ADVERTISEMENT

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻതന്നെയാണ്. അങ്ങനെയെങ്കിൽ, യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വൻ‌വിജയം സർക്കാരിനു ജനം കെ‍ാടുത്ത കനത്ത പ്രഹരമല്ലേ ? 

കേരളത്തെയാകെ ചൂടുപിടിപ്പിച്ച ഈ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ ജയത്തിൽ രണ്ടു മുഖ്യപാഠങ്ങളാണുള്ളത്: അധികാര ധാർഷ്ട്യത്തിനു ജനം ഉറച്ച മറുപടി നൽകുമെന്ന പാഠം സിപിഎമ്മിനും ഏക മനസ്സോടെ ഇടർച്ചകളില്ലാതെ മുന്നോട്ടുനീങ്ങിയാൽ വിജയത്തിന്റെ വാതിൽ തുറക്കുമെന്ന പാഠം കോൺഗ്രസിനും.  

ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പറഞ്ഞതുപോലെ സഹതാപതരംഗമെന്നുപറഞ്ഞ് ചെറുതാക്കിക്കാണാവുന്ന വിജയമല്ലിത്. തങ്ങൾക്കുണ്ടായ വൻതോൽവിയെ സിപിഎം നേതാക്കൾ എങ്ങനെയെ‍ാക്കെ കഴുകിവെളുപ്പിച്ചാലും സത്യം അതല്ലെന്നു കേരളത്തിനറിയാം. ധാർഷ്ട്യവും നിഷേധാത്മകതയും മുഖമുദ്രതന്നെയാക്കിയ സർക്കാരിനോടുള്ള വോട്ടർമാരുടെ എതിർപ്പും പ്രതിഷേധവും അതിനുള്ള പ്രഹരവുമെ‍ാക്കെയാണ് പാർട്ടിയുടെ ദയനീയ പരാജയത്തിൽനിന്നു വായിച്ചെടുക്കേണ്ടത്.

അഴിമതിയുടെ വ്യാപ്തി എത്രയായാലും പാർട്ടി ലേബലെ‍ാട്ടിച്ചാൽ ന്യായമാകുമെന്ന വൃഥാബോധ്യമാണ് സിപിഎമ്മിനെ നയിക്കുന്നതെന്നു കരുതണം. അഴിമതിയും സ്വജനപക്ഷപാതവും ഇഷ്ടക്കാർക്കുള്ള പിൻവാതിൽനിയമനവും കൈവിട്ട ധൂർത്തും ഏറ്റവുമെ‍ാടുവിലായി മാസപ്പടിവിവാദവുമെ‍ാക്കെ ജനത്തിന്റെ മനസ്സിലുണ്ടെന്ന വസ്തുതയുടെ കരുത്താർന്ന പ്രഖ്യാപനംകൂടിയാവുന്നു പുതുപ്പള്ളി ഫലം. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരകളുടെ കുടുംബങ്ങളോടൊപ്പം നിൽക്കാതെ പ്രതികളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ കച്ചകെട്ടിയിറങ്ങുകയും കരുവന്നൂർ സഹകരണ ബാങ്കിനെ കട്ടുതകർത്ത് കീശ വീർപ്പിക്കുന്നവരോടെ‍ാപ്പം നിലകെ‍ാള്ളുകയും ചെയ്യുന്ന ഭരണകൂടത്തെ എക്കാലവും ജനങ്ങൾ തുണയ്ക്കുമെന്നാണോ സിപിഎം കരുതുന്നത് ? മനുഷ്യപ്പറ്റില്ലാത്ത സർക്കാരിനെ പാഠം പഠിപ്പിക്കുകതന്നെയാണ് പുതുപ്പള്ളി. 

