ADVERTISEMENT

ആഴത്തിലുള്ള അറിവ്, വർഷങ്ങളുടെ കഠിനാധ്വാനം... പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിൽ വിജയിയായി സർക്കാർ ജോലി കിട്ടാൻ വേണ്ട അടിസ്ഥാന ഘടകങ്ങൾ. എന്നാൽ, ഭാഗ്യംകൂടി തുണച്ചാലേ സർക്കാർ സർവീസിൽ കയറാൻ കഴിയൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പിഎസ്‌സി നടപ്പാക്കിയ ഇരട്ടപ്പരീക്ഷയാണ് യോഗ്യതയെക്കാൾ, ഉദ്യോഗാർഥികളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. ഭാഗ്യമുള്ളവർക്ക് എളുപ്പമുള്ള ഘട്ടത്തിൽ പരീക്ഷയെഴുതി അടുത്തഘട്ടത്തിലേക്കു കയറാം. ഭാഗ്യമില്ലാത്തവർ ആദ്യഘട്ടത്തിൽതന്നെ സകല തസ്തികയിൽനിന്നും പുറത്താകും. 

സമാനയോഗ്യതയുള്ള തസ്തികകളിലേക്ക് ആദ്യം പ്രാഥമിക പരീക്ഷ (പ്രിലിമിനറി), അതിൽനിന്നു യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി പ്രധാന പരീക്ഷ (മെയിൻ), തുടർന്നു കട്ട് ഓഫ് മാർക്ക് നേടിയവരെ ഉൾപ്പെടുത്തി റാങ്ക് പട്ടിക തയാറാക്കി നിയമനം നൽകൽ. ഇതാണു പുതിയ രീതി. 

എന്നാൽ, ഉദ്യോഗാർഥികളുടെ എണ്ണക്കൂടുതൽകൊണ്ടു വിവിധ ഘട്ടങ്ങളിലായാണ് പ്രാഥമിക പരീക്ഷ. ഇതിൽ ചില ഘട്ടങ്ങളിൽ പരീക്ഷ എഴുതുന്നവർക്കു പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളും മറ്റു ചിലർക്കു ബിരുദ നിലവാരത്തിലുള്ള ചോദ്യങ്ങളും ലഭിക്കുന്നതാണു പ്രശ്നം. ഇതുവരെ നടത്തിയ പത്താംതരം പ്രിലിമിനറി, ബിരുദ പ്രിലിമിനറി, യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളിലെല്ലാം ഈ പ്രശ്നമുണ്ടായി. ഓരോ പരീക്ഷയിലും 5–12 ലക്ഷം വരെ ഉദ്യോഗാർഥികളാണു പരീക്ഷയെഴുതിയത്. പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ തങ്ങളുടേതല്ലാത്ത കാരണംകൊണ്ടു പുറത്താക്കപ്പെട്ടു. മുൻപ് ഏതെങ്കിലും തസ്തികയുടെ പരീക്ഷയിൽ പരാജയപ്പെട്ടാലും സമാന യോഗ്യതയുള്ള മറ്റു തസ്തികകളിലേ‍ക്കുള്ള പരീക്ഷയെഴുതി ജോലി സാധ്യത നിലനിർത്താമായിരുന്നു. എന്നാൽ, ഇപ്പോൾ സമാന യോഗ്യതയുള്ള എല്ലാ തസ്തികകളിലേക്കും ഒറ്റ പരീക്ഷയായതിനാൽ അതിൽനിന്നു പുറത്തായാൽ എല്ലാ തസ്തികകളിലേക്കുമുള്ള അവസരം നഷ്ടമാകും. 

പൊലീസ് കോൺസ്റ്റബിൾ, സിവിൽ എക്സൈസ് ഓഫിസർ തുടങ്ങിയ തസ്തികകളിൽ ഒറ്റത്തവണ നടപ്പാക്കിയശേഷം ഈ പരീക്ഷണം പിൻവലിച്ചു. യൂണിഫോം തസ്തികകളിൽനിന്ന് ഈ രീതി പിൻവലിച്ചതു പരീക്ഷണം പരാജയമായിരുന്നെന്നു പിഎസ്‍സി തന്നെ സമ്മതിക്കുന്നതിനു തുല്യമാണ്. ഉദ്യോഗാർഥികൾക്കും പിഎസ്‍സിക്കും ഒരുപോലെ തിരിച്ചടിയാണെന്നു വ്യക്തമായ ഇരട്ടപ്പരീക്ഷ മറ്റു തസ്തികകളിൽ ദുരഭിമാനംകൊണ്ടു മാത്രമാണോ പിഎസ്‍സി തുടരുന്നത്?

