ADVERTISEMENT

പല സഹകരണ ബാങ്കുകളിലുമുണ്ടായ ക്രമക്കേടുകൾ ഓരോ ദിവസവും ആശങ്കയോടെയും നടുക്കത്തോടെയും അറിഞ്ഞുകെ‍ാണ്ടിരിക്കുകയാണ് കേരളം. കഷ്ടപ്പെട്ടു സ്വരൂപിച്ചു നിക്ഷേപിച്ച തുകകൾ തട്ടിപ്പുകാരുടെ കീശയിലേക്കു പോകുന്നതും ആരുടെയോ വായ്പക്രമക്കേടുകളിലൂടെ വൻതുകകളുടെ ഭാരം സ്വന്തം ചുമലിലേക്കു വന്നുവീഴുന്നതും ഈ നാട്ടിലെ എത്രയോ സാധാരണക്കാരുടെ ജീവിതം ചോദ്യചിഹ്നമാക്കിയിരിക്കുന്നു. രൂപീകരണത്തിലും പ്രവർത്തനത്തിലുമുള്ള ജനാധിപത്യ സ്വഭാവമാണു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ സവിശേഷതയെങ്കിലും നെറികെട്ട ചില രാഷ്ട്രീയക്കാരുടെ സമഗ്രാധിപത്യം ചിലയിടത്തെങ്കിലും വെട്ടിപ്പിനും അഴിമതിക്കും വാതിൽ തുറന്നുകൊടുക്കുകയാണ്. 

സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷനെ കള്ളപ്പണ നിരോധനനിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതോടെ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പുകേസ് പുതിയ മാനങ്ങളിലേക്കു കടന്നിരിക്കുന്നു. നിക്ഷേപം നഷ്ടപ്പെട്ടു പെരുവഴിയിലായ പാ‍ർട്ടി അംഗങ്ങളെപ്പോലും മറന്ന്, സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ആരോപണവിധേയരെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ കഠിനശ്രമം വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. 

പണം നഷ്ടപ്പെട്ട, പാർട്ടി അനുഭാവികളായ നിക്ഷേപകർ കൊടുത്ത കേസുകളിലൊക്കെ പാർട്ടിയും പാർട്ടി നയിക്കുന്ന ബാങ്കുകളും എതിർപക്ഷത്താണ്. കരുവന്നൂരിൽനിന്നു കൊണ്ടുപോയ 175 കോടി രൂപ ആർക്കെല്ലാം കിട്ടി എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. പണം എവിടെപ്പോയി എന്നു കണ്ടെത്തേണ്ടത് ഇരകളുടെ ആവശ്യമാണ്. കാരണം, അതു കണ്ടെത്തിയാൽ മാത്രമേ പിടിച്ചെടുത്തു ബാങ്കിനു മുതൽക്കൂട്ടാനാകൂ. ക്രൈംബ്രാഞ്ച് ഈ കാര്യം അന്വേഷിച്ചിട്ടേ ഇല്ലായിരുന്നു എന്നതും ഓർമിക്കേണ്ടതുണ്ട്.

സാധാരണക്കാർക്കു താങ്ങും തുണയുമാകണമെന്ന വലിയ ലക്ഷ്യങ്ങളോടെ മുന്നോട്ടുപോകുന്ന കേരളത്തിലെ സഹകരണ ബാങ്കുകളിലെ ഭരണസമിതിയിലേക്കു പാർട്ടി നിയോഗിക്കുന്നവർ, ആ ദൗത്യം മറന്നു തട്ടിപ്പു നടത്തുമ്പോൾ ആദ്യത്തെ ഉത്തരവാദിത്തം പാർട്ടിക്കുതന്നെയാണെന്നതിൽ സംശയമില്ല. എന്നിട്ടും, സഹകരണമേഖലയെ തകർക്കാനുള്ളതാണ് ഇപ്പോഴത്തെ നീക്കമെന്നു പറഞ്ഞ് തട്ടിപ്പുകാർക്കു സിപിഎം നേതാക്കൾ പ്രതിരോധം തീർക്കുന്നതെന്തിനാണ്? 

