ADVERTISEMENT

ഈയിടെ സമൂഹമാധ്യമങ്ങളിൽ മിന്നിമറഞ്ഞുപോയൊരു വാർത്തയുണ്ട്: ലോകത്തിലെ ഏറ്റവും പ്രമുഖനായ സാമ്പത്തികശാസ്ത്രജ്ഞരിലൊരാളും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ അന്തരിച്ചു. നിമിഷനേരംകൊണ്ട്, മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിനു പേർ അനുശോചനസന്ദേശങ്ങളുമായി രംഗത്തുവന്നു.

അധികം വൈകാതെ സംഗതി വ്യാജവിവരമായിരുന്നുവെന്നു വ്യക്തമായി. അമർത്യ സെന്നിന്റെ മകളും എഴുത്തുകാരിയും നടിയുമായ നന്ദന ദേവ് സെൻ സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചു: ‘സുഹൃത്തുക്കളേ, അതു വ്യാജവാർത്തയാണ്. അച്ഛൻ സുഖമായിരിക്കുന്നു. കഴിഞ്ഞദിവസവും ഞാൻ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഹാർവഡ് സർവകലാശാലയിൽ അദ്ദേഹം ആഴ്ചയിൽ രണ്ടു ക്ലാസുകളെടുക്കുന്നുണ്ട്. പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്: എന്നെത്തെയുംപോലെ നല്ല തിരക്കിലിരിക്കുന്നു.’ ഇങ്ങനെ, ഒരു കുഴപ്പവുമില്ലാതെ, സ്വന്തം ജോലിയിൽ വ്യാപൃതനായിരിക്കുന്ന അമർത്യ സെന്നിനെപ്പോലെ ഒരാളുടെ വ്യാജ മരണവാ‍ർത്ത എങ്ങനെയാണ് പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടു വരുന്നത്? എങ്ങനെയാണത് അതിവേഗത്തിൽ പ്രചരിക്കുന്നത്? ഇതിനു പിന്നാലെ അന്വേഷിച്ചു പോയാൽ വിചിത്രമാണ് കഥ!

തട്ടിപ്പ്, നൊബേലിന്റെ പേരിൽ

ഇത്തവണ സാമ്പത്തിക നൊബേൽ സമ്മാനം ലഭിച്ചത് യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞയായ ക്ലോഡിയ ഗോൾഡിൻ എന്ന വനിതയ്ക്കാണ്. അമർത്യ സെന്നിന്റെ മരണവാർത്ത ആദ്യം അറിയിച്ചതും ക്ലോഡിയ ഗോൾഡിൻ ആണ്! ‘എക്സ്’ എന്നു പേരു മാറ്റിയ ട്വിറ്റർ എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ക്ലോഡിയയുടെ പേരിലുള്ള അക്കൗണ്ടിൽ, അമർത്യ സെന്നിന്റെ പടം കൂടി ഉൾപ്പെടുത്തിയുള്ള പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘സങ്കടകരമായ വാർത്ത. എന്റെ പ്രിയപ്പെട്ട പ്രഫസർ അമർത്യ സെൻ ഏതാനും നിമിഷം മുൻപ് അന്തരിച്ചു.’

ഈ പോസ്റ്റിൽനിന്നാണ് ലോകത്തിന്റെ സകലഭാഗത്തുമുള്ളവർ അമർത്യ സെൻ അന്തരിച്ചു എന്ന ‘വിവരം’ അറിയുന്നത്. ക്ലോ‍ഡിയയെപ്പോലെ പ്രമുഖയായ, നൊബേൽ നേടിയ, അമർത്യ സെന്നിനെ വളരെയടുത്ത് അറിയാവുന്ന ഒരാൾ പങ്കുവയ്ക്കുന്ന വിവരം എന്തിന് അവിശ്വസിക്കണം?

