ADVERTISEMENT

ഇക്കഴിഞ്ഞൊരുനാളിലാണ് റോഡ് മുറിച്ച് ഇഴഞ്ഞുനീങ്ങുന്ന ഒരു ഭീമാകാരൻ പാമ്പിന്റെ വിഡിയോ വാട്സാപ്പിൽ വന്നത്. കോട്ടയം ജില്ലയിൽ മണർകാടിനടുത്തുള്ള വഴിയോര ഉദ്യാനമായ നാലുമണിക്കാറ്റിലെ സംഭവം എന്ന മട്ടിൽ ചൂടോടെയായിരുന്നു വരവ്. കിട്ടിയവർ കിട്ടിയവർ പെരുമ്പാമ്പിനെ മറ്റു ഗ്രൂപ്പുകളിലേക്കു വാരിവിതറിയതോടെ സംഗതി വൈറലായി. 

നാലുമണിക്കാറ്റിനു സമീപത്തുള്ളവരോടു ചോദിച്ചപ്പോൾ അവരാരും അങ്ങനെയൊന്നു കണ്ടിട്ടോ അതെക്കുറിച്ചു കേട്ടിട്ടോ ഇല്ല. അതോടെ ഒരു കാര്യം ഉറപ്പായി. പാമ്പ് ‘ഇന്റർനെറ്റിൽനിന്നിറങ്ങി’ നാലുമണിക്കാറ്റിൽ എത്തിയതാണ്. 

അങ്ങനെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണിത്:

∙ 2022 മാർച്ച് 5: കർണാടകയിലെ കർവാർ എന്ന സ്ഥലത്തു റോഡു മുറിച്ചു കടക്കുകയാണ് ഇതേ പാമ്പ് എന്നു യുട്യൂബിൽ വിഡിയോ.   ‘ഇന്ത്യയിലെ ഏറ്റവും നീളമുള്ള മലമ്പാമ്പ്’ എന്ന വിവരം കൂടി ചേർത്തിട്ടുണ്ട്.   

∙ 2022 മാർച്ച് 6: കർണാടകയിൽനിന്ന് അയൽസംസ്ഥാനമായ ആന്ധ്രപ്രദേശിലേക്ക്. അനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ റോഡിൽ കണ്ട പാമ്പെന്നു ചില തെലുങ്ക് ചാനലുകളിൽ വിഡിയോയും വാർത്തയും. 

∙ 2022 മാർച്ച് 8: ആന്ധ്രയിൽനിന്ന് അങ്ങുദൂരെ അസമിലേക്ക്. അവിടെ രംഗ്പുര സൈനിക മേഖലയിൽ റോഡ് മുറിച്ചു കടക്കുന്ന പാമ്പിന്റെ വിഡിയോ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരിക്കുന്നത് ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള അക്കൗണ്ടിലാണ്. 

∙ 2022 മാർച്ച് 9: ഒഡീഷയിലെ പുരി മേഖലയിൽ റോഡ് മുറിച്ചുകടക്കുകയാണെന്ന് യുട്യൂബ് ചാനൽ. 

∙ 2022 മാർച്ച് 20: നമ്മുടെ പാമ്പാശാൻ ആദ്യമായി കേരളത്തിലെത്തുകയാണ്. വയനാട്ടിൽ റോഡ് ക്രോസ് ചെയ്യുന്ന മലമ്പാമ്പിന്റെ ദൃശ്യം വന്നത് ഒരു ഓൺലൈൻ സൈറ്റിൽ. 

∙ 2022 മാർച്ച് 30: വീണ്ടും ഒരു ദീർഘദൂര ഇഴച്ചിൽ. ബിഹാറിലെ ചമ്പാരൻ ജില്ലയിലുള്ള വാത്‌മീകി നഗർ ടൈഗർ റിസർവ് പാർക്കിലേക്കുള്ള റോഡിൽ പാമ്പിനെ കണ്ടതായി ബിഹാറിലെ ചാനലിന്റെ യുട്യൂബിൽ വിഡിയോ. 

∙ 2022 ഏപ്രിൽ 5: ദക്ഷിണേന്ത്യയിലേക്കു മടക്കം. ഹൈദരാബാദിലെ സെൻട്രൽ യൂണിവേഴ്സിറ്റി ക്യാംപസിലൂടെ റോഡ് മുറിച്ചു കടക്കുന്നു അതേ പാമ്പ്! വിഡിയോ യുട്യൂബിൽ. ഇവിടെ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്. പെരുമ്പാമ്പ്, മലമ്പാമ്പ് എന്നൊക്കെ നമ്മൾ വിളിക്കുന്ന ഈ കക്ഷിയെ അനക്കോണ്ട എന്നാണു വിഡിയോയിൽ പറയുന്നത്. 