സഹകരണ ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 5 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ ഗാരന്റി സ്കീം പുതുക്കിയ ഉത്തരവ് ജൂലൈയിൽ തന്നെ പുറത്തിറങ്ങിയെങ്കിലും അതിന്റെ ഗുണം നിക്ഷേപകർക്കു കിട്ടാനുള്ള നടപടിയെടുക്കാതെ അധികൃതർ വൈകിപ്പിച്ചതിന്റെ തിക്തഫലം അനുഭവിക്കുകകൂടിയാണു നിക്ഷേപകർ. ഡിപ്പോസിറ്റ് ഗാരന്റി ബോർഡിൽ ഇപ്പോൾ 500 കോടിയെങ്കിലും ഉണ്ടാകുമെങ്കിലും ബാങ്ക് പൂട്ടിയാൽ മാത്രമേ ഗാരന്റി പണം കൈമാറൂവെന്ന നിബന്ധനയുണ്ടായതിനാൽ ഇതുവരെ ബോർഡിൽനിന്നു പണം നൽകേണ്ടി വന്നിട്ടില്ല.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളിലാണു ക്രമക്കേടുകളിൽ ഭൂരിഭാഗവും നടന്നതെങ്കിലും കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിലും തട്ടിപ്പുണ്ടായിട്ടുണ്ട്. ഇതുപോലെയുള്ള ‘രാഷ്ട്രീയവിലാസം’ തട്ടിപ്പുകൾ ഇനിയും ആവർത്തിച്ചുകൂടാ. തുടർചികിത്സയ്ക്കും കുടുംബ ചെലവുകൾക്കുമെ‍ാക്കെവേണ്ടി സാധാരണക്കാർ നിക്ഷേപിച്ച തുകയാണു പലയിടത്തും തട്ടിപ്പിൽപ്പെട്ടത്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽ ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്നും പണം ഭദ്രമായിരിക്കുമെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. ജനങ്ങളുടെ പണമെടുത്ത് സർക്കാരിൽനിന്ന് ഇങ്ങനെ വിതരണം ചെയ്യുന്നതിനെപ്പറ്റി വ്യത്യസ്താഭിപ്രായമുണ്ട്. തട്ടിപ്പുകാരിൽനിന്നു പണം പിരിച്ചെടുത്തു വിതരണം ചെയ്യുകയല്ലേ വേണ്ടതെന്ന ചോദ്യമാണുയരുന്നത്. 

സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ തകർക്കുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്നും കരുവന്നൂർ തട്ടിപ്പിന്റെ ആവർത്തനങ്ങൾ ഉണ്ടാവില്ലെന്നും സർക്കാർ ഉറപ്പുനൽകിയേതീരൂ. അതിനുപകരം, കരുവന്നൂരിലുണ്ടായ വൻതട്ടിപ്പിനെ ലഘൂകരിക്കുമ്പോഴും ഇ.ഡി അന്വേഷണത്തെ ‘രാഷ്ട്രീയപ്രേരിതം’ എന്നു മുദ്ര കുത്തുമ്പോഴും ഈ നാട്ടിലെ പാവങ്ങളെയാണ്, അവരുടെ നെഞ്ചിലെ നെരിപ്പോടാണു സിപിഎം കാണാതെപോകുന്നത്. 

മറ്റുള്ളവരെക്കൊണ്ടു നല്ലതു പറയിപ്പിക്കണമെന്നു സർക്കാർ ജീവനക്കാരോടു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുകയുണ്ടായി. ജീവനക്കാർ മാത്രമല്ല, സർക്കാരും ജനങ്ങളെക്കെ‍ാണ്ടു നല്ലതു പറയിപ്പിക്കണ്ടേ? സഹകരണ ബാങ്കുകളിലുണ്ടായ ക്രമക്കേടുകൾക്ക് ഇരയായ പാവപ്പെട്ടവർക്കു നീതി നൽകാതെ, തട്ടിപ്പുകാരെ സംരക്ഷിക്കുകയാണു ചെയ്യുന്നതെങ്കിൽ ആ നല്ല പേരു കേൾക്കുമെന്നാണോ സർക്കാർ കരുതുന്നത്?

English Summary: Editorial about irregularities in co-operative banks

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com