ADVERTISEMENT

വിവിധ പനികൾ ബാധിച്ചവരെക്കെ‍‍‍‍ാണ്ട് സംസ്ഥാനത്തെ ആശുപത്രികൾ നിറയുകയാണ്. പകർച്ചപ്പനികളുടെ വ്യാപനം തടയാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാകുന്നതിനോടെ‍ാപ്പംതന്നെ പ്രാധാന്യമുള്ളതാണ് പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സാസഹായവും. സാധാരണക്കാർക്ക് അത്താണിയാകുന്ന ആരോഗ്യപദ്ധതികളെ ജനകീയക്ഷേമം ആഗ്രഹിക്കുന്ന ഏതു സർക്കാരും സർവാത്മനാ പിന്താങ്ങാറുണ്ടെങ്കിലും പലപ്പോഴും പ്രവൃത്തിയിൽ അതു പ്രതിഫലിക്കുന്നില്ല എന്നതു സങ്കടകരമാണ്. സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്കു സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) പണമില്ലാത്തതിനാൽ വൻ പ്രതിസന്ധിയിലായതാണ് ഇക്കാര്യത്തിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 

സർക്കാരിന്റെ കരുതലും കരുണയുമാണു സാധാരണക്കാരായ രോഗികളുടെ എന്നത്തെയും പ്രതീക്ഷയെങ്കിലും അതിൽ നിഴൽവീഴ്ത്തുന്ന കാര്യങ്ങളാണിപ്പോൾ ഉണ്ടാവുന്നത്. കാരുണ്യ സുരക്ഷാപദ്ധതി കരുണയില്ലാതെ കെട്ടുപോകുമോ എന്ന ചോദ്യം ഉയർന്നുതുടങ്ങിയിരിക്കുന്നു. ഈ പദ്ധതിപ്രകാരം ചികിത്സ നൽകിയതിനു മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് 822.42 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്ക് 208.37 കോടിയും സർക്കാരിൽനിന്നു കിട്ടാതെ കുടിശികയായിരിക്കുന്നു. കഴിഞ്ഞദിവസം ഈ കണക്ക് നിയമസഭയിൽ പറയുമ്പോൾ ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ചാണ് ആശുപത്രികൾക്കു പണം അനുവദിക്കുന്നതെന്നുകൂടി ആരോഗ്യമന്ത്രി വീണാ ജോർജ് പറയുകയുണ്ടായി. ഇതുകേട്ട ഈ നാട്ടിലെ അതിസാധാരണക്കാർ പറയുന്നത് ഇതാണ്– ഇപ്പറഞ്ഞ ഫണ്ട് ലഭ്യത എപ്പോഴാവുമെന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്. 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കു കാരുണ്യ പദ്ധതിയുമായി തുടർന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ വ്യക്തമാക്കിക്കഴിഞ്ഞു. കുടിശിക എത്രയുംവേഗം തീർത്തില്ലെങ്കിൽ ഒക്ടോബർ ഒന്നു മുതൽ സ്വകാര്യ ആശുപത്രികൾ പദ്ധതിപ്രകാരമുള്ള ചികിത്സ നൽകില്ലെന്ന് അസോസിയേഷൻ പറഞ്ഞതു സർക്കാർ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. 

സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾക്കുമാത്രം 500 കോടിയിലേറെയാണ് കുടിശിക. മെഡിക്കൽ കോളജുകൾ അടക്കം സർക്കാർ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റും അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ഉപയോഗിക്കേണ്ട ഇംപ്ലാന്റുകളും വില കൂടിയ മരുന്നുകളും പുറത്തെ ഏജൻസികളിൽനിന്നാണു വാങ്ങുന്നത്. വൻതുക കുടിശികയായതോടെ, ഇനി മുൻകൂർ പണം കിട്ടാതെ സാധനങ്ങളും മരുന്നുകളും വിതരണം ചെയ്യില്ലെന്നു പല ഏജൻസികളും പറഞ്ഞിട്ടുണ്ട്. 

ഇപ്പോൾതന്നെ പല ആശുപത്രികളും സാധാരണക്കാർക്കുള്ള സൗജന്യചികിത്സ നാമമാത്രമാക്കിക്കഴിഞ്ഞു. നിരാലംബ രോഗികൾക്കു വലിയൊരു കൈത്താങ്ങായി, ചുവപ്പുനാടകളില്ലാതെ ആശുപത്രികൾക്കു തുക അനുവദിക്കുന്ന ഈ പദ്ധതി പ്രയോജനരഹിതമായിപ്പോകുമോ എന്ന സംശയം സംസ്ഥാനത്തെ ഒട്ടേറെ രോഗികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതിദരിദ്രരായ 62,000 കുടുംബങ്ങൾ ഉൾപ്പെടെയാണു ചികിത്സാ സൗജന്യമില്ലാതെ വലയുന്നതെന്നുകൂടി ഓർമിക്കാം.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, 2011ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണു ‘കാരുണ്യ’ ഭാഗ്യക്കുറി ആരംഭിച്ചത്. കേവലം ഭാഗ്യാന്വേഷണത്തിനപ്പുറത്ത് ലോട്ടറി ടിക്കറ്റിനു മാനുഷികതയുടെയും സന്മനസ്സിന്റെയും വലിയ അർഥങ്ങൾകൂടി നൽകിയ പദ്ധതിയായിരുന്നു അത്. അർബുദം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗചികിത്സകൾക്കു ലോട്ടറി ലാഭത്തിൽനിന്നുള്ള കാരുണ്യ ഫണ്ട് അനുവദിച്ചിരുന്നു. ഇതിനിടെ കാലാനുസൃതമായ പല മാറ്റങ്ങളും വന്നെങ്കിലും പഴയ പദ്ധതിയുടെ കാരുണ്യവഴി ഇപ്പോഴത്തെ പദ്ധതിയിലും കണ്ടെത്താം.  

സംസ്ഥാനത്തെ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാക്കിയ പദ്ധതിയാണിപ്പോൾ ദുരവസ്ഥ നേരിടുന്നത്. മണിക്കൂറിൽ ശരാശരി 180 രോഗികൾ (1 മിനിറ്റിൽ 3 രോഗികൾ) പദ്ധതി വഴി സഹായം തേടുന്നുവെന്നും 1667 ചികിത്സാ പാക്കേജുകൾ പദ്ധതിയിലുണ്ടെന്നുമെ‍ാക്കെ പെരുമ പറഞ്ഞിരുന്നതാണ് ഈ സർക്കാർ. പാവപ്പെട്ട രോഗികളോടുള്ള വാഗ്ദാനം ക്രൂരമായി ലംഘിക്കുന്നതിന് ഇപ്പോൾ എന്തു മറുപടിയാണു പറയാനുള്ളത്? എത്രയുംവേഗം, ആശുപത്രികൾക്കുള്ള കുടിശിക അനുവദിച്ച്, ചികിത്സാസഹായം സുഗമമാക്കി ഈ നാട്ടിലെ സാധാരണക്കാരോടുള്ള പ്രതിബദ്ധത സർക്കാർ തെളിയിക്കുകതന്നെ വേണം.

English Summary: Editorial about Dues in Karunya scheme 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com