇത്രയും വേഗത്തിൽ സഞ്ചരിക്കുന്ന വസ്തു അന്തരീക്ഷവായുവുമായി ഘർഷണം സംഭവിച്ച് കൂടുതൽ അപകടകാരിയായി മാറും. 

ashwin
ഡോ.അശ്വിൻ ശേഖർ

ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുന്നത് 100 വർഷത്തിൽ ഒരിക്കൽ സംഭവിച്ചേക്കാവുന്ന കാര്യമാണ്. എന്നാൽ, ഉൽക്ക 10 വർഷം കൂടുമ്പോൾ ഒരു തവണ ഭൂമിയിൽ പതിക്കാറുണ്ടെന്നു പഠനം പറയുന്നു. ഇവയിൽ ഭൂരിഭാഗവും കടലിലോ മരുഭൂമിയിലോ ആണു വീഴുന്നത്. ഇവയിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഉൽക്ക, ഛിന്നഗ്രഹം എന്നിവയുടെ വീഴ്ചയിലൂടെ ഭൂമിക്ക് അപകടം സംഭവിക്കാം എന്നു തന്നെയാണ്.

വ്യാഴം, ചൊവ്വ ഗ്രഹങ്ങൾക്കിടയിലുള്ള ആസ്റ്ററോയിഡ് ബെൽറ്റിലാണ് ഉൽക്കകളുടെയും ഛിന്നഗ്രഹങ്ങളുടെയും സ്ഥാനം. ഭ്രമണപഥങ്ങളിലെ സഞ്ചാരത്തിനിടെ പല കാരണങ്ങളാൽ ഇവ ഭൂമിയിലേക്കു പതിക്കാറുണ്ട്. വ്യാഴത്തിന്റെ ഗുരുത്വാകർഷണത്തിലൂടെ സ്ഥിരം സ്ഥാനം മാറുന്നതാണ് ഉൽക്കകൾ ഭൂമിയുടെ നേർക്കു വരാനുള്ള പ്രധാന കാരണം. 2013ൽ റഷ്യയിലെ ഉൽക്കവീഴ്ചയ്ക്കു പിന്നാലെ ഇവയുടെ വരവു മുൻകൂട്ടി കണ്ടു ഭൂമിയിൽ പതിക്കുന്നതു തടയാനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമം ലോകരാഷ്ട്രങ്ങൾ തുടങ്ങി. ഡബിൾ ആസ്റ്ററോയിഡ് റീഡയറക്‌ഷൻ ടെസ്റ്റ് (ഡാർട്) എന്ന രീതിയിലൂടെ നാസ ഇതിന് ഉത്തരം കണ്ടെത്തി. ഭൂമിയിലേക്കു പതിക്കുമെന്നു തോന്നുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തി സ്പേസ്ഷിപ് ഉപയോഗിച്ചു കൂട്ടിയിടിപ്പിക്കും. അങ്ങനെ ഛിന്നഗ്രഹങ്ങളുടെ സ്ഥാനം മാറുകയും ഭൂമിയിൽനിന്ന് അകലേക്കു പോകുകയും ചെയ്യും.  2021–2022 വർഷങ്ങളിലായി നടത്തിയ ഡാർട് പരീക്ഷണം 100% വിജയമായിരുന്നു. എന്നാൽ, ബഹിരാകാശത്തുനിന്നു ഭൂമിയിലേക്കു പതിക്കാവുന്ന ചെറിയ വസ്തുക്കളുടെ വരവു തിരിച്ചറിയുന്ന കണ്ടുപിടിത്തങ്ങൾ നാം നടത്തിയിട്ടില്ല. 

ഉൽക്ക, ഛിന്നഗ്രഹം എന്നിവ ഭൂമിയിൽ പതിക്കുന്നതിനു വർഷങ്ങൾക്കു മുൻപു കണ്ടെത്തിയാൽ മാത്രമേ അവ തടയാൻ സാധിക്കൂ. ഇവയ്ക്കായുള്ള പഠനം നടക്കുകയാണ്. ഛിന്നഗ്രഹ വീഴ്ചയ്ക്ക് ഒരു ഗ്രഹത്തെ തന്നെ നശിപ്പിക്കാൻ സാധിക്കുന്നതിനാൽ എല്ലാ രാജ്യങ്ങളും ഈ വിഷയത്തിൽ കൂട്ടായ്മയോടെയാണ് പ്രവർത്തിക്കുന്നത്. ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ഭൂമിയിലേക്കു പതിക്കുന്നതിൽനിന്നു ഛിന്നഗ്രങ്ങളെ തടയാനുള്ള മാർഗങ്ങൾ നാം കണ്ടെത്തും എന്നു പ്രതീക്ഷിക്കാം. 

2029 ഏപ്രിലിൽ അപ്പോർഫിസ് എന്ന ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടെ കടന്നുപോകുമെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഭൂമിയിൽ പതിക്കില്ലെന്നു നിലവിൽ ഉറപ്പാണ്. 2036ലും അപ്പോർഫിസ് ഭൂമിക്ക് അരികിലെത്തും. 2029ൽ ഭൂമിയുടെ ഗുരുത്വാകർഷണം അപ്പോർഫിസിന്റെ ഗതിതിരിച്ചു വിടുന്നതിനാൽ 2036ൽ കുറച്ചുകൂടി അകലെയായിട്ടാവും ഇതെത്തുക. കഴിഞ്ഞ ദിവസത്തെ ഉൽക്കമഴ കാണാൻ സാധിക്കാത്തവർ വിഷമിക്കേണ്ട. ഡിസംബർ 14,15 തീയതികളിൽ ജെമിനിഡ്സ് ഉൽക്കമഴ ഇന്ത്യയിൽ ദൃശ്യമാണ്. ഡിസംബറിൽ ആകാശത്തു കൂടുതൽ തെളിച്ചമുള്ളതിനാൽ ഉൽക്കമഴ കാണാനുള്ള സാധ്യതയും കൂടുതലാണ്. 

russia
2013ൽ റഷ്യയിലെ ചെല്യബിൻസ്കിൽ പതിച്ച ഉൽക്കയുടെ അവശിഷ്ടം

ഛിന്നഗ്രഹങ്ങളും ഉൽക്കകളും

സൂര്യനെച്ചുറ്റുന്ന വലിയ പാറകളാണ് ഛിന്നഗ്രഹങ്ങൾ. ഛിന്നഗ്രഹമോ വാൽനക്ഷത്രമോ അവശേഷിപ്പിച്ച ചെറുകഷണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കയറി കത്തിജ്വലിക്കുന്നതാണ് ഉൽക്കകൾ.

(ഉൽക്ക ശാസ്ത്രജഞനായ ലേഖകൻ ഫ്രഞ്ച് സർക്കാരിനു കീഴിലുള്ള പാരിസ് ഒബ്സർവേറ്ററിയിൽ ഗവേഷകനാണ്)

English Summary: writeup about meteor shower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com