ADVERTISEMENT

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു തുടച്ചുനീക്കപ്പെട്ട കോൺഗ്രസ്, മേഖലയിലെ തിരിച്ചുവരവിനു തുടക്കംകുറിക്കാൻ ലക്ഷ്യമിടുന്നതു മിസോറമിലാണ്. സംസ്ഥാന രൂപീകരണംതൊട്ട് ഭരണകക്ഷിയോ പ്രധാനപ്രതിപക്ഷമോ ആയിരുന്ന പാർട്ടി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കിങ്മേക്കറാകുക എന്ന കോൺഗ്രസിന്റെ സ്വപ്നം യാഥാർഥ്യമാകാൻ പക്ഷേ, ദൂരമേറെയുണ്ട്.

40 നിയമസഭാ സീറ്റും എട്ടരലക്ഷം വോട്ടർമാരും മാത്രമുള്ള മിസോറമിലെ തിരഞ്ഞെടുപ്പ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തം. മ്യാൻമർ അഭയാർഥിപ്രശ്നങ്ങളും മണിപ്പുർ കലാപവും ഏകസിവിൽകോഡും സംസ്ഥാനങ്ങളുടെ അതിർത്തി സംബന്ധിച്ച തർക്കവുമൊക്കെ വിഷയമാകുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണത്തിനു ശ്രമിക്കുകയാണ് മുഖ്യമന്ത്രി സൊറാംതാംഗ നേതൃത്വം നൽകുന്ന മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്). 4 വർഷം മുൻപു മാത്രം രൂപീകരിച്ച സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) ആണ് എംഎൻഎഫിനു വെല്ലുവിളി. എംഎൻഎഫിന് 26 സീറ്റും സെഡ്പിഎമ്മിന് 8 സീറ്റുമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5 സീറ്റു മാത്രം നേടിയ കോൺഗ്രസ് നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തു കൂടുതൽ സീറ്റുകൾ നേടാമെന്ന പ്രതീക്ഷയിലാണ് ഒരു സീറ്റ് മാത്രമുള്ള ബിജെപി. പല മണ്ഡലങ്ങളിലും എംഎൻഎഫ്, സെഡ്പിഎം, കോൺഗ്രസ് ത്രികോണ മത്സരമാണ്.

ദേശീയതലത്തിൽ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമാണ് എംഎൻഎഫ്. എന്നാൽ, മണിപ്പുർ വിഷയത്തിലും മ്യാൻമർ  അഭയാർഥി പ്രശ്നത്തിലും ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരായ നിലപാട് പാർട്ടിയെടുത്തിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് മിസോറമിൽ നടപ്പാക്കാൻ ശ്രമിച്ചാൽ എൻഡിഎ വിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ വൈകാരികതലങ്ങളുള്ള മ്യാൻമർ, മണിപ്പുർ വിഷയങ്ങൾ രാഷ്ട്രീയവിഷയമാക്കാൻ സൊറാംതാംഗയ്ക്കു കഴിഞ്ഞു. ഇത്തവണ എംഎൻഎഫിന്റെ പ്രധാന ആയുധവും അതാണ്.

‌∙ അതിരുകൾക്കപ്പുറം രക്തബന്ധം

മ്യാൻമറുമായി 510 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട് മിസോറം; മണിപ്പുരുമായി 95 കിലോമീറ്ററും. അതിതീവ്ര മിസോ ദേശീയതയുടെ ഭാഗമായാണ് എംഎൻഎഫ് രൂപീകരിച്ചത്. മ്യാൻമറിലെ ചിൻ, മണിപ്പുരിലെ കുക്കി, മിസോറമിലെ മിസോ തുടങ്ങിയവർ സോ ഗോത്രപരമ്പരയുടെ ഭാഗമാണ്. മ്യാൻമറിലെ ആഭ്യന്തരകലാപത്തെത്തുടർന്ന് 35000ൽപരം പേരാണ് മിസോറമിൽ അഭയം തേടിയത്. മണിപ്പുരിൽനിന്നുള്ള അഭയാർഥികളുടെ എണ്ണം 12000ൽ അധികവും.

