ADVERTISEMENT

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ വെള്ളം ഉയർന്നതിനെ നഗരവെള്ളപ്പൊക്കം (അർബൻ ഫ്ലഡ്) എന്നു വിശേഷിപ്പിക്കേണ്ടി വരും. വേണ്ടത്ര കരുതലെടുത്തില്ലെങ്കിൽ ആവർത്തിക്കാനും വലിയ ദുരന്തങ്ങളുണ്ടാകാനും ഇടയുള്ള പ്രതിഭാസമാണിത്. അതിന്റെ പ്രത്യാഘാതം രൂക്ഷമാകാതിരിക്കണമെങ്കിൽ ഇപ്പോഴേ ഉണർന്നു പ്രവർത്തിക്കണം. തോടുകളിലും കാനകളിലും നീരൊഴുക്കിനുള്ള തടസ്സം, റോഡുകളുടെ ഇരുവശവും അടച്ചുകെട്ടിയുള്ള മതിൽനിർമാണം, ഡ്രെയ്നേജ് സംവിധാനത്തിന്റെ പോരായ്മ, പരിസ്ഥിതിയെ പാടേ അവഗണിച്ചുള്ള കെട്ടിടനിർമാണം, നദീതടങ്ങളിലടക്കം ഒഴുക്കു തടസ്സപ്പെടുത്തിയുള്ള കോൺക്രീറ്റ് നിർമിതികൾ തുടങ്ങിയവ നഗരവെള്ളപ്പൊക്കത്തിന്റെ കാരണങ്ങളാണ്. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മൺസൂൺ ചക്രത്തിലുണ്ടാകുന്ന വ്യതിയാനം കനത്തമഴയായി കെടുതികൾ വിതയ്ക്കാറുണ്ട്.  പക്ഷേ, തിരുവനന്തപുരത്തെ വെള്ളപ്പൊക്കം നഗര ആസൂത്രണമില്ലായ്മകൊണ്ടു സംഭവിച്ചതാണ്. അനിയന്ത്രിത നിർമാണ പ്രവർത്തനങ്ങളും കെട്ടിടങ്ങളുടെ ക്രമാതീതമായ വളർച്ചയുമാണ് പെട്ടെന്നു വെള്ളമുയരാൻ ഇടയാക്കിയത്. വികസിത രാജ്യങ്ങളിൽ മതിലുകൾക്കു പകരം വേലികൾ മാത്രമാണുള്ളത്. അതു വെള്ളത്തിനു പരന്നൊഴുകാൻ സാഹചര്യമൊരുക്കുന്നു. നമ്മുടെ നാട്ടിലാകട്ടെ, കെട്ടിട നിർമാണവേളയിലും മറ്റും ൈജവികപരിസരം അവഗണിക്കുന്നു. പ്രകൃതിദത്ത അഴുക്കുചാലുകൾ ഒട്ടേറെയുണ്ടായിരുന്ന നഗരമാണ് തിരുവനന്തപുരം. അവയിൽ പലതും ഇന്നു കാണാനില്ല. ഉള്ളവയാകട്ടെ മാലിന്യം മൂടിയ നിലയിലും. 

പുലിമുട്ടുകളുടെ തകർച്ചയുമായി ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിനു ബന്ധമില്ല. എന്നാൽ, പൊഴികളുടെ പ്രവർത്തനവുമായി ബന്ധമുണ്ടുതാനും. നെയ്യാർ, പൂന്തുറ, കരമന, പൂവാർ, വേളി ഭാഗങ്ങളുമായി ബന്ധപ്പെട്ട പൊഴികൾ വെള്ളം ഒഴുകിപ്പോകാത്ത രീതിയിൽ തടസ്സപ്പെട്ടു കിടക്കുകയാണ്. കരിച്ചിൽ തോട് വന്നിറങ്ങുന്ന അടിമലത്തുറയിൽ പ്രശ്നം സങ്കീർണമാണ്. മാലിന്യം നീക്കി തെളിച്ചെടുത്ത സമയത്ത് തമ്പാനൂർ, പാർവതി പുത്തനാർ തോടുകൾ വെള്ളം പരിധിവിട്ട് ഉയരുന്നതു തടഞ്ഞിരുന്നു. തലസ്ഥാന നഗരിയിൽ പെയ്തിറങ്ങുന്ന മഴവെള്ളത്തിന് ഇപ്പോൾ ഒഴുകിപ്പോകാനുള്ള ഇടമില്ല എന്നതാണ് വസ്തുത.    

