ADVERTISEMENT

പശ്ചിമേഷ്യയിലേതു സ്ഫോടനാത്മക സാഹചര്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൊലപാതകങ്ങളും അക്രമങ്ങളും നാശനഷ്ടങ്ങളും അതിന്റെ രൂക്ഷമായ പ്രതിഫലനങ്ങളുമാണ് ഈ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ നമ്മൾ കാണുന്ന രീതിയിലല്ല ഇതിനെ നിരീക്ഷിക്കുന്നത്. മറ്റു രാജ്യങ്ങളും ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായി രണ്ടു ട്വീറ്റുകൾ മാത്രമാണ് പുറത്തുവന്നത്. അതിന്റെ ധ്വനികളുടെ വ്യാപ്തിയെപ്പറ്റി നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിനു നല്ല നിശ്ചയമുണ്ട്. നമ്മുടെ പ്രതികരണങ്ങൾക്ക് ഒരുപക്ഷേ, ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടായേക്കാം. 

അമേരിക്കയും ചൈനയും തമ്മിലെന്ത്?

അമേരിക്കയും ചൈനയും പശ്ചിമേഷ്യൻ പ്രശ്നത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടും നയതന്ത്രനീക്കങ്ങളും പ്രധാനപ്പെട്ടതാണ്. അമേരിക്കൻ സെനറ്റിലെ ഉന്നതസംഘം ബെയ്ജിങ് സന്ദർശിച്ച് ഷി ചിൻപിങ്ങുമായി ചർച്ച നടത്തിയിരുന്നു. ഇതു വളരെ വിചിത്രമായി തോന്നാം. ഈ രണ്ടു ശക്തികളും ഏതു നിമിഷവും യുദ്ധത്തിലേക്കു നീങ്ങാൻ സന്നദ്ധരാണെന്ന സാങ്കൽപിക ലോകത്തിലാണ് നാം ജീവിക്കുന്നത്. പക്ഷേ, യാഥാർഥ്യം അതല്ല. മാറിയ ലോകസാഹചര്യത്തിൽ, ഏറെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും യാഥാർഥ്യബോധത്തോടെയുമാണ് അവരുടെ നീക്കങ്ങൾ. അവരെ വൻശക്തികളാക്കിയതും ഇത്തരം സംഗതികൾ തന്നെ. 

അമേരിക്കൻ സെനറ്റർമാരും ഷി ചിൻപിങ്ങും തമ്മിൽ നടത്തിയ ചർച്ച ഏതു രീതിയിലായിരുന്നെന്ന വിവരം പുറത്തുവന്നിട്ടില്ല. ചർച്ചയ്ക്കുശേഷം ഈജിപ്തുമായി ചൈന ബന്ധപ്പെട്ടെന്ന വാർത്തകളുമുണ്ട്. മേഖലയിലെ വെടിനിർത്തൽ, പലസ്തീൻ ജനതയ്ക്കു മാനുഷിക പരിഗണനകൾ മുൻനിർത്തിയുള്ള സഹായം എന്നിവയാണു ചർച്ചാവിഷയമായത്. ഈജിപ്തിനു ഹമാസുമായി അടുത്തബന്ധമാണുള്ളത്. പല ഘട്ടങ്ങളിലും ഈജിപ്താണ് സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥത വഹിച്ചതും. പക്ഷേ, മേഖലയിലെ ഇപ്പോഴത്തെ സ്ഥിതി ഈജിപ്തിനു കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ്. 

പശ്ചിമേഷ്യയിൽ ‘നങ്കൂര’മുറപ്പിക്കാൻ ചൈന

പശ്ചിമേഷ്യയിലെ നിർണായക ഇടപെടൽ ശക്തിയായി ചൈനയെ അമേരിക്ക കാണുന്നു. അമേരിക്കയ്ക്കു യുദ്ധം തുടരുന്നതിൽ താൽപര്യമില്ല. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിൽ ഇറാനു പങ്കില്ല എന്ന ധ്വനിയിൽ അവർ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. 

