ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനു നിലമൊരുക്കുന്നതിന്റെ തിരക്കിലാണു തമിഴകം. ഏറെ രാഷ്ട്രീയക്കാർക്കും ‘കർഷക’ മനസ്സുള്ളതിനാൽ ‘വിളവെടുപ്പ്’ സാധ്യത കണക്കിലെടുത്തേ വിത്തെറിയൂ എന്നു നിർബന്ധമുണ്ട്. കുഴഞ്ഞു മറിഞ്ഞ മണ്ണിൽ ചുവടുറച്ചു നിൽക്കാനുള്ള പല പാർട്ടികളുടെയും തത്രപ്പാടിനിടെ തനി തമിഴ്പടം തോറ്റു പോകുന്ന ട്വിസ്റ്റും ടേണും അടിപിടിയുമൊക്കെ പുരോഗമിക്കുന്നു. കെട്ടിപ്പിടിച്ചിരുന്ന അണ്ണാഡിഎംകെയുടെ അണ്ണൻ എടപ്പാടി പളനിസാമിയും ബിജെപിയുടെ ‘സിങ്കം’ അണ്ണാമലൈയും, വിവാഹമോചന നോട്ടിസ് നൽകി കോടതി വിധിക്കായി കാത്തിരിക്കുന്ന ദമ്പതികളെപ്പോലെ ആയതാണ് ഇപ്പോഴത്തെ  ചൂടുള്ള ചർച്ച. ഇന്ത്യ മുന്നണിയെ വിജയതീരത്തെത്തിക്കാൻ തലൈവർ എം.കെ.സ്റ്റാലിൻ കരുക്കൾ നീക്കുന്നതിനിടെ, ഇ.ഡിയും ആദായനികുതി വകുപ്പും ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ ഡിഎംകെക്കാർക്കെതിരെ ഓവർടൈം ജോലി തുടരുകയാണ്. 

∙ അടിച്ചുപിരിഞ്ഞ സൗഹൃദം 

2016ൽ ജയലളിതയുടെ മരണത്തിനു പിന്നാലെ പാർട്ടിയിൽ ചേരിപ്പോരു തുടങ്ങിയതോടെ നിലനിൽപിനു വേണ്ടിയാണ് അണ്ണാഡിഎംകെ ബിജെപിക്കൊപ്പം ചേർന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുകക്ഷികളും സഖ്യത്തിലായിരുന്നു. എൽ.മുരുകൻ കേന്ദ്രമന്ത്രിയായതിനു പിന്നാലെ, കെ.അണ്ണാമലൈ ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ സൗഹൃദത്തിൽ വിള്ളൽ വീണു. സഖ്യകക്ഷിയെന്ന പരിഗണന അണ്ണാഡിഎംകെയ്ക്കു നൽകാതെയായിരുന്നു അണ്ണാമലൈയുടെ മിക്ക പ്രവർത്തനങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പിൽ  ഒറ്റയ്ക്കു മത്സരിക്കാൻ ബിജെപി തീരുമാനിച്ചതും ഇതെത്തുടർന്നാണ്. ചെന്നൈ കോർപറേഷനിൽ ഉൾപ്പെടെ അക്കൗണ്ട് തുറന്നതോടെ അണ്ണാമലൈ ആവേശത്തിലായി. മുഖ്യപ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് ബിജെപിയെ ഉയർത്തിക്കാട്ടാൻ കൂടി ശ്രമിച്ചത്  അണ്ണാഡിഎംകെയെ പ്രകോപിപ്പിച്ചു.

ഇതിനിടെ, ബിജെപി വിട്ട പ്രമുഖ നേതാക്കൾക്ക് അണ്ണാഡിഎംകെ അഭയം കൊടുത്തതു തർക്കം രൂക്ഷമാക്കി. പിന്നാലെ, പരസ്യപ്പോര് തുടങ്ങി. പുരട്ചി തലൈവി ജയലളിതയെ  അഴിമതിക്കാരിയെന്നു വിളിക്കുകയും അണ്ണാഡിഎംകെ ജൂബിലി സമ്മേളനത്തെയും എടപ്പാടിയെയും അടക്കം പരിഹസിക്കുകയും ചെയ്തപ്പോൾ പാർട്ടി ബിജെപിക്കു മുന്നറിയിപ്പു നൽകി. എന്നിട്ടും, അണ്ണാമലൈ ആക്രമണം കടുപ്പിച്ചു.  ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ മുൻമുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈ പരസ്യമായി മാപ്പു പറഞ്ഞെന്നു കൂടി ആരോപിച്ചതോടെ വേർപിരിയൽ പൂർത്തിയായി. 