തുടർഭരണത്തിന്റെ കരുത്തിൽ, ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാർഷ്ട്യത്തിനു കിട്ടിയ തിരിച്ചടിയെന്ന നിലയിൽക്കൂടി ശ്രദ്ധേയമാകുന്നു പുതുപ്പള്ളി ഫലം. ഗൗരവമുള്ള ഏത് ആരോപണമുയർന്നാലും, സംശയമുന തനിക്കു നേരെയാണ് ഉയരുന്നതെങ്കിൽപോലും മൗനംകെ‍ാണ്ടു സദാ അവഗണിച്ചുപോരുന്ന മുഖ്യമന്ത്രിയോടുള്ള പ്രതിഷേധംകൂടിയായി ഈ ഫലത്തെ വായിച്ചെടുക്കാം. ചോദ്യം ചെയ്യുന്നവർക്കെതിരെയുള്ള പ്രതികാരനടപടികളോടുള്ള എതിർപ്പും വോട്ടിങ് യന്ത്രത്തിൽ പ്രതിഫലിച്ചിട്ടുണ്ടാകും. ജനാധിപത്യമര്യാദയ്ക്കു നിരക്കാത്ത കാര്യങ്ങളാണു കുറച്ചുകാലമായി കേരളത്തിനു കാണേണ്ടിവരുന്നത്. ഇതിലെ‍ാക്കെയും ഏകാധിപത്യത്തിന്റെയും അധികാരമുഷ്ക്കിന്റെയും ഇടപെടലുകൾ കണ്ടെടുക്കാം. രണ്ടാം പിണറായി സർക്കാർ ഇനിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെന്ന സിപിഎമ്മിന്റെതന്നെ അഭിപ്രായവും വോട്ടർമാരുടെ മനസ്സിലുണ്ടാവും. 

മൂന്നു തവണയാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയത്. അദ്ദേഹവും മന്ത്രിമാരും എംഎൽഎമാരും സകല ഭരണസംവിധാനങ്ങളും പാർട്ടിയുടെ എല്ലാ ശക്തിയും ഉപയോഗിച്ചിട്ടും പുതുപ്പള്ളി കൈവിട്ടതിന് മുഖ്യകാരണം, ആ മണ്ഡലത്തെ 53 വർഷം ജീവനായി കെ‍‍ാണ്ടുനടന്ന ഉമ്മൻ ചാണ്ടി ബാക്കിവച്ചുപോയ അടിസ്ഥാനമൂല്യങ്ങൾതന്നെയാണ്. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരോടും അദ്ദേഹം പുലർത്തിയ കരുതൽ ജനങ്ങൾ മറന്നുപോകുമെന്നു കരുതിയവർക്കാണു തെറ്റിയത്. സോളർ കേസിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള കഠിനമായ താക്കീതും ഈ വിധിയിലുണ്ട്. ചാണ്ടി ഉമ്മന്റെ സഹോദരിക്കെതിരെയുണ്ടായ സിപിഎം സൈബർ ആക്രമണവും തിരിച്ചടിച്ചു.

ചിട്ടയോടെ കൈകോർത്തുള്ള പ്രവർത്തനമുണ്ടെങ്കിൽ വിജയത്തിന്റെ വാതിൽ തുറക്കുമെന്നുള്ള പാഠം കോൺഗ്രസിനു നൽകുന്നുണ്ട്, പുതുപ്പള്ളി ഫലം. തൃക്കാക്കരയിലും പിന്നാലെ പുതുപ്പള്ളിയിലും നേടിയ വൻവിജയത്തിനു പിന്നിൽ കെപിസിസിയുടെയും യുഡിഎഫിന്റെയും ഏകോപിതവും പ്രായോഗികവുമായ പ്രചാരണത്തിനു വലിയ പങ്കുണ്ടെന്നതിൽ സംശയമില്ല. വരുംതിരഞ്ഞെടുപ്പുകളിൽ അവർക്ക് ഈ മാതൃക എത്രത്തോളം പുലർത്താനാവുമെന്നതാണു ഗൗരവമുള്ള ചോദ്യം. ബിജെപിക്കുണ്ടായ വലിയ ആഘാതമാകട്ടെ, ആ പാർട്ടിയെ കാര്യമായി ഉലയ്ക്കുന്നതുമാണ്.

വലിയ വിജയം വലിയ ഉത്തരവാദിത്തമാണു നൽകുന്നത്. സ്നേഹവും കരുതലും വഴിവെട്ടമാക്കിയ ഒരു ജനപ്രതിനിധിയുടെ തുടർച്ചയാണെന്നുള്ള ബോധ്യം പുതിയ എംഎൽഎ ചാണ്ടി ഉമ്മനെ നയിക്കട്ടെ.

English Summary : Editorial about Puthuppally election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com