ADVERTISEMENT

കോഴിക്കോട് ജില്ലയിലെ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നുവെന്ന സൂചന ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇതിനിടെ ഉയർന്നുവന്ന ചില ചോദ്യങ്ങൾ ഉത്തരം തേടുന്നുണ്ട്. സംസ്ഥാനത്ത് അഞ്ചു വർഷത്തിനുള്ളിൽ നാലാം തവണയുണ്ടായ നിപ്പ ബാധയെ പ്രതിരോധിക്കുന്നതിൽ നമുക്ക് മുന്നനുഭവങ്ങൾ എത്രമാത്രം തുണയാകുന്നു എന്ന ചോദ്യമാണ് അതിലേറ്റവും പ്രസക്തം.

ചില പകർച്ചവ്യാധികളുടെ കടന്നുവരവിനു പൂർണമായി തടയിടാൻ നമുക്കാകില്ലെങ്കിലും അനുഭവപാഠങ്ങളുടെ വെളിച്ചത്തിൽ പ്രതിരോധത്തിന്റെ ബലം കൂട്ടാൻ കഴിയുമെന്നതിൽ സംശയമില്ല. കോഴിക്കോട്ട് അതിന് എത്രത്തോളം നമുക്കു സാധിക്കുന്നു? രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കുക, അവരെ നിരീക്ഷണത്തിലാക്കുക, ആരോഗ്യപ്രവർത്തകരെ സജ്ജരാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇപ്പോൾ നമ്മൾ ചെയ്യുന്നുണ്ടെങ്കിലും അത് തുടങ്ങുന്നതിൽ അമാന്തം സംഭവിച്ചില്ലേ എന്ന സംശയം ബാക്കിനിൽക്കുന്നു. കോഴിക്കോട്ടുതന്നെ മൂന്നു തവണ നിപ്പ വൈറസ് ബാധയുണ്ടായിട്ടും ഇതെക്കുറിച്ച് ആഴത്തിൽ പഠിക്കാനും പ്രതിരോധമാർഗങ്ങൾ ചിട്ടപ്പെടുത്താനും നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന് എന്തുകൊണ്ടാണു കഴിയാത്തതെന്ന് ആരോഗ്യവിദഗ്ധർ ചോദിക്കുന്നുണ്ട്.

സംസ്ഥാനത്താദ്യമായി 2018ൽ കോഴിക്കോട്ട് നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ ഉണ്ടായിരുന്ന അവസ്ഥ അതേപടി ഇക്കുറി ആവർത്തിക്കുന്നുവെന്ന ആരോപണം അതീവഗൗരവമുള്ളതാണ്. അന്ന് നമുക്കു നിപ്പയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന ന്യായമുണ്ട്. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തുന്നതിലും രോഗവ്യാപനം തടയുന്നതിലും അന്നുണ്ടായ വീഴ്ച ഇത്തവണയുമുണ്ടായെന്നാണു പരാതി. രോഗം സ്ഥിരീകരിക്കുമ്പോഴേക്കും രണ്ടു രോഗികൾ മരിച്ചിരുന്നു. അന്നത്തെപ്പോലെ ആശുപത്രിയിൽനിന്നുതന്നെ രോഗം പടരുന്ന സാഹചര്യവുമുണ്ടായി. ആരോഗ്യപ്രവർത്തകനു രോഗം ബാധിക്കുകയും ചെയ്തു. കോഴിക്കോട് മേഖലയിൽ നിപ്പ വൈറസ് സാന്നിധ്യം ആവർത്തിക്കുന്നതിന്റെ കാരണം ഇപ്പോഴും നമുക്കറിയില്ല. വൈറസ് എങ്ങനെയാണ് ആദ്യ രോഗിയിലേക്ക് എത്തിയതെന്നും അറിയില്ല.

