ADVERTISEMENT

അമ്മയ്ക്കു ‘പേരിട്ടത്’ സുധാമണിയുടെ 26–ാം വയസ്സിലാണ്. ശിഷ്യർക്കു ഗുരു പേരിടുന്ന ആശ്രമങ്ങളിലെ പതിവു രീതി തെറ്റിച്ച് ‘മാതാ അമൃതാനന്ദമയി’ എന്നു ബ്രഹ്മചാരിയായ ശിഷ്യൻ പേരിട്ടു; സുധയ്ക്ക് അമൃത് എന്ന അർഥത്തിൽ. സുധാമണി എന്ന ഭൗതിക സ്വരൂപത്തിന് 70 എങ്കിൽ അമ്മ എന്ന മാതാ അമൃതാനന്ദമയിക്കു നാലര പതിറ്റാണ്ടോളമേയുള്ളൂ പ്രായം. അറബിക്കടലോരത്തെ കൊച്ചുഗ്രാമത്തിൽനിന്ന് ആ പേര് ഏഴു കടലും കടക്കാൻ അതു ധാരാളമായിരുന്നു.

കൊല്ലം ജില്ലയിലെ ആലപ്പാട്ട് കടലിനും കായലിനും നടുവിൽ പറയകടവ് എന്ന ഗ്രാമത്തിൽ മാതാ അമൃതാനന്ദമയി വിശ്വാസികൾക്കു ദർശനം നൽകിത്തുടങ്ങിയത് 22–ാം വയസ്സിലാണ്. പിന്നീടിങ്ങോട്ടു വെള്ളവസ്ത്രമേ ധരിച്ചിട്ടുള്ളൂ. അതേ വർഷം ‘ആനന്ദവീഥിയിലൂടെ’ എന്ന കവിതയും എഴുതി; സ്നേഹത്തിന്റെ ഭാഷയിലെഴുതിയ 40 വരി കവിത. അന്നു മുതൽ ഇതുവരെ അമ്മ നേരിട്ട് ആശ്ലേഷിച്ച് ആശ്വസിപ്പിച്ചവരുടെ എണ്ണം ലോകത്താകെ നാലരക്കോടി കവിയുമെന്നു കണക്ക്! സത്സംഗങ്ങളിലും മഹാസമ്മേളനങ്ങളിലും കാണുന്ന വിശ്വാസിലക്ഷങ്ങൾ വേറെ.

വളർച്ചയുടെ വഴി

മത്സ്യത്തൊഴിലാളി കുടുംബമായ പറയകടവ് ഇടമണ്ണേൽ വീട്ടിലെ 15 സെന്റിൽനിന്നു ലോകത്തെ വലിയ ആധ്യാത്മിക പ്രസ്ഥാനങ്ങളിലൊന്നായി മാതാ അമൃതാനന്ദമയീമഠം വളർന്നതു കഷ്ടപ്പാടുകളും വെല്ലുവിളികളും മറികടന്നായിരുന്നു. ഒരു യുവതി 22–ാമത്തെ വയസ്സ് മുതൽ ബ്രഹ്മചാരികളെ പരിശീലിപ്പിക്കുകയും ജന്മഗൃഹം ആശ്രമമാക്കുകയും ചെയ്തതു ലോകചരിത്രത്തിലെ അപൂർവത. 19–ാം വയസ്സിൽ തുന്നൽ പഠിച്ച അമൃതാനന്ദമയി, വസ്ത്രങ്ങളെന്നോണം തുന്നിവളർത്തിയ ആശ്രമത്തിലാകെ ഇന്നു നൂറിലേറെ സന്യാസി ശിഷ്യന്മാരും മൂന്നൂറോളം ബ്രഹ്മചാരികളുമുണ്ട്. കേരളത്തിനകത്തും പുറത്തും മാത്രമല്ല, യുഎസ്, ഏഷ്യ, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലെ അറുപതോളം രാജ്യങ്ങളിലായി മഠം വളർന്നതിനു പിന്നിലെ കാർത്തിക നക്ഷത്രത്തിന്റെ പേരാണു മാതാ അമൃതാനന്ദമയി. കടപ്പുറത്തെ ശ്രായിക്കാട് സ്കൂളിൽ നാലാം തരം വരെ പഠിച്ച അമൃതാനന്ദമയിയുടെ ആദ്യ വിദേശയാത്ര യുഎസിലേക്കായിരുന്നു.

ആദ്യ വിദേശ ശിഷ്യൻ അമേരിക്കയിൽ നിന്നുള്ള സ്വാമി പരമാത്മാനന്ദ പുരിയാണ്. മലയാളം മാത്രമറിയാവുന്ന അമൃതാനന്ദമയി സന്ദർശിക്കാത്ത നാടുകൾ വളരെക്കുറച്ചേയുള്ളൂ. എവിടെപ്പോയാലും വിശ്വാസികൾക്കു ദർശനം നൽകാൻ 10–12 മണിക്കൂർ ഒറ്റയിരിപ്പ് ഇരിക്കും. ജന്മദിനാഘോഷ വേളകളിൽ അത് 27 മണിക്കൂർ വരെ നീണ്ടിട്ടുണ്ട്.

