ADVERTISEMENT

പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യകഥ പോലെ പല തലങ്ങളുണ്ട് മലയാളിയുടെ വർത്തമാനകാലകഥയ്ക്കും. കുടിയേറ്റവും പ്രവാസവും പോലെ പൊരുതിജയിച്ച ജീവിത പരീക്ഷകൾ. പ്രതിസന്ധികൾ ഉഴുതുമറിക്കുന്ന കൃഷിജീവിതം. ‘ഞങ്ങൾക്കുള്ള ഇടമെവിടെ’ എന്നു ചോദിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ. സ്ത്രീകളും ആദിവാസികളും ദലിതരും ചേർന്നു മാറ്റിയെഴുതുന്ന സാമൂഹിക ഭൂപടം. പ്രവാസത്തിന്റെ ബാക്കിപത്രമായി അതിഥിത്തൊഴിലാളികളുടെ വരവ്... യുവത്വം കുടിയൊഴിയുന്ന കേരളത്തെയും ഇന്നു നാം കാണുന്നു. ഈ മാറ്റങ്ങളെ അടയാളപ്പെടുത്തി എൻ.എസ്.മാധവൻ, ശിഹാബുദീൻ പൊയ്ത്തുംകടവ്, വി.ജെ.ജയിംസ്, വിനോയ് തോമസ്, ഫ്രാൻസിസ് നൊറോണ, ഷീല ടോമി, എം.ആർ.രേണുകുമാർ, വിജയരാജമല്ലിക, ധന്യ വേങ്ങച്ചേരി, അമൽ എന്നീ 10 എഴുത്തുകാർ ചേർന്നെഴുതുന്ന പരമ്പര കേരളപ്പിറവി ദിനമായ ഇന്നുമുതൽ.

കുടിയേറ്റവും തിരയേറ്റവും നടന്ന മണ്ണിൽ ഇപ്പോൾ കുടിയിറക്കം. സ്വന്തം മണ്ണിൽനിന്നു മാറേണ്ടിവരുന്ന മലയാളിയുടെ ജീവിതവും മാറ്റത്തിന്റെ പാതയിൽ. അതെക്കുറിച്ച് ഇന്ന് എഴുതുന്നു, മലയാളത്തിന്റെ പ്രിയപ്പെട്ട മൂന്നു നോവലിസ്റ്റുകൾ

ഒഴുകുന്ന നാട്, കുട്ടനാട്
∙ വി.ജെ.ജയിംസ് 

കനത്ത മഴപെയ്ത് പമ്പയാറിന്റെ നിരപ്പു പൊങ്ങിയാൽ സന്തോഷം തോന്നിയിരുന്ന ഒരു ബാല്യകാലമുണ്ടായിരുന്നു എനിക്ക്. സ്കൂൾ അടച്ചിടുമെന്ന സാധ്യതയാണ് അന്നത്തെ അപക്വമനസ്സിനെ സന്തോഷിപ്പിച്ചിരുന്നത്. ഇരച്ചുകയറിവരുന്ന വെള്ളം പാടശേഖരങ്ങളിൽ നിറഞ്ഞ് പറമ്പിലേക്കു പ്രവേശിക്കുമ്പോൾ അതിലൂടെ നനഞ്ഞുനടക്കുക രസമായിരുന്നു. രാത്രി പെട്രോമാക്സ് കയ്യിലേന്തി പറമ്പിലെ വെള്ളത്തിലൂടെ മുതിർന്നവർ മീൻ പിടിക്കാനിറങ്ങുമ്പോൾ ഞാനും ഒപ്പം കൂടും. പെട്രോമാക്സിന്റെ വെളിച്ചത്തിൽ മന്ദിച്ചു നിന്നുപോകുന്ന വരാലുകളെ വാക്കത്തി വീശി അവർ വെട്ടിപ്പിടിക്കും. മഴയിൽ പലപല തുരുത്തുകളായി ഒറ്റപ്പെട്ടു പോകുന്നവരുടെ പശിയാറ്റാൻ വിധിക്കപ്പെട്ട പാവം മത്സ്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നു വിഷമം തോന്നാറുണ്ട്.