ഇസ്രയേലുമായി ചൈന സൗഹൃദത്തിലാണ്. ഇന്ത്യ– ഇസ്രയേൽ ബന്ധം പോലെയല്ല അത്. വളരെയേറെ മാനങ്ങളും സാധ്യതകളും ഉൾക്കൊള്ളുന്ന സഖ്യമാണത്. ചൈനയുമായി കൂടുതൽ അടുക്കാനും ഇസ്രയേൽ ആഗ്രഹിക്കുന്നു. ഇതെല്ലാം പശ്ചിമേഷ്യയിൽ ചൈനയുടെ സ്വാധീനത്തിനുള്ള പരോക്ഷ അംഗീകാരമാണ്. 

അടുത്തകാലത്ത് ബ്രിക്സിൽ അംഗത്വം ലഭിച്ച രാജ്യമാണ് ഈജിപ്ത്. മറ്റൊരു ബ്രിക്സ് രാജ്യമായ ഇറാൻ ചൈനയുടെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. ഈ സാഹചര്യത്തിൽ, ചൈനയ്ക്കു മധ്യസ്ഥ റോളിലേക്കു കടന്നുവരാൻ താൽപര്യമുണ്ട്.  

വൻശക്തികളുടെ യുക്തിസഹ നീക്കങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി സുപ്രധാനമായ ഒരു പ്രസ്താവന നടത്തി. ഗാസയിൽ ഈ രീതിയിൽ മുന്നോട്ടുപോയാൽ ഇസ്രയേൽ പരാജയപ്പെടുമെന്നതായിരുന്നു അത്. ഈ പ്രസ്താവന ഹീബ്രുഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അത് ഇസ്രയേൽ തലപ്പത്തുള്ളവർക്കുള്ള സന്ദേശമായിരുന്നു. ഇറാനുമേലുള്ള സ്വാധീനം ഉപയോഗിക്കണമെന്ന് ഇതിനുശേഷം ഇസ്രയേലിന്റെ പ്രധാന നയതന്ത്രജ്ഞൻ ചൈനയോട് അഭ്യർഥിച്ചു. പശ്ചിമേഷ്യൻ പ്രശ്നത്തിൽ വൻശക്തികൾ വൈകാരികമായല്ല, യുക്തിസഹമായാണ് പ്രതികരിക്കുന്നതെന്ന് ഇതിൽനിന്നു വ്യക്തം.  മേഖലയിൽ നയതന്ത്ര നിലപാടുകളിലൂടെ സമാധാനം കൊണ്ടുവരികയാണ് അമേരിക്കയുടെ ലക്ഷ്യം. അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.  

പശ്ചിമേഷ്യയിൽ അവരുടെ സ്വാധീനം കുറയുന്നതുകൊണ്ടല്ല ഈ സമീപനം. യുക്രെയ്നിലും തയ്‌വാനിലുമൊക്കെ ഇടപെട്ടതിനെത്തുടർന്നുള്ള ബാധ്യതകൾ അമേരിക്കയ്ക്ക് ഇപ്പോഴുമുണ്ട്. നയതന്ത്രതലത്തിലേക്കു വിഷയം എത്തിക്കാനാണ് ചൈനയും ആഗ്രഹിക്കുന്നത്. പലസ്തീനെ പിന്തുണയ്ക്കുന്ന പ്രസ്താവനകളാണ് ഇറക്കുന്നതെങ്കിലും മേഖലയിലെ പ്രാദേശികസുരക്ഷയും സമാധാനവും സുസ്ഥിര സാമൂഹികക്രമവും അവർക്കു പ്രധാനം. ചൈനയ്ക്ക് ആ മേഖലയിലുള്ള പങ്കാളിത്തം വലുതാണെന്നതാണു കാരണം. അമേരിക്കയെ കവച്ചുവച്ചുള്ള നിക്ഷേപവും വാണിജ്യ ഇടപെടലുകളുമാണ് ചൈന അവിടെ നടത്തുന്നത്. യുഎഇയാണ് ചൈനയുടെ 5 ജി ഹബ്. ആഫ്രിക്കയിലും മറ്റും ചൈന തങ്ങളുടെ വ്യാപാരം വർധിപ്പിക്കുന്നതും യുഎഇ കേന്ദ്രമാക്കിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ടെക്നോളജിയിലും സൗദിക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയുടെ വിദേശനയത്തിന്റെ കാമ്പു തന്നെ ഗൾഫ് ഉന്നംവച്ചുള്ളതാണ്. സ്ഥലം പിടിച്ചെടുക്കുക, യുദ്ധം ചെയ്യുക തുടങ്ങിയ രീതിയല്ല ചൈന പിന്തുടരുന്നത്. സമാധാനവും സുസ്ഥിരതയും സുരക്ഷയുമുള്ള മേഖലയാണ് അവരുടെ ഉന്നം. അമേരിക്കയും ചൈനയും തമ്മിലുള്ള താൽപര്യങ്ങളുടെ ചേർച്ചയും ഇവിടെയാണ്. 

