ADVERTISEMENT

സംസ്ഥാനത്ത് ഓട്ടത്തിനിടെ കാർ കത്തുന്നത് അപൂർവസംഭവമല്ലാതായിരിക്കുന്നു. കാറിൽനിന്നു പുക ഉയരുമ്പോൾ തന്നെയോ തീപിടിത്തം ഉണ്ടായ ഉടനെയോ യാത്രക്കാർക്കു പുറത്തിറങ്ങാൻ പറ്റിയതിനാൽ ആളപായം ഉണ്ടായില്ലെന്നു മാത്രം. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 2ന് കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം കാറിനു തീപിടിച്ച് പൂർണ ഗർഭിണിക്കും ഭർത്താവിനും ജീവൻ നഷ്ടപ്പെട്ടിരുന്നു. മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത് (35), ഭാര്യ കെ.കെ.റീഷ (25) എന്നിവരാണു മരിച്ചത്.

അപകടം ആവർത്തിക്കാൻ കാരണമെന്ത്? വില കുറഞ്ഞതോ പഴക്കം ചെന്നതോ ആയ കാറുകളാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നതെന്നാണ് വിവിധ ജില്ലകളിൽനിന്നുള്ള റിപ്പോർട്ടുകൾ.

നിയമം ലംഘിച്ച് രൂപമാറ്റം വരുത്തുന്നതും കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യാത്തതും കാലാവധി കഴിഞ്ഞ ബാറ്ററി ഉപയോഗിക്കുന്നതുമാണു മിക്ക തീപിടിത്തങ്ങൾക്കും കാരണമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ദീർഘദൂരം ഓടുന്ന വാഹനങ്ങളിൽ എൻജിനൊപ്പം ടയറുകളും ചൂടാകും. ഇതും കാരണമാകാം. വാഹനത്തിലിരുന്നുള്ള പുകവലിയും അപകടകാരണമായിട്ടുണ്ട്. യാത്രികർക്കു ഗുരുതരമായി പരുക്കേറ്റാൽ മാത്രമേ മോട്ടർ വാഹന വകുപ്പ് വിദഗ്ധ പരിശോധന നടത്താറുള്ളൂ. അല്ലെങ്കിൽ ഇൻഷുറൻസിനായി പൊലീസ് കേസെടുത്തു നടപടിക്രമം അവസാനിപ്പിക്കും.  

 

വാഹനങ്ങൾക്ക് തീപിടിച്ചാൽ... 

 

ഉടൻ വാഹനം നിർത്തി എൻജിൻ ഓഫ് ആക്കണം. 

വയറുകൾ ഉരുകിയാൽ ഡോർ തുറക്കാൻ പറ്റാതെ കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകാം. സീറ്റ് ബെൽറ്റിന്റെ ബക്കിളും ഹെഡ് റെസ്റ്റും ഉപയോഗിച്ചു വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കണം. 

ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിൽ സൂക്ഷിക്കുന്നതു ശീലമാക്കുക. വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ സീറ്റിൽ കിടന്ന് വശങ്ങളിലെ ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കാൻ ശ്രമിക്കാം.

യാത്രക്കാർ പുറത്തിറങ്ങിയാൽ ആദ്യം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കണം. 

ചെറിയ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ചില വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളിലും ഇതു സൂക്ഷിക്കുന്നതു നന്ന്.

തീ നിയന്ത്രണാതീതമായാൽ വാഹനത്തിന്റെ സമീപത്തു നിന്നു മാറണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. 

 

പരിഹാര മാർഗങ്ങൾ

 

കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യുക. ഓയിൽ ലീക്കേജ് ഉണ്ടോ എന്നു പരിശോധിക്കുന്നതും ഇടയ്ക്കിടെ ബോണറ്റ് തുറന്നു നോക്കുന്നതും ശീലമാക്കുക. എൻജിൻ കംപാർട്മെന്റ് വൃത്തിയാക്കി സൂക്ഷിക്കണം.

കൃത്യമായ ഇടവേളകളിൽ ഇന്ധന ലൈനുകളിൽ പരിശോധന നടത്തണം.

നിർമാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള പാർട്സുകൾ ഉപയോഗിക്കണം, അനാവശ്യ രൂപമാറ്റങ്ങൾ ഒഴിവാക്കണം.

ഇന്ധനക്കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.

വാണിങ് ലാംപുകളും മീറ്ററുകളും നിരീക്ഷിക്കണം, കൃത്യമായ ഇടവേളകളിൽ കൂളന്റും എൻജിൻ ഓയിലും മാറ്റണം.

വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിലെ കുടിവെള്ള കുപ്പികൾ ലെൻസ് പോലെ പ്രവർത്തിച്ച് (പ്രിസം ഇഫക്ട്) സീറ്റ് അപ്പോൾസ്റ്ററി പ്ലാസ്റ്റിക് ഭാഗങ്ങളും തീപിടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കുടിവെള്ള കുപ്പികൾ ഡാഷ് ബോർഡിൽ വയ്ക്കരുത്. 

വാഹനത്തിനുള്ളിൽ ഇന്ധനം, തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സാനിറ്റൈസറുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കരുത്.

സീറ്റുകളും മറ്റും തീപിടിത്തം ചെറുക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണു നിർമിച്ചിട്ടുള്ളത്. റെക്സിൻ, പോളിയസ്റ്റർ കവറുകൾ തീ ആളിപ്പിടിക്കുന്നതിനു കാരണമാകാം. ഇവ ഒഴിവാക്കണം.

 

വില്ലനായി അംബ്രോസിയ വണ്ടുകളും

 

വാഹനങ്ങൾ തീ പിടിക്കുന്നതിന് ‘ഏഷ്യൻ അംബ്രോസിയ’ എന്ന ഇനത്തിലുള്ള വണ്ടുകളും (അംബ്രോസിയ ബീറ്റിൽസ്‌) കാരണമാകുന്നതായി തൃശൂർ പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രം (കെഎഫ്ആർഐ). വാഹനങ്ങളുടെ ഇന്ധന ടാങ്കിലേക്കുള്ള റബർ പൈപ്പുകളിൽ വണ്ടുകൾ ഉണ്ടാക്കുന്ന ദ്വാരത്തിലൂടെ ഇന്ധനച്ചോർച്ചയുണ്ടായി തീപിടിത്തം ഉണ്ടാകുന്നെന്നാണു നിഗമനം. 

പരിസ്ഥിതി പ്രശ്നം ലഘൂകരിക്കാൻ പെട്രോളിൽ 10 ശതമാനം എഥനോൾ ചേർത്താണ്‌ വിൽപനയ്ക്ക് എത്തിക്കുന്നത്‌. ഈ എഥനോളാണ് അംബ്രോസിയ വണ്ടുകളെ ആകർഷിക്കുന്നത്. കണ്ണൂർ, വയനാട്, ആലപ്പുഴ ജില്ലകളിൽ നടത്തിയ സർവേയിൽ ഇന്ധന, എയർ പൈപ്പുകളിൽ രണ്ടു മില്ലിമീറ്റർ വലുപ്പമുള്ള ദ്വാരമുണ്ടാക്കുന്നത് അംബ്രോസിയ വണ്ടാണെന്നു സ്ഥിരീകരിച്ചു. ഒരു വർഷത്തിനിടെ 150 വാഹനങ്ങൾക്ക് ഇത്തരത്തിൽ കേടുണ്ടായെന്നും സർവേയിൽ കണ്ടെത്തി. 

 

തീപിടിത്തം പഠിക്കാൻ സമിതി

 

വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതു പഠിക്കാൻ സംസ്ഥാന സർക്കാർ ഫൊറൻസിക് സമിതി രൂപീകരിച്ചിരുന്നു. റോഡ് സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതി ഒക്ടോബറിൽ റിപ്പോർട്ട് നൽകണം. 

പാതിയിലേറെ സംഭവങ്ങളും ഇലക്ട്രിക് സർക്യൂട്ടിന്റെ പ്രശ്‌നങ്ങൾ മൂലമാണെന്നു യോഗം വിലയിരുത്തിയിരുന്നു. ‘ആൾട്ടറേഷൻ’ എന്ന പേരിൽ വാഹനങ്ങളിൽ നടത്തുന്ന അനധികൃത മാറ്റങ്ങളാണു പ്രധാന കാരണം. ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളും വയറുകളുമാണ് ഇതിന് ഉപയോഗിക്കുന്നതിലേറെയും. ഇത്തരം ജോലികൾ നടത്തുന്ന വർക്‌ഷോപ് ഉടമകളെ അപകടത്തിന്റെ ഉത്തരവാദികളായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. 

 

യൂസ്ഡ് കാറുകൾ വാങ്ങുമ്പോൾ...