ടൊമാസോ ഡെബെനഡെറ്റി
ടൊമാസോ ഡെബെനഡെറ്റി

അവിടെയാണ് ട്വിസ്റ്റ്. ക്ലോഡിയ ഗോൾഡിൻ എന്ന പേരിലുള്ള എക്സിലെ ആ അക്കൗണ്ട് തന്നെ വ്യാജമാണ്. യഥാർഥ ഗോൾഡിൻ അല്ല അമർത്യ സെന്നിന്റെ മരണവിവരം പങ്കുവച്ചത് എന്നർഥം! എങ്കിൽപിന്നെ, പ്രഫ. ക്ലോഡിയ ഗോൾഡിന്റെ പേരിൽ വ്യാജവിവരം പോസ്റ്റ് ചെയ്തത് ആരായിരിക്കും? ഈ അന്വേഷണം എത്തിച്ചേരുന്നത് ഇറ്റലിയിലുള്ള ടൊമാസോ ഡെബെനഡെറ്റി എന്ന സ്കൂൾ അധ്യാപകനിലാണ്. ചില്ലറക്കാരനല്ല ജേണലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ടൊമാസോ. പ്രമുഖരായ വ്യക്തികളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി, വ്യാജ മരണവിവരം ഷെയർ ചെയ്യുക കക്ഷിയുടെ സ്ഥിരം വികൃതിയാണ്.

എക്സ് (ട്വിറ്റർ) പോലെയുള്ള പ്ലാറ്റ്ഫോമിന്റെ ഒരു പ്രശ്നം, ആർക്കു വേണമെങ്കിലും ഏതു പേരിലും എപ്പോൾ വേണമെങ്കിലും അക്കൗണ്ടുകൾ തുടങ്ങാമെന്നതാണ്. അങ്ങനെ ടൊമാസോ ഒരുദിവസം ക്ലോഡിയ ഗോൾഡിന്റെ പേരിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നു. പിന്നാലെ, അമർത്യ സെൻ അന്തരിച്ചെന്ന വിവരം ഷെയർ ചെയ്യുന്നു. ലോകം അതു വിശ്വസിക്കുന്നു!

തന്റെ കള്ള പോസ്റ്റുകളുടെ യാഥാർഥ്യം പുറത്തുവന്നാലുടൻ ടൊമാസോ ചെയ്യുന്ന ഒരു കാര്യമുണ്ട്: സത്യം തുറന്നുപറയും. അമർത്യ സെന്നിന്റെ മരണവാർത്ത അറിയിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോൾ കക്ഷി അടുത്ത പോസ്റ്റ് ഷെയർ ചെയ്തു: ‘ഇതു ടൊമാസോ ഡെബെനഡെറ്റി ക്രിയേറ്റ് ചെയ്ത വ്യാജ അക്കൗണ്ടാണ്.’ അതായത്, ആള് വളരെ ‘സത്യസന്ധനായ’ വ്യാജനാണ്!

അക്കൗണ്ട് വ്യാജമായുണ്ടാക്കിയതാണെന്നു സമ്മതിക്കുന്ന പോസ്റ്റ് ,   ബനഡിക്ട് പതിനാറാമന്റെ വ്യാജ മരണവാർത്ത പോസ്റ്റ് ചെയ്ത ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നു സമ്മതിക്കുന്ന പോസ്റ്റ്
അക്കൗണ്ട് വ്യാജമായുണ്ടാക്കിയതാണെന്നു സമ്മതിക്കുന്ന പോസ്റ്റ് , ബനഡിക്ട് പതിനാറാമന്റെ വ്യാജ മരണവാർത്ത പോസ്റ്റ് ചെയ്ത ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നു സമ്മതിക്കുന്ന പോസ്റ്റ്

എത്രയെത്ര മരണങ്ങൾ

ടൊമാസോയുടെ വികൃതിക്ക് ഇരയാകുന്ന ആദ്യത്തെ പ്രമുഖനല്ല അമർത്യ സെൻ. 2012ൽ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് മരിച്ചെന്ന ടൊമാസോയുടെ വ്യാജവാർത്ത പ്രചരിച്ചപ്പോൾ ലോകമാകെ എണ്ണ വിലവർധിച്ചെന്നതു ചരിത്രം! ലോകപ്രശസ്ത എഴുത്തുകാരനായ മിലൻ കുന്ദേര മരിച്ചെന്ന് 2020ൽ ടൊമാസോ അറിയിച്ചതു ചെക്ക് റിപ്പബ്ലിക്കിന്റെ മുൻ അംബാസഡറുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടിലൂടെയായിരുന്നു. ഇതു വിശ്വസിച്ച് യൂറോപ്പിലെ ചില മാധ്യമങ്ങൾ വാർത്തയും കൊടുത്തു. (കുന്ദേര 2023 ജൂലൈയിൽ യഥാർഥത്തിൽ മരിച്ചു.) 