∙ ഏശുമോ തനി വഴി?

‘എൻ വഴി തനി വഴി’യെന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമാ ഡയലോഗിന്റെ ശൈലിയിലാണ് ഇപ്പോൾ എടപ്പാടി പളനിസാമിയുടെയും അണ്ണാമലൈയുടെയും പോക്ക്. എൻഡിഎ സഖ്യത്തിലായിരുന്നപ്പോൾ മുസ്‌ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളെക്കുറിച്ച് കാര്യമായ ‘ആശങ്ക’ ഇല്ലാതിരുന്ന എടപ്പാടിയും സംഘവും നയം മാറ്റി. എൻഡിഎയുമായി ഇനി സഖ്യം ഉണ്ടാകില്ലെന്ന് ബോധ്യപ്പെടുത്താൻ ജില്ലാ ഭാരവാഹികൾക്കും നിർദേശം നൽകി. ബിജെപി സഖ്യം മൂലം ന്യൂനപക്ഷ വോട്ടുകൾ വഴുതിപ്പോയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Edappadi K. Palaniswami
എടപ്പാടി പളനിസാമി

ഇതു ഡിഎംകെയ്ക്കു വൻതോതിൽ ഗുണംചെയ്തിരുന്നു. എൻഡിഎ സഖ്യം പാർട്ടിക്കു ഗുണത്തേക്കാളേറെ ദോഷമാണു ചെയ്തതെന്നും നേതൃത്വം വിലയിരുത്തുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ മുഴുവൻ ഡിഎംകെയും സഖ്യകക്ഷികളും ചേർന്നു കൊണ്ടു പോകുന്ന സാഹചര്യം തടയാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണിപ്പോൾ അണ്ണാഡിഎംകെ. സീറ്റ് വിഭജനത്തിലും മറ്റും പ്രശ്നങ്ങളുണ്ടായാൽ ഡിഎംകെയിലെ ചെറു കക്ഷികൾ പുറത്തുവരുമെന്നും പാർട്ടി  പ്രതീക്ഷിക്കുന്നു.

∙ ബോണസിനായി അണ്ണാമലൈ

‘എൻ മക്കൾ എൻ മൺ’ എന്ന സംസ്ഥാന പദയാത്ര നടത്തുകയാണ് അണ്ണാമലൈ. അണ്ണാഡിഎംകെ സഖ്യം വിട്ടു പോയതിനാൽ ബിജെപിക്കു നഷ്ടമൊന്നുമില്ലെന്ന നിലപാടിലാണ് ഇപ്പോഴും അദ്ദേഹം. ഇന്നല്ലെങ്കിൽ നാളെ തമിഴ്നാടിന്റെ തലപ്പത്ത് ബിജെപി വരുമെന്ന ആത്മവിശ്വാസവും പുലർത്തുന്നു. സഖ്യത്തിൽ നിന്നു പുറത്തു പോയ അണ്ണാഡിഎംകെയെക്കുറിച്ച് കാര്യമായ പ്രതികരണത്തിനും തുനിഞ്ഞിട്ടില്ല. സഖ്യകക്ഷിയോട് ബിജെപി  കാട്ടിയ പ്രകോപനങ്ങൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ മൗനാനുവാദവും ആശീർവാദവുമുണ്ടെന്ന് സംശയിച്ചാലും തെറ്റു പറയാനാകില്ല. സഖ്യം പിരിഞ്ഞതിന്റെ പേരിൽ അണ്ണാമലൈയ്ക്കെതിരെ നടപടി ഉണ്ടായില്ലെന്നു മാത്രമല്ല, പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നേരിട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവരും ചടങ്ങിലുണ്ടാകും. ഈ സമ്മേളനത്തിൽ ഡിഎംകെയ്ക്കു പുറമേ അണ്ണാഡിഎംകെയെയും ബിജെപി നേതൃത്വം കടന്നാക്രമിച്ചാൽ അത് അണ്ണാമലൈയ്ക്കുള്ള ബോണസാകും. .