 

തീപിടിത്തം ഉണ്ടാകുന്നതിനു വ്യക്തമായ കാരണം പലപ്പോഴും കണ്ടെത്താൻ കഴിയില്ല. ഷോർട്ട് സർക്യൂട്ട് മുതൽ അമിത ചൂടു വരെ കാരണമാകാറുണ്ട്. സുരക്ഷാകാര്യങ്ങളിൽ മുൻകരുതൽ ഇല്ലാത്തതാണ് അപകടങ്ങളുടെ വ്യാപ്തി വർധിക്കാൻ കാരണം. 

യൂസ്ഡ് കാറുകൾ ഭംഗിയും സഞ്ചരിച്ച കിലോമീറ്ററും മാത്രം നോക്കിയാണ് ആളുകൾ വാങ്ങുന്നത്. അവ അംഗീകൃത സർവീസ് സെന്ററുകളിൽ മാത്രം സർവീസ് ചെയ്തവയാണെന്ന് ഉറപ്പുവരുത്താറില്ല.

 

കത്തിനശിച്ചാൽ മുഴുവൻ തുകയും

 

ഇൻഷുറൻസിന്റെ കാര്യത്തിൽ, അപകടം എന്ന നിർവചനത്തിലാണ് തീപിടിത്തവും ഉൾപ്പെടുന്നത്. കാർ ഉപയോഗരഹിതമായാൽ മുഴുവൻ ഇൻഷുറൻസ് തുകയും കിട്ടാൻ വകുപ്പുണ്ട്. തീപിടിത്തമുണ്ടായ കാറിൽ ചെറിയ രൂപമാറ്റം നടത്തിയതിന്റെ പേരിൽ തുക തടയാറില്ല. പക്ഷേ, എൻജിൻ, ബോഡി, ഷാസി എന്നിവയിൽ മാറ്റം വരുത്തുന്ന സാഹചര്യത്തിൽ തുക നിഷേധിക്കാറുണ്ട്. കാറിൽ വരുത്തിയ രൂപമാറ്റം മൂലമുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെങ്കിലും ഇൻഷുറൻസ് തുക ലഭിക്കില്ല. 

പാക്കേജ് പോളിസി(ഫുൾ കവർ)യാണെങ്കിൽ തീപിടിത്തമുണ്ടായ കാറിലെ യാത്രക്കാരനു ചികിത്സാസഹായം  ലഭിക്കും.

 

കത്താനുള്ള പ്രധാന കാരണങ്ങൾ

 

∙ ഇന്ധനച്ചോർച്ച 

 

കാലപ്പഴക്കവും അറ്റകുറ്റപ്പണിയുടെ അഭാവവും ഇന്ധനപൈപ്പുകളിൽ ചോർച്ചയുണ്ടാക്കാം. എലി,വണ്ട് മുതലായവയുടെ ആക്രമണത്തിലും ഇതു സംഭവിക്കാം.  

കാറ്റലിസ്റ്റിക്‌ കൺവർട്ടർ (വിഷവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള സംവിധാനം) വാഹനത്തിന്റെ മധ്യഭാഗത്തു താഴെയായുണ്ട്. ഇതിലെ താപനില സാധാരണ 600 മുതൽ 750 ഡിഗ്രി സെൽഷ്യസ് വരെയാണ്. എന്നാൽ, ഈ കുഴൽ അടയുന്നതു കാരണമോ സ്പാർക്ക് പ്ലഗ്ഗിന്റെ തകരാർ നിമിത്തമോ ഭാഗികജ്വലനം നടന്ന് താപനില വളരെവേഗം ആയിരം ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരാം. ചെറിയ സുഷിരങ്ങളിൽ കൂടി പുറത്തുവരുന്ന ഇന്ധനം ഇവിടേക്കെത്തി തീപിടിത്തത്തിനു കാരണമാകാറുണ്ട്. ഡീസലിനെ അപേക്ഷിച്ചു പെട്രോളിനു പെട്ടെന്നു ബാഷ്പീകരണം സംഭവിക്കുന്നതിനാൽ കത്താൻ സാധ്യത കൂടുതലാണ്. ബ്രേക്ക്, സ്റ്റിയറിങ് തുടങ്ങിയവയിലെ ഫ്ലൂയിഡ് ചോരാനുള്ള സാധ്യതയുമുണ്ട്. ഫ്ലൂയിഡ് പെട്ടെന്നു തീപിടിത്തം ഉണ്ടാക്കില്ലെങ്കിലും തീ പടരുന്ന സാഹചര്യത്തിൽ ആളിക്കത്താൻ ഇടയാക്കും.