VJ-James
വി.ജെ.ജയിംസ്

എന്നാൽ, വെള്ളം പൊങ്ങുന്നത് അത്ര രസകരമായ കാര്യമല്ലെന്നു ബോധ്യപ്പെട്ട അനുഭവം ഏഴാം ക്ലാസിലുണ്ടായി. ഒരു വെള്ളിയാഴ്ച വൈകിട്ട് ചങ്ങനാശേരിക്കുള്ള ബസ് കയറാൻ ചമ്പക്കുളത്തെ അമിച്ചകരിയിൽനിന്നു മങ്കൊമ്പിലേക്കു നടന്നുപോകുകയായിരുന്നു. വീതിയേറിയ നൂറ്റിപ്പത്തിൽചിറയുടെ ഒരു വശത്ത് വെള്ളം വിളുമ്പുവരെ പൊങ്ങിയിരുന്നു. മറുവശത്ത് കൊയ്യാറായ പാടം നീണ്ടുപരന്നു കിടക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷം രണ്ടോ മൂന്നോ മീറ്റർ മുൻപിലായി വലിയ ശബ്ദത്തോടെ ചിറ പൊട്ടിയടർന്നു. അണക്കെട്ട് തകരുന്ന ശക്തിയിൽ ബണ്ടിന്റെ കുറെ ഭാഗങ്ങൾ തകർത്തെറിഞ്ഞ് വെള്ളം കുത്തിയൊലിച്ചു കുതിച്ചു. ഭയന്നുനടുങ്ങി ഞാൻ തിരിഞ്ഞോടി. സെക്കൻഡുകളുടെ വ്യത്യാസത്തിൽ പിന്നിലായതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ജീവദായിനിയായ വെള്ളത്തിന് ജീവനെടുക്കാനുള്ള മാരകശക്തിയുമുണ്ടെന്ന് അന്നറിഞ്ഞു. എങ്കിലും ഇന്നു കാണുംപോലെയുള്ള പ്രവചനാതീത കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കക്കെടുതികളും കുട്ടനാടിനെ താറുമാറാക്കിയിരുന്നില്ല.

ഈയിടെ, ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിൽ ഒരുമിച്ചുപഠിച്ചവരുടെ ഒത്തുകൂടലിനു ചെന്നപ്പോൾ, പണ്ടു ഞാൻ അക്കരെയിക്കരെ നീന്തിയിട്ടുള്ള പമ്പയാറ്റിൽ പാദം നനയ്ക്കാൻ തോന്നി. ആരും ഇറങ്ങാറില്ലെന്നതിന്റെ തെളിവായി പടവുകളാകെ വഴുക്കലുള്ള പായൽ. കറുത്ത പുള്ളികൾ ദേഹത്തണിഞ്ഞ മഞ്ഞ പള്ളത്തികളെ കാണാനേയില്ല. കുട്ടനാടിന്റെ തനിമയെ ഗ്രസിച്ച മാലിന്യം പോലെ ജലത്തിനു മീതെ ഒരു എണ്ണപ്പാട. ഇറങ്ങാതിരിക്കുകയാണു നല്ലതെന്നു സുഹൃത്ത് പറഞ്ഞെങ്കിലും എനിക്കെന്റെ പമ്പയാറിനെ തൊടാതിരിക്കാൻ കഴിഞ്ഞില്ല. കുട്ടനാടിനെയാകെ ബാധിച്ച പാരിസ്ഥിതിക പ്രശ്നത്തിന്റെ സൂചനപോലെ തോന്നി ആ എണ്ണപ്പാട.

