ADVERTISEMENT

∙ റഫീഖ് അഹമ്മദ്: ക്യാംപസ് കാലത്തു പ്രണയമെഴുതുന്നവരോട് ആരാധന പലർക്കുമുണ്ടായിരുന്നു. പക്ഷേ, അന്ന് ഒറ്റവരി പ്രണയം പോലും ഞാൻ എഴുതിയിട്ടില്ല. കൂടുതലും വിപ്ലവകവിതകൾ. പ്രണയമൊക്കെ അന്നു തോന്നിയിരുന്നു. പക്ഷേ, ‘ബുദ്ധിജീവികൾക്കു ചേർന്നതല്ല പ്രണയ’മെന്ന ആ പ്രായത്തിന്റെ മണ്ടത്തരം കൊണ്ടാകാം തുറന്നു പറഞ്ഞില്ല. അന്നു മനസ്സിൽ ഒതുക്കി വച്ചതൊക്കെയാകാം ഇന്നു പാട്ടിലൂടെ പുറത്തുവരുന്നത്.

∙ എം. മുകുന്ദൻ: ഞാൻ സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന കാലത്ത് എഴുത്തുകാർ ഭരണപക്ഷത്തല്ല, പ്രതിപക്ഷത്താണ് നിൽക്കേണ്ടതെന്നു പറഞ്ഞ് അവർ (മലയാളി ബുദ്ധിജീവികൾ) എന്നെ പീഡിപ്പിച്ചിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവരെ കേസെടുത്ത് ശിക്ഷിക്കാറുണ്ട്. എന്നാൽ, എഴുത്തുകാരെ പീഡിപ്പിക്കുന്നവരെ ആരും ശിക്ഷിക്കാറില്ല. അവർ കയ്യടിവാങ്ങി വിലസി നടക്കുന്നു.

∙ ഡോ. സി.ജെ.ജോൺ: സോഷ്യൽ മീഡിയ വന്നതോടുകൂടി ആർക്കും വിദഗ്ധന്റെ കുപ്പായമണിഞ്ഞ് എന്തും പറയാമെന്ന അവസ്ഥ വന്നിട്ടുണ്ട്. എല്ലാ മാനസികപ്രശ്നങ്ങൾക്കും മരുന്നു വേണം, ഷോക്ക് വേണം എന്നു പറയുന്നതിൽ അർഥമില്ല. അതുപോലെതന്നെ മെന്റൽ ഹെൽത്തിന്റെ കാര്യത്തിൽ നെഗറ്റീവ് ഇൻഫ്ലുവൻസ് സിനിമകളാണ്.

∙ എസ്.ജോസഫ്: ജാതിയെ നിർമിക്കുന്നതിൽ മലയാള സാഹിത്യത്തിനു വലിയ പങ്കുണ്ട്. മേൽജാതി സാഹിത്യകാരന്മാരും സാഹിത്യകാരികളും ആണ് പൊതുവേ പോപ്പുലറാകുന്നത്. കേരളം അതിസൂക്ഷ്മമായ ഒളിച്ചുകളി ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. മേൽജാതിയായാലേ വലിയ സാഹിത്യകാരൻ/കാരി ആകുകയുള്ളൂ എന്നതാണ് അവസ്ഥ.

∙ സി.ആർ.നീലകണ്ഠൻ: സഹകരണം ഇന്നൊരു വലിയ തൊഴിൽമേഖല കൂടിയാണ്. പാർട്ടികൾക്കു വേണ്ടപ്പെട്ടവരെ മാത്രമേ ഇവിടെ നിയമിക്കൂ എന്നതൊരു രഹസ്യമല്ല. അതുകൊണ്ട് എത്ര വലിയ ക്രമക്കേടും തട്ടിപ്പും കണ്ടാലും അവർ മിണ്ടില്ല. കാരണം, അവർക്കു ബാങ്കല്ല, പാർട്ടിയാണ് പ്രധാനം.

∙ ജോയ് മാത്യു: 42 വാഹനത്തിന്റെ അകമ്പടിയിൽ പോകുന്ന മുഖ്യമന്ത്രിക്കു പെട്രോൾ അടിക്കുന്ന പൈസ മതി നമ്മുടെ നാട്ടിൽ ആളുകൾക്കു പൊതിച്ചോർ കൊടുക്കാൻ. പക്ഷേ, എല്ലാ കാലവും പൊതിച്ചോറിനു കൈ നീട്ടുന്ന ജനത വേണം എന്നാഗ്രഹിക്കുന്ന മനസ്സിൽ നിന്നാണ് പൊതിച്ചോർ ചാരിറ്റി വരുന്നത്. എന്നാൽ, ചികിത്സാ സഹായധനം പോലുള്ളത് ആവശ്യവുമാണ്.

∙ രാംമോഹൻ പാലിയത്ത്: ഒടിടി പഠിപ്പിച്ച ലോകതത്വം വേദനിപ്പിക്കുന്നതാണ്. ആരെയും അമിതമായി സ്നേഹിക്കരുത്. ഉദാഹരണത്തിനു സിനിമയെ. അപ്പോൾ എല്ലാ സിനിമയും കാണാൻ തോന്നും. കണ്ടുതുടങ്ങിയാൽ മുഴുവനും കാണാൻ തോന്നും. അതുകൊണ്ട് ആരെയും അമിതമായി സ്നേഹിക്കരുത്.

∙ ആനി രാജ: ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ഒരു സ്ത്രീയാണ്. വളരെ സന്തോഷകരമായ ഒരു കാര്യമാണത്. എന്നാൽ, ഇന്ത്യയെന്ന പാർലമെന്ററി ജനാധിപത്യരാജ്യത്തിന്റെ പരമപ്രധാനമായ പല ചടങ്ങുകളിൽനിന്നും സ്ത്രീയായ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ദ്രൗപദി മുർമുവിനെ മാറ്റിനിർത്തുകയാണ്. സ്ത്രീകൾ ഇന്നു യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

∙ ജി.എൻ.പണിക്കർ: 1950 കളിൽ ഗ്രന്ഥശാലകൾ ഉൾപ്പെടെയുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ സംഘാടകരിൽ പ്രമുഖർ കമ്യൂണിസ്റ്റുകാരായിരുന്നു. പക്ഷേ, 1964ൽ പാർട്ടി രണ്ടായി പിളർന്നപ്പോൾ സിപിഎമ്മിന്റെ ലക്ഷ്യം സാംസ്കാരിക സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. കേരളത്തിലുടനീളം ഓടിനടന്നു ഗ്രന്ഥശാലകൾ പടുത്തുയർത്തിയ പി.എൻ.പണിക്കരെ പുകച്ചു പുറത്തുചാടിച്ച് കേരള ഗ്രന്ഥശാലാ സംഘം മാർക്സിസ്റ്റ് പാർട്ടി കയ്യിലൊതുക്കി.

English Summary:

vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com