ADVERTISEMENT

∙ എം.ജയചന്ദ്രൻ: സംവിധായകന്റെയും ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെയും നിർമാതാവിന്റെയുമാണ് പാട്ട്. നാലുപേർക്കും തുല്യ അവകാശങ്ങളുണ്ട്. പക്ഷേ, ഗായകർക്ക് അതിൽ അവകാശമില്ല. ഗായകരെ പ്രധാന സംഗീതോപകരണമായാണ് ഞാൻ കാണുന്നത്. അവർക്കു പാട്ടിന്റെ സൃഷ്ടിയുമായി ബന്ധമില്ല. അവർതന്നെ സംഗീതം പകർന്ന് പാടുന്ന പാട്ടുകളിൽ മാത്രമേ അവർക്ക് അവകാശമുള്ളൂ. പാട്ടുകാർ പാടി എന്നതുകൊണ്ട് പാട്ടിന്റെ അവകാശം അവർക്കാണെന്നു പറയുന്നത് അബദ്ധമായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. 

∙ വിജി പെൺകൂട്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു സ്ത്രീകൾ എത്തിയതോടെ ഭരണം കൂടുതൽ മികവുറ്റതായിട്ടുണ്ട്. തീർത്തും പരിസ്ഥിതിവിരുദ്ധമായ വികസനം നടത്താനുള്ള (കു)ബുദ്ധി ഒരിക്കലും ഒരു പെണ്ണിന്റെ തലയിൽ വരില്ല. കാരണം, അവൾ മലയും പുഴയും വയലും ഒക്കെത്തന്നെയാണ്. തന്നെത്തന്നെ നശിപ്പിച്ചുകൊണ്ട് കീശവീർപ്പിക്കാൻ സ്ത്രീകൾ ഏതായാലും മുതിരുമെന്ന് എനിക്കു തോന്നുന്നില്ല. 

∙ മധു: രാത്രി 11.30 മുതലാണ് സിനിമ കാണൽ. പഴയ സിനിമകളാണ് അധികവും കാണുന്നത്. ഞാൻ അഭിനയിച്ച പല സിനിമകളും അക്കാലത്തു പൂർണമായി കാണാൻ കഴിഞ്ഞിരുന്നില്ല. അന്നൊക്കെ ഓടിനടന്ന് ജോലി ചെയ്യുന്ന കാലമാണ്. ഇപ്പോൾ അവയൊക്കെ തിരഞ്ഞുപിടിച്ച് കാണാറുണ്ട്. ഓ, ഇങ്ങനൊരു സിനിമ ഞാൻ ചെയ്തിരുന്നോ എന്നു ചില സിനിമകൾ കാണുമ്പോൾ അദ്ഭുതപ്പെടും.

∙ സത്യൻ അന്തിക്കാട്: ജീവിച്ചിരിക്കുമ്പോൾ അധികം പറയപ്പെടാതെ, എഴുതപ്പെടാതെ, മൺമറഞ്ഞുപോയ ഒരു മഹാനായ കലാകാരനായിരുന്നു ശങ്കരാടി. അക്കാലത്തെ ഏറ്റവും മികച്ച സ്വഭാവനടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. പഴയകാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കാണുകയാണെങ്കിൽ അതു ബോധ്യപ്പെടും.

∙ വിദ്യാധരൻ: ദേശീയ പുരസ്‌കാരത്തിന്റെ വക്കോളമെത്തിയ പാട്ടായിരുന്നു പാദമുദ്രയിലെ ‘അമ്പലമില്ലാതെ ആൽത്തറയിൽ വാഴും’ എന്നത്. അതിലെ വരികളിലൊക്കെ അനാവശ്യമായി കയറിപ്പിടിച്ച് ആ പാട്ട് ദേശീയ പുരസ്‌കാരത്തിൽ തഴയപ്പെട്ടു. ‘ആളൊരുക്ക’ത്തിൽ ഞാൻ പാടിയ പാട്ടിനു സംസ്ഥാന പുരസ്കാരം ഉറപ്പെന്ന് എല്ലാവരും പറഞ്ഞതാണ്. അവസാന റൗണ്ടിലും ആ ഗാനമുണ്ടായിരുന്നു. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. അങ്ങനെ പല പാട്ടുകൾക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്. ഇതിലൊന്നും ആരോടും പരാതിയില്ല, സങ്കടവുമില്ല. ഇതൊന്നും പ്രതീക്ഷിച്ചല്ല സംഗീതത്തെ സ്നേഹിച്ചത്. 