നിവൃത്തിയുണ്ടെങ്കിൽ കുട്ടനാട്ടിൽനിന്നു മാറി ഉയർന്ന പ്രദേശങ്ങളിൽ സ്ഥലം വാങ്ങി വീട് വയ്ക്കുന്ന പതിവ് കുറച്ചു വർഷങ്ങളായുണ്ട്. എന്റെ പരിചയത്തിലും ബന്ധത്തിലുള്ള എത്രയോ പേർ ഇങ്ങനെ കൂടുമാറിക്കഴിഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് പലരും തായ്‌വേര് പൊട്ടിച്ചത്. 

പ്രകൃതി, അതിന്റെ സുഗമമായ നടത്തിപ്പിന് ഒരു പാരസ്പര്യം നിലനിർത്തിയിട്ടുണ്ട്. കടലിനു കായലിനോടും പുഴകളോടും തിരിച്ചുമുള്ള പാരസ്പര്യം. മനുഷ്യർക്കു പലപ്പോഴും താൽക്കാലിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിൽ ഇടപെടേണ്ടി വരുന്നു. മഴക്കാലത്ത് ആറുകളിൽ നിറയുന്ന കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുക്കാൻ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേയും വേനൽക്കാലത്തു കടലിൽനിന്ന് ഉപ്പുവെള്ളം കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലേക്കു കടക്കുന്നതു തടയാൻ നിർമിച്ച തണ്ണീർമുക്കം ബണ്ടും അവയുടെ ലക്ഷ്യം നിറവേറ്റുന്നതോടൊപ്പം നിലവിലില്ലാതിരുന്ന ചില പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകകൂടി ചെയ്തിട്ടുണ്ടെന്നു പഠനങ്ങൾ പറയുന്നു.

ഓരോ പെരുമഴക്കാലത്തും താൽക്കാലികമായെങ്കിലും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിത്താമസിക്കേണ്ടിവരുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട് കുട്ടനാട്ടിൽ. പ്രളയം കഴിഞ്ഞ് തിരിച്ചെത്തിയാൽ, പാടേ തകർന്നതും ഭാഗികമായെങ്കിലും തകർച്ചയെ നേരിട്ടതുമായ വീടുകളാവും കാത്തിരിക്കുക. കിഴക്കൻ വെള്ളത്തിൽ ഒഴുകിയെത്തുന്ന ജീവികളും അവയുടെ മൃതശരീരങ്ങളും വെള്ളം പൊങ്ങുമ്പോൾ കൂടിക്കലരുന്ന ശുചിമുറി മാലിന്യവും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെ. ഹൗസ് ബോട്ടുകളും മറ്റ് ആധുനിക സംവിധാനങ്ങളും ജലമലിനീകരണത്തിനു കാരണമാകാത്ത വിധത്തിൽ എങ്ങനെ നിയന്ത്രിക്കാമെന്നതും ശ്രദ്ധ കൊടുക്കേണ്ട വിഷയമാണ്.

അതിനൊക്കെ മീതെ നിൽക്കുന്നതും അധികം ചർച്ചയിൽ വരാത്തതുമായ മറ്റൊരു പ്രശ്നമുണ്ട്. കുട്ടനാട്ടിലെ മനുഷ്യമനസ്സുകളെ ഗ്രസിക്കുന്ന, മുൻപെങ്ങുമില്ലാതിരുന്ന വലിയ ഉത്കണ്ഠ. എപ്പോൾ എന്തു സംഭവിക്കുമെന്നറിയാതെ യുദ്ധമുഖത്തു ജീവിക്കുന്ന മനുഷ്യർ ആശങ്കപ്പെടുന്നതു പോലെ, ഓരോ പെരുമഴയും കുട്ടനാട്ടിലെ മനുഷ്യരുടെ മനസ്സുകളെയാണ് ആദ്യം മുക്കിക്കളയുന്നത്. അത്തരം ഉത്കണ്ഠകളെ അതിജീവിക്കാനുള്ള ബോധവൽക്കരണശ്രമങ്ങളും കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കുക, ആലപ്പുഴ– ചങ്ങനാശേരി റോഡിനു സമാന്തരമായ എസി കനാൽ പൂർത്തീകരിക്കുക, ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുക തുടങ്ങി സ്വാമിനാഥൻ കമ്മിഷൻ ഉൾപ്പെടെ നൽകിയ നിർദേശങ്ങളടങ്ങിയ പാക്കേജ് വേഗം നടപ്പാക്കിയാൽ മാത്രമേ പ്രതിസന്ധികളിൽനിന്ന് ഒരു പരിധിവരെയെങ്കിലും കുട്ടനാടിനെ കരകയറ്റാനാവൂ.