എം.കെ.ഭദ്രകുമാർ
എം.കെ.ഭദ്രകുമാർ

എണ്ണയുടെ രാഷ്ട്രീയം; ഡോളറിന്റെ പതനം?

പശ്ചിമേഷ്യയിൽ 1945 മുതൽ എണ്ണയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയമായിരുന്നു. അമേരിക്കയ്ക്ക് ആവശ്യമുള്ള എണ്ണ സൗദി നൽകും. പകരം സൗദിക്ക് അമേരിക്കയുടെ സംരക്ഷണം. ഇതായിരുന്നു ധാരണ. മതം, തീവ്രവാദം തുടങ്ങിയ ഘടകങ്ങൾ കടന്നുകൂടിയത് അതിനുശേഷമാണ്. സോവിയറ്റ് യൂണിയനെ തകർക്കാനുള്ള അമേരിക്കൻ പദ്ധതിയിലെ പങ്കാളികൂടിയായിരുന്നു സൗദി. ഇന്നു പക്ഷേ, സ്ഥിതി മാറി. പശ്ചിമേഷ്യൻ മേധാവിത്വം അമേരിക്കയ്ക്കു നഷ്ടമാകുന്നു. 1970കളുടെ തുടക്കത്തിൽ സ്വർണത്തിനുപകരം ഡോളർ ലോക കറൻസിയാക്കണമെന്ന അമേരിക്കയുടെ അഭ്യർഥന സൗദി സ്വീകരിച്ചിരുന്നു. ഈ കറൻസി എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എണ്ണയുടെ കച്ചവടം  ഡോളറിൽ നടത്തുമെന്നു സൗദി തിരിച്ചും വാഗ്ദാനം ചെയ്തു.

എണ്ണ വാങ്ങണമെങ്കിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഡോളർ ആവശ്യമായിവന്നു. അതിന് അമേരിക്കയുമായി ബന്ധമുണ്ടാക്കേണ്ട അവസ്ഥയുമുണ്ടായി. ഏതെങ്കിലും ഘട്ടത്തിൽ അമേരിക്കയുമായുള്ള ബന്ധം തകരുമോയെന്നും സ്വത്ത് അമേരിക്ക കൈക്കലാക്കുമോയെന്നും ഇതിനിടെ സൗദി ഭയന്നു. റഷ്യയാകട്ടെ ഈ ഘട്ടത്തിൽ അമേരിക്കയ്ക്കെതിരെ നിർണായക നീക്കങ്ങളും നടത്തി. ‘ട്രേഡ് ഇൻ ലോക്കൽ കറൻസി’ എന്ന ആശയം അങ്ങനെ യാഥാർഥ്യമായി. ഇന്ത്യ ഇന്ന് യുഎഇയിൽനിന്ന് എണ്ണ വാങ്ങുന്നത് രൂപ ഉപയോഗിച്ചാണ്. കച്ചവടം രൂപയിലോ ദിർഹത്തിലോ ഒക്കെയായി. ഡോളർ വിട്ട് എണ്ണക്കച്ചവടം മറ്റു രീതികളിലേക്കു മാറി. ഇതു ചൈനയെ സംബന്ധിച്ചു സുപ്രധാന ഘടകമായി. തങ്ങളുടെ കറൻസി മുന്നോട്ടു കൊണ്ടുവരാൻ അവരും ശ്രമിച്ചു. ചൈനീസ് ഇടപാടുകൾ ലോക്കൽ കറൻസിയിലായി. മറ്റൊരു (നിയന്ത്രിത) സൂപ്പർ പവറായ ഇറാനും ഇതു സമ്മതിച്ചു. ഡോളറിന്റെ മേധാവിത്വം കുറയുന്നത് അമേരിക്ക തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ അവരെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയിലെ പ്രധാനപ്രശ്നം പലസ്തീനോ തീവ്രവാദമോ എണ്ണയോ അല്ല. തങ്ങളുടെ സാമ്പത്തിക സ്വാധീനവും മേധാവിത്വവും തകരുന്നതാണ്. 