ജനങ്ങളുടെ സുരക്ഷ അതീവപ്രാധാന്യത്തോടെ ഈ ഘട്ടത്തിൽ വിലയിരുത്തണം. താഴ്ന്ന സ്ഥലങ്ങളിലും ദുർബലപ്രദേശങ്ങളിലും തുടരുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതിക നിയന്ത്രണമേർപ്പെടുത്താൻ വൈകരുത്. താഴ്ന്ന പ്രദേശങ്ങളും റെയിൽവേ ലൈനുകളുടെയും ദേശീയപാതകളുടെയും പരിസരങ്ങളും കെട്ടിയടച്ചുള്ള നിർമാണം കർശനമായി നിയന്ത്രിക്കണം. 

ഡോ. കെ.വി.തോമസ്
ഡോ. കെ.വി.തോമസ്

ട്രെയിൻ സർവീസ് ഉൾപ്പെടെ ഗതാഗതസംവിധാനങ്ങൾ ഒന്നാകെ തടസ്സപ്പെടുന്നതു തിരുവനന്തപുരത്തു കണ്ടു. ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള വഴികൾ മുങ്ങിയതുമൂലം സുരക്ഷാപ്രവർ‍ത്തകർക്കും ആംബുലൻസുകൾക്കും വേഗത്തിൽ എത്താൻ കഴിയാത്ത സാഹചര്യമുണ്ടായി. മൃഗങ്ങളുടെ ജീവനും അപ്രതീക്ഷിത വെള്ളപ്പൊക്കം ഭീഷണിയാണ്. വെള്ളപ്പൊക്കം നീണ്ടുനിന്നാൽ തൊഴിലിനു പോകാനാകാതെ ജനങ്ങളുടെ വരുമാനം നിലയ്ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ദീർഘകാലത്തേക്കു തടസ്സപ്പെടും. ജനസാന്ദ്രതയേറിയ ദുർബല പ്രദേശങ്ങളിൽ കഴിയുന്ന അതിസാധാരണക്കാരായ മനുഷ്യരാണ് നഗരവെള്ളപ്പൊക്കത്തിന്റെ ഇരകൾ.  

വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലും അടിയന്തരശ്രദ്ധ വേണം. ഖരമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും വലിയൊരു പ്രദേശമാകെ ഒഴുകിപ്പരക്കുന്നതു പകർച്ചവ്യാധികൾക്ക് ഇടവരുത്തുമെന്നതിൽ സംശയമില്ല. 

വെള്ളപ്പൊക്കം, മഴ തുടങ്ങിയവയെപ്പറ്റി തത്സമയ  മുന്നറിയിപ്പു നൽകുന്ന സംവിധാനം ഇന്നു സജ്ജമാണ്. ചെന്നൈയിലും മുംബൈയിലും വെള്ളപ്പൊക്ക സമയത്ത് കാലാവസ്ഥാ വകുപ്പിന്റെ സഹകരണത്തോടെ ജാഗ്രതാ മുന്നറിയിപ്പു നൽകി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ച മാതൃക നമ്മുടെ മുന്നിലുണ്ട്. അത്തരം നടപടികളിലേക്കു കേരളവും കടക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾ കർമപദ്ധതികൾ ആവിഷ്കരിക്കണം. 

വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളിൽ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ മഴക്കാലത്തിനു മുൻപുതന്നെ പരിശോധന നടത്തി അപാകതകൾ പരിഹരിക്കണം. നഗരങ്ങളിലെ പ്രധാന തോടുകൾ, നദികൾ എന്നിവയിലെ നീരൊഴുക്ക് സുഗമമാക്കാൻ കൃത്യമായ സംരക്ഷണ നടപടികൾ വേണം. മാസ്റ്റർപ്ലാനുകൾ സമഗ്രമാക്കണം. ഓടകളിലെ തടസ്സങ്ങൾ നീക്കണം. പ്ലാസ്റ്റിക്കുകളും മറ്റ് അജൈവമാലിന്യങ്ങളും ശരിയായ രീതിയിൽ സംസ്കരിക്കണം.  

(ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽ ചീഫ് സയന്റിസ്റ്റായിരുന്നു ലേഖകൻ)

English Summary:

Writeup about Thiruvananthapuram flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com