ഉത്തരക്കടലാസിൽ സംഭവിക്കുന്നതെന്ത് ?

പരീക്ഷ എഴുതുന്നു, കട്ട് ഓഫ് മാർക്ക് നേടി റാങ്ക് പട്ടികയിൽ ഇടം നേടുന്നു. മുൻപ് ഉദ്യോഗാർഥികളെ സംബന്ധിച്ചു കാര്യങ്ങൾ വളരെ ലളിതമായിരുന്നു. എന്നാൽ, പുതിയ പരീക്ഷണം നടപ്പാക്കിയതോടെ എത്ര മാർക്ക് നേടിയാലും റാങ്ക് പട്ടികയിൽ ഇടം കിട്ടണമെന്ന് ഉറപ്പില്ല. കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുന്നു. നടപടിക്രമങ്ങൾക്കു സുതാര്യതയുമില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 

പല ഘട്ടങ്ങളിലായി പരീക്ഷ നടത്തിയാലും എല്ലാ ഘട്ടങ്ങളും ശാസ്ത്രീയമായി ഏകീകരിച്ച് കട്ട് ഓഫ് മാർക്ക്     നിശ്ചയിക്കുമെന്നാണ് പിഎസ്‍സിയുടെ വിശദീകരണം. എന്നാൽ, അത്തരമൊരു ഏകീകരണത്തിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ഘട്ടങ്ങളിലായി പരീക്ഷ നടത്തിയശേഷം ഏകീകരിക്കാൻ സ്റ്റാൻഡേഡൈസേഷൻ, നോർമലൈസേഷൻ എന്നിങ്ങനെ 2 നടപടികളാണ് പിഎസ്‍സി സ്വീകരിക്കുന്നത്. സ്റ്റാൻഡേഡൈസേഷൻ (എല്ലാ ഘട്ടങ്ങളെയും ഏകീകരിക്കൽ) നടപടിയിൽ എളുപ്പമുള്ള ഘട്ടത്തിൽ പരീക്ഷ എഴുതിയവർ പുറത്താകുമ്പോൾ നോർമലൈസേഷൻ (ചില ഘട്ടങ്ങളിൽ പരീക്ഷയെഴുതിയവർക്കു മാർക്ക് കൂട്ടി നൽകൽ) നടത്തുമ്പോൾ കടുപ്പമുള്ള ഘട്ടത്തിൽ പരീക്ഷ എഴുതിയവർ പുറത്താകുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു പരീക്ഷയിൽ സ്റ്റാൻഡേഡൈസേഷൻ നടത്തണോ നോർമലൈസേഷൻ നടത്തണോ എന്നു തീരുമാനിക്കുന്നതെന്നു വ്യക്തമല്ല. 

വിവരാവകാശ പ്രകാരം സമീപിക്കുന്നവരോട് മാർക്ക് ഏകീകരണം സംബന്ധിച്ച വിശദാംശങ്ങളും നടപടിക്രമവും പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പരിശോധിച്ചു നോക്കാനുമാകും മറുപടി. 

ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ ഫലം 

1. പത്താംക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കായി പരീക്ഷ എഴുതിയത് 12 ലക്ഷത്തോളം ഉദ്യോഗാർഥികൾ. 6 ഘട്ടങ്ങളിലായി പരീക്ഷ നടത്തി. ഇതിൽ 3,5 ഘട്ടക്കാരുടെ പരീക്ഷ കടുകട്ടി. ഫലം വന്നപ്പോൾ അഞ്ചാം ഘട്ടക്കാർ കൂട്ടത്തോടെ പുറത്തായി. മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടിയ മൂന്നാം ഘട്ടക്കാരും വളരെക്കുറവ്. ഫലത്തിൽ 5,3 ഘട്ടക്കാർക്കു പരീക്ഷണം വൻ തിരിച്ചടിയായി. 

