ADVERTISEMENT

പ്രവാസം കേരളീയ ജീവിതത്തിന്റെ തലവര മാറ്റി. ഇവിടേക്കു പ്രവാസികളായി വന്നവർ വിട്ടുപോയ കണ്ണികൾ പൂരിപ്പിച്ചു. അതേസമയം, നമ്മുടെ പുതുതലമുറ തികച്ചും വേറിട്ട പുതുദിശകൾ തേടുന്നു. കേരളത്തിന്റെ ഈ മാറ്റം വിലയിരുത്തുകയാണ് ഇന്ന് മൂന്ന് എഴുത്തുകാർ.

ഈ വരവ് സ്വാഭാവികം
എൻ.എസ്.മാധവൻ

ചരിത്രം പരിശോധിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റമില്ലാതെ കേരളത്തിനു മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നെന്നു മനസ്സിലാക്കാം. 1956ൽ കേരളം നിലവിൽ വരുന്നതിനുമുൻപുതന്നെ അയൽസംസ്ഥാനങ്ങളിൽനിന്നു തൊഴിലാളികൾ ഇവിടെയെത്തിയിരുന്നു. കർണാടകയിൽനിന്നുള്ളവർ കണ്ണൂർ, കാസർകോട്, വയനാട് ഭാഗങ്ങളിലും തമിഴർ മറ്റു ജില്ലകളിലും തോട്ടം, ഇഷ്ടികക്കളം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളിൽ ജോലി കണ്ടെത്തി. കൊച്ചി വാത്തുരുത്തിയിൽ തമിഴ് തൊഴിലാളി കോളനി അരനൂറ്റാണ്ടിലേറെ മുൻപേ നിലവിൽ വന്നു.

NS-Madhavan
എൻ.എസ്.മാധവൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

തൊണ്ണൂറുകൾ വരെ ഈ സ്ഥിതി തുടർന്നു. എറണാകുളം ജില്ലയിലെ തടിമില്ലുകളിലായിരിക്കും ഒരുപക്ഷേ, വിദൂര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ആദ്യമെത്തിയത്. മിക്കവരും ഒഡീഷക്കാർ. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിക്കാർ കുടുംബമായി എത്തിയിരുന്ന തമിഴരെക്കാൾ കൂടുതൽ അധ്വാനിക്കുന്ന ‘ഒറ്റത്തടിക്കാരായ’ ഒഡീഷക്കാരെ ഇഷ്ടപ്പെട്ടു. തൊണ്ണൂറുകളിൽ പാലക്കാട് കഞ്ചിക്കോട്ട് ഇരുമ്പുരുക്ക് വ്യവസായസ്ഥാപനങ്ങൾ വികസിച്ചു തുടങ്ങിയപ്പോൾ അസഹ്യമായ ചൂടു സഹിച്ച് അധ്വാനിക്കാൻ ബിഹാറിൽനിന്നുള്ളവരെത്തി. വനത്തിലെ മരങ്ങൾ പ്ലൈവുഡ് കമ്പനികളിൽ ഉപയോഗിക്കുന്നത് 1996ൽ സുപ്രീം കോടതി നിരോധിച്ചപ്പോൾ കേരളം കോളടിച്ചു. ഇവിടെ ഉപയോഗിച്ചിരുന്നതു റബർത്തടികളായിരുന്നു. അസമിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾ കൂട്ടമായി പെരുമ്പാവൂരിലെത്തി.

