ADVERTISEMENT

∙ ബി.ആർ.പി.ഭാസ്കർ: ബുദ്ധിജീവികളെന്നു വിളിക്കുന്ന വിഭാഗങ്ങൾക്കുമേൽ ഇടതുപക്ഷത്തിനു വൻസ്വാധീനമുള്ള കാലമുണ്ടായിരുന്നു. അങ്ങനെയാണ് ഇപ്പോഴും കാര്യങ്ങളെന്നു ഞാൻ വിശ്വസിക്കുന്നില്ല. സ്വന്തം ഗ്രൂപ്പുകളെ സംഘടിപ്പിച്ച് ഇതു മറികടക്കാൻ കോൺഗ്രസിനായിട്ടുണ്ട്. അവർക്ക് അവരുടേതായ സമിതികളും ബുദ്ധിജീവികളും ഉണ്ട്.

∙ ഇന്ദ്രൻസ്: സ്വന്തമായി തയ്യൽക്കട തുടങ്ങിയത് സെക്രട്ടേറിയറ്റിനു കുറച്ചുമാറി ഗാന്ധാരിയമ്മൻ കോവിലിനു സമീപമായിരുന്നു. അന്നു കടയ്ക്കു മുന്നിലൂടെ ഒരാൾ നടന്നുപോകുമായിരുന്നു. കുപ്പായത്തിന്റെ ബട്ടൺസ് പിടിപ്പിക്കാനൊക്കെ എന്റെ കടയിലും എത്തുമായിരുന്നു. അടുത്തെവിടെയോ വാടകയ്ക്കു താമസിക്കുന്ന ഒരു ഉദ്യോഗസ്ഥനെന്നല്ലാതെ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് അതു സാക്ഷാൽ എ.പി.ജെ.അബ്ദുൽ കലാമാണെന്നു തിരിച്ചറിഞ്ഞത്.

∙ കൈതപ്രം ദാമോദരൻ നമ്പൂതിരി: ‘വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു’ എന്ന പാട്ട് മനോഹരമായ ദൃശ്യങ്ങളോടെയാണ് ഭരതൻ അവതരിപ്പിച്ചത്. പാട്ട് അൽപം പതിഞ്ഞ താളത്തിലാണെന്നും ഒഴിവാക്കുന്നതാണ് നല്ലതെന്നും സഹസംവിധായകരിൽ ഒരാൾ പറഞ്ഞു. ഞാൻ വിവരം ധരിപ്പിച്ചപ്പോൾ ‘ആ പാട്ട് മുറിച്ചുമാറ്റിയാൽ ചോരവരുമെന്ന് നീ അവരോടു പറഞ്ഞേക്ക്’ എന്നായിരുന്നു ഭരതന്റെ മറുപടി.

∙ ചന്ദ്രമതി: കേരളത്തിൽ ജീവിച്ച പല എഴുത്തുകാരികൾക്കും എന്നെപ്പോലെ എഴുത്തിടവേളകൾ ഉണ്ടായിട്ടുണ്ട്. പിന്നീടാണു മനസ്സിലായത് ഇതൊരു ആഗോള പ്രവണതയാണെന്ന്. ഓസ്ട്രേലിയയിൽ ഞാൻ പങ്കെടുത്ത സെമിനാറിൽ ‘സ്ത്രീകൾ എന്തുകൊണ്ട് എഴുത്തു നിർത്തിയിട്ട് ഒരിടവേളയ്ക്കുശേഷം തിരിച്ചുവരുന്നു’ എന്നൊരു സെഷൻതന്നെ ഉണ്ടായിരുന്നു. രാജ്യങ്ങൾ പലതാണെങ്കിലും പ്രശ്നങ്ങൾ പലതാണെങ്കിലും എഴുത്തുകാരിക്കു സംഭവിക്കുന്നത് ഒന്നുതന്നെയാണ്.

∙ ശ്രീകുമാരൻ തമ്പി: സിനിമയിലെപ്പോലെ കോക്കസുണ്ട് സാഹിത്യത്തിലും. സാഹിത്യത്തിലെ ഏത് അവാർഡിനു പരിഗണിച്ചാലും ‘അങ്ങേർക്കു  സിനിമയിൽ കിട്ടിയില്ലേ, സാഹിത്യത്തിൽക്കൂടി പിന്നെന്തിനാണെ’ന്ന ചോദ്യമാണ് പ്രമാണിമാർക്ക്. സാഹിത്യത്തിനുള്ളതു നമുക്കിരിക്കട്ടെ എന്നവർ പറയും!

 ∙ സി.വി.ബാലകൃഷ്ണൻ: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിനോ പത്മ പുരസ്കാരങ്ങൾക്കോ അർഹതയുണ്ടായിരുന്നു കെ.ജി. ജോർജിന്. അവ അനർഹരായ ചിലർക്കൊക്കെ പോയപ്പോഴും അദ്ദേഹം ഋഷിതുല്യമായ നിസ്സംഗത കാട്ടി. പക്ഷേ, ഗൗരവമുറ്റ പ്രേക്ഷകർ, ചലച്ചിത്രപ്രവർത്തകരും കെ.ജി.ജോർജിനെ വാഴ്ത്തും എന്ന് എനിക്കുറപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com