ADVERTISEMENT

എഴുത്തിന്റെ ദേശം ലോകത്തിന്റെ സാഹിത്യ ഭൂപടത്തിലെത്തുകയാണ്. അക്ഷരങ്ങളുമായുള്ള നിതാന്ത പ്രണയം കോഴിക്കോടിനു രാജ്യാന്തര തലത്തിലുള്ള അഭിമാനപദവി നേടിത്തന്നിരിക്കുന്നു. എഴുത്തുകാരുടെയും വായനക്കാരുടെയും കലാസ്വാദകരുടെയും പ്രിയപ്പെട്ട ഇടത്തെത്തേടി ‘യുനെസ്കോ’യിൽനിന്ന് സാഹിത്യനഗരം എന്ന പദവി എത്തുമ്പോൾ അതു കേരളത്തിനാകമാനമുള്ള വിശിഷ്ടാംഗീകാരമായിമാറുന്നു. ഈ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമെന്ന വിശേഷണം കൂടിയാവുമ്പോൾ നമ്മുടെ അഭിമാനം ഇരട്ടിക്കുകയാണ്. 

കലയിൽനിന്നു സ്വയം വേർതിരിക്കാനാവാത്തവിധം ജീവിച്ച, ഇപ്പോഴുള്ളവരും ഇല്ലാത്തവരുമായ എത്രയോ പേർക്കുള്ള അഭിവാദ്യം കൂടിയാണ് കോഴിക്കോടിനു ലഭിക്കുന്ന ഈ വിശിഷ്ടപദവി. എഴുത്ത്, സിനിമ, നാടകം, ചിത്രകല, സംഗീതം തുടങ്ങി കലയുടെ ഓരോ വിതാനത്തിലൂടെയും എത്രയോ കാലമായി സഞ്ചരിക്കുന്ന ഈ നഗരത്തിനുള്ള ലോകത്തിന്റെ അഭിനന്ദനം. അത്രമേൽ വിശിഷ്ടം; മനോഹരം.  

സാഹിത്യത്തെ ജീവവായുപോലെ ശ്വസിക്കുന്നവരാണ് ഈ നഗരത്തിന് അക്ഷരച്ചിറകിൽ ലോകത്തോളം ഉയർന്നുപറക്കാനുള്ള ഊർജം നൽകിയത്. വലിയ എഴുത്തുകാരും വലിയ വായനക്കാരും ചേർന്ന പാരസ്പര്യം കോഴിക്കോടിനെ അക്ഷരത്തിന്റെ മായികലോകമാക്കി മാറ്റുകയായിരുന്നു. പുനത്തിൽ കുഞ്ഞബ്ദുല്ല പറഞ്ഞിട്ടുണ്ട്: സോക്രട്ടീസിന്റെ കാലത്തെ ഗ്രീസ് പോലെയായിരുന്നു ഒരിക്കൽ കോഴിക്കോട്; എഴുത്തുകാരുടെയും ചിന്തകരുടെയും നഗരം, സ്വപ്നത്തിന്റെയും സത്യത്തിന്റെയും നഗരം. രണ്ടു ജ്ഞാനപീഠം ജേതാക്കളുടെ നഗരമാണു കോഴിക്കോട്. എസ്.കെ.പൊറ്റെക്കാട്ടിന്റെയും എം.ടി.വാസുദേവൻ നായരുടെയും വീടുകൾ; മഹനീയമായ രണ്ടു മേൽവിലാസങ്ങൾ. 

ഇവിടെ ജനിച്ചവരുടെയും മറ്റിടങ്ങളിൽനിന്ന് ഇവിടെയെത്തിയവരുടെയുമെ‍ാക്കെ നഗരമാണിത്. മലയാളത്തിലെ ആദ്യ നോവലുകളുടെ കർത്താക്കളായ അപ്പു നെടുങ്ങാടിയും ഒ.ചന്തുമേനോനും എഴുത്തിനു ഭൂമികയാക്കിയ നാട്. ലോകത്തെ മുഴുവൻ തന്റെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലാക്കാമെന്നു തെളിയിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെയും ഈ നഗരത്തിൽനിന്നു കടലാഴമുള്ള കഥകൾ സങ്കൽപിച്ച എൻ.പി. മുഹമ്മദിന്റെയും കാലൻകുടയുമായി വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങിയ തിക്കോടിയന്റെയും മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരിക്കെ മാനാ‍ഞ്ചിറയിലൂടെ സൈക്കിളോടിച്ചുപോയ ഒ.വി.വിജയന്റെയും കോഴിക്കോട്. ഉറൂബിന്റെയും കുട്ടിക്കൃഷ്ണമാരാരുടെയും എൻ.വി. കൃഷ്ണവാരിയരുടെയും പട്ടത്തുവിള കരുണാകരന്റെയും എൻ.എൻ.കക്കാടിന്റെയും ആർട്ടിസ്റ്റ് നമ്പൂതിരിയുടെയും യു.എ.ഖാദറിന്റെയും പി.വൽസലയുടെയും പി.എ.മുഹമ്മദ് കോയയുടെയുമെ‍ാക്കെ കോഴിക്കോട്. ജോൺ ഏബ്രഹാമും പത്മരാജനും അന്ത്യശ്വാസം വലിച്ച കോഴിക്കോട്. 