പ്രായോഗികതയിലൂന്നി

മാനുഷിക സേവനങ്ങൾ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സംഘടന ‘സ്പെഷൽ കൺസൽറ്റേറ്റീവ്’ പദവി നൽകി അംഗീകരിച്ച മഠത്തിന്റെ അധിപ വലിയ ആധ്യാത്മികാശയങ്ങളൊന്നും പറയാറില്ല. പ്രായോഗികതയിലൂന്നി കൊച്ചുകൊച്ചു കാര്യങ്ങൾ വിശദീകരിക്കും. അതു വലിയ പദ്ധതികളായി വളരും. രാജ്യത്തെ എണ്ണം പറഞ്ഞ സർവകലാശാലകളിലൊന്നായി വളർന്ന അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാൻസലർ കൂടിയായ ഈ ‘നാട്ടിൻപുറത്തമ്മ’യുടെ നിയന്ത്രണത്തിൽ ആരോഗ്യ– വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങൾ രാജ്യമാകെയുണ്ട്.

ഏതു ദുരന്തത്തിലും സഹായത്തിനായി ലോകം ഉറ്റുനോക്കുന്നത് അമൃതപുരിയെയാണ്. ‘അമൃതകുടീരം’ പദ്ധതിയിൽ രാജ്യത്തിനകത്ത് അരലക്ഷത്തോളം വീടുകൾ നിർമിച്ചുനൽകി. രാജ്യത്തിനകത്തും അമേരിക്ക, ജപ്പാൻ, ഫിലിപ്പീൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനും മറ്റുമായി മഠം ചെലവാക്കിയതു ശതകോടികൾ. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ ഔദ്യോഗിക ഇടപഴകൽ ഗ്രൂപ്പുകളിലൊന്നായ സി20(സിവിൽ 20)യുടെ അധ്യക്ഷയായി രാജ്യം നിയമിച്ചതും അമൃതാനന്ദമയിയെയാണ്.

വിശ്രമം മറന്ന ജീവിതം

‘മറ്റെന്തും വീണ്ടെടുക്കാം, ഒരു നിമിഷം നഷ്ടമായാൽ അതു വീണ്ടുകിട്ടുകയില്ല...’ എന്നാവർത്തിച്ച് അമൃതാനന്ദമയി എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. ഇതിനിടയിൽ മറന്നുപോകുന്നത് 3 കാര്യങ്ങളാണെന്നു സ്വാമി അമൃത സ്വരൂപാനന്ദപുരി പറയുന്നു – ആഹാരം, വിശ്രമം, ഉറക്കം. രാവിലെ ഒരു കവിൾ ചായയും അര ഇഡ്ഡലിയുമാണു ഭക്ഷണം. ദർശന സമയത്ത് ഇടയ്ക്കു വെള്ളം മാത്രം. ദർശനം പൂർത്തിയായി പാതിരാ കഴിയുമ്പോൾ അൽപം ചോറും തൈരും കഴിച്ചാലായി. പിന്നെ അന്നത്തെ കത്തുകൾക്കു മറുപടി തയാറാക്കലും ഫോണിലൂടെ നിർദേശങ്ങൾ നൽകലും. പുലർച്ചെ അൽപനേരം കണ്ണടയ്ക്കും. വിശ്രമം മറന്ന ജീവിതത്തെയും മഠത്തെയും തേടി സമാധാനത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ ദേശീയ– രാജ്യാന്തര അംഗീകാരങ്ങളും അനേകമെത്തി. ‘മനുഷ്യമനസ്സുകളിലെ മാലിന്യമകറ്റുന്ന തൂപ്പുകാരിയാണ് ഞാൻ’ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനു ലോകമാകെ കിട്ടിയ കയ്യടിയാണു മറ്റൊരു ബഹുമതി; പൊതുസഭ കേട്ട ആദ്യ മലയാളം പ്രസംഗം.