∙ ഡോ. എസ്.എസ്.ലാൽ: ആരോഗ്യവകുപ്പ് ഒരു സേനയെപ്പോലെയാണ്. സൈന്യത്തെ നിരീക്ഷിക്കുന്നതും നേതൃത്വം നൽകുന്നതും അതിന്റെ കമാൻഡർ ഇൻ ചീഫുമാർ ആയിരിക്കും. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ അന്തിമവാക്ക് ആരോഗ്യവകുപ്പ് ഡയറക്ടറാണ്. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ അതിന്റെ സ്വഭാവം മാറി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ റോൾ മന്ത്രിമാർ ഏറ്റെടുത്തു തുടങ്ങി. അതോടെ പൊതുജനാരോഗ്യമെന്നത് ‘മന്ത്രിഷോ’ ആയി മാറി. ടിവിയിൽ പ്രത്യക്ഷപ്പെടുന്നതിനും പിആർ പ്രവർത്തനം നടത്തുന്നതിനുമൊക്കെയായി മുൻതൂക്കം. 

∙ മുരളി ഗോപി: ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ കഴിഞ്ഞു ഞാൻ എഴുതിയ സിനിമയായിരുന്നു ‘ടിയാൻ’. എന്നെ ഒരു ഇടതുപക്ഷ വിരുദ്ധനായും തീവ്ര വലതുപക്ഷവാദിയായും ചിത്രീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു അന്നു മുഖ്യധാര ഇടതുപക്ഷ നിരൂപകരൊക്കെയും. ഇടതുപക്ഷവും മുഖ്യധാരാ ഇടതുപക്ഷവും തമ്മിൽ കടലും കടലാഴിയും തമ്മിലുള്ള അന്തരമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് അതെന്നെ ഒരു പരിധിവിട്ട് വിഷമിപ്പിച്ചിട്ടുമില്ല.

∙ ഉണ്ണി രാജ: എന്റെ കാസർകോട് ഭാഷയാണ് എന്നെ ഇതുവരെ എത്തിച്ചത്. ഭാഷാശൈലി കാരണം ഒരുപാട് അവസരം ലഭിക്കുന്നുണ്ട്. സിനിമ വരുമ്പോൾത്തന്നെ സംവിധായകർ പറയുന്നത് ആ ശൈലി മതിയെന്നാണ്. അവർക്ക് അതാണിഷ്ടം. ടിവിയിൽ എന്നെ കാണുന്ന ഒരുപാടുപേർ ആ ഭാഷാശൈലികൊണ്ടാണ് എന്നെ തിരിച്ചറിയുന്നത്. ആ അംഗീകാരം എന്റെ ഭാഷയ്ക്കാണ് ഞാൻ സമർപ്പിക്കുന്നത്. 

∙ താഹ മാടായി: നിവേദകസംഘത്തെ മാറ്റിനിർത്തിയപോലെ, തനിക്കു മുന്നിലും പിന്നിലും ചുറ്റുമായി നിൽക്കുന്ന പൊലീസ് ബന്തവസ്സിന്റെ അധികബാധ്യതകൾ ഒരു നേതാവിനും ചേർന്നതല്ല എന്ന തിരിച്ചറിവിൽ അതിൽനിന്നുകൂടി മാറിനിൽക്കാൻ പിണറായിക്കു സാധിക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കേണ്ടതുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ സുതാര്യമായ വിശദീകരണങ്ങൾ ജനാധിപത്യ ബാധ്യതയുടെ ഭാഗമാണ്. 

∙ സുജ സൂസൻ ജോർജ്: കേരളത്തിലെ കുടുംബഘടനയും അതിനുള്ളിലെ സ്ത്രീ പുരുഷ ബന്ധവും സ്വത്തവകാശവും ഇന്നും ആധുനികവൽക്കരിക്കപ്പെട്ടിട്ടില്ല. ‘ഇന്ദുലേഖ’യ്ക്ക് അപ്പുറത്തേക്കു കുടുംബത്തിലെ സ്ത്രീ നവീകരിക്കപ്പെട്ടിട്ടില്ല. സൗകര്യങ്ങൾക്കുവേണ്ടിയുള്ള നീക്കുപോക്കുകളിൽ ഒതുങ്ങുന്നു കുടുംബത്തിലെ സ്ത്രീയുടെ സ്വാതന്ത്ര്യം. ഉത്തരവാദിത്തത്തിന്റെയും അർപ്പണത്തിന്റെയും നിത്യയൗവനസ്മാരകമായി കുടുംബിനികൾ ഇപ്പോഴും വാഴ്ത്തപ്പെടുന്നു.

English Summary: vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com