കഴിഞ്ഞ ജൂണിൽ ഐസ്വാളിൽ നടന്ന സൊ വംശജരുടെ കൂട്ടായ്മയിൽ നിന്ന് (Photo: The Mizos/FB)
കഴിഞ്ഞ ജൂണിൽ ഐസ്വാളിൽ നടന്ന സൊ വംശജരുടെ കൂട്ടായ്മയിൽ നിന്ന് (Photo: The Mizos/FB)

അതിർത്തികൾക്കതീതമായി, രക്തബന്ധം മുൻനിർത്തി അവരെ സംരക്ഷിക്കേണ്ടതു തങ്ങളുടെ ചുമതലയാണെന്നു മിസോ ജനത ഒന്നടങ്കം കരുതുന്നു. ഈ വികാരം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്  സൊറാംതാംഗ. മ്യാൻമർ അഭയാർഥികളെ തിരിച്ചയയ്ക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യം അദ്ദേഹം അംഗീകരിച്ചിട്ടില്ല. ഇവരുടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിർദേശവും നിരസിച്ചു. മണിപ്പുരിലെത്തിയ അഭയാർഥികളെ മുഖ്യമന്ത്രി ബിരേൻ സിങ് തടങ്കൽ പാളയത്തിലേക്ക് അയയ്ക്കുമ്പോഴാണ് സൊറാംതാംഗ മിസോ വികാരത്തിനൊപ്പംനിന്നു കേന്ദ്രത്തെ ധിക്കരിക്കുന്നത്.

അസമുമായുള്ള അതിർത്തിത്തർക്കവും മിസോറമിലെ തിരഞ്ഞെടുപ്പു വിഷയമാണ്. രണ്ടു വർഷം മുൻപ് അതിർത്തിത്തർക്കത്തെത്തുടർന്ന് അസം-മിസോറം പൊലീസ് ഏറ്റുമുട്ടിയിരുന്നു. 6 അസം പൊലീസുകാരാണ് അന്നു കൊല്ലപ്പെട്ടത്. അസമിലെ ജില്ലാ പൊലീസ് സൂപ്രണ്ടിനും വെടിയേറ്റു. ഇത്തരം വൈകാരിക വിഷയങ്ങളിൽ ജനപ്രിയ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

മിസോറം മുഖ്യമന്ത്രി സോറംതങ്ങ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (Photo: X/@ZoramthangaCM)
മിസോറം മുഖ്യമന്ത്രി സോറംതങ്ങ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (Photo: X/@ZoramthangaCM)

ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ കോൺഗ്രസ് എംപിയുമായ ലാൽഡുഹോമയുടെ  നേതൃത്വത്തിലുള്ള സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) വിവിധ പൗരസംഘടനകൾ ചേർന്നുണ്ടാക്കിയ പാർട്ടിയാണ്. 2019ൽ രൂപീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചത്. 8 സീറ്റ് നേടി. ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരെ അണിനിരത്തുന്ന സെഡ്പിഎം ഇത്തവണ അദ്ഭുതം സൃഷ്ടിക്കുമെന്നാണ് പൊതുവേ വിലയിരുത്തൽ. മിസോറമിലെ രണ്ടാമത്തെ വലിയ നഗരമായ ലുങ് ലൈയിൽ ഇക്കൊല്ലം നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടിയതു പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നു.

ആർക്കും ഭൂരിപക്ഷമില്ലാത്ത നിലയാകും ഇത്തവണയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കോൺഗ്രസും ബിജെപിയും ഈ സാഹചര്യത്തെയാണ് ഉറ്റുനോക്കുന്നത്. 10 സീറ്റെങ്കിലും കോൺഗ്രസ് നേടിയാൽ അതു വൻ നേട്ടമാകുമെന്നു നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. മിസോ സംസ്കാരവും ഭാഷയും മതവും ബിജെപി ആക്രമണത്തെ നേരിടുകയാണെന്നും കോൺഗ്രസിനു മാത്രമേ ഇതു ചെറുക്കാനാകൂ എന്നുമാണ് പാർട്ടിയുടെ പ്രചാരണം. 2500 രൂപ ക്ഷേമപെൻഷൻ, 750 രൂപയ്ക്ക് എൽപിജി സിലിണ്ടർ തുടങ്ങിയവ കോൺഗ്രസ്  വാഗ്ദാനം ചെയ്യുന്നു. അഞ്ചു തവണ മുഖ്യമന്ത്രിയും നിലവിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ ലാൽതൻഹാവ്​ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.