കെ.ടി.മുഹമ്മദ്, നിലമ്പൂർ ബാലൻ, വാസു പ്രദീപ്, മധു മാസ്റ്റർ എന്നിവരുടെയെല്ലാം നാടകവേദി കോഴിക്കോടായിരുന്നു. നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ നഗരം കൂടിയാണിത്. സിനിമയെ കലയായും ബിസിനസായും കാണുന്നവരുള്ള ഈ നഗരത്തിലാണ് ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമയായ ‘അമ്മ അറിയാൻ’ പിറന്നത്. ഇതേ നഗരത്തിന്റെ കാതോരത്തിരുന്നാണ് കാറ്റും കടലും കേൾക്കെ ബാബുരാജ് പാടിയത്...

യുഎൻ വിദ്യാഭ്യാസ, സാംസ്കാരിക സംഘടനയായ  യുനെസ്കോ കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുമ്പോൾ അത് ഈ നഗരസ്മൃതികൾക്കെല്ലാമുള്ള ആദരംകൂടിയായി മാറുന്നു. മധ്യപ്രദേശിലെ ഗ്വാളിയർ ഇതോടെ‍ാപ്പം സംഗീതനഗര പദവി നേടിയിട്ടുണ്ട്.  സാഹിത്യനഗര പദവി നേടാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞ 2 വർഷമായി കോഴിക്കോട് കോർപറേഷൻ. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം, പഴയ ‘കോലായ’ ചർച്ചകൾ, ഒട്ടേറെ ലൈബ്രറികൾ, പ്രസാധകർ, സാഹിത്യോത്സവങ്ങൾ എന്നിവയെല്ലാം ചേർത്തുള്ള പഠന റിപ്പോർട്ടാണ് പദവിയിലേക്കു നയിച്ചത്. സാഹിത്യ പ്രചാരണത്തിനും വിനോദസഞ്ചാരരംഗത്തെ മുന്നേറ്റത്തിനും കേരളത്തിനു നവോർജം നൽകുന്നതാണ് ഈ പദവി. വിദേശ സർവകലാശാലകളുമായി ബന്ധം, ‘സ്റ്റുഡന്റ് എക്സ്ചേഞ്ച്’ പദ്ധതികൾ, സാംസ്കാരിക പാരസ്പര്യ പരിപാടികൾ തുടങ്ങിയവയ്ക്കും ഇതു വഴിതുറക്കും.

സർഗനഗര ശൃംഖലയുടെ പലതലങ്ങളിൽ കേരളത്തിലെ നഗരങ്ങൾക്ക് ഇടം നേടാമെന്ന സാധ്യത കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ആണു മുന്നോട്ടുവച്ചത്. ഇതിനുള്ള റിപ്പോർട്ട് കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) സംഘം തയാറാക്കി. തൃശൂരിനു കഴിഞ്ഞതവണ യുനെസ്കോയുടെ ലേണിങ് സിറ്റി പദവി ലഭിച്ചിരുന്നു. തിരുവനന്തപുരം (സമാധാനം), കൊല്ലം (ജൈവ വൈവിധ്യം), കൊച്ചി (സിറ്റി ഓഫ് ഡിസൈൻ), കണ്ണൂർ (ഫോക് ആർട്സ്) നഗരങ്ങളും യുനെസ്കോ പദവിക്കു ശ്രമിക്കുന്നുണ്ട്. ഈ അഭിമാനപദവികളും സമയബന്ധിത നടപടികളിലൂടെ എത്രയുംവേഗം വേഗം നേടിയെടുക്കാൻ നമുക്കാവണം.

English Summary:

Editorial about Kozhikode named as 'City of Literature' by UNESCO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com