പിന്നീടു പല വിദൂരസംസ്ഥാനങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളും കേരളത്തിലേക്കൊഴുകി. അവരെ കൊണ്ടുവരാൻ ലേബർ കോൺട്രാക്ടർമാരുണ്ടായി. ഉയർന്ന കൂലിയായിരുന്നു മുഖ്യ ആകർഷണം. 2017ലെ കണക്കുപ്രകാരം ഇന്ത്യയിലെ 194 ജില്ലകളിൽനിന്നുള്ള തൊഴിലാളികൾ ഇവിടെയുണ്ട്. 2018ലെ മറ്റൊരു കണക്കുപ്രകാരം അവരുടെ സംഖ്യ 35 ലക്ഷം. കേരളത്തിൽ വസിക്കുന്നവരിൽ പത്തിലൊരാൾ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ‘ബംഗാളി’യുമായി ഇടപഴകാതെ മലയാളിയുടെ ഒരു ദിവസവും കടന്നുപോകുന്നില്ല. കടകളിൽ പറയാൻ നിർബന്ധിതമാകുന്ന ഹിന്ദിയും ചില ബസുകളുടെ ഹിന്ദി ബോർഡുകളും ചില പള്ളികളിൽ മറ്റു ഭാഷകളിൽ നടത്തുന്ന ആരാധനയും ചില തിയറ്ററുകളിലെ ബംഗ്ല, അസമീസ് ചലച്ചിത്രങ്ങളും സംസ്ഥാനാന്തര തൊഴിലാളികളുടെ സാന്നിധ്യം ദിനംപ്രതി നമ്മെ അറിയിക്കുന്നുണ്ടെങ്കിലും അവ വെറും ഉപരിപ്ലവമാണ്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നകൂലി കേരളത്തിൽ കിട്ടുമെങ്കിലും, പുറത്തുനിന്നുള്ളവരുടെ കൂലി മലയാളിക്കു കിട്ടുന്നതിലും കുറവാണ്. കേരളത്തിലെ ശക്തമായ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾക്ക് ഇവരെ വേണ്ട. പുറത്തുനിന്നു വന്നവരെ തുറന്ന മനസ്സോടെ സ്വീകരിച്ചിട്ടുള്ള മലയാളി പാരമ്പര്യം ഇവരുടെ കാര്യത്തിൽ നടപ്പാകുന്നില്ല. അവർ അവരുടെ ലോകത്ത് ഒതുക്കപ്പെട്ടിരിക്കുന്നു; നമ്മുടെ ആഘോഷങ്ങളിലും മറ്റും അവരെ പങ്കെടുപ്പിക്കുന്നില്ല.

ഈ കുടിയേറ്റം യാദൃച്ഛികമായി സംഭവിച്ചതല്ല; മാറുന്ന കേരളത്തിന് അതാവശ്യമായിരുന്നു. പൊതുവേ പറയപ്പെടുന്നതുപോലെ മെയ്യനങ്ങി പണിയെടുക്കാനുള്ള മലയാളിയുടെ വൈമനസ്യമല്ല കാരണം; മറിച്ച് ജനസംഖ്യാ വളർച്ചയിലെ കുറവാണ്. പ്രവാസവും പ്രായമേറിയവരുടെ എണ്ണത്തിലെ വർധനയും കാരണം തൊഴിൽ ചെയ്യാൻ പുറത്തുനിന്നുള്ളവർ കൂടിയേ തീരൂ.

ജനസംഖ്യാവളർച്ചയുടെ കുറവു പ്രതിഫലിച്ച പലയിടങ്ങളിൽ ഒന്ന് സ്കൂളുകളാണ്; ഡിവിഷനുകൾ നിർത്തലാക്കുന്നു. ഇവിടെയും സഹായം വെളിയിൽനിന്നു വന്ന വരാണ്. ഒരു കണക്കുപ്രകാരം 2018ൽ കേരളത്തിലെ വിദ്യാലയങ്ങളിൽ അവരുടെ 8500 കുട്ടികൾ പഠിച്ചു. അധ്യാപകർ സ്കൂളിൽ ചേർക്കാൻ അവരെ തേടിച്ചെല്ലുന്നു. എല്ലാ വികസിതരാജ്യങ്ങളും തൊഴിലാവശ്യങ്ങൾക്കായി കുടിയേറ്റത്തെ ആശ്രയിക്കുന്നുണ്ട്. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. സംസ്കാരികമായും രാഷ്ട്രീയമായും അവ സൃഷ്ടിക്കുന്ന മാറ്റങ്ങളും സംഘർഷങ്ങളും അനിവാര്യമാണ്. കേരളത്തിന്റെ യാത്രയിൽ എവിടെയോവച്ച് മറ്റു സംസ്ഥാനങ്ങളിലുള്ളവർ മലയാളികളുടെ കൂടെക്കൂടി; ഇനിയുള്ള യാത്രയിലും ഒപ്പമുണ്ടാകും. അവരെ മാറ്റി നിർത്തി കേരളത്തിനൊരു ഭാവിയില്ല.