തീരജീവിതകഥ
∙ ഫ്രാൻസിസ് നൊറോണ

കരയോട് എന്നും അകലം പാലിച്ചൊരു ഇടമാണ് കടൽ. തോണിയും വലകളും കടൽക്കാക്കകളും മീൻമണക്കുന്ന മനുഷ്യരും മാത്രമുണ്ടായിരുന്ന തീരങ്ങൾ. ഉച്ച മയങ്ങുമ്പോൾ പഴമുറവും കുറ്റിച്ചൂലുമായി അവിടുത്തെ പെണ്ണുങ്ങൾ തീരം അടിച്ചുവാരാനായി ഇറങ്ങും. തകർന്ന പായ്ക്കപ്പലിന്റെ അവശിഷ്ടം മുതൽ ചൂട്ടും മടലുമൊക്കെയായി അടുപ്പു പുകയ്ക്കാനുള്ള കടൽച്ചവറുകൾ ചിതറിക്കിടപ്പുണ്ടാവും.

Francis-Noronha
ഫ്രാൻസിസ് നൊറോണ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

ആർക്കും വേണ്ടാതെ കിടന്നിരുന്ന കരപ്പുറംമണ്ണിലേക്ക് ഗോവൻതീരം കടന്നാണ് ശവര്യാലു പുണ്യാളനെത്തുന്നത്. എഴുന്നൂറ്റിക്കാരും അഞ്ഞൂറ്റിക്കാരുമായി മാറിയവർ ഒരുമിച്ചിരുന്ന് കാറൽമാൻ ചരിതവും അണ്ണാവി പാട്ടുകളും ആസ്വദിച്ചു. തട്ടിനുമീതെയുള്ള ചവിട്ടുനാടകച്ചുവടിയിൽ അവർ തങ്ങളുടെ പരാധീനതകളെയെല്ലാം മറക്കാൻ ശ്രമിച്ചു.

അശരണരുടെ സുവിശേഷമെന്ന നോവലിന്റെ രചനയുമായി ബന്ധപ്പെട്ട് നെൽസൺ ചേട്ടനിൽനിന്നാണ് കടലനുഭവങ്ങൾ അറിയുന്നത്. അഞ്ചു *തിണകളിൽ ഒന്നായ **നെയ്തലിനെക്കുറിച്ച് അയാൾക്കു നൂറു നാവാണ്. പുറക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയായിരുന്നു നോവലിന്റെ സ്ഥലകാലം. പത്തുമുപ്പതു തീരഗ്രാമങ്ങൾ. എല്ലായിടവും ഒരുപോലെയുള്ള ചൊരിമണൽവിരിപ്പുകൾ ആവുമ്പോഴും, ഭാഷാപ്രയോഗങ്ങളുടെ വൈവിധ്യത്താലും ആചാരാനുഷ്ഠാനങ്ങളാലും തികച്ചും വ്യത്യസ്തമായ ഭൂമിക. കച്ചാൻകാറ്റ് വീശുന്ന തിരമുറ്റം. ഊരുഞരമ്പുകൾപോലെ നീരും നെറിയുമായി കടലിലേക്കെത്തുന്ന പൊഴികൾ. നെയ്തലാമ്പൽ. ഞാവലും ഒറ്റപ്പുന്നയും തണലൊരുക്കുന്ന മൺവഴികൾ.കാറ്റാണ് ദേവതയെന്നു നെൽസൺ പറയും. കടൽ അമ്മയും. കടൽ തരുന്നതെന്തും രണ്ടാളുടെയും ദാനമായി കരുതി. പിന്നീടാണ് കടലിലൊരു കാവൽപോലെ ഗീവർഗീസ് പുണ്യാളനും കർമലമാതാവുമൊക്കെ കൂട്ടിനെത്തുന്നത്. കിട്ടുന്നതെല്ലാം പങ്കുവയ്ക്കുന്ന പതിവിൽ ദീനക്കാരൻ പങ്കിനൊപ്പം ഒരു വിഹിതം പള്ളിക്കും കൊടുത്തു.

അന്തിക്കു തൂത്തു വെടിപ്പാക്കിയിരുന്ന കടൽമുറ്റം സ്വന്തം വീട്ടുമുറ്റം തന്നെയാണെന്ന് നെൽസൺ വിശ്വസിച്ചു. ഇന്നയാൾക്ക് ആശങ്കയാണ്. ചെത്തിയെടുത്തൊരു മീൻപള്ളപോലെ ചെന്നെത്താ ദൂരത്തോളമുള്ള ചൊരിമണൽ തീരങ്ങൾ കരിങ്കൽമറയ്ക്കും തീരറോഡിനുമിടയിൽ നേർത്തു. കരയിലേക്കു കയറ്റിവയ്ക്കാൻ വള്ളത്തിനൊരു തിട്ടയില്ല. പിടിക്കുന്ന മത്സ്യം ഹാർബറിൽ കൊണ്ടുപോയി വിൽക്കണം. തീരത്തിട്ട് മീനുണക്കാനാവില്ല. മുറ്റത്തെ മരണപ്പന്തലിനു പോലും അധികാരികളുടെ അനുവാദത്തിനായി കാത്തുനിൽക്കണം.
തീരം വിട്ടുപോകാൻ പുനർഗേഹമെന്ന പദ്ധതിയുമായി സർക്കാർ അയാളെ മോഹിപ്പിക്കുന്നുണ്ട്. ആറു ലക്ഷം സ്ഥലം വാങ്ങാൻ. ബാക്കി നാലു വീടു വയ്ക്കാനുള്ളത്. അതാകട്ടെ മൂന്നു ഗഡുക്കളായേ കൊടുക്കൂ. തൊട്ടടുത്തുള്ള തീരഗ്രാമങ്ങളെല്ലാം റിസോർട്ട് ഉടമകളെടുത്തു. സാഗരമാലയെന്ന പേരിൽ നെഞ്ചു പിളർന്നൊരു അതിവേഗ ഹൈവേ വരുന്നുണ്ട്.

സംഘത്തിന്റെ വള്ളത്തിലാണ് ഇപ്പോൾ പോകുന്നത്. ആരോഗ്യം അത്ര പന്തിയല്ല. ഉള്ളതൊക്കെ വിറ്റിട്ടാണ് അയാളും പങ്കാളിയായത്. തരകനുള്ളതും തിരിച്ചടവും വട്ടിപ്പലിശയും കഴിഞ്ഞ് ജീവിതത്തിന്റെ ഗ്രാഫ് പഴയതുപോലെ തന്നെ. കരിമണൽ ഖനനവും തീരശോഷണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെയായി തീരജീവിതം പായ്മരംപോലെ ചിന്നുമ്പോഴും അയാൾക്കിവിടം പ്രിയപ്പെട്ടതാകുന്നു. വികസനത്തിനൊന്നും എതിരല്ല.. ഈ മണ്ണിലിത്തിരി ഇടം വേണം.