∙ 2022 ജൂൺ: വീണ്ടും അസമിലേക്ക്. കാസിരംഗ നാഷനൽ പാർക്കിൽ റോഡ് മുറിച്ചു കടക്കുന്ന പാമ്പ് എന്ന പേരിൽ അവിടത്തെ ചില ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ഇതേ പാമ്പിനെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അസം പ്രളയത്തിൽ ഒലിച്ചു വന്നതാണ് കക്ഷി എന്നാണു പലതിലും പറയുന്നത്. 

ചുരുക്കിപ്പറഞ്ഞാൽ, ഒരേ പാമ്പിനെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സ്വന്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്! യുട്യൂബ് അടക്കമുള്ള സമൂഹമാധ്യമ സൈറ്റുകളിൽ അൽപനേരം ചെലവഴിച്ചാൽ  പാമ്പിന്റെ കൂടുതൽ സഞ്ചാരപഥം കണ്ടെത്താനും കഴിയും. കാരണം, കിട്ടുന്നവർ കിട്ടുന്നവർ അതു പല സ്ഥലങ്ങളിലേതായി പോസ്റ്റ് ചെയ്തു വരികയാണ്. ഇൗ കുറിപ്പെഴുതുമ്പോൾ പോലും ആളുകൾ വിഡിയോ ഷെയർ ചെയ്യുന്നുണ്ട്.  യഥാർഥത്തിൽ കണ്ടത് എവിടെയാണെന്നു തിരിച്ചറിയാൻ കഴിയാത്തത്രയും തവണ വ്യാജവിവരണങ്ങളുമായി ഇൗ പാമ്പ് സോഷ്യൽമീഡിയയിൽ ഇഴഞ്ഞുകൊണ്ടേയിരിക്കുന്നു.

നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നത് ഇത്രയുമാണ്: 1. കേരളത്തിലെ നാലുമണിക്കാറ്റിൽനിന്നുള്ളതല്ല വിഡിയോ. 2. ഇതിലുള്ളതു പെരുമ്പാമ്പ് അല്ലെങ്കിൽ മലമ്പാമ്പ് ആണ്. 3. വിഡിയോയിലെ റോഡിന്റെയും പരിസരത്തിന്റെയും സ്വഭാവം ശ്രദ്ധിച്ചാൽ ഇന്ത്യയിലേതാകാൻ സാധ്യതയുണ്ട്. 4. വിഡിയോ പുതിയതല്ല. ഒന്നരവർഷത്തോളം മുൻപേ പ്രചരിച്ചു തുടങ്ങിയതാണ്. 

naalumanikkatt

ഒരേ വന്യമൃഗം ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നാടാകെ ‘സഞ്ചരിക്കുന്നത്’ പതിവാണ്. എവിടെനിന്നെങ്കിലും ഒരു ജീവിയുടെ വിഡിയോ കിട്ടിയാൽ അതു നമ്മുടെ നാട്ടിലെവിടെയോ ഇറങ്ങിയതാണെന്ന മട്ടിൽ പ്രചരിപ്പിക്കുക ചിലരുടെ വിനോദമാണ്. 

ഇപ്പോഴത്തെ പെരുമ്പാമ്പിനെപ്പോലെ കഴിഞ്ഞവർഷം  പ്രചരിച്ച ഒരു കടുവ വയനാട്ടിലെ കുറുക്കൻമൂല, മധ്യപ്രദേശിലെ പന്ന കടുവ കേന്ദ്രം, മലേഷ്യയിലെ കേദ ഉപദ്വീപ്, തമിഴ്നാട്ടിലെ തിരുപ്പൂർ, ഉത്തർപ്രദേശിലെ ലാൽകുവാൻ, ഒഡീഷയിലെ കിയോഞ്ജാർ, ആന്ധ്രപ്രദേശിലെ മൊത്തുഗുഡേം, തെലങ്കാനയിലെ ഖമ്മം എന്നിവിടങ്ങളിലൊക്കെ വാട്സാപ് ഫോർവേഡുകളിലൂടെ എത്തി! 

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള വണ്ടൻപതാലിലെ വനമേഖലയിൽ കടുവ ഇറങ്ങിയെന്ന അടിക്കുറിപ്പോടെ പ്രചരിച്ച വിഡിയോയെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ കണ്ടെത്തിയ ലോകസഞ്ചാരത്തിന്റെ കഥ ഈ കോളത്തിൽ തന്നെ കൊടുത്തിരുന്നു. 

മൃഗങ്ങൾ മിണ്ടാത്തതുകൊണ്ട്, മനുഷ്യർ പ്രചരിപ്പിക്കുന്ന വ്യാജവിവരം വിശ്വസിച്ചുപോയാൽ നമ്മളാരെ കുറ്റം പറയാനാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com