 

∙ വാതകച്ചോർച്ച

 

സിഎൻജി മുതലായ വാതകഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ചോർച്ച ഇല്ലെന്നുറപ്പാക്കാൻ അധികശ്രദ്ധ വേണം. സിഎൻജി കൺവേർഷൻ കിറ്റിലെ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണം. ഗ്യാസ് ടാങ്ക് 3 വർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റിനു വിധേയമാക്കണം. 15 വർഷം കഴിഞ്ഞാൽ മാറ്റണം. പലരും ഇതു ശ്രദ്ധിക്കാറില്ല.

 

∙ രൂപമാറ്റം വരുത്തൽ

 

55/60 വാട്സ് ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100–130 വാട്സ് ഹാലജൻ ബൾബുകൾ ഘടിപ്പിച്ചു റോഡിലിറങ്ങുന്നവർ തീ ക്ഷണിച്ചു വരുത്തുന്നു. കുറഞ്ഞ വോൾട്ടേജുള്ള ബൾബുകൾക്കായുള്ള കനം കുറഞ്ഞ വയറുകളിലും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണു 300 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകുന്ന ഇത്തരം ബൾബുകൾ ഘടിപ്പിക്കുന്നത്.  

പലപ്പോഴും ഇങ്ങനെയുള്ള തീപിടിത്തം ആരംഭിക്കുന്നതു ഹെഡ് ലൈറ്റിൽ നിന്നാണ്. കൂടുതൽ വോൾട്ടേജ് ആവശ്യമുള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും തീപിടിത്തത്തിനു കാരണമാകാം. ഇത്തരം മാറ്റങ്ങൾക്കു താഴ്ന്ന നിലവാരത്തിലുള്ള വയറുകളാണ് പലപ്പോഴും ഉപയോഗിക്കാറുള്ളത്. വാഹന നിർമാണ കമ്പനിയുടേതല്ലാത്ത വയറിങ്ങുകൾ അപകടകരമാണ്. 

 

∙ ഫ്യൂസുകൾ

 

വാഹന നിർമാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ ശേഷിയുള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകൾ, കമ്പി എന്നിവ മാറ്റുന്നതും തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു.

 

∙ ബാറ്ററിയുടെ പഴക്കം

 

പഴയതും തകരാറുള്ളതുമായ ബാറ്ററികൾ തീപിടിത്തത്തിനു കാരണമാകാറുണ്ട്. ചാർജിങ് സിസ്റ്റത്തിലെ തകരാർ നിമിത്തം ഓവർ ചാർജായി ഉൽപാദിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ വാതകം സ്ഫോടനത്തിനു കാരണമാകാം.

 

∙ കൂളിങ് സംവിധാനം

 

ചോർച്ചയോ മറ്റോ മൂലം ശീതീകരണ സംവിധാനത്തിലുണ്ടാകുന്ന തകരാറും ലൂബ്രിക്കേഷൻ സംവിധാനങ്ങളിലെ പ്രശ്നങ്ങളും എൻജിന്റെ താപനില കൂട്ടും. അതുമൂലം റബർ ഭാഗങ്ങൾ ഉരുകി തീപിടിക്കാം.

 

∙ കൂട്ടിയിടി, യന്ത്രത്തകരാർ

 

വാഹനങ്ങളുടെ കൂട്ടിയിടി മൂലം ഇന്ധനടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്കു നയിക്കാം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടമുണ്ടാകാം. 

 

∙ പാർക്കിങ് സ്ഥലം

 

മൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ ഉണങ്ങിയ പുല്ല് തട്ടി അഗ്നിബാധയ്ക്കു സാധ്യതയുണ്ട്. ചപ്പുചവറുകളും മറ്റും കൂടിക്കിടക്കുന്ന ഇടങ്ങളിലും നിർത്തിയിടുന്നത് ഒഴിവാക്കുക.

 

∙ തീപ്പെട്ടി / ലൈറ്റർ 

 

തീപ്പെട്ടിയോ ലൈറ്ററോ കത്തിച്ചു പിടിച്ച് എൻജിൻ കംപാർട്മെന്റോ ഫ്യുവൽ ടാങ്കോ ഫ്യുവൽ ലൈനുകളൊ പരിശോധിക്കുന്നത് അപകടകരമാണ്. 

 

വിവരങ്ങൾക്കു കടപ്പാട്: കെ.ജി. ദിലീപ്കുമാർ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, എസ്ആർടിഒ, പെരുമ്പാവൂർ

English Summary: If vehicles catch fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com