2. ബിരുദ പ്രിലിമിനറിയിൽ കടുപ്പമുള്ള ഘട്ടത്തിൽ പരീക്ഷ എഴുതിയവർക്കു മെച്ചമുണ്ടായപ്പോൾ എളുപ്പമുള്ള ഘട്ടത്തിൽ പരീക്ഷ എഴുതിയവർ പുറത്തായി. എസ്ഐ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് 50 ആയിരുന്നു. എന്നാൽ, എളുപ്പമുള്ള ഘട്ടത്തിൽ പരീക്ഷയെഴുതി 49.67 മാർക്ക് നേടിയ ഉദ്യോഗാർഥി പുറത്തായി. കടുപ്പമേറിയ രണ്ടാം ഘട്ടത്തിൽ പരീക്ഷയെഴുതി 36 മാർക്ക് നേടിയ ഉദ്യോഗാർഥി മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടി. മാർക്ക് ഏകീകരണം നടത്തിയപ്പോൾ കടുപ്പമുള്ള ഘട്ടത്തിലെ 36 മാർക്ക് കട്ട് ഓഫ് ആയ 50നു തുല്യമായെന്നു വിശദീകരണം. ഉദ്യോഗാർഥി ഏതു ഘട്ടത്തിൽ പരീക്ഷ എഴുതണമെന്നു പിഎസ്‍സിയാണു തീരുമാനിക്കുന്നത്. അതിനാൽ എത്ര നന്നായി പഠിച്ചാലും ഭാഗ്യം പ്രധാന ഘടകമാകുന്നു. 

3. 2022ൽ യൂണിഫോം തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് (പൊലീസ് കോൺസ്റ്റബിൾ) പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു പരീക്ഷ എഴുതേണ്ടി വന്നു. എന്നാൽ, ഈ വർഷം മുതൽ ഈ തസ്തികയിലേക്കു പ്രിലിമിനറി ഒഴിവാക്കി മെയിൻ പരീക്ഷ മാത്രമാക്കി. ഇതോടെ 2022ൽ പരീക്ഷ എഴുതിയവർ മാത്രം രണ്ടു ഘട്ടത്തിലുള്ള പരീക്ഷണത്തിന് ഇരകളായി.

4. ബിരുദം യോഗ്യതയുള്ള തസ്തികകളിലേക്കായി പിഎസ്‌സി നടത്തിയ പ്രിലിമിനറി പരീക്ഷയിലും സമാന അവസ്ഥയുണ്ടായി. ഒരേ പരീക്ഷ മൂന്നു ഘട്ടങ്ങളിലായി നടത്തിയപ്പോൾ രണ്ടാംഘട്ടം വളരെ പ്രയാസമേറിയതായിരുന്നു. 

5. സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഈയിടെ നടത്തിയ പ്രിലിമിനറി പരീക്ഷകൾക്കും പല നിലവാരമായിരുന്നു. ഈ പരീക്ഷയിലും ചില ഘട്ടങ്ങളിൽ എഴുതിയവർ കൂട്ടത്തോടെ പുറത്താകുമെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. 

പിഎസ്‍സി പ്രതീക്ഷിച്ച ഫലം ലഭിച്ചോ ?

പിഎസ്‍സി പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലുള്ള വൻവർധന, പരീക്ഷാഫലം എളുപ്പം പ്രസിദ്ധീകരിക്കാനുള്ള സൗകര്യം, മികച്ച ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള വഴി, പരീക്ഷാ നടത്തിപ്പിലെ ചെലവുകുറയ്ക്കൽ എന്നിവയാണ് ഈ പരീക്ഷണത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, പുതിയ പരീക്ഷണംകൊണ്ട് ഈ ലക്ഷ്യങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെന്നു പിഎസ്‍സി അധികൃതർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. സിലബസിന്റെ അടിസ്ഥാനത്തിൽ വിദഗ്ധർ തയാറാക്കുന്ന ചോദ്യക്കടലാസ് പരീക്ഷ ആരംഭിക്കുന്നതുവരെ പിഎസ്‍സിയിലെ ഒരാളും കാണില്ല എന്നതിനാൽ അതിന്റെ നിലവാരം പരിശോധ‍ിക്കാൻ കഴിയില്ലെന്നാണ് കമ്മിഷൻ ഔദ്യോഗികമായി വിശദീകരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ രീതിയിലാണ് മാർക്ക് ഏകീകരണം നടത്തുന്നത്.  ചോദ്യങ്ങളുടെ കാഠിന്യമനുസരിച്ച് ഉദ്യോഗാർഥികൾക്ക് അധികം മാർക്ക് അനുവദിക്കാറുണ്ടെന്നും പറയുന്നു. 

പ്രിലിമിനറി പരീക്ഷ ഒഴിവാക്കുന്നതിനെക്കുറിച്ചു പിഎസ്‍സിയിൽ ആലോചന നടന്നിരുന്നു. എന്നാൽ, രണ്ടു വർഷം മുൻപു മാത്രം നടപ്പാക്കിയ പരിഷ്കരണം പെട്ടെന്നു പിൻവലിക്കാൻ പിഎസ്‍സിക്കു താൽപര്യമില്ലെന്നാണ് അറിയുന്നത്. ദുരഭിമാനംകൊണ്ടു മാത്രം ഇനിയും തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തണോ എന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്.

English Summary:

Kerala PSC new examination system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com