കെ.അണ്ണാമലൈ (PTI Photo/Shailendra Bhojak)
കെ.അണ്ണാമലൈ (PTI Photo/Shailendra Bhojak)

∙ കരുത്ത് കാട്ടി തലൈവർ

എൻഡിഎയ്ക്കെതിരെ രൂപം കൊണ്ട ഇന്ത്യ മുന്നണിയുടെ കാരണവർ സ്ഥാനത്തൂണ്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദക്ഷിണേന്ത്യയിൽ മുന്നണിക്ക് കരുത്താകുന്ന 40 സീറ്റുകൾ (39 തമിഴ്നാട്, 1 പുതുച്ചേരി) ഉറപ്പിക്കാൻ സ്റ്റാലിൻ  കൂടിയേ തീരു. നിലവിൽ തമിഴ്നാട്ടിലെ 38 സീറ്റുകളിലും പുതുച്ചേരിയിലും ഡിഎംകെ സഖ്യത്തിൽ നിന്നുള്ള എംപിമാരാണ്. തേനിയിൽ അണ്ണാഡിഎംകെ ടിക്കറ്റിൽ ജയിച്ച ഏക എംപി ഒ.പി.രവീന്ദ്രനാഥ് പാർട്ടിക്കു പുറത്തുമാണ്. നഷ്ടപ്പെട്ട ഒരു സീറ്റ് സഹിതം തമിഴ്നാട്ടിലെ മുഴുവൻ സീറ്റും പുതുച്ചേരിയും അടക്കം പൂർണമായും കൈപ്പിടിയിലൊതുക്കാനാണു സ്റ്റാലിന്റെ ശ്രമം. വരുന്ന തിരഞ്ഞെടുപ്പിൽ ആരു ജയിക്കണം എന്നതിനെക്കാൾ ഉപരി ആരു ജയിക്കരുത് എന്നതാണു പ്രധാനമെന്ന് ഇടയ്ക്കിടെ അദ്ദേഹം ഓർമിപ്പിക്കുന്നുമുണ്ട്.

ഇതിനിടെ, സനാതന ധർമത്തെക്കുറിച്ചു മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം സംഘപരിവാർ, ബിജെപി സംഘടനകൾ രാജ്യവ്യാപകമായി ആളിക്കത്തിച്ചത് അൽപം അലോസരമുണ്ടാക്കി. എന്നാൽ, 40 സീറ്റെന്ന ‘ഓഫറു’മായി നിൽക്കുന്ന സ്റ്റാലിനെതിരെയോ ഡിഎംകെയ്ക്കെതിരെയോ ഇന്ത്യ മുന്നണിയിൽ കാര്യമായ അലയൊലികളുണ്ടായില്ല. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം ഡിഎംകെ ചെന്നൈയിൽ സംഘടിപ്പിച്ച വനിതാ അവകാശ സമ്മേളനം. 

എം.കെ.സ്റ്റാലിൻ (File Photo: Fahad Muneer KM / Manorama)
എം.കെ.സ്റ്റാലിൻ (File Photo: Fahad Muneer KM / Manorama)

ഇന്ത്യ മുന്നണിയിലെ പ്രമുഖ കക്ഷികളുടെ വനിതാ നേതാക്കൾ യോഗത്തിനെത്തി. പൊതുസമ്മേളനങ്ങളിൽ ഏറെക്കാലമായി പ്രത്യക്ഷപ്പെടാതിരുന്ന സോണിയ ഗാന്ധിയുടെ സാന്നിധ്യം ഡിഎംകെയ്ക്ക് മുന്നണിയിലുള്ള സ്വാധീനത്തിന്റെ തെളിവായി വ്യാഖ്യാനിക്കാം. എന്നാൽ, എൻഡിഎ വിട്ടു സ്വതന്ത്രരായ അണ്ണാഡിഎംകെ കഴിഞ്ഞ തവണ ഡിഎംകെയെ തുണച്ച ന്യൂനപക്ഷ വോട്ടുകൾ അടർത്തിമാറ്റുമോയെന്ന ആശങ്ക ഇല്ലാതെയുമില്ല.   