പാളിച്ചകളിൽനിന്നു പാഠം ഉൾക്കൊണ്ട് സ്ഥിരമായ പ്രതിരോധ നടപടികളെടുക്കുന്നതിൽ വിവിധ വകുപ്പുകൾക്കു വന്ന വീഴ്ചയാണ് കോഴിക്കോട് ജില്ലയെ വീണ്ടും നിപ്പ ഭീതിയിലേക്കു തള്ളിവിട്ടതെന്ന ആരോപണം ശക്തമാകുന്നു. മേയ് – സെപ്റ്റംബർ കാലയളവിലാണ് വവ്വാലുകളിൽനിന്ന് അപകടകാരികളായ വൈറസുകൾ പുറത്തുവരുന്നതെന്നു കണ്ടെത്തിയിട്ടും ഈ സമയത്ത് അതനുസരിച്ചുള്ള ജാഗ്രതാ നിർദേശം ആരോഗ്യപ്രവർത്തകർക്കുപോലും ലഭിച്ചില്ല എന്നു കരുതണം. പനിമരണങ്ങളിൽ നിപ്പയും ആദ്യമേതന്നെ സംശയിക്കേണ്ടതല്ലേ? അതുണ്ടായിരുന്നെങ്കിൽ രണ്ടാമതൊരാൾക്കു രോഗം വരാതെ തുടക്കത്തിലേ തടയാമായിരുന്നു. വവ്വാലുകളെ നിരീക്ഷിക്കുന്നതും പഠിക്കുന്നതും 2018 മുതലേ തുടർപ്രക്രിയ ആകേണ്ടതായിരുന്നു. എന്നാൽ, 2021ൽ ജില്ലയിലെ രണ്ടാം നിപ്പ ബാധ ഉണ്ടായശേഷം മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഒരു സാംപിൾ പോലും ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ഏകോപനത്തോടെയുള്ള ഒരു പഠനവും ഇക്കാര്യത്തിൽ നടത്തിയിട്ടുമില്ല.

വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഇതിനെ‍ാക്കെയും ആവശ്യം. കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച് ആറു ദിവസം പിന്നിടുമ്പോഴും സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാൻ ആരോഗ്യവകുപ്പിനു കഴിയുന്നില്ലെന്നു പരാതിയുണ്ട്. കോവിഡ് കാലങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം പ്രതിരോധ പ്രവർത്തനത്തിൽ പൊലീസിനെയും ഉൾപ്പെടുത്തിയിരുന്നെങ്കിൽ, ഇത്തവണ പൊലീസിനെ മാറ്റിനിർത്തുന്നുവെന്ന പരാതി ഉയർന്നുകഴിഞ്ഞു. ദേശീയ ആരോഗ്യദൗത്യവും (എൻഎച്ച്എം) ആരോഗ്യവകുപ്പും തമ്മിലുള്ള ഭിന്നതയും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.

സാംപിളുകളുടെ പരിശോധനാഫലം എത്ര വൈകുന്നുവോ അത്രയും അപകടമാണെന്ന് ഇനിയാരും നമുക്കു പറഞ്ഞുതരേണ്ട കാര്യമില്ല. വേഗത്തിൽ പരിശോധനാഫലം ലഭ്യമാക്കുന്ന ആധികാരിക ലാബ് സംവിധാനങ്ങൾ സ്ഥിരമായി കേരളത്തിലുണ്ടായേതീരൂ.

ഇത്തവണ നിപ്പ ബാധ സ്ഥിരീകരിച്ച വേളയിൽ തുടങ്ങിയതാണ് ആശയക്കുഴപ്പം. ഇതുപോലെ‍‍ാരു അടിയന്തര സാഹചര്യത്തിൽ വേറിട്ടുനിൽക്കേണ്ടവരല്ല കേന്ദ്രവും സംസ്ഥാനവും. ആരോപണങ്ങൾക്കുമുന്നിൽ അധികൃതർ കാണിക്കേണ്ടത് അസഹിഷ്ണുതയല്ല, വീഴ്ചകൾ പരിഹരിച്ച് കൈകോർത്തു മുന്നോട്ടുനീങ്ങുമെന്ന നിശ്ചയദാർഢ്യമാണ്.

English Summary: editorial about Nipah, failures may not be repeated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com