ADVERTISEMENT

എന്റെ ജീവിതത്തിൽ അനുഗ്രഹത്തിന്റെ അമൃതധാരയാണ് അമ്മ. അമ്മയേകുന്ന വാത്സല്യപൂർണമായ സാന്ത്വനത്തെ എങ്ങനെയാണു വർണിക്കേണ്ടത്? വാക്കുകൾക്ക് അതീതമാണത്. അമ്മയെ കാണാനെത്തുന്ന ഓരോ സന്ദർഭത്തിലും കരയരുതെന്നു മനസ്സിലുറപ്പിച്ചാണു സമീപത്തേക്കു ചെല്ലുക. പക്ഷേ, ആ കരതലം സ്പർശിക്കുന്ന മാത്രയിൽ വിതുമ്പിപ്പോകും. ആ കണ്ണീരൊഴിയുമ്പോൾ ലഭിക്കുന്ന മനഃശാന്തി അനിർവചനീയമാണ്. 

മൂന്നു പതിറ്റാണ്ടോളം മുൻപാണ് അമ്മയെ ഞാൻ ആദ്യമായി കണ്ടത്; അമ്മ ചെന്നൈയിലെ ബ്രഹ്മസ്ഥാനത്തെത്തിയപ്പോൾ. ഗായകനും സുഹൃത്തുമായ കൃഷ്ണചന്ദ്രനാണ് അമ്മയെ തിരക്കില്ലാതെ കാണാൻ അവസരമൊരുക്കിത്തന്നത്. അമ്മയുടെ മുറിയിൽവച്ചുള്ള ആദ്യസമാഗമത്തിൽത്തന്നെ അമ്മ എന്റെ ചെവിയിൽ മന്ത്രദീക്ഷയോതി. മറക്കാനാകാത്ത നിമിഷങ്ങൾ. വാക്കുകൾ അപര്യാപ്തമാകുന്ന സന്തോഷം. എനിക്കു കുഞ്ഞില്ലാത്ത കാലമായിരുന്നു അത്. അമ്മ ചെവിയിലോതിത്തന്ന മന്ത്രം ഇന്നും ദിവസവും ഞാൻ ചൊല്ലുന്നു. എനിക്കു തുണയും കരുത്തുമായി ഇന്നും ആ മന്ത്രമുണ്ട്. ഇതിനൊപ്പം അമ്മയുടെ ധ്യാനശ്ലോകവും നിത്യവും ചൊല്ലുന്നു. 

പിന്നീട് ചെന്നൈയിൽ കൃഷ്ണചന്ദ്രന്റെ വീട്ടിൽ അമ്മ എത്തിയപ്പോഴും കാണാൻ സൗകര്യമുണ്ടായി. ഞാനും എന്റെ അമ്മയും ചേച്ചി കെ.എസ്.ബീനയുമെല്ലാം അന്ന് അമ്മയെ കണ്ട് അനുഗ്രഹം തേടി. ഏറെനേരം ഒരുമിച്ചിരുന്നു. 

വള്ളിക്കാവിലെ ആശ്രമത്തിൽ ഒരിക്കലേ പോയിട്ടുള്ളൂ. അമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഞാനും കൃഷ്ണചന്ദ്രനും എന്റെ ചേച്ചിയും പാടി. കൃഷ്ണചന്ദ്രൻ സംഗീതം നൽകിയ ‘അമ്മ’ എന്ന ആൽബത്തിലെ 8 പാട്ടുകളും പാടി. കൂടാതെ ചില ദേവീസ്തുതികൾ അമ്മയുടെ നാമംചേർത്തു പാടാനായി. 

മറക്കാനാകാത്ത മറ്റൊരനുഭവമുണ്ട്. എന്റെ മകൾ ജനിച്ച ശേഷം ചെന്നൈയിൽ അമ്മ വന്നപ്പോൾ കാണിക്കാനായി പോയി. നല്ല ജനത്തിരക്കുണ്ടായിരുന്നു. ഒടുവിൽ അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മ അവളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. എന്തിനാണ് ഇങ്ങനെ തിക്കിത്തിരക്കി വന്നത്, ഞാൻ അങ്ങോട്ടു വരുമായിരുന്നല്ലോ എന്നു ചോദിച്ചു. എനിക്കു വിശ്വസിക്കാനായില്ല. ‘അമ്മ വരുമോ’ എന്നു ഞാൻ ചോദിച്ചു. ‘തീർച്ചയായും നാളെ ഞാനെത്താം’ എന്നു മറുപടി. 

അമ്മ എത്തുന്ന സമയം ചോദിച്ചറിയിക്കാമെന്നു കൃഷ്ണചന്ദ്രൻ പറഞ്ഞു. വല്ലാത്ത അവസ്ഥയിലാണു ഞങ്ങളും ചേച്ചിയുടെ കുടുംബവുമെല്ലാം അന്നു രാത്രി ചെലവഴിച്ചത്. അമ്മ എപ്പോൾ വരുമെന്നറിയില്ലല്ലോ. രാവിലെ 8 മണിയോടെ കൃഷ്ണചന്ദ്രൻ വിളിച്ച് അമ്മ ഉടനെത്തുമെന്നു പറഞ്ഞു. 

അമ്മയ്ക്കായി ഇഡ്ഡലിയും പാലും കരുതി. അമ്മയെത്തി. പ്രാതൽ കഴിച്ചു. എന്റെ പൂജാമുറിയിൽ കയറി പ്രാർഥിച്ചു. മോളെ എടുത്തു മടിയിൽവച്ചു. ഞങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചു. എനിക്കതു ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി. അമ്മ വന്നതറിഞ്ഞ് ഞങ്ങളുടെ തെരുവ് ജനത്തെക്കൊണ്ടു നിറഞ്ഞു. 

അമ്മയെ അവസാനം കണ്ടത് 5 വർഷം മുൻപു യുകെ സന്ദർശനത്തിനിടെ അയർലൻഡിൽ പോയപ്പോഴായിരുന്നു. ഞങ്ങൾ താമസിച്ച ഹോട്ടലിനു വെളിയിലുള്ള കൺവൻഷൻ സെന്ററിൽ അമ്മ എത്തിയിട്ടുണ്ടെന്നറിഞ്ഞു. അവിടേക്ക് ഓടിച്ചെന്നു കണ്ടു. ഒരു ശ്ലോകം ഞാനവിടെ പാടി, അമ്മയുടെ അനുഗ്രഹം വാങ്ങി. 

എനിക്കു കിട്ടിയതുപോലെ ലക്ഷക്കണക്കിനാളുകൾക്ക് അമ്മ ആത്മീയതയുടെ നിർവൃതിയേകുന്നു. ആലിംഗനത്തിലൂടെയും പ്രഭാഷണത്തിലൂടെയുമെല്ലാം എത്രയോ പേരെ ജീവിതത്തിൽ നേരായ മാർഗത്തിലേക്കു കൊണ്ടുവരാൻ അമ്മയ്ക്കു സാധിക്കുന്നു. ആയിരങ്ങൾക്കു സാന്ത്വനമേകാൻ അമ്മയ്ക്ക് ഇനിയും ഒരുപാട് ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെ. അമ്മ സദാ ആരോഗ്യവതിയായി ഇരിക്കട്ടെ. 

Content Highlight: 70th birthday of Mata Amritanandamayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com