ADVERTISEMENT

രാജ്യത്തിന്റെ പരമോന്നത നിയമനിർമാണ സഭ പുതിയ മന്ദിരത്തിലേക്കു മാറിയതു പ്രതീക്ഷകളോടെ, ആശംസകളോടെ കണ്ടുനിൽക്കുകയാണു കാലം. ആത്മപരിശോധനയോടെ സ്വയം നവീകരിക്കാനും ജനാധിപത്യത്തിനുവേണ്ടി പുനസ്സമർപ്പണം നടത്താനും മനസ്സെ‍ാരുക്കണമെന്ന് ഈ അഭിമാനവേള നമ്മുടെ ജനപ്രതിനിധികളെ ഓർമപ്പെടുത്തുന്നു.

പുതിയമന്ദിരം ചരിത്രപരമായ തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയാണു പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു തുടക്കമായത്. പാർലമെന്ററി ജനാധിപത്യത്തിന്റെ പുതിയ മാതൃകകൾ കാഴ്ചവയ്ക്കാൻ അംഗങ്ങൾക്കു ബാധ്യതയുണ്ടെന്ന് ഇക്കഴിഞ്ഞ മേയിൽ, ഈ മന്ദിരത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽതന്നെ ലോക്സഭാ സ്പീക്കർ ഓം ബിർല ഓർമപ്പെടുത്തിയിരുന്നു. വിയോജിപ്പു പ്രകടിപ്പിക്കുക എന്നതു ജനാധിപത്യ വ്യവസ്ഥിതിയിൽ ന്യായമായ അവകാശമായിരിക്കെത്തന്നെ, അതു പാർലമെന്റിന്റെ കാര്യനിർവഹണത്തെ ബാധിക്കാതെ നോക്കേണ്ടതു ജനപ്രതിനിധികളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ബഹളങ്ങളിൽ അലങ്കോലപ്പെട്ട് പല പാർലമെന്റ് സമ്മേളനങ്ങളും ഫലശൂന്യമാകുമ്പോൾ തോൽക്കുന്നതു നമ്മുടെ ജനാധിപത്യമാണ്; നിഷേധിക്കപ്പെടുന്നതു ജനങ്ങളുടെ അവകാശവും. 

അത്തരത്തിലുള്ള നിർഭാഗ്യസാഹചര്യം ഇനിയും ആവർത്തിച്ചുകൂടെന്നുള്ള നിശ്ചയദാർഢ്യം പുതിയ മന്ദിരത്തിലേക്ക് ഇന്നലെ അഭിമാനത്തോടെ പ്രവേശിച്ച ഭരണ, പ്രതിപക്ഷ അംഗങ്ങൾക്കെല്ലാം ഉണ്ടായേതീരൂ. രാഷ്ട്രീയ ബലപരീക്ഷണങ്ങൾക്കിടയിലും സഭാനടപടികൾ തടസ്സപ്പെടുത്താതെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ ഇരുപക്ഷവും യോജിപ്പിലെത്തേണ്ടതു പരമപ്രധാനമാണ്. പുതിയ മന്ദിരത്തിൽ നിർമിക്കപ്പെടുന്ന ഓരോ നിയമവും രാജ്യത്തിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പുവരുത്തുമെന്ന് ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി പറഞ്ഞതിനു ഫലശ്രുതിയുണ്ടാകണമെങ്കിൽ ഇരുപക്ഷവും ഒത്തൊരുമിച്ചുശ്രമിക്കുക തന്നെ വേണം. 

ലോകത്തിലെ മറ്റു പല ഭരണഘടനകളുടെയും നിറം മങ്ങിയിട്ടും നമ്മുടെ ഭരണഘടന കാലാതീതമായി നിലകൊള്ളുന്നു എന്നതിൽത്തന്നെയുണ്ട് അതിന്റെ മൂല്യവും സർവകാലപ്രസക്തിയും. അതേസമയം, മഹനീയമായ നമ്മുടെ ഭരണഘടനയെ ആധാരശിലയാക്കുന്ന പാർലമെന്റിനെപ്പോലും ജനപ്രതിനിധികൾ ചിലപ്പോഴെ‍ാക്കെ നോക്കുകുത്തിയാക്കുമ്പോൾ നാം നെഞ്ചേറ്റുന്ന ജനാധിപത്യത്തിലാണു വിള്ളൽ വീഴുന്നത്. പാർലമെന്റിൽ വിയോജനസ്വരങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും തീരുമാനങ്ങൾ അടിച്ചേൽപിക്കപ്പെടുകയും ചെയ്യുന്നതു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു ഭൂഷണവുമല്ല. 

കാലത്തിനു മായ്ക്കാനാവാത്ത ചരിത്രസ്മൃതികൾക്കുകൂടി നാം പ്രണാമമർപ്പിക്കേണ്ട വേളയാണിത്. 1947 ഓഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമാണസഭയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിക്കുന്നതിനു മുന്നോടിയായി ജവാഹർലാൽ നെഹ്റു നടത്തിയ പ്രഭാഷണം ലോകചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പ്രസംഗങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. പ്രതിസന്ധികൾക്കിടയിലും നേട്ടങ്ങൾക്കിടയിലും ഇന്ത്യ ഒരിക്കലും ദിശാബോധം നഷ്ടപ്പെടുത്തുകയോ നമ്മുടെ ശക്തിസ്രോതസ്സായ മൂല്യങ്ങളെ വിസ്മരിക്കുകയോ ചെയ്തിട്ടില്ലെന്ന് അതിൽ അഭിമാനത്തോടെ അദ്ദേഹം ഓർമപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മൂല്യങ്ങളെ മുറുകെപ്പിടിക്കണമെന്നും ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധത കൈമോശം വരരുതെന്നുംതന്നെയാണ് പുതിയ പാർലമെന്റ് മന്ദിരവും ജനപ്രതിനിധികളുടെ കാതിൽ ഉറപ്പോടെ പറയുന്നത്. 

നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെയും അതിലൂടെ ഉയിർകെ‍ാണ്ട ജനാധിപത്യത്തെയും ആദരപൂർവം ഓർക്കേണ്ട സന്ദർഭം കൂടിയാണിത്. രാജ്യത്തിനു വഴികാട്ടുന്ന മൂല്യങ്ങളെച്ചൊല്ലി അഭിമാനിക്കാൻ വരുംതലമുറകൾക്കും കഴിയട്ടെ. അതിനായി, ജനാധിപത്യത്തിന്റെ അന്തസ്സും ശക്തിയും കാത്തുസൂക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിലിൽ രാജ്യം അർപ്പിക്കുന്ന നവപ്രതീക്ഷകൾ വൃഥാവിലായിക്കൂടാ.

പാർലമെന്റിന്റെ പുതിയ മന്ദിരം വാതിൽതുറന്ന ഈ അഭിമാനവേള നമ്മുടെ ജനപ്രതിനിധികൾക്കു ജനാധിപത്യത്തോടുള്ള സമർപ്പണ പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി മാറേണ്ടതുണ്ട്. ശുഭാരംഭംകുറിച്ച് വനിതാ സംവരണബിൽ അവതരിപ്പിക്കാനായത് ഇതിനുള്ള ധന്യമായ ആമുഖമായും മാറട്ടെ.

English Summary: Editorial about reminds of the parliament building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT