ADVERTISEMENT

ആളൊഴിഞ്ഞ സ്ദെറോത് നഗരത്തിൽ കരയുദ്ധത്തിന്റെ കരിനിഴൽ. ആസന്നമായ കരയുദ്ധത്തിനായി ആളുകളെ ഒഴിപ്പിച്ചതോടെ, ഒരാഴ്ചമുൻപു ഹമാസ് മനുഷ്യക്കുരുതി നടത്തിയ സ്ദെറോത് ശരിക്കും പ്രേതനഗരമായി.  ഇസ്രയേൽ സേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. സുരക്ഷിതമായ ടെൽ അവീവ്, ഹെർസീലിയ, ചാവുകടൽ പ്രദേശങ്ങളിലേക്കാണു പ്രധാനമായും ആളുകളെ മാറ്റിയത്. സ്വന്തം വാഹനങ്ങളിൽ പോകാൻ കഴിയുന്നവരെയെല്ലാം അതിന് അനുവദിച്ചു. മറ്റുള്ളവർക്കായി നഗരകേന്ദ്രത്തിൽ ബസുകൾ തയാറായിരുന്നു.   

34,000 താമസക്കാരുള്ള സ്ദെറോതും ഗാസ അതിർത്തിയും തമ്മിൽ ഒരു മൈൽ ദൂരമേയുള്ളൂ. സ്ദെറോതിലും മറ്റ് അതിർത്തി പട്ടണങ്ങളിലും റോക്കറ്റ് ആക്രമണങ്ങൾക്ക് ഇപ്പോഴും കുറവില്ല. ഹമാസ് റോക്കറ്റുകളും അവയെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ അയേൺ ഡോം സുരക്ഷാ കവചവും സജീവം. ഈ മാസം ഏഴിലെ സാബത്ത് ദിനത്തിലെ അപ്രതീക്ഷിത ആക്രമണം എല്ലാം മാറ്റിമറിച്ചിരിക്കുന്നു. 

"കുഞ്ഞുങ്ങൾ ഭീതിയിലാണ്. അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു"

കൂട്ടിലകപ്പെട്ട്: തെക്കൻ ഗാസയിലെ റഫായിൽനിന്നു വളർത്തുപക്ഷിയുമായി വാസസ്ഥലമൊഴിഞ്ഞുപോകുന്ന പലസ്തീൻ ബാലൻ. കഴിഞ്ഞദിവസം ഇവിടെ ഇസ്രയേൽ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പലായനം. ചിത്രം: എഎഫ്പി
കൂട്ടിലകപ്പെട്ട്: തെക്കൻ ഗാസയിലെ റഫായിൽനിന്നു വളർത്തുപക്ഷിയുമായി വാസസ്ഥലമൊഴിഞ്ഞുപോകുന്ന പലസ്തീൻ ബാലൻ. കഴിഞ്ഞദിവസം ഇവിടെ ഇസ്രയേൽ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പലായനം. ചിത്രം: എഎഫ്പി

പറഞ്ഞറിയിക്കാനാവാത്ത ഭീകരദുരന്തത്തെ സൂചിപ്പിക്കുന്നതാണ് ഹീബ്രുവിലെ ‘ഷോഹ’ എന്ന പദം. ഇസ്രയേലിലെ പഴയ തലമുറയ്ക്കും ഇപ്പോൾ ഭരണത്തലപ്പത്തുള്ള അവരുടെ മക്കൾക്കും രണ്ടാം ലോകയുദ്ധകാലത്തെ കൂട്ടക്കൊല ഇത്തരത്തിലൊന്നാണ്. പുതുതലമുറയ്ക്ക് അതിനെക്കുറിച്ചു കേട്ടുകേൾവിയേയുള്ളൂ. എന്നാൽ, അവരെല്ലാം അതു പഠിച്ച് മനസ്സിനെ പാകപ്പെടുത്തി വളർന്നവരാണ്. ഇത്തവണത്തെ ഹമാസ് ആക്രമണത്തെ അവർ ‘ഷോഹ’യായി പരിഗണിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇസ്രയേൽ ജനതയ്ക്ക് അന്നു ഹമാസിൽ നിന്നേറ്റ ഭീകരയാതനകൾ വിവരണാതീതമാണ്. 

ഗാസയിൽ കരയുദ്ധത്തിനു തയാറെടുക്കുകയാണോയെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാന വക്താവ് ടാൽ ഹെയ്ൻറിച്ചിനോടു ചോദിച്ചപ്പോൾ മറുപടി വ്യക്തമായിരുന്നു. ‘ഞാൻ സൈനിക മേധാവിയല്ല, യുദ്ധവുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളിലൊന്നും എനിക്കു പങ്കില്ല. എന്നാൽ, ഒരു കാര്യം ഉറപ്പിച്ചു പറയാം. ഞങ്ങളുടെ സുരക്ഷാസേന ഈ ആക്രമണത്തിനു യുക്തമായ തിരിച്ചടി നൽകും. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ ഞങ്ങളിപ്പോൾ മുന്നണിപ്പോരാളികളാണ്,’ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിന്റെ ‘ഇതു തുടക്കം മാത്രമാണ്, ആക്രമണം നടത്തിയ ഒരാളെയും വെറുതേവിടില്ല’ എന്ന വാക്കുകൾ അവർ കൂട്ടിച്ചേർക്കുകയും ചെയ്തു. ഗാസയിൽ ഇനിയൊന്നും പഴയതുപോലെയാവില്ലെന്ന ഇസ്രയേൽ സൈനികമേധാവി ജനറൽ ഹെർസൽ ഹലേവിയുടെ വാക്കുകളും ഓർമിപ്പിച്ചു.   

കരുത്തിൽ അഭിമാനിച്ചിരുന്നവരാണ് ഇസ്രയേൽക്കാർ. മധ്യേഷ്യയിലെ ഏറ്റവും മികച്ചതും ലോകത്തുതന്നെ മുൻപന്തിയിലുള്ളതുമായ സൈനിക ശക്തിയാണ് അവരുടേത്. മൊസാദിന്റെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ സംവിധാനം ലോകത്തെ ഏറ്റവും മികച്ചതെന്നു പേരുകേട്ടതാണ്. ഏതു ഭീകരാക്രമണവും പരാജയപ്പെടുത്താൻ അവർക്കു കഴിയുമായിരുന്നു. ശത്രുരാജ്യങ്ങളിലെ ആണവശാസ്ത്രജ്ഞരെ അതിവിദഗ്ധമായി വധിച്ച് അവരുടെ ആണവപദ്ധതികൾ തകർക്കാൻ പലവട്ടം കഴിഞ്ഞവർ. പ്രധാനമന്ത്രി നെതന്യാഹുവിനു കർക്കശക്കാരനായ, കഴിവുറ്റ ഭരണാധികാരിയുടെ പ്രതിഛായയുമുണ്ട്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി എന്തും ചെയ്യാൻ മടിക്കാത്ത ആളായാണ് അദ്ദേഹത്തെ പാശ്ചാത്യലോകം കാണുന്നത്. എന്നാൽ, അദ്ദേഹത്തിന് ഇത്തവണ ആ പ്രതിഛായ കാക്കാനായില്ല. ഹമാസ് ആക്രമണം തകർത്ത പ്രതിഛായ വീണ്ടെടുക്കാൻ അദ്ദേഹം എന്തും ചെയ്യുമെന്ന ഭീതി പടരുന്നു. പ്രാദേശിക ദിനപത്രം ‘ഹാറെറ്റ്സി’ന്റെ വാർത്തയനുസരിച്ച്, ഒക്ടോബർ ഏഴിലെ ആക്രമണശേഷം രണ്ടു ദിവസത്തേക്ക് ഇസ്രയേലിലെ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളെയും പൊതുവേദിയിൽ കാണാനേയില്ലായിരുന്നു.

തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ. ഒക്ടോബർ 11ലെ ചിത്രം. (Photo by IANS/Khaled Omar/Xinhua)
തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ. ഒക്ടോബർ 11ലെ ചിത്രം. (Photo by IANS/Khaled Omar/Xinhua)

ഹമാസ് എങ്ങനെയാണ് ഇത്ര വലിയൊരു ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നത് ഇവിടത്തുകാർക്ക് ഇനിയും പിടികിട്ടാത്ത ചോദ്യമാണ്. വിദഗ്ധർ പറയുന്നത് ഹമാസ് നിശ്ശബ്ദരായിരുന്ന് ഒളിയിടങ്ങളിൽ ചെറിയ ചെറിയ സംഘങ്ങളായി ഇതിനായി പ്രവർത്തിക്കുകയായിരുന്നു എന്നാണ്. ‘പോസ്റ്റ്മോർട്ട’വും വിശകലനങ്ങളും ഏറെയുണ്ടായെങ്കിലും സത്യം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 

ഹാറെറ്റ്സ് പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന നെതന്യാഹുവിന്റെ പഴയ പ്രസ്താവന ഇപ്പോൾ ചർച്ചയായിട്ടുണ്ട്. 2019ൽ ലിക്കുഡ് പാർട്ടിയുടെ യോഗത്തിൽ നെതന്യാഹു പറഞ്ഞു: ‘പലസ്തീൻ രാഷ്ട്രത്തെ തടയാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അവർ ഹമാസിനെ സാമ്പത്തികസഹായം നൽകി ശക്തിപ്പെടുത്തിയാൽ മതി.’ അഹങ്കാരത്തോളമെത്തിയ തന്റേടം പ്രകടമാക്കിയ ഈ വാക്കുകൾക്ക് ഇസ്രയേൽ ജനത കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് ആരെങ്കിലും അദ്ദേഹത്തെ ഓർമിപ്പിക്കേണ്ടിയിരിക്കുന്നു.

English Summary:

Israel-Palestine conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com