∙ പ്രചാരണത്തിന് ഞായറാഴ്ച അവധി

കടകമ്പോളങ്ങൾക്കു മാത്രമല്ല, തിരഞ്ഞെടുപ്പു പ്രചാരണത്തിനും മിസോറമിൽ ഞായറാഴ്ച അവധിയാണ്. പള്ളിയിൽ ആരാധനയ്ക്കു പോകാൻ മാത്രമാണ് ഞായറാഴ്ച ആളുകൾ പുറത്തിറങ്ങുന്നത്. അതിനാൽ, 5 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ 3 ഞായറാഴ്ച  നിശ്ചയിച്ചതിൽ രോഷാകുലരാണ് മിസോറമിലെ ജനങ്ങളും പാർട്ടികളും. വോട്ടെണ്ണൽ മാറ്റണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മിസോറം മുഖ്യമന്ത്രി സോറംതങ്ങയും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങും (Photo: X/@ZoramthangaCM)
മിസോറം മുഖ്യമന്ത്രി സോറംതങ്ങയും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങും (Photo: X/@ZoramthangaCM)

പൗരസംഘടനകൾക്കും മതസംഘടനകൾക്കും മിസോറം രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ട്. സമ്പൂർണ മദ്യനിരോധനമുള്ള സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ ചെറുപ്പക്കാർ പള്ളികളിൽ നടക്കുന്ന പ്രാർഥനകളിൽ പങ്കെടുക്കും. പല റസ്റ്ററന്റുകളിലും പക്ഷേ, നിയമവിരുദ്ധമായി മദ്യം വിതരണം ചെയ്യുന്നുണ്ട്. ചെറുപ്പക്കാരിൽ വലിയൊരു പങ്ക് ലഹരിവസ്തുക്കൾക്ക് അടിമകളാണ് എന്നതു തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ലഹരിക്കെതിരെ എല്ലാ പാർട്ടികളും പ്രചാരണം നടത്തുന്നുമുണ്ട്.

ബിജെപിക്ക് അനുകൂലമായ മണ്ണല്ല മിസോറമിലേതെങ്കിലും കഴിഞ്ഞവർഷം പാർട്ടി അക്കൗണ്ട് തുറന്നു. ചക്മ വിഭാഗക്കാർക്കു സ്വാധീനമുള്ള ടുയിചാങ് മണ്ഡലത്തിലായിരുന്നു ജയം. മണിപ്പുർ, മ്യാൻമർ വിഷയങ്ങളിൽ ജനങ്ങൾക്കു ബിജെപിയോട് അമർഷമുണ്ട്. ഏകീകൃത സിവിൽ കോഡ്, മതപരിവർത്തനത്തിനെതിരെയുള്ള നീക്കങ്ങൾ എന്നിവയെയും മിസോറം ജനത എതിർക്കുന്നു. അതിനിടെ, ഇത്തവണ സീറ്റ് കിട്ടാത്ത നിയമസഭാ സ്പീക്കർ എൽ. സൈലോ, മുൻമന്ത്രി കെ.ബൈചുവ എന്നിവർ ബിജെപിയിൽ ചേർന്നതു പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നു. സീറ്റ് നില മെച്ചപ്പെടുത്താമെന്നാണു പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തു പ്രചാരണത്തിന് എത്തുന്നുണ്ട്.

സ്ഥാനാർഥികൾ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും മിസോകൾ അല്ലെങ്കിൽ അവരെ ബഹിഷ്കരിക്കുമെന്നു ചില സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിസോകളല്ലാത്തവരെ വിവാഹം കഴിച്ച സ്ത്രീകളെ സ്ഥാനാർഥികളാക്കരുതെന്നു വിദ്യാർഥിസംഘടനയായ മിസോ സിർലായ് പൗളിൻ നിർദേശിച്ചിട്ടുമുണ്ട്.

∙ തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി

കോൺഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നു മുഖ്യമന്ത്രി സൊറാംതാംഗ പറയുന്നു. 25 മുതൽ 35 സീറ്റ് വരെ നേടി എംഎൻഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. കോൺഗ്രസിനു രണ്ടു സീറ്റ് ലഭിച്ചാൽ അതു ഭാഗ്യമായി കരുതണം. ബിജെപിക്കു ചിലപ്പോൾ ഒറ്റ സീറ്റും ലഭിക്കില്ല. പരമാവധി രണ്ടെണ്ണം ലഭിച്ചേക്കാം. സൊറാം പീപ്പിൾസ് മൂവ്മെന്റ് 10 സീറ്റിൽ കൂടുതൽ നേടില്ലെന്നും അദ്ദേഹം പറയുന്നു.