പൂർണമായും ലോക്കൽ കറൻസിയിലേക്കു പോകാൻ സൗദി പ്രഖ്യാപിച്ചാൽ ഡോളറിന്റെ പതനം വേഗത്തിലാകും. സൗദി ബ്രിക്സിൽ അംഗമായത് അമേരിക്കയ്ക്കു വലിയ തലവേദനയായിരിക്കുന്നു. ബ്രിക്സ് അജൻഡയുടെ കാതലായ ഭാഗം ഡോളറിന്റെ സ്വാധീനം കുറയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി സൗദിയും ഡോളർ വിട്ടുള്ള കച്ചവടങ്ങളിലേക്കു നീങ്ങുമെന്നാണ് കരുതുന്നത്. ഇതാണ് അവിടെയുള്ള ചിത്രം. ഇത്തരം കാര്യങ്ങളെല്ലാം അവഗണിച്ചാണ് ഹമാസ് തീവ്രവാദ സംഘടനയാണോ നാഷനൽ ലിബറേഷൻ മൂവ്മെന്റ് ആണോ എന്നൊക്കെയുള്ള ചർച്ചകൾ ഇന്ത്യയിൽ നടക്കുന്നത്. ഒന്നുറപ്പാണ്, അവിടെ സംഭവിക്കുന്നത് ലോകരാഷ്ട്രീയത്തിന്റെ  ഭാവി നിർണയിക്കുന്ന പ്രക്രിയകളാണ്.  

അമേരിക്കയുടെ ഭാവി; ചൈനയുടേതും

ഡോളർ തകർന്നാൽ അമേരിക്ക വീഴും. ഇപ്പോൾതന്നെ അവരുടെ ജിഡിപിയുടെ നൂറു ശതമാനത്തിനും അപ്പുറമുള്ള കടമാണ് നേരിടുന്നത്.   യുദ്ധങ്ങൾക്കുവേണ്ടിയൊഴുക്കിയ പണവും കടമെടുപ്പുമാണ് അവരെ ഈ നിലയിലെത്തിച്ചത്. സാമ്പത്തിക ‍‍ഞെരുക്കത്തിൽ ഉഴലുന്ന  രാജ്യമായി അമേരിക്ക മാറുമോ? എങ്കിൽ അവരുടെ ജീവിതശൈലിയും മാറും. രാഷ്ട്രീയ സംവിധാനം ഉടച്ചുവാർക്കപ്പെടും. ചൈനയെ സംബന്ധിച്ച് ഇതൊരു അവസരമാണെന്നു തോന്നാം.  പക്ഷേ, ചൈനയ്ക്ക് അമേരിക്കയോടു വൈരാഗ്യമില്ല. ചൈന– അമേരിക്ക സഹകരണം എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് അവർ നോക്കുന്നത്. അമേരിക്കയുടെ മാസങ്ങളായുള്ള അഭ്യർഥന മാനിച്ച് ഷി ചിൻപിങ്ങിന്റെ അമേരിക്കൻ സന്ദർശനം നവംബറിലുണ്ടാകും. പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയുടെകൂടി പശ്ചാത്തലത്തിലാണ് യുഎസ്– ചൈന നീക്കങ്ങളെ കാണേണ്ടത്. 

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ  നെതന്യാഹു ഈ നാടകത്തിലെ ചെറിയ മനുഷ്യനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലുമാണ്. ശിഷ്ടകാലം ജയിലിൽ കഴിയേണ്ടിവരുമോ എന്നറിയില്ല. അഴിമതിയാരോപണങ്ങളും തീവ്രവാദ നിലപാടുള്ള സഖ്യകക്ഷികളിൽ നിന്നുള്ള വെല്ലുവിളികളും ഏറെ. പലസ്തീനിനുള്ള സഹായം തുടരണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടും പ്രധാനം.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

English Summary:

Diplomatic 'war' Behind West Asia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com