ADVERTISEMENT

പത്താം ക്ലാസ് മുതൽ എംബിബിഎസ് വരെ വിവിധ യോഗ്യതകളുള്ള 28.7 ലക്ഷം പേരാണ് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുന്നത്. പിഎസ്‌സിക്കു വിടാത്ത സ്ഥിരനിയമനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങളിലുമാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, അവർക്കു ലഭിക്കേണ്ട സാമാന്യനീതിക്കു വിലങ്ങുതടിയായി പിൻവാതിൽ തുറന്നുവച്ചിരിക്കുകയാണ് നമ്മുടെ സർക്കാർ സംവിധാനങ്ങൾ. 

എത്രയോ വർഷങ്ങളായി വിവിധ സർക്കാർ വകുപ്പുകളിലെ ലക്ഷക്കണക്കിനു താൽക്കാലിക നിയമനങ്ങളിൽ ബഹുഭൂരിപക്ഷവും നടക്കുന്നത് പിൻവാതിൽ വഴിയാണെന്നതു രഹസ്യമല്ല. പക്ഷേ, അതു തടയാൻ ചുമതലപ്പെട്ട സംവിധാനങ്ങൾക്ക് അതിനാകുന്നില്ല എന്നതും തടയേണ്ട ഭരണകൂടം തന്നെ അതിന് ഒത്താശ ചെയ്യുന്നുവെന്നതും ഖേദകരമാണ്. താൽക്കാലിക തസ്തികകളിൽ പാർട്ടി താൽപര്യപ്രകാരം വ്യാപകമായി നടക്കുന്ന പിൻവാതിൽ നിയമനങ്ങളിലൂടെ നോക്കുകുത്തിയാകുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളാണെന്ന വാർത്ത അത്യധികം ആശങ്കയുണ്ടാക്കുന്നു. 

കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ 2016 മുതൽ കഴിഞ്ഞ ഏപ്രിൽ വരെയുള്ള 7 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി താൽക്കാലിക, കരാർ തസ്തികകളിൽ ലക്ഷക്കണക്കിനു നിയമനങ്ങൾ നടന്നെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾവഴി നടന്നത് 80,227 എണ്ണം മാത്രമാണ്. മറ്റു വഴികളിലൂടെ നടത്തിയ താൽക്കാലിക, കരാർ നിയമനങ്ങളുടെ കൃത്യമായ പട്ടിക സർക്കാരിന്റെ പക്കൽ ഇല്ലതാനും. ഇങ്ങനെ പിൻവാതിൽ തുറന്നുകൊടുക്കുന്നവർ നാടിനെയും ഇവിടെയുള്ള ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളെയും വഞ്ചിക്കുകയാണെന്നതിൽ സംശയമില്ല.

സർക്കാർ  വേതനം  നൽകുന്ന  താൽക്കാലിക ജോലികളിലും പിഎസ്‌സിക്കു വിടാത്ത തൂപ്പുജോലി പോലുള്ള തസ്തികകളിലും എക്സ്ചേഞ്ചുകൾ യോഗ്യതയും സീനിയോറിറ്റിയും അനുസരിച്ചു നൽകുന്ന പട്ടികയിൽനിന്നു മാത്രമേ നിയമനം പാടുള്ളൂ എന്നാണ് ചട്ടം. ഇതു കർശനമായി നടപ്പാക്കണമെന്നു സർക്കാർ ഉത്തരവുകളുമുണ്ട്. എന്നിട്ടും, എല്ലാ വകുപ്പുകളിലും പിൻവാതിൽ നിയമനം വ്യാപകമായി നടക്കുന്നു. 

സർക്കാർ, അർധ സർക്കാർ, കമ്പനി, കോർ‌പറേഷൻ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടില്ലെങ്കിൽ അവിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന മാത്രമേ നിയമനം നടത്താവൂ എന്നാണ് കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസി ആക്ടിൽ (1959) വ്യക്തമാക്കിയിട്ടുള്ളത്. പിൻവാതിലിലൂടെ നിയമിക്കപ്പെടുന്നവരെ പിൻവാതിലിലൂടെത്തന്നെ പുറത്താക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഉദ്ധരിച്ചും അനുബന്ധ വിധികൾ ചൂണ്ടിക്കാട്ടിയും ഉത്തരവുകളേറെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഭരണത്തിന്റെ മറവിൽ പാർട്ടി വളർത്താൻ ശ്രമിക്കുമ്പോൾ ഇതെല്ലാം മൂടിവയ്ക്കപ്പെടുകയാണ്. 

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന മാസങ്ങളിൽ താൽക്കാലിക, ദിവസവേതന, കരാർ തൊഴിലാളികളെ വ്യാപകമായി സ്ഥിരപ്പെടുത്തിയതിനെതിരെ 2021 ഫെബ്രുവരി 22ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും പിൻവാതിൽ നിയമനങ്ങൾക്കെതിരെ പറയുന്നുണ്ട്. സർക്കാർതന്നെ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 

ഭരണാധികാരികളുടെ തണലിൽ, അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന അവിഹിത ഇടപാടുകളുടെയും സ്വജനപക്ഷപാതത്തിന്റെയും പല സംഭവങ്ങളും ഇതിനകം വെളിപ്പെട്ടുകഴിഞ്ഞു. ഇതിനകം പുറത്തുവരാത്ത ഇതിലും പലമടങ്ങ് പിൻവാതിൽ ഇടപാടുകളുണ്ടെന്നും ജനത്തിനറിയാം. താൽക്കാലിക നിയമനങ്ങളുടെ മറവിൽ ബന്ധുനിയമനങ്ങളും അഴിമതിയും നടത്താനുള്ള രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും താൽപര്യമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാന കാരണം. എല്ലാ സർക്കാരുകളുടെയും കാലത്ത് ഇതുണ്ടാകാറുണ്ടെങ്കിലും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മിക്ക സ്ഥാപനങ്ങളിലേക്കും ഇതു വ്യാപിച്ചു.

നിയമനങ്ങൾക്കായി സർക്കാരിനു വ്യവസ്ഥാപിത രീതിയുള്ളപ്പോൾ അതിനെ അട്ടിമറിച്ച്, പിൻവാതിലിലൂടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതു ജനാധിപത്യസമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ്; നിയമപാലന സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടുകയും സമഗ്ര അന്വേഷണം നടത്തുകയും ചെയ്യേണ്ട വിഷയമാണിത്. ക്രമക്കേടും അഴിമതിയും നിയമനത്തിനു കൈക്കൂലിയുമെ‍ാന്നുമില്ലെന്നു പറഞ്ഞ് ഉന്നതർ വിവിധ വകുപ്പുകളെ വെള്ളപൂശുകകൂടി ചെയ്യുമ്പോൾ തെ‍ാഴിലന്വേഷകരോടുള്ള സർക്കാർവെല്ലുവിളി കൂടുതൽ ക്രൂരമാകുന്നു.

English Summary:

Editorial about Illegal Appointments in Kerala Government Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com