ADVERTISEMENT

വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ല. ആഘോഷവേളകളിലും അവധിദിനങ്ങളിലും വൻകുരുക്ക് പതിവ്. അത്തരം കുരുക്ക് മണിക്കൂറുകൾ നീളുമായിരുന്നതു മാറി ദിവസങ്ങൾ നീളുന്ന സ്ഥിതിയായി. ഇക്കഴിഞ്ഞ ഞായർ വൈകിട്ടു തുടങ്ങിയ ഗതാഗതക്കുരുക്ക് പിറ്റേന്ന് ഉച്ചയോടെയാണു തെല്ലൊന്ന് അയഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പ്രാഥമികാവശ്യം നിർവഹിക്കാനും കുടിവെള്ളം കിട്ടാനും പോലും നിവൃത്തിയില്ലാതെ ദുരിതമനുഭവിച്ചു. അത്യാസന്നനിലയിലായ രോഗികളെയും കൊണ്ടുപായുന്ന ആംബുലൻസുകൾ പോലും നിശ്ചലമായി. 

ഏതുനിമിഷവും ഗതാഗതം നിലയ്ക്കാവുന്ന പാതയായി താമരശ്ശേരി ചുരം മാറിയിരിക്കുന്നു. വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു പ്രധാന ആശ്രയം ഈ വഴിയാണ്. ടൂറിസം മേഖലയിൽ വൻകുതിച്ചുചാട്ടമുണ്ടായതോടെ ഓരോ വർഷവും കൂടുതൽ സഞ്ചാരികൾ വയനാട്ടിലേക്കെത്തുന്നു. ഈ തിരക്ക് ഉൾക്കൊള്ളാനുള്ള ശേഷി ചുരത്തിനില്ല. 

വാഹനത്തിരക്കും ഇടുങ്ങിയ കൊടുംവളവുകളുമാണു കുരുക്കിനു പ്രധാന കാരണം. ചുരംറോഡ് വികസനത്തിനു സ്ഥലം അനുവദിച്ച് 9 വർഷം കഴിഞ്ഞിട്ടും ചില വളവുകൾ മാത്രമാണു വീതി കൂട്ടിയത്. ചുരത്തിലെ കുരുക്കിനു പരിഹാരമായി നിർദേശിക്കപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കപ്പെടാത്തതു കണ്ടില്ലെന്നു നടിക്കുകയാണ് കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളും. ചുരം റോഡിലെ വാഹന പാർക്കിങ് നിരോധിച്ച ഉത്തരവും ടിപ്പർ ലോറികൾക്കുള്ള നിയന്ത്രണവും അമിതഭാരം കയറ്റിയ വാഹനങ്ങൾക്കുള്ള നിരോധനവും അട്ടിമറിക്കപ്പെട്ടു. ചുരത്തിൽ കേടാകുന്ന വാഹനങ്ങൾ വേഗത്തിൽ നീക്കം ചെയ്യാൻ ലക്കിടിയിലും അടിവാരത്തും ക്രെയിൻ സംവിധാനം ഏർപ്പെടുത്തുമെന്ന വാഗ്ദാനവും നടപ്പായില്ല. ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കിടക്കുന്ന വണ്ടികൾ ഇന്ധനം തീർന്നു പെരുവഴിയിലാകുന്നതും പ്രതിസന്ധിയാകുന്നു. ചുരത്തിൽ ഗതാഗതനിയന്ത്രണത്തിനു വേണ്ടത്ര പൊലീസുകാരുടെ സേവനമുണ്ടാകുന്നുമില്ല. 

ഗതാഗതം സുഗമമാകണമെങ്കിൽ വയനാട്ടിലേക്കുള്ള റോഡ് വികസനം ദ്രുതഗതിയിലാകണം. ഒരു റോഡ് അടഞ്ഞാൽ ഒറ്റപ്പെട്ടു പോകുന്ന കേരളത്തിലെ ഏക ജില്ലയെന്ന ദുഷ്പേരു മാറാൻ അതു മാത്രമാണു പരിഹാരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മേപ്പാടി- ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം കഴിഞ്ഞെങ്കിലും മറ്റു നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. തുരങ്കപ്പാതയെക്കാൾ ചെലവു കുറഞ്ഞതും കൂടുതൽ പ്രായോഗികവുമായ ബദൽനിർദേശങ്ങൾ ഫയലിലുറങ്ങുകയുമാണ്. 

നിർമാണത്തിനാവശ്യമായ 52 ഏക്കർ വനഭൂമിക്കു പകരം 104 ഏക്കർ വനംവകുപ്പിനു വിട്ടുനൽകിയിട്ടും 1994ൽ തറക്കല്ലിട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമായിട്ടില്ല. വനം വകുപ്പ് അക്കാര്യത്തിൽ കടുംപിടിത്തം വിടുന്നില്ല. വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു തടസ്സമായിരുന്ന വനം- പാരിസ്ഥിതിക നിയമങ്ങളിൽ സമീപകാലത്തുണ്ടായ ഇളവു പരമാവധി പ്രയോജനപ്പെടുത്താൻ അധികാരികൾ ദ്രുതഗതിയിൽ പ്രവർത്തിച്ചേ മതിയാകൂ. മറ്റൊന്ന് ചിപ്പിലിത്തോട്– മരുതിലാവ് –തളിപ്പുഴ ബൈപാസ് റോഡ് ആണ്. മറ്റു റോഡുകളുടെ നിർമാണത്തിനൊപ്പമോ അതിനെക്കാളേറെയോ മുൻഗണന നൽകേണ്ടതാണ് ഇത്. താമരശ്ശേരി ചുരത്തിന്റെ ബദൽപാതയെന്ന നിലയിൽ മറ്റു പദ്ധതികളെക്കാൾ കുറഞ്ഞ ചെലവിലും കുറഞ്ഞ ദൂരത്തിലും കുറഞ്ഞ കാലയളവിലും ഇതു യാഥാർഥ്യമാക്കാനാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.

കുറ്റ്യാടി വഴി മാനന്തവാടിയിലെത്തുന്ന പക്രന്തളം ചുരം റോഡിന്റെ വികസനവും പ്രതീക്ഷകൾക്കും വാഗ്ദാനങ്ങൾക്കും ഒപ്പം നടക്കുന്നില്ല. വളവുകളിൽ വീതികൂട്ടുന്നതോ എന്തിന്, റോഡിന്റെ ഉപരിതലം യഥാസമയം നന്നാക്കുന്നതോ പോലും നടക്കുന്നില്ല.

ചികിത്സാസംവിധാനങ്ങൾ അപര്യാപ്തമായ ജില്ലയാണു വയനാട്. അടിയന്തര സാഹചര്യങ്ങളിൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ചുരത്തിൽ കുരുങ്ങി ജീവൻ വെടിയേണ്ടിവന്ന വയനാട്ടുകാർ ഏറെയാണ്. എയർപോർട്ട്, ഇന്റർവ്യൂ, പരീക്ഷകൾ, വിവാഹം തുടങ്ങിയ അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രക്കാരും ഗതാഗതക്കുരുക്കിൽ പെടുന്നു. 

ഒരു ജനത പെരുവഴിയിൽ ഇത്രയധികം കഷ്ടപ്പെടുന്നത് സർക്കാർ ഇനിയും കണ്ടില്ലെന്നു നടിച്ചുകൂടാ.

English Summary:

Editorial about traffic block in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com