മിസോറം മുഖ്യമന്ത്രി സോറംതങ്ങ ഓഫിസിൽ (Photo: X/@ZoramthangaCM)
മിസോറം മുഖ്യമന്ത്രി സോറംതങ്ങ ഓഫിസിൽ (Photo: X/@ZoramthangaCM)

കോവിഡ് കാലത്ത് തിരിച്ചടികളുണ്ടായെങ്കിലും സംസ്ഥാനത്തു വികസനം മുന്നോട്ടാണെന്ന് സൊറാംതാംഗ അവകാശപ്പെടുന്നു. ഏകീകൃത സിവിൽ കോഡിലും മറ്റും പാർട്ടിക്കു വ്യക്തമായ നിലപാടുണ്ട്. മിസോ അഭിമാനത്തെ പണയംവച്ചിട്ടില്ലെന്നും ദുരിതമനുഭവിക്കുന്ന സോ ഗോത്രത്തെ സംരക്ഷിക്കേണ്ടതു ചരിത്രപരമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മിസോറം 1987ൽ രൂപീകരിച്ചശേഷം മൂന്നു തവണ മിസോറം ഭരിച്ചിട്ടുണ്ട് എംഎൻഎഫ്. ഒരേ പാർട്ടിയെ തുടർച്ചയായി രണ്ടുവട്ടം ജയിപ്പിക്കുന്ന രീതിയാണിവിടെ.

ബിജെപി കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് വാൻലാൽമുവാക പറഞ്ഞു. രാഹുലിന്റെ സന്ദർശനം ബിജെപിയെ സഹായിക്കും. സംസ്ഥാന രൂപീകരണത്തിനു തൊട്ടുമുൻപു വരെ മിസോറമിനെ നശിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. 1966ൽ മിസോറമിലെ ജനങ്ങൾക്കുമേലെ ബോംബിട്ടതും കോൺഗ്രസ് സർക്കാരാണ്. ജനങ്ങൾ ഇതു മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

∙ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാകും: രാഹുൽ ഗാന്ധി

മിസോറമിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ പന്തയം വയ്ക്കാമെന്നും രാഹുൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എംഎൻഎഫും സെഡ്പിഎമ്മും ബിജെപിയുടെ മിസോറമിലേക്കുള്ള പ്രവേശനത്തിന് അരങ്ങൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മിസോ ഭാഷ, സംസ്കാരം, മതം എന്നിവയെ ബിജെപി ആക്രമിക്കുകയാണ്. എംഎൻഎഫ് ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമാണ്. ബിജെപിയുമായി സഹകരിക്കുമെന്ന് സെഡ്പിഎം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെന്ന ആശയത്തെ നിലനിർത്താനുള്ള പോരാട്ടം നടത്തുന്നതു കോൺഗ്രസ് മാത്രമാണ്. ആർഎസ്എസിന്റെ അജൻഡ മിസോ ജനത പുറന്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഐസ്വാളിൽ കോൺഗ്രസിന്റെ പദയാത്രയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നു. ചിത്രം: പിടിഐ
ഐസ്വാളിൽ കോൺഗ്രസിന്റെ പദയാത്രയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നു. ചിത്രം: പിടിഐ

കോൺഗ്രസ് മിസോറമിൽ ദുർബലരാണെന്നതു ശരിയല്ല. ഇതേ ആരോപണമാണ് മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസിനെതിരെ ഉണ്ടായിരുന്നത്. അവിടെയെല്ലാം കോൺഗ്രസ് തിരിച്ചുവന്നു. മിസോറം എന്ന ആശയത്തിനുവേണ്ടി നിലകൊള്ളുന്ന ഏക പാർട്ടി കോൺഗ്രസാണെന്നു ജനങ്ങൾക്കറിയാം. മണിപ്പുരിലെ ജനങ്ങളുടെ ദുരിതം അയൽവാസികളായ മിസോറം ജനങ്ങൾ കാണുന്നുണ്ട്. പ്രശ്നപരിഹാരത്തിനു കേന്ദ-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുർ സന്ദർശിക്കുന്നില്ലെന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ കഴിഞ്ഞ ദിവസം ഐസോളിൽ പദയാത്ര നടത്തിയിരുന്നു. ഇന്നലെ രാവിലെ സ്കൂട്ടർ ടാക്സിയിൽ സഞ്ചരിച്ച് മുൻ മുഖ്യമന്ത്രി ലാൽതൻഹാവ്‌‌ലയെ സന്ദർശിച്ചു.

English Summary:

Mizoram election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com