ADVERTISEMENT

നടനായും സംവിധായകനായും നിർമാതാവായും നമ്മുടെ സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മധു നവതിയുടെ നിറവിലെത്തുമ്പോൾ അതു മലയാളത്തിന്റെയാകെ ആഘോഷമായിത്തീരുന്നു. പ്രേക്ഷകഹൃദയത്തിൽ എന്നും താമസിക്കുന്ന എത്രയോ ഉജ്വല കഥാപാത്രങ്ങൾ കൈരളിക്കു സമ്മാനിച്ച ആ അതികായനോടുള്ള നന്ദി നവതിവന്ദനത്തോടെ‍ാപ്പം ചേർത്തുവയ്ക്കാം.

പി. മാധവൻ നായരിൽനിന്നു മലയാളത്തിന്റെ മധുരമായിത്തീർന്ന മധു എന്ന പേരിലേക്ക് അദ്ദേഹമെത്തിയത് അനന്യമായ അഭിനയശേഷിയുടെയും അതിൽനിന്നുണ്ടായ ആത്മവിശ്വാസത്തിന്റെയും കൈപിടിച്ചാണ്. തമിഴ്നാട്ടിലെ നാഗർകോവിലിൽ കോളജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും ആ മനസ്സു നിറയെ അഭിനയമായിരുന്നു. ഒരു നിയോഗംപോലെയാണു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ (എൻഎസ്ഡി) പത്രപ്പരസ്യം കണ്ടതെന്നു മധു ഓർമിച്ചിട്ടുണ്ട്. പ്രവേശനം കിട്ടിയപ്പോൾ ജോലി അവസാനിപ്പിച്ചു ഡൽഹിക്കു വണ്ടി കയറി; എൻഎസ്ഡിയുടെ ആദ്യബാച്ചിലേക്കു (1959) തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി. അധികം വൈകാതെ സിനിമാപ്രവേശം. പിന്നെ, മലയാളസിനിമ മധുവിന്റേതുകൂടിയായി. നാനൂറിലേറെ സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്.

പ്രേംനസീറും സത്യനും മലയാള സിനിമയുടെ കേന്ദ്ര സ്ഥാനത്തു നിൽക്കുമ്പോൾതന്നെ തുല്യമായൊരു സ്ഥാനം നേടിയെടുത്ത ആളാണു മധു. കരുത്താർന്ന നായകന്മാരും പ്രണയത്താൽ മുറിവേറ്റ ഏകാന്തകാമുകന്മാരും കാരിരുമ്പിന്റെ മൂർച്ചയുള്ള പ്രതിനായകന്മാരുമെ‍ാക്കെ അദ്ദേഹത്തിൽ ഭദ്രമായി. വൈവിധ്യമുള്ള കഥാപാത്രങ്ങളെ ലഭിച്ചതാണു തന്നിലെ നടന്റെ സൗഭാഗ്യവും സുകൃതവുമെന്നു പറയാറുള്ള അദ്ദേഹം, ആഗ്രഹിച്ചതിനപ്പുറത്തുള്ള വലിയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാർ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതിൽ പലതുമെന്നതിൽ അഭിമാനം കെ‍ാണ്ടിട്ടുമുണ്ട്. 

പരീക്കുട്ടി (ചെമ്മീൻ), സാഹിത്യകാരൻ (ഭാർഗവീനിലയം), മായൻ (ഉമ്മാച്ചു), ബാപ്പുട്ടി (ഓളവും തീരവും), ആനപ്പാപ്പാൻ (സിന്ദൂരച്ചെപ്പ്), ഗോപകുമാർ (പ്രിയ), മദനൻ (രമണൻ), ചെണ്ടക്കാരൻ (ചെണ്ട), പൈലി (ഇതാ ഇവിടെവരെ) എന്നിങ്ങനെ എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും സിനിമകളിലെ (ചെമ്മീൻ, സ്വയംവരം) നായകൻ, സ്റ്റുഡിയോ ഉടമയും നിർമാതാവും സംവിധായകനുമായ ആദ്യനായകൻ, ഏറ്റവും കൂടുതൽ സാഹിത്യസൃഷ്ടികളിൽ നായകവേഷം കൈകാര്യം ചെയ്ത നടൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും മധുവിനോടെ‍ാപ്പമുണ്ട്. പത്മശ്രീയും ജെ.സി.ഡാനിയൽ പുരസ്കാരവും ഉൾപ്പെടെ എത്രയെത്ര പുരസ്കാരങ്ങൾ; ആദരമുദ്രകൾ. 

ഏതാണ്ട് അരനൂറ്റാണ്ടുമുൻപു മലയാള മനോരമയിലെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ മലയാള സിനിമ ഇന്നെ‍ാരു വഴിത്തിരിവിലാണ്. മുന്നിൽ രണ്ടു വഴിത്താരകളുണ്ട്. പലരും നടന്നും വീണും ചവിട്ടിമെതിച്ചതുമായ പഴയ വഴി. കലയോടുള്ള സ്നേഹവും കലാപ്രേമികളോടുള്ള ആദരവും കൈമുതലായിട്ടുള്ള പുതിയ തലമുറയെ സ്വാഗതം ചെയ്യുന്ന രണ്ടാമത്തെ വഴി’’. തന്റെ സിനിമാവഴി എന്താവണമെന്ന ഉറച്ച ബോധ്യം അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല സിനിമയ്ക്കുവേണ്ടിയുള്ള ആ ബോധ്യം കാത്തുസൂക്ഷിക്കുന്നുവെന്നതിന് അദ്ദേഹം സംവിധാനം ചെയ്ത സിനിമകളും തിരഞ്ഞെടുത്ത വേഷങ്ങളും സാക്ഷി. 

മലയാള സിനിമയിലെ പിൻതലമുറക്കാർക്ക് ഇന്നും പ്രചോദനം പകരുന്ന നായകനാണു മധു. ‘എന്നും എന്റെ സൂപ്പർ സ്റ്റാറാണ് മധു സാർ; എന്റെ സുന്ദരൻ താരം’ എന്നു മമ്മൂട്ടിയും ‘എന്നെ സംബന്ധിച്ച്‌ സിനിമ കണ്ടുതുടങ്ങുന്ന കാലം മുതൽ സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന മഹാമേരുക്കളിൽ ഒരാളാണു മധു സാർ’ എന്നു മോഹൻലാലും അദ്ദേഹത്തിനു നവതിവന്ദനം നേർന്ന് മനോരമ ‘ഞായറാഴ്ച’യിൽ എഴുതുകയുണ്ടായി. സൗമ്യതയും വിനയവും ആ ജീവിതത്തിനു പകരുന്ന അഴക് കുറച്ചെ‍ാന്നുമല്ല. നിറഞ്ഞ സംതൃപ്തിയോടെയാണു നവതിയിലെത്തുന്നതെന്നാണു മധു പറഞ്ഞത്. ആ സംതൃപ്തിയിലുണ്ട്, ഈ ജീവിതത്തിന്റെ പ്രകാശകാന്തി.

മലയാള സിനിമയുടെ ചരിത്രത്തിൽ അത്രമേലാഴത്തിലാണ് അദ്ദേഹത്തിന്റെ കയ്യെ‍ാപ്പ്. എന്നും മായാത്തത്; മറയാത്തത്. സമാദരണീയനായ മധു, മലയാളത്തിന്റെ അഭിമാനമായ അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു. മലയാള മനോരമയുടെ നവതിവന്ദനം.

English Summary : Editorial about Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com