മടങ്ങിവരുന്നവരും മടങ്ങിവരാത്തവരും
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

1978ൽ ആണ് എന്റെ ഉപ്പ ഗൾഫിൽ പോകുന്നത്. കാര്യമായി സ്കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരാൾ. ചെറിയ വീട് വിറ്റ്, രോഗിയായ ഉമ്മയെ അവരുടെ ജ്യേഷ്ഠത്തിയുടെ വീട്ടിൽ ഏൽപിച്ചുള്ള യാത്ര. അന്ന് ഇക്കാണുന്ന സൗകര്യങ്ങളൊന്നും നമ്മുടെ നാടിനുണ്ടായിരുന്നില്ല. പള്ളികളിലോ ക്ഷേത്രങ്ങളിലോ മൈക്ക് സെറ്റ് വന്നിരുന്നില്ല. ഞങ്ങൾ താമസിച്ചിരുന്ന മൂന്നുനിരത്ത് എന്ന സ്ഥലത്തുനിന്ന് ഒന്നേകാൽ കിലോമീറ്റർ ദൂരെയുള്ള പൊയ്ത്തുംകടവ് ജുമഅത്ത് പള്ളിയുടെ ഏറ്റവും മുകളിലെ തട്ടിൽക്കയറി മുക്രി കഴിയുന്നത്ര ഉച്ചത്തിൽ വാങ്ക് വിളിക്കും. അടുത്ത വീട്ടിലെ ചന്ദ്രികേച്ചി ഓല മെടയുന്നതിനിടെ എണീറ്റ് ഉച്ചത്തിൽ വിളിച്ചുപറയും–‘‘പാത്തുമ്മ റ്റ്യാരേ, വാങ്ക് കൊടുത്തിനേ.’’

Shihabudeen-Poithumkadavu
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ചിത്രം: സമീർ‌ എ.ഹമീദ് ∙ മനോരമ

നാട്ടിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ബീഡി, നെയ്ത്തു മേഖലകൾ കഴിഞ്ഞാൽ കുറച്ചു മരക്കമ്പനികൾ മാത്രം. വേതനം വളരെ തുച്ഛം. രോഗം വന്നാൽ സർക്കാരാശുപത്രികൾ മാത്രം ശരണം. വല്ലപ്പോഴും വരുന്ന ബസുകളിൽ മാത്രം യാത്ര. രണ്ടും മൂന്നും കിലോമീറ്ററാണെങ്കിൽ നടത്തം. നാട്ടിൽ കുട്ടപ്പൻ ഡോക്ടർക്കു മാത്രമേ കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹം വീടുകളിൽ വന്നു ചികിത്സിക്കുമായിരുന്നു.

സൗകര്യം കുറഞ്ഞ വീട് ഉപ്പ വിറ്റത് കൂടുതൽ സൗകര്യമുള്ള വീടുണ്ടാക്കാൻ ഗൾഫിലേക്കു പോകാനാണ്! ബന്ധുവകയിലുള്ള രണ്ട് എളാപ്പമാർ ഗൾഫിലേക്കു പോയതു ബോംബെയിലേക്കു ലോഞ്ച് കയറിയാണ്. ലോഞ്ച് യാത്രയ്ക്കിടെ എത്രയോ പേർ മരിച്ചുപോയിട്ടുണ്ട്. മരിച്ചാൽ കടലിൽ വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ. മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ഗ്രാമത്തിൽനിന്നു ലോഞ്ചിൽ പോയ അറുപതോളം പേർ ഇന്നും മടങ്ങിവന്നിട്ടില്ല. യുദ്ധം മലയാളി അനുഭവിച്ചിട്ടില്ലെന്നു പറയാറുണ്ട്. അതു ശരിയല്ല. അക്കാലത്തെ ലോഞ്ച് യാത്ര യുദ്ധസമാനമായിരുന്നു. ചരിത്രത്തിലെവിടെയും അതു വേണ്ടവിധം രേഖപ്പെടുത്തിയിട്ടില്ല.

ലോഞ്ചിൽ പോയ എളാപ്പമാർ ദശാബ്ദങ്ങളുടെ ഗൾഫ് ജീവിതത്തിനുശേഷം തിരിച്ചുവന്നു. ഒരാൾ അതിസമ്പന്നനായി; മറ്റേയാൾ അതിദരിദ്രനായി. വിജയിച്ചവരുടെ മാത്രം കഥയല്ല ഗൾഫ്. പക്ഷേ, ഗൾഫ് കുടിയേറ്റം സംഭവിച്ചില്ലായിരുന്നെങ്കിൽ ഏതൊരു ഉത്തരേന്ത്യൻ സംസ്ഥാനവും പോലെ മാത്രമായിപ്പോകുമായിരുന്നു കേരളം.