കടലിൽ ജീവിക്കുകയും കരയെ അറിയാതെ പോവുകയും ചെയ്യുന്നൊരു ഗോത്രപാരമ്പര്യം കടലോരവാസിക്കുണ്ട്. കടലിനും കരയ്ക്കും ഇടയിൽ അവരെ ബന്ധിപ്പിക്കുന്ന പാലം എല്ലായ്പോഴും പുരോഹിതരും രാഷ്ട്രീയക്കാരുമാണ്. നെൽസന്റെ ആശങ്കകൾക്ക് ആരാണ് ഉത്തരം പറയുക.? അങ്ങനെയൊരു പ്രതീക്ഷയിൽ എത്രകാലം കൂടി അയാൾക്കവിടെ തുടരാനാവും?

* സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി തരം തിരിച്ചിരുന്നു. ഈ മേഖലകളാണ് പൊതുവായി തിണ എന്നറിയപ്പെടുന്നത്.
** നെയ്തൽത്തിണ തീരപ്രദേശമാണ്. നെയ്തൽ എന്ന വാക്കിന്റെ അർഥം സമുദ്രമെന്നാണ്. കടലും അതിന്റെ തീരത്തോട് അടുത്ത പ്രദേശങ്ങളും ആണ് ഈ പേരിൽ അറിയപ്പെടുന്നത്.

മറക്കരുത്, കുടിയേറ്റക്കാർ രചിച്ച കേരളം
∙ വിനോയ് തോമസ് 

മലബാറിലേക്കു കുടിയേറിയ ബന്ധുക്കളെ കാണാൻ തിരുവിതാംകൂറുകാർ അങ്ങോട്ടുമിങ്ങോട്ടും നടത്തിയ യാത്രകളിൽനിന്നാണ് കേരളം ഒന്നാണെന്ന ബോധമുണ്ടാകുന്നതും കേരളപ്പിറവി സംഭവിക്കുന്നതും– കേരളം ഉണ്ടായതിനെപ്പറ്റി എന്റെ ചില സുഹൃത്തുക്കൾ പറയുന്നത് ഇങ്ങനെയാണ്. എന്തായാലും ഈ കേരളപ്പിറവിക്കാലത്ത് കുടിയേറ്റത്തെപ്പറ്റി മാത്രമല്ല, കുടിയിറക്കത്തെപ്പറ്റിയും ഞാൻ ചിന്തിക്കുകയാണ്.

Vinoy-Thomas
വിനോയ് തോമസ്. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

‘മിക്കാനിയ മൈക്രാന്ത’ എന്ന കഥ എഴുതുമ്പോൾ എന്റെ മനസ്സിൽ കുടിയേറ്റവും കുടിയിറക്കവുമുണ്ടായിരുന്നു. ഈ സംഭവങ്ങളെപ്പറ്റി ആലോചിക്കുമ്പോഴുള്ള പ്രധാന കുഴപ്പം അതുതന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു. കുടിയേറ്റത്തെയും കുടിയിറക്കത്തെയും കഥയായിട്ടേ ആളുകൾ കാണൂ. കേരളത്തിന്റെ സംസ്കാരിക മണ്ഡലത്തിൽ ഇത്രയുംകാലം കുടിയേറ്റം എന്ന തലക്കെട്ടിൽ ഓടിക്കൊണ്ടിരുന്ന ഇത്തരം കഥകളിൽ കൊടിയ വില്ലൻമാരായി കുടിയേറ്റക്കാരുണ്ടാകും. അതിലെ നായകർ ഒരു പ്രത്യേക തരക്കാരാണ്. യഥാർഥലോകത്തെവിടെയും അവരെ കാണാൻ കഴിയില്ല. ലക്ഷണമൊത്ത ശാന്തതയുള്ള പ്രകൃതിയാത്മാക്കൾ... നന്മയുള്ളവർ... നല്ലവർ... സർവോപരി സാംസ്കാരികജീവികൾ.