പണ്ടെപ്പോഴോ ചെന്നൈയിൽ പോയപ്പോൾ പേരറിയാത്ത ഒരു മുത്തശ്ശി സമ്മാനിച്ചതാണ് അമൃതാനന്ദമയിയുടെ മുഖത്തു തിളങ്ങുന്ന വെള്ളക്കല്ലു പതിച്ച മൂക്കുത്തി. വിടർന്ന ചിരിയും നെറ്റിയിൽ വലിയൊരു ചന്ദനക്കുറിയും നടുക്കൊരു കുങ്കുമപ്പൊട്ടും രുദ്രാക്ഷം കെട്ടിയ മാലയും വളയും കമ്മലുമായാൽ അമ്മഭാവത്തിന്റെ എളിമനിറഞ്ഞ കാഴ്ചയായി. അകക്കാഴ്ചയുള്ളതുകൊണ്ട് അമ്മ കണ്ണാടി നോക്കിയിട്ടു കാലങ്ങളായി. ‌

സ്വാർഥരഹിതമാകട്ടെ ജീവിതം

തിരക്കുകൾക്കിടയിലും മാതാ അമൃതാനന്ദമയി ‘മനോരമ’യോട് സംസാരിച്ചു. ചോദ്യങ്ങൾക്ക് കാച്ചിക്കുറുക്കിയ മറുപടികൾ

പറയകടവ് എന്ന കടലോര ഗ്രാമത്തിൽനിന്നു ലോകത്തിന്റെ ആധ്യാത്മികശ്രേണിയിൽ തിളങ്ങുന്ന അധ്യായമായി അമ്മ നിൽക്കുന്നു. ഈ വളർച്ചയെ എങ്ങനെയാണു കാണുന്നത്?

അമ്മയ്ക്കു വളർച്ചയെന്നും തളർച്ചയെന്നും ഇല്ല. ഇന്നു വാഴ്ത്തുന്നവർ, നാളെ കുറ്റപ്പെടുത്താം. ലോകത്തിനു നല്ലതു ചെയ്യണം. നിസ്വാർഥമായി എല്ലാവരെയും സ്നേഹിക്കണം. അത്രയേയുള്ളൂ. ജീവിതം സ്വാർഥരഹിതമായാൽ എല്ലാം തനിയെ നടന്നുകൊള്ളും. അതാണ് അനുഭവം.

ലോകമെങ്ങുമുള്ളവർ ആശ്വാസം തേടി അമ്മയെ കാണാനെത്തുന്നു. അവർ സങ്കടങ്ങൾ പറയുന്നു. ലോകമെങ്ങും മനുഷ്യന്റെ സങ്കടങ്ങൾക്ക് ഒരേ ഭാവമാണോ?

മനസ്സിന്റെ തലത്തിൽ നോക്കുമ്പോൾ ദുഃഖം എന്ന വികാരം ഒന്നാണ്. ഓരോ പ്രദേശത്തിനും സംസ്കാരത്തിനും അനുസരിച്ചു കാഴ്ചപ്പാടിനും സമീപനങ്ങൾക്കും വ്യത്യാസങ്ങളും ഏറ്റക്കുറച്ചിലും ഉണ്ടാകും. എന്നാൽ എവിടെയും ദുഃഖം ദുഃഖം തന്നെയാണ്.

സ്നേഹം അഥവാ പ്രേമം എന്ന വികാരത്തെ അമ്മ എങ്ങനെയാണു നിർവചിക്കുന്നത്?

യഥാർഥ പ്രേമം നിർവചിക്കാനാവില്ല. സ്നേഹം ഒരു ഏണിപ്പടി പോലെയാണ്. അതിനു പല പടവുകളും തലങ്ങളുമുണ്ട്. മിക്കവരും സ്നേഹത്തിന്റെ ഏറ്റവും താഴത്തെ പടിയിലാണു നിൽക്കുന്നത്. പടികൾ ഓരോന്നായി കയറി പ്രേമത്തിന്റെ കൊടിമുടിയില‍െത്തണം. ലോകത്ത് ഇന്നു കാണുന്ന സ്നേഹം ഒരു വിലപേശലാണ്. ‘എനിക്കെന്തു കിട്ടും?’ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ‘എനിക്കെന്തു നൽകാൻ കഴിയും?’ എന്ന് ആരും ചിന്തിക്കുന്നില്ല.

എഴുപതാം പിറന്നാൾ ദിനത്തിൽ നൽകാനുള്ള സന്ദേശം എന്താണ്?

എല്ലാവരെയും കാരുണ്യപൂർവം പരിഗണിക്കുക. അതിൽ മനുഷ്യർ മാത്രമല്ല, പ്രകൃതിയും സർവജീവജാലങ്ങളും ഉൾപ്പെടും. സ്വാർഥതാൽപര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്തും മനുഷ്യരെ പലതട്ടുകളായി വിഭജിച്ചും വിഘടിപ്പിച്ചും നീങ്ങിയാൽ പ്രകൃതി ഇനി ക്ഷമിക്കില്ല. അതറിഞ്ഞുവേണം മുന്നോട്ടുനീങ്ങാൻ. അതിനുള്ള മനോവിശാലതയാണ് ഓരോരുത്തർക്കും വേണ്ടത്.

Content Highlight: 70th birthday of Mata Amritanandamayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com