 2017ൽ സാഹിത്യ നൊബേൽ നേടിയ ജാപ്പനീസ് – ബ്രിട്ടിഷ് എഴുത്തുകാരനായ കാസുവോ ഇഷിഗുരോ അന്തരിച്ചെന്ന വാർത്ത ഒരു പ്രമുഖ പ്രസാധകസ്ഥാപനത്തിന്റെ വ്യാജ അക്കൗണ്ടിലൂടെ ടൊമാസോ അറിയിച്ചത് കഴിഞ്ഞ വർഷം മാർച്ചിലാണ്. നാലുമാസം കഴിഞ്ഞു ടൊമാസോ കാട്ടിയ വികൃതിയുണ്ടാക്കിയ പുകിൽ ചില്ലറയല്ല. 2022 ജൂലൈ 11ന്, ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചെന്ന വാർത്ത ടൊമാസോ പങ്കുവച്ചു. ജർമൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റായ ബിഷപ് ജോർജ് ബാറ്റ്സിങ്ങിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുവഴിയായിരുന്നു ഈ അതിക്രമം. ഒടുവിൽ വത്തിക്കാൻ അധികൃതർക്കു നിഷേധക്കുറിപ്പ് ഇറക്കേണ്ടി വന്നു! (ബനഡിക്ട് മാർപാപ്പ 2022 ഡിസംബറിൽ കാലം ചെയ്തു.)

വ്യാജ അഭിമുഖവും

ട്വിറ്ററിലും മറ്റും വ്യാജമരണം പങ്കുവയ്ക്കുന്ന കളി തുടങ്ങും മുൻപും ടൊമാസോ രംഗത്തുണ്ടായിരുന്നു. പ്രമുഖരുമായി സാങ്കൽപിക അഭിമുഖം നടത്തി അത് ഇറ്റലിയിലെ പത്രങ്ങളെ കബളിപ്പിച്ചു പ്രസിദ്ധീകരിക്കലായിരുന്നു അക്കാലത്തെ തമാശ. ദലൈലാമയുടെ വരെ വ്യാജ അഭിമുഖം ഇത്തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടത്രേ! ഒടുവിൽ, ഇതിലെ കള്ളി വെളിച്ചത്തായതും രസകരമായ കഥയാണ്. ഫിലിപ്പ് റോത്ത് എന്ന അമേരിക്കൻ എഴുത്തുകാരനുമായി ടൊമാസോ നടത്തിയ അഭിമുഖം ഇറ്റാലിയൻ പത്രത്തിൽ അച്ചടിച്ചുവന്നു. കുറച്ചുനാൾ കഴിഞ്ഞ്, ഒരു യഥാർഥ പത്രപ്രവർത്തകൻ റോത്തിനെ ഇന്റർവ്യൂ ചെയ്തു. ടൊമാസോയുടെ അഭിമുഖത്തിൽ റോത്ത് പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ച് ആ അഭിമുഖത്തിൽ ചോദ്യമുണ്ടായി. അതുകേട്ട് റോത്ത് അമ്പരന്നു. ‘ഞാൻ അങ്ങനെ പറഞ്ഞിട്ടുമില്ല, അങ്ങനെയൊരു അഭിമുഖം ആർക്കും നൽകിയിട്ടുമില്ല’ എന്നു റോത്ത് വ്യക്തമാക്കിയതോടെയാണ് ടൊമാസോയുടെ കളി ലോകമറിയുന്നത്!

‘ഇന്റർനെറ്റിലെ ഏറ്റവും വലിയ നുണയൻ’ എന്നാണ് ടൊമാസോയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എന്തിനാണ് താൻ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നു പല അഭിമുഖങ്ങളിലും ടൊമാസോ വ്യക്തമാക്കിയിട്ടുണ്ട്: ‘ദുർബലമായ മാധ്യമങ്ങളെ തുറന്നുകാട്ടുക’ എന്നതാണത്രേ ആളുടെ ലക്ഷ്യം!

ജാഗ്രത വേണം

എന്തായാലും, സമൂഹമാധ്യമങ്ങളിലൂടെ മുന്നിലെത്തുന്ന ഓരോ വിവരത്തെയും സംശയദൃഷ്ടിയോടെ കാണണം എന്നതാണ് നമുക്കുള്ള പാഠം. ആധികാരികതയുള്ള മാധ്യമസൈറ്റുകളെയും ദിനപത്രങ്ങളെയും ചാനലുകളെയും വാർത്തകൾക്കായി ആശ്രയിക്കുക എന്നതും. കാരണം, ഓരോ പോസ്റ്റിലും ഒരു വ്യാജൻ ഒളിച്ചിരിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്!

English Summary:

vireal- Liar on the net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com