കേരളത്തിൽ എഴുത്തുലോകത്തു മാത്രം ജീവിക്കുന്ന സാംസ്കാരികപ്രാണികളുടെ ഇപ്പോഴത്തെ വിഷമം മലകളിൽനിന്നു ജനങ്ങൾ കുടിയിറങ്ങുന്നു എന്നതാണ്. കാടിനോടു ചേർന്ന ഭൂമിയിൽനിന്ന് ആളുകൾ കുടിയിറങ്ങിപ്പോരുന്നതുകൊണ്ട്, സാംസ്കാരികപ്രാണികൾ സ്വസ്ഥമായി താമസിച്ചിരുന്ന നഗരപ്രദേശങ്ങളിലേക്കു വന്യജീവികൾ എത്തുന്നു; അതാണു പ്രശ്നം. അതുകൊണ്ട് നിങ്ങൾ അവിടെ, കാടിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ പോയി താമസിച്ച് ഞങ്ങളെ രക്ഷിക്കണം എന്നതാണ് സാംസ്കാരികക്കാരുടെ ആവശ്യം.

കാടിനോടു ചേർന്നുള്ള ഭൂമിയിൽ ജീവിച്ചിരുന്ന കുടിയേറ്റക്കാർ ഇത്രയും കാലം എന്താണു ചെയ്തുകൊണ്ടിരുന്നതെന്ന് ഈ ഘട്ടത്തിലെങ്കിലും ഒന്നാലോചിച്ചു നോക്കുന്നതു നല്ലതാണ്. ബ്രിട്ടിഷുകാരുടെ കാലംതൊട്ട് രാജാക്കന്മാരുടെയും ജന്മിമാരുടെയും കാര്യസ്ഥരുടെയും നേതൃത്വത്തിൽ മലമ്പ്രദേശത്തു നടന്നുകൊണ്ടിരുന്ന വ്യാപകമായ മരംമുറി അവസാനിപ്പിച്ച് കാർഷിക വനവൽക്കരണം നടത്തിയത് കുടിയേറ്റക്കാരാണ്.

സ്വന്തം ജീവനു പുല്ലുവില കൊടുത്ത് പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും അത്യാവശ്യം കെണിവച്ചുപിടിച്ചുമൊക്കെ വന്യജീവികളെ കൃഷിയിടത്തിൽനിന്നും ജനകേന്ദ്രങ്ങളിൽനിന്നും അകറ്റിനിർത്തി വിളവുകളുണ്ടാക്കി കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് കുടിയേറ്റക്കാരാണ്. അപ്പോഴൊക്കെ അവർ മലകളിലെന്തോ േവണ്ടാത്തപണി ചെയ്യുകയാണെന്നു കഥയുണ്ടാക്കിയ സാംസ്കാരികക്കാരാണ് ഇപ്പോൾ മലകളിൽനിന്നു പാവപ്പെട്ടവർ ഇറങ്ങിപ്പോരുന്നു എന്നുപറഞ്ഞു നിലവിളിക്കുന്നത്.

ജീവിക്കാൻ നിവൃത്തിയില്ലാതെ മനുഷ്യർ കുടിയേറുന്നതു കുറ്റം. മണ്ണിൽ പണിയെടുക്കാൻ കഴിയാത്തവർക്കു തിന്നാനുണ്ടാക്കാൻ കൃഷിചെയ്യുന്നതു കുറ്റം. നാടിന് അഭിവൃദ്ധിയുണ്ടാക്കിയ വ്യവസായങ്ങൾക്കുവേണ്ടി നാണ്യവിളകളുണ്ടാക്കുന്നതു കുറ്റം. അവസാനം വേറെന്തെങ്കിലും ജീവിതമാർഗം കിട്ടിയപ്പോൾ മലകളിൽനിന്നു കുടിയിറങ്ങുന്നതും കുറ്റം. എന്നതായാലും കൊള്ളാം സാംസ്കാരികക്കാരാ...നിങ്ങളുടെയൊക്കെ വാക്കുകൾക്കു വിലതരുന്ന ഈ നാടിനെ ദൈവം രക്ഷിക്കട്ടെ !

നാളെ: സ്വയം പുതുക്കുന്ന കേരളീയ സാമൂഹികഘടന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com