∙ കളം വാഴുമോ താരങ്ങൾ? 

ഒറ്റയ്ക്കു കളം പിടിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ ഡിഎംകെ പാളയത്തിലേക്കാണ് നടൻ കമൽഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യത്തിന്റെ നോട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കു മാത്രമാണു തോറ്റതെന്ന ആത്മവിശ്വാസമാണു വീണ്ടും  കോയമ്പത്തൂരിലേക്ക് ആകർഷിക്കുന്നത്. സഖ്യ ചർച്ചകൾ ഡിഎംകെ ആരംഭിച്ചാൽ കമൽ ഡിഎംകെയ്ക്ക് കൈ കൊടുക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

INDIA-ENTERTAINMENT
കമൽഹാസൻ

അതേ സമയം, പുതിയ രാഷ്ട്രീയ പാർട്ടിയുമായി അവതരിക്കാൻ ഒരുക്കങ്ങൾ തുടരുകയാണ് നടൻ   വിജയ്. ഇടയ്ക്കിടെ യോഗങ്ങൾ വിളിച്ചും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും സജീവമായി നിൽക്കാനും  ശ്രദ്ധിക്കുന്നുണ്ട്.  ഒറ്റയ്ക്കു നിന്ന് 8 ശതമാനത്തിലേറെ വോട്ടുകൾ മുൻപു നേടിയിട്ടുള്ള വിജയകാന്ത് ആരോഗ്യ കാരണങ്ങളാൽ ഇപ്പോൾ സജീവമല്ല. സമത്വ മക്കൾ കക്ഷിയെന്ന പാർട്ടിയുമായി നടൻ ശരത് കുമാറും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേ കളത്തിലാരൊക്കെ എന്നതു കൃത്യമായി തെളിയൂ. 

∙  പിടി വിടാതെ ഇ.ഡി

13 വർഷം മുൻപുള്ള കേസിൽ ജൂണിൽ ഇ.ഡിയുടെ പിടിയിലായ മന്ത്രി സെന്തിൽ ബാലാജി ഇപ്പോഴും ജയിലിലാണ്.  പിന്നാലെ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയെയും മകനും ഡിഎംകെ എംപിയുമായ ഗൗതമ ചിക്കാമണിയെയും അന്വേഷണ സംഘം നിർത്തിപ്പൊരിച്ചിരുന്നു. ഡിഎംകെ എംപി ജഗ‌ത്‌രക്ഷകൻ കുടുങ്ങിയത് ആദായനികുതി വകുപ്പിന്റെ കുരുക്കിലാണ്. എ.രാജ എംപിയുടെ ബെനാമി ഇടപാടിൽപ്പെട്ട 55 കോടി രൂപയുടെ സ്വത്തു കണ്ടു കെട്ടുകയും ചെയ്തു. 

അഴിമതിക്കേസുകളിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കീഴ്ക്കോടതി വിട്ടയച്ച പല മന്ത്രിമാർക്കുമെതിരെയുള്ള കേസുകൾ പുനഃപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതിയും രംഗത്തുണ്ട്.  

vijay-1710
വിജയ്

ബിജെപി അധ്യക്ഷൻ അണ്ണാമലൈ പുറത്തു വിട്ട ‘ഡിഎംകെ ഫയൽസ്’ എന്ന വിവാദ രേഖകൾ കുറച്ചു പേരിലെങ്കിലും സംശയത്തിന്റെ വിത്ത് വിതച്ചിട്ടുണ്ട്. പക്ഷേ, ഇതിലൊന്നും പതറാതെ മുന്നോട്ടു പോകാനാണു  പ്രവർത്തകരോട് സ്റ്റാലിൻ പറയുന്നത്. ബിജെപിക്കെതിരെ പോരാടുമ്പോൾ ഇതല്ല ഇതിനപ്പുറം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. 

 വിവാദങ്ങൾ ഇടയ്ക്കിടെ തലപൊക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ ജനക്ഷേമ പദ്ധതികളും വൻ പദ്ധതികളുമായി സർക്കാർ മുന്നോട്ടു തന്നെയാണ്.

English Summary:

Political Scenario of Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com