എന്റെ അഭിപ്രായത്തിൽ കേരളം നാലു നവോത്ഥാനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 1) ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലുള്ള നവോത്ഥാനപ്രസ്ഥാനം. ഇതാണ് മനുഷ്യൻ എന്ന വിശേഷണത്തിനു നമ്മെ അർഹരാക്കിയത്. 2) ദേശീയസമര പ്രസ്ഥാനം. ഇതു രാജ്യം എന്ന സങ്കൽപം നമ്മിലെത്തിച്ചു. 3) ഇടതുപക്ഷപ്രസ്ഥാനം. കൂലി ഔദാര്യമല്ല, അവകാശമാണെന്നു പഠിപ്പിച്ചു. 4) പ്രവാസം. ഇതു നമ്മുടെ ലോകത്തെ കൂടുതൽ വിസ്തൃതമാക്കി. 1979ൽ കുറെക്കാലം എന്റെ പിതാവിനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. വീട്ടിൽ വേറെ വരുമാനമില്ലാതായപ്പോൾ ഞാൻ ഹോട്ടൽ തൊഴിലാളിയായി. എനിക്കന്നു കഷ്ടിച്ച് 15 വയസ്സ്. പിന്നീടാണ് ഔദ്യോഗിക വിദ്യാഭ്യാസമൊക്കെ പൂർത്തിയാക്കുന്നത്. 40–ാം വയസ്സിൽ ഞാനും കുറച്ചുകാലം ഗൾഫ് പ്രവാസിയായി. മാഗസിൻ ജേണലിസം മതിയാക്കി തിരിച്ചുവരുമ്പോൾ എന്റെ പ്രായം 47.

അതിസാഹസികമായി ലോഞ്ചിലും കപ്പലിലും പോവുകയും ചുട്ട മരുഭൂമിയിൽ കിടന്നുറങ്ങുകയും ചെയ്ത ആദ്യതലമുറ, വിമാനം കയറിപ്പോകുകയും എസിയുടെ ആശ്വാസം അനുഭവിക്കുകയും ചെയ്ത രണ്ടാം തലമുറ... ഇവയ്ക്കുശേഷം, ഗൾഫ് പണംകൊണ്ട് പഠിച്ച് സാങ്കേതിക വിദഗ്ധരായ മൂന്നാം തലമുറയുടേതാണ് വലിയൊരളവിൽ ഇന്നത്തെ ഗൾഫ്. ഇവർ ഇടത്താവളമായി മാത്രം ഗൾഫിനെ കാണുന്നവരാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്ന അർധ വെർച്വൽ പൗരന്മാർ. ഇതര പ്രവാസങ്ങളിൽനിന്നു വിഭിന്നമായി, ഏതു നിമിഷവും തിരിച്ചുവരാനുള്ളതാണ് ഇന്നും ഗൾഫ് ജീവിതം. കെട്ടിവച്ച പെട്ടിയാണ് അതിന്റെ പ്രതീകാത്മക ചിത്രം. ഗൾഫ് ജീവിതത്തിൽനിന്നു വിരമിച്ചു നാട്ടിലെത്തിയ, അൻപതുകൾക്കിപ്പുറത്തെ പൗരന്റേതു മാത്രമായി മാറാൻ കേരളം തയാറെടുക്കുന്നു. വാർധക്യകാല രോഗങ്ങൾക്കു മാത്രമായുള്ള സ്വകാര്യ ആശുപത്രികളേ ഇനി ഉയരാനുള്ളൂ.

യുവാക്കളെഴുതട്ടെ, കേരളത്തിന്റെ നല്ല നാളെ
അമൽ

കുറെനാളായി ജപ്പാനിലാണ് എന്റെ താമസം. ഇവിടെനിന്നു കേരളത്തെ നോക്കുമ്പോൾ നാടിന്റെ നല്ല നാളയെക്കുറിച്ചു ശുഭാപ്തിവിശ്വാസം വേണ്ടുവോളമുണ്ട്; ചില പൊളിച്ചെഴുതലുകളും തിരുത്തലുകളും അനിവാര്യമെങ്കിലും. വികസിത സമൂഹങ്ങളിലെപ്പോലെ വിദ്യാഭ്യാസത്തിനൊപ്പം ജോലിയെടുത്തു സ്വന്തം കാലിൽ നിൽക്കാനും പ്രണയിക്കാനും ഇണയെ കണ്ടെത്താനും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അനാവശ്യ ഇടപെടലുകൾ കൂടാതെ സ്വതന്ത്രവ്യക്തിയെന്ന അംഗീകാരം നേടി ജീവിക്കാനും കേരളത്തിലെ പുതുതലമുറ ആഗ്രഹിക്കുന്നു.

Amal
അമൽ

ജപ്പാനിലും മതമുണ്ട് – ഷിന്റോ, ബുദ്ധമതം. പക്ഷേ, അത് ആത്മീയ ഉന്നമനത്തിനുള്ള ഉപാധി മാത്രമാണ്. ജീവിതത്തിലെ ചില ചടങ്ങുകളിൽ മാത്രമാണ് അവർ മതം ഉപയോഗിക്കുന്നത്. അതിനപ്പുറം മതം തങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കുന്നില്ല. ഇതു കേരളം സ്വീകരിച്ചിരുന്നെങ്കിലെന്നു തോന്നിയിട്ടുണ്ട്. വികസിതരാജ്യങ്ങൾ മതത്തെ ആത്മീയ ഉന്നമനത്തിനു മാത്രമായിക്കണ്ട് സാമൂഹികപുരോഗതിയിലും അടിസ്ഥാനസൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മൂന്നാം ലോകരാജ്യങ്ങൾ മതത്തെ പരസ്പരം കൊന്നുതിന്നാനുള്ള ഉപാധിയാക്കി മാറ്റുന്നതിൽ നിരാശയുണ്ട്.

സാഹോദര്യവും സ്നേഹവും വിവേചനബുദ്ധിയും പുരോഗമനചിന്തയും ഉന്നതവിദ്യാഭ്യാസവുമുള്ളവരാണ് ഇപ്പോഴത്തെ തലമുറ. അർഹിക്കുന്ന ബഹുമാനവും വിശ്വാസവും മൂല്യങ്ങളിൽ വിശ്വസിക്കാനുള്ള പ്രചോദനവും ചുറ്റുപാടുകളിൽനിന്നും മുതിർന്നവരിൽനിന്നും അധികാരികളിൽനിന്നും ലഭിക്കുമ്പോൾ ലഹരിമുക്തമായ കേരളത്തെക്കൂടി നമുക്കു ലഭിക്കും.

വിദ്യാഭ്യാസരംഗത്തു കേരളം കാഴ്ചവയ്ക്കുന്ന മുന്നേറ്റം യുവതലമുറയെ ഏറ്റവും മികച്ചതു സ്വപ്നം കാണാൻകൂടി പ്രാപ്തരാക്കുന്നുണ്ട്. സമസ്ത മേഖലകളിലും വികസിത രാജ്യങ്ങൾ അവരുടെ പൗരർക്കു ലഭ്യമാക്കുന്നത് എന്താണോ അതെല്ലാം ഇന്നത്തെ സാഹചര്യത്തിൽ അവർ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിൽ നിന്നുള്ള യുവജനതയുടെ പ്രയാണത്തിന്റെ കാരണങ്ങളിലൊന്ന് അതാണ്. പക്ഷേ, അവർ കേരളം വിട്ടെറിഞ്ഞു പോവുകയോ നാടിനോടു സ്നേഹമില്ലാത്തവരായി മാറുകയോ ചെയ്യുന്നില്ല. ഒരു ഘട്ടം കഴിഞ്ഞ് അവർ തിരിച്ചെത്തിയേക്കാം. അല്ലെങ്കിൽ നാടിന്റെ വളർച്ചയ്ക്കുവേണ്ടി അവരുടെ ക്രിയാത്മകമായ സഹായഹസ്തങ്ങളുണ്ടാകാം.

കാലം മാറുന്നതിനനുസരിച്ചു യുവാക്കൾ മാറുകയും രാഷ്ട്രീയം മാറാതിരിക്കുകയും ചെയ്യുന്നതു നല്ലതല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ, അനാവശ്യ ഹർത്താൽ, അഴിമതി, അവശ്യസേവനങ്ങളിലുള്ള അമാന്തം എന്നിവ നാട്ടിൽനിന്ന് അപ്രത്യക്ഷമാകേണ്ടതുണ്ട്. 100% അഴിമതിമുക്തവും കുറ്റകൃത്യരഹിതവും സ്ത്രീസൗഹൃദപരവുമായ സാമൂഹികാന്തരീക്ഷം നിലവിൽ വരണം. ചവർ വിതറാത്ത വൃത്തിയുള്ള നിരത്തുകളും ജലാശയങ്ങളും നാടിന്റെ ഭംഗി ഇരട്ടിയാക്കും. ഉന്നതമായ, മികച്ച ജോലികളേ നാട്ടിൽ ചെയ്യൂ എന്ന മലയാളി മനോഭാവവും മാറിവരുന്നു. നമ്മുടെ യുവാക്കളുടെ പ്രയത്നമാകും ലോകം അദ്ഭുതത്തോടെ ഉറ്റുനോക്കുന്ന നാളെയിലെ കേരളത്തെ സൃഷ്ടിക്കുന്നത്.

(അവസാനിച്ചു)